2016 പ്രസിഡണ്ട് തെരഞ്ഞെടുപ്പിനിടയില്‍ തനിക്കെതിരെ ഉയര്‍ന്നുവരുമായിരുന്നൊരു ലൈംഗിക ആരോപണം മറച്ച്വെക്കുവാന്‍ മുന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ്, തന്‍റെ സുഹൃത്തും വിശ്വസ്തനുമായ അഭിഭാഷകന്‍ മൈക്കിള്‍ കോഹിന്‍ വഴി, സ്റ്റോമി ഡാനിയല്‍സ് എന്ന അശ്ലീലചിത്ര നടിക്ക് 1,30,000 ഡോളര്‍ പ്രതിഫലം നല്കിയെന്ന ആരോപണം ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ഉയര്‍ന്നുവന്നിരുന്നു.
2016 പ്രസിഡണ്ട് തെരഞ്ഞെടുപ്പിനിടയില്‍ തനിക്കെതിരെ ഉയര്‍ന്നുവരുമായിരുന്നൊരു ലൈംഗിക ആരോപണം മറച്ച്വെക്കുവാന്‍ മുന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ്, തന്‍റെ സുഹൃത്തും വിശ്വസ്തനുമായ അഭിഭാഷകന്‍ മൈക്കിള്‍ കോഹിന്‍ വഴി, സ്റ്റോമി ഡാനിയല്‍സ് എന്ന അശ്ലീലചിത്ര നടിക്ക് 1,30,000 ഡോളര്‍ പ്രതിഫലം നല്കിയെന്ന ആരോപണം ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ഉയര്‍ന്നുവന്നിരുന്നു. പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ തമ്മില്‍ ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധം നിയമവിരുദ്ധമല്ലെന്നതിനാലും പ്രസിഡണ്ട് പദവിയിലെത്തിയ ഉടന്‍, ഡോണള്‍ഡ് ട്രംപിനു ലഭിച്ച വര്‍ദ്ധിച്ച ജനസമ്മതിയാലും പ്രസ്തുത ആരോപണങ്ങള്‍ക്ക് വേണ്ടത്ര ജനശ്രദ്ധ ലഭിക്കുകയുണ്ടായില്ല. എന്നാല്‍, ട്രംപുമായുള്ള സൗഹൃദം വിച്ഛേദിച്ചതിനെത്തുടര്‍ന്ന് മൈക്കിള്‍ കോഹിന്‍ ഡോണള്‍ഡ് ട്രംപിനെതിരെ ഉയര്‍ന്ന ആരോപണം സ്ഥിരീകരിച്ചു. കൂടാതെ, മൈക്കിള്‍ സ്റ്റോമി ഡാനിയല്‍സിന് താന്‍വഴി നല്കിയ പ്രതിഫലം ഡോണള്‍ഡ് ട്രംപ്, അഭിഭാഷക ഫീസായി ഈ തുക വകയിരുത്തി സാമ്പത്തിക ക്രമക്കേടും നികുതി വെട്ടിപ്പും നടത്തിയെന്ന് വെളിപ്പെടുത്തി. കോഹിന്‍റെ ആരോപണങ്ങള്‍ സ്റ്റോമി ഡാനിയന്‍സ്കൂടി സ്ഥിരീകരിക്കുകയും വാര്‍ത്തകള്‍ മാധ്യമങ്ങളും ടോക്ക് ഷോ ഹോസ്റ്റുകളും ആഘോഷമാക്കി മാറ്റുകയും ചെയ്തപ്പോള്‍, അവ നിഷേധിക്കുന്ന തിലുപരി ഡോണള്‍ഡ് ട്രംപ് അവര്‍ ഇരുവര്‍ക്കും എതിരെ വ്യക്തിഹത്യ നടത്തുകയും ഭീഷണി മുഴക്കുകയും ചെയ്തു.
അമേരിക്കന്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ സ്വഭാവശുദ്ധിയും പൂര്‍വകാല ഇടപാടുകളും രാഷ്ട്രീയ, സാമൂഹിക നിലപാടുകളും പരക്കെ ചര്‍ച്ചയാകാറുണ്ട്. പ്രസിഡണ്ട് തെരഞ്ഞെടുപ്പുകളില്‍ അവ ഏറെ തീക്ഷ്ണമായും. വിവാഹേതര ലൈംഗികബന്ധം നിരവധി സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാന്‍ നിര്‍ബന്ധിതരാക്കുകയോ അതിനു കൂട്ടാക്കാത്തവരെ തെരഞ്ഞെടുപ്പില്‍ പാടേ തുരത്തപ്പെടുവാനോ കാരണമാക്കിയിട്ടുണ്ട്. ഗവര്‍ണര്‍, സെനറ്റര്‍, ഹൗസ് റെപ്രസെന്‍റേറ്റീവ് എന്നീ പദവികള്‍ അലങ്കരിച്ച നിരവധി വ്യക്തികള്‍ ലൈംഗിക ആരോപണത്തെത്തുടര്‍ന്ന് രാജി സമര്‍പ്പിക്കുവാന്‍ നിര്‍ബന്ധിതരായിട്ടുമുണ്ട്. മോണിക്കാ ലെവിന്‍സ്കിയുമായുണ്ടായ അധാര്‍മ്മിക ബന്ധം പ്രസിഡണ്ട് ബില്‍ ക്ലിന്‍റന്‍റെ കുടുംബജീവിതത്തിലും വ്യക്തിബന്ധങ്ങളിലും വിള്ളലുണ്ടാക്കുകയും അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വന്‍ കോളിളക്കം സൃഷ്ടിക്കുകയുമുണ്ടായി.
സാമ്പത്തിക പ്രലോഭനങ്ങള്‍ വഴി ഒരു വ്യക്തിയുടെ നിശ്ശബ്ദത തരപ്പെടുത്തുന്നതും ബിസിനസ് രേഖകളില്‍ കൃത്രിമം കാണിക്കുന്നതും ന്യൂയോര്‍ക്ക് സംസ്ഥാനത്ത് കുറ്റകൃത്യമാണ്. പ്രസ്തുത നിയമലംഘനങ്ങള്‍ ആരോപിച്ചാണ് മന്‍ഹാട്ടണ്‍ കോടതി ഡോണള്‍ഡ് ട്രംപിനെ വിചാരണ ചെയ്തത്. ഏതാണ്ട് ഒരുമാസം നീണ്ട വിചാരണയ്ക്ക് ഇരുഭാഗത്തും അണിനിരന്ന അതിസമര്‍ത്ഥരായ അഭിഭാഷകരുടെ വാദ-പ്രതിവാദങ്ങള്‍ക്കും ശേഷം, കേസ് പരിഗണിച്ച 12 അംഗ ജൂറി ഏകകണ്ഠമായി 34 നിയമവിരുദ്ധ നടപടികള്‍ക്ക് അദ്ദേഹം കുറ്റക്കാരനെന്ന് കണ്ടെത്തി. അദ്ദേഹത്തിനുള്ള ശിക്ഷ വിചാരണയുടെ ചുമതല വഹിച്ച ജഡ്ജ് വാണ്‍ മെര്‍ച്ചല്‍ ജൂലൈ 11-ന് പ്രഖ്യാപിച്ചു.
മന്‍ഹാട്ടണ്‍ കോടതിവിധി പ്രസിഡണ്ട് ബൈഡനും യു.എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ടുമെന്‍റും ഡെമോക്രാറ്റിക് പാര്‍ട്ടിയും തനിക്കെതിരെ തുടരുന്ന പീഡനപരമ്പരയുടെ തുടര്‍ച്ചയാണെന്ന് വിധിന്യായം കേട്ടശേഷം കോപാകുലനായി ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. സ്പീക്കര്‍ മൈക്കള്‍ ജോണ്‍സണ്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ ആരോപണം ആവര്‍ത്തിച്ചു. കുറ്റക്കാരനായി പ്രഖ്യാപിച്ച വിധിന്യായത്തിന്‍റെയും വിചാരണ നേരിടുന്ന മറ്റ് അതിഗുരുതര കുറ്റാരോപണങ്ങളും ആയുധമാക്കി നവംബര്‍ 5-ന് നടക്കുന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ തനിക്ക് അനുകൂലമായൊരു സഹതാപ തരംഗം സൃഷ്ടിക്കുവാനുള്ള ഉദ്യമത്തിലാണ് ഡോണള്‍ഡ് ട്രംപ്. റിപ്പബ്ലിക്കന്‍ നേതൃത്വം ഏതാണ്ട് ഒറ്റക്കെട്ടായും അനുഭാവികള്‍ പൂര്‍ണ്ണമായും അദ്ദേഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഒപ്പമുണ്ട്.
നിയമത്തിനു മുന്നില്‍ പൗരര്‍ എല്ലാവരും തുല്യരാണെന്ന അമേരിക്കന്‍ ഭരണഘടന ഉറക്കെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഇന്നോളം പ്രസിഡണ്ട് പദവി വഹിച്ചിട്ടുള്ളവരെല്ലാം പ്രസ്തുത ഭരണഘടനാ വ്യവസ്ഥ അംഗീകരിച്ചിട്ടുമുണ്ട്. ഡോണള്‍ഡ് ട്രംപോ അവരില്‍നിന്നും വിഭിന്നനായി നിയമത്തിനും പൊതുമര്യാദകള്‍ക്കും അതീതനാണ് താനെന്ന് ഉറച്ച് വിശ്വസിക്കുന്നു, ഉറക്കെ പ്രഖ്യാപിക്കുകയും. നിര്‍ഭാഗ്യമെന്നു പറയട്ടെ, നിയമസംരക്ഷണയുടെ കാവല്‍ക്കാരായ അമേരിക്കന്‍ സുപ്രീം കോര്‍ട്ടു പോലും അപകടകരവും അസ്വീകാര്യവുമായ ഡോണള്‍ഡ് ട്രംപിന്‍റെ അവകാശവാദങ്ങള്‍ അനുകമ്പയോടെയാണ് പരിഗണിക്കുന്നത്.
2016 പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപ് കൈവരിച്ച വിജയം മാന്യവും നീതിയുക്തവുമായിരുന്നില്ല. നാല് വര്‍ഷക്കാലം 330 മില്യണ്‍ അമേരിക്കന്‍ ജനതയുടെ ഭാഗധേയം നിര്‍ണ്ണയിക്കുവാന്‍ അധികാരമുള്ള പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുമ്പോള്‍ അതില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെക്കുറിച്ചുള്ള സകലതും അറിയുവാനുള്ള അവകാശം പൗരര്‍ക്കുണ്ട്. പരമപ്രധാനമായൊരു പൗരാവകാശമാണ് നിയമവിരുദ്ധവും അധാര്‍മ്മികവുമായ നടപടികളിലൂടെ ഡോണള്‍ഡ് ട്രംപും കൂട്ടാളികളും അമേരിക്കന്‍ ജനതയ്ക്ക് നിഷേധിച്ചത്. കൂടാതെ തെരഞ്ഞെടുപ്പിന് ഏതാനും ആഴ്ചകള്‍ക്കു മുമ്പ്, അഭിപ്രായ സര്‍വേകളില്‍ രണ്ടക്കത്തിനു മേല്‍ ലീഡുണ്ടായിരുന്ന എതിര്‍സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്‍റനെതിരെ മുന്‍ എഫ്ബിഐ മേധാവി ജെയിംസ് കോമിയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തി അന്വേഷണത്തിന് ഉത്തരവിടുവിച്ചു അദ്ദേഹവും റിപ്പബ്ലിക്കന്‍ നേതാക്കളും. ഒബാമാ ഭരണത്തില്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് പദവി വഹിച്ച അവര്‍ ഔദ്യോഗിക ഇടപാടുകള്‍ക്ക് സ്വകാര്യ ഇ-മെയില്‍ സെര്‍വര്‍ ഉപയോഗിച്ചു എന്നതായിരുന്നു അവര്‍ക്കെതിരെ ഉന്നയിച്ച ആരോപണം. സെനറ്റ്-ഹൗസ് റിപ്പബ്ലിക്കന്‍ നേതൃത്വവും കമ്മിറ്റികളും ആവര്‍ത്തിച്ച് അന്വേഷിച്ചിട്ടും സ്ഥിരീകരിക്കുവാന്‍ കഴിയാത്തൊരു ആരോപണത്തിന്‍റെ പേരിലാണ് നിര്‍ദ്ദയം അവരെ ഇത്തരത്തില്‍ വേട്ടയാടിയത്. തെരഞ്ഞെടുപ്പ് തീയതിക്ക് ഏതാനും നാളുകള്‍ക്കു മുമ്പുമാത്രം പുറത്താക്കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ വീണ്ടും ഹിലരി ക്ലിന്‍റണ്‍ നിരപരാധിയായി കണ്ടെത്തി. പക്ഷേ, ഈ അന്വേഷണ കാലഘട്ടത്തില്‍ തെരഞ്ഞെടുപ്പ് തരംഗം ട്രംപിന് അനുകൂലമായി മാറിയിരുന്നു. അപ്പോഴും പോപ്പുലര്‍ വോട്ടില്‍ 3 മില്യണിലധികം വോട്ടുകള്‍ ട്രംപിനേക്കാള്‍ അധികം അവര്‍ക്ക് ലഭിച്ചിരുന്നു.
വാദിയായും പ്രതിയായും നിരവധി കോടതി വ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള വ്യക്തിയാണ് ഡോണള്‍ഡ് ട്രംപ്. സമര്‍ത്ഥരായ അഭിഭാഷകരുടെ വലിയൊരു നിര സേവനത്തിനായി എപ്പോഴും അദ്ദേഹത്തിനൊപ്പമുണ്ട്. 'ഹഷ് മണി' ആരോപണത്തില്‍ ജൂറി ട്രയല്‍ തെരഞ്ഞെടുത്തത് ട്രംപ് പക്ഷവും ജൂറി അംഗങ്ങളെ തെരഞ്ഞെടുത്തത് അദ്ദേഹത്തിന്‍റെ അഭിഭാഷകരുടെ കൂടി സമ്മതത്തോടു കൂടിയുമാണ്. കോടതിവിധിയോട് വിയോജിക്കാം, അതിനെതിരെ അപ്പീല്‍ നല്കുവാനുള്ള അവസരവുമുണ്ട്. ഭീഷണിയുടെ സ്വരത്തില്‍ സംസാരിക്കുകയും പ്രോസിക്യൂഷന്‍ അഭിഭാഷകരേയും ജഡ്ജിയേയും ജൂറി അംഗങ്ങളേയും ഈ കേസുമായി ഔദ്യോഗികമോ വ്യക്തിപരമോ ആയ ബന്ധം ഇല്ലാത്ത പ്രസിഡണ്ട് ജോ ബൈഡനെയും ആക്ഷേപിക്കുന്നതും ശകാരിക്കുന്നതും അമേരിക്കന്‍ നിയമവ്യവസ്ഥയോടുള്ള അനാദരവും വെല്ലുവിളിയുമാണ്.
2024 ഫെബ്രുവരിയില്‍ ന്യൂയോര്‍ക്കിലെ തന്നെ ഒരു സിവില്‍ കോര്‍ട്ട് ഡോണള്‍ഡ് ട്രംപിനും കുടുംബാംഗങ്ങള്‍ക്കും അവരുടെ ബിസിനസ് സ്ഥാപനങ്ങള്‍ക്കും എതിരെ 355 മില്യണ്‍ ഡോളര്‍ പിഴ ചുമത്തിയിട്ടുണ്ട്. തങ്ങളുടെ ആസ്തിയും സ്വത്തുക്കളുടെ വിസ്തീര്‍ണ്ണവും പെരുപ്പിച്ച് കാണിച്ച് ബാങ്കുകളെയും ഇതര ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളെയും വഞ്ചിച്ചു എന്നായിരുന്നു അവര്‍ക്കെതിരെ ഉണ്ടായ ആരോപണം. 2021 ജനുവരി 6 കലാപദുരന്തക്കേസ്, കള്ളവോട്ടിനായി ജോര്‍ജിയാ ഗവര്‍ണ്ണറുടെമേല്‍ സമ്മര്‍ദ്ദം ചെലുത്തിയ കേസ്, സ്ഥാനം ഒഴിഞ്ഞപ്പോള്‍ നാഷണല്‍ ആര്‍ക്കൈവ്സിന് കൈമാറേണ്ടിയിരുന്ന ക്ലാസിഫൈഡ് ഡോക്കുമെന്‍റുകള്‍ ഫ്ളോറിഡയിലെ സ്വവസതിയില്‍ കൊണ്ടുപോകുകയും അശ്രദ്ധമായി അവ കൈകാര്യം ചെയ്തതിനുമെതിരെയുള്ള കേസ് എന്നിവയെല്ലാം അതീവ ഗൗരവമേറിയതാണ്. റിപ്പബ്ലിക്കന്‍ അനുഭാവ ജഡ്ജിമാരുടെ ഔദാര്യത്തില്‍ അവയെല്ലാം വിചാരണയ്ക്ക് എത്തിയിട്ടില്ലെന്നു മാത്രം. എന്നാല്‍, ഈ ദുരന്തസംഭവങ്ങള്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് പലവട്ടം ദര്‍ശിച്ചതും ഹൃദയഭിത്തികളില്‍ ഗാഢമായി പതിഞ്ഞിട്ടുള്ളതുമായ അമേരിക്കന്‍ ജനതയ്ക്ക്, മേല്പ്പറഞ്ഞ രാജ്യദ്രോഹ കുറ്റങ്ങളിലുള്ള ഡോണള്‍ഡ് ട്രംപിന്‍റെ സജീവ പങ്കാളിത്തത്തില്‍ തെല്ലും സന്ദേഹമില്ല. 2020 പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഇലക്ടറല്‍ വോട്ടില്‍ വ്യക്തമായ ഭൂരിപക്ഷവും പോപ്പുലര്‍ വോട്ടില്‍ 7 മില്യണിലധികം ഭൂരിപക്ഷവും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ നേടിയിട്ടും വോട്ട് എണ്ണല്‍ പൂര്‍ത്തിയാക്കുന്നത് കാത്തിരിക്കാതെ സ്വയം വിജയപ്രഖ്യാപനം നടത്തിയതും വ്യാജമെന്നു ബോദ്ധ്യമായിട്ടും പ്രസ്തുത അവകാശം ആവര്‍ത്തിക്കുന്നതുമായൊരു മുന്‍ പ്രസിഡണ്ട് ഈ ദേശത്തിനും ലോകത്തിനുതന്നെയും അപകടകാരിയാണ്. ജനതയ്ക്ക് അപമാനവും. ഫിലിപ്പൈന്‍സിലെ മുന്‍ പ്രസിഡണ്ട് ഫെര്‍ഡിനാന്‍റ് മാര്‍ക്കോസില്‍ നിന്ന് ഒട്ടും ഭിന്നനല്ല ഡോണള്‍ഡ് ട്രംപ്.
ജോസ് കല്ലിടിക്കില്‍,ചിക്കാഗോ