പതിറ്റാണ്ടുകൾക്കു മുമ്പെയൊ രോണനാളിൽ, വീണുകിടന്നയിടത്തുനിന്നും,
മെല്ലെ കൈപിടിച്ചുയർത്തിയ തീവ്ര
കദന-ക്കഥയുടെ ചുരുളുകൾ നിവർത്തുകയാണിവിടെ.
ഇരുളിൽ അടിപതറി വീഴുമ്പോഴും,
ആഴക്കയത്തിൽ മുങ്ങിത്താഴുമ്പോഴും,
നെഞ്ചിൽ കനലായി സൂക്ഷിക്കുക നീ,
അറ്റുപോകില്ലൊരു പ്രതീക്ഷയുടെ നാളം!
ഓടി നടന്ന ഞാൻ പോളിയോയിൽ തളർന്നു വീണ്,
മരണം കീഴ്പ്പെടുത്തുമെന്ന ഭീതി ഗ്രസിച്ചപ്പോൾ
“നിനക്ക് സാധിക്കും, സാധിച്ചേ മതിയാകൂ” ചൊല്ലി നിരന്തരം പിതാമഹൻ
പ്രത്യാശ തൻ വിരൽത്തുമ്പൊന്നു തൊട്ടപ്പോൾ,വർഷങ്ങളിലൂടെ പോരാടി ജയിച്ചതാണീ ജന്മം,
തളരാത്ത മനസ്സിന്റെ കരുത്തുമായി!
ബുദ്ധിയോ ശക്തിയോ മാത്രമല്ല കേവലം,അതിജീവനത്തിൻ രഹസ്യമെന്നോർക്കുക,"നാളെ പുലരും, വെളിച്ചം തെളിയും" എന്നകൊച്ചു വിശ്വാസമാണെന്നുമെൻ ഇന്ധനം.
പലരും വാഗ്ദാനം നൽകി പാതിവഴിയിൽ കൈവിട്ടേക്കാം,അതാണ് സ്നേഹബന്ധങ്ങളിലെ വൻ അപരാധം.
തോറ്റുകൊടുക്കരുത് നിൻ വിധിക്കു മുന്നിൽ,
പോരാടുക അന്ത്യശ്വാസം വരെയുമേ,
കൈവിടാതെ പിടിക്കുക പ്രതീക്ഷ തൻ പിടിവള്ളി,
അത് നിന്നെ നയിക്കും വൻ വിജയതീരങ്ങളിലേക്ക്!
ഒരാൾക്കു നൽകും ചെറിയൊരു പ്രതീക്ഷ പോലും,
കാത്തുസൂക്ഷിച്ചേക്കാം ഒരു ജന്മത്തിന്റെ ആയുസ്സ്!
ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്

