PRAVASI

(ലേഖനം )ഏകോപനത്തിന്‍റെ അനിവാര്യത

Blog Image


അമേരിക്കന്‍ ഐക്യനാടുകളില്‍, 1965 ലെ കുടിയേറ്റവും പൗരത്വനിയമവും  നടപ്പിലാക്കിയതിനു ശേഷമാണ് ഇന്ത്യാക്കാരുടെ കുടിയേറ്റം വര്‍ദ്ധിച്ചത്‌. 1960- 1975 നും ഇടയില്‍, ഇന്ത്യന്‍ നഴ്സുമാരും സാങ്കേതിക വിദഗ്ദ്ധരും കുടിയേറ്റം നടത്തി. 
കഠിനാദ്ധ്വാനത്തിലൂടെ സുരക്ഷിതസ്ഥാനങ്ങളില്‍ എത്തിയവരാണ് നോര്‍ത്ത്  അമേരിക്കയിലെ ആദ്യകാല മലയാളികള്‍ എന്ന് അഭിമാനത്തോടെ പറയാം. മലയാള ഭാഷയില്‍ എഴുതാനും വായിക്കാനും സംസാരിക്കാനും  ഏറെ ഇഷ്ടപ്പെടുന്ന ഇവര്‍, ഇപ്പോഴും കേരളവുമായി ഹാര്‍ദ്ദമായ ബന്ധം പുലര്‍ത്തുന്നുണ്ട്. മലയാള മാധ്യമങ്ങള്‍, സാഹിത്യ പ്രവര്‍ത്തനം, സംസ്കാരിക സംഘടനകള്‍ എന്നിവ മുഖാന്തിരം ലോകമെമ്പാടുമുള്ള മലയാളികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. വോട്ട് ചെയ്യുകയും മത്സരിക്കുകയും ചെയ്യുന്നത്, എല്ലാ പൗരന്മാരുടെയും  അവകാശമാണെന്ന് അറിയാമെങ്കിലും, രാഷ്ട്രീയ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്ന മലയാളികള്‍ വിരളം. ഇവരുടെ ഭൂരിപക്ഷമതങ്ങള്‍ക്കും സ്വന്തം ആരാധനാലയങ്ങള്‍ ഉണ്ട്. ചെറിയ മതവിഭാഗങ്ങള്‍, സ്വന്തം വീടുകളിലോ വാടകഹാളുകളിലോ ആരാധിക്കുന്നു.        
കുടിയേറ്റത്തിലൂടെ നോര്‍ത്ത് അമേരിക്കയുടെ ഭാഗമായിത്തീര്‍ന്ന കേരളിയര്‍ ബോധപൂര്‍വ്വമായ താല്‍പര്യങ്ങളോടെയാണ് പുരോഗതിയിലേക്കുള്ള പാതകള്‍ ഒരുക്കിയത്. എന്നാലും, മാറുന്ന കുടിയേറ്റ നിയമങ്ങള്‍, പുതിയ തലമുറയുടെ സംസ്കാരം, വയസ്സായ അച്ഛനമ്മമാരുടെ സംരക്ഷണം എന്നിവയാല്‍ പല പ്രശ്നങ്ങളും ഉണ്ടാകുന്നുണ്ട്. ഇതിനുമുപരിയായി, ഇവരുടെ സംഘടിത ശക്തിയേയും പുരോഗതിയേയും സാരമായി ബാധിക്കുന്ന ആന്തരീക വെല്ലുവിളികളും ഉണ്ടാകുന്നു.   
പ്രാര്‍ത്ഥനകളും നേര്‍ച്ചകളും നടത്തി, പ്രത്യാശയോടെ കുടിയേറിയപ്പോള്‍, ജാതി ചിന്തയും, മത വിദ്വേഷവും, മനസ്സുകളില്‍ മറഞ്ഞിരുന്നു അഥവാ നിറഞ്ഞിരുന്നു. കടമ എന്ന് കരുതി, ഈ ഭിന്ന വിശ്വാസങ്ങളും രാഷ്ട്രീയ  സിദ്ധാന്തങ്ങളും ഇവിടെ നട്ടുവളര്‍ത്താനും, ശ്രമിച്ചുകൊണ്ടിരിക്കുന്നു. അതിന്‍റെ തണലില്‍, വിഭാഗീയതയും വേര്‍തിരിവും പടര്‍ന്നു. എന്‍റെ ജാതി, എന്‍റെ മതം, എന്‍റെ സഭ എന്ന വിചാരം തൊഴിലിടങ്ങളിലും വിടര്‍ന്നു.   
ഇപ്പോള്‍, നോര്‍ത്ത് അമേരിക്കന്‍ മലയാളി സമൂഹത്തില്‍ മൂന്ന് പ്രധാന  വിഭാഗങ്ങള്‍ ഉണ്ട്. ഇവയില്‍, മാതാധിഷ്ഠിത വിഭാഗത്തിനാണ് ഭൂരിപക്ഷം. അമേരിക്കന്‍ ഭരണഘടനയിലെ ഒന്നാം ഭേദഗതിയനുസരിച്ച് മതസ്വാതന്ത്ര്യം ഉറപ്പ് നല്‍കുന്നതുകൊണ്ട്, ക്ഷേത്രങ്ങളും പള്ളികളും മറ്റും ജാതിവ്യത്യാസം പരിഗണിച്ച് സ്ഥാപിച്ചു. അമേരിക്കയുടെ അടിസ്ഥാന മൂല്യം അഭിപ്രായം പറയുന്നതില്‍ ഉറപ്പിക്കപ്പെട്ടതാണെന്നും, സര്‍ക്കാരിനെപ്പോലും വിമര്‍ശിക്കു ന്നത് പൗരാവകാശമാണെന്നും, നികുതിദായകരായതിനാല്‍ അഭിപ്രായം പറയാന്‍ അവകാശമുണ്ടെന്നും, ഇത് ജനാധിപത്യത്തിന്‍റെ ഭാഗമാണെന്നും അവര്‍ വിശ്വസിക്കുന്നു. എല്ലാ മലയാളം മതവിശ്വാസികളും എപ്പോഴും ആഗ്രഹിക്കുന്നത്, തങ്ങളുടെ കേരളീയ ആചാരങ്ങളും പാരമ്പര്യങ്ങളും അമേരിക്കന്‍ സംസ്കാരത്തില്‍ ലയിച്ചു ഒഴുകിപ്പോകാതെ, അവരുടെ മക്കള്‍ക്ക്‌ പകര്‍ന്നുകൊടുക്കണമെന്നാണ്.   
മറ്റൊരു മലയാളി വിഭാഗമാണ്‌, സ്വാതന്ത്ര്യബോധവും തത്വചിന്തയുമുള്ള സ്വതന്ത്രര്‍. വംശീയവും രാഷ്ട്രീയവുമായ കൂട്ടായ്മകളിലും, സാംസ്കാരിക  സംഘടനകളിലും അംഗത്വം എടുക്കാതെ, മതേതരത്വത്തോടും ജനാധിപത്യ പരമായ ആശയങ്ങളോടും അനുകൂലിക്കുന്നവര്‍. അമേരിക്കന്‍ സംസ്കാര ത്തോട് അനുഭാവം ഉള്ളവരും യോഗ്യതാവാദികളുമാണ്. വ്യക്തിപരമായ കഴിവുകള്‍ ഉപയോഗിച്ചു പുരോഗമിക്കുവാനും ഇവര്‍ പരിശ്രമിക്കുന്നു. ഈ വിഭാഗത്തിന്‍റെ അംഗസംഖ്യ അജ്ഞാതമാണ്.               
മൂന്നാം ഭാഗമാണ്, മലയാളികളുടെ പുതുതലമുറ. ഇവര്‍ക്ക് വ്യത്യസ്ത ലക്ഷ്യങ്ങളും വിശ്വാസങ്ങളുമുണ്ട്‌. മതങ്ങളോടും സാംസ്കാരിക സംഘടനകളോടുമുള്ള മനോഭാവം സങ്കീര്‍ണ്ണമാണ്. പൂര്‍ണ്ണ ഇന്ത്യനായും പൂര്‍ണ്ണ അമേരിക്കനായും ഇവരെ കാണാന്‍ കഴിയില്ല. ഇന്ത്യന്‍  അമേരിക്കന്‍ ബന്ധവും, “തനിക്ക് താന്‍ മതി” എന്ന തീരുമാനവും, സാത്മീകരണ ഉത്കണ്ഠയും ഉള്ളവരാണ്. ഇംഗ്ലീഷും മറ്റ് അന്താരാഷ്ട്ര ഭാഷകളും പഠിക്കാനാണ് താല്‍പര്യം. പാശ്ചാത്യ സംസ്കാരവുമായുള്ള സമ്പര്‍ക്കവും, സാമൂഹിക സാഹചര്യങ്ങളും, ഇവരെ കേരളീയ സംസ്കാരത്തില്‍ നിന്നും അകറ്റുന്നു. മലയാളഭാഷയില്‍  സംസാരിക്കാനുള്ള പ്രയാസത്താല്‍ ആശയവിനിമയം ഇംഗ്ലീഷിലാണ്.     
അമേരിക്കന്‍ സ്വപ്നം (അദ്ധ്വാനിച്ചാല്‍, ജാതിയോ പച്ഛാത്തലമോ നോക്കാതെ ആര്‍ക്കും നല്ല ജീവിതവും, വിജയം സമ്പത്ത് എന്നിവയും നേടാമെന്ന വിശ്വാസം) സഫലമാക്കുകയെന്നത് ഇവര്‍ക്ക് പ്രയാസമാണ്. കേരളത്തിലെ കുടുംബവ്യവസ്ഥകളും അമേരിക്കന്‍ സ്വാതന്ത്ര്യവും തമ്മിലുള്ള വ്യത്യാസം, വിവാഹരീതി, തൊഴില്‍, ജീവിതശൈലി എന്നിവ സംബന്ധിച്ച ഇവരുടെ അഭിപ്രായഭിന്നത കുടുംബങ്ങളില്‍ മുഴങ്ങാറുണ്ട്. ജോലിസ്ഥലങ്ങളിലും വിദ്യാലയങ്ങളിലും ഉണ്ടാകുന്ന വംശീയ, വിദ്വേഷ പരാമര്‍ശങ്ങളും ഇവരെ അസ്വസ്ഥരാക്കാറുണ്ട്. അതുകൊണ്ട്, സാമൂഹിക ബന്ധങ്ങളും സുഖദമാകുന്നില്ല. എങ്കിലും, വിവിധ സംസ്കാരങ്ങളിലുള്ള നല്ല കാര്യങ്ങള്‍ മാത്രം സ്വീകരിച്ച്, ഒരു പുതിയ അമേരിക്കന്‍ സ്വത്വം ഉണ്ടാക്കാന്‍ പുതിയ തലമുറ ശ്രമിക്കുന്നുണ്ട്.  
നോര്‍ത്ത് അമേരിക്കയിലെ മലയാളികളുടെ സാമൂഹിക ജീവിതം, വിവിധ കാരണങ്ങളാല്‍ പോര്‍വിളികള്‍ നേരിടുന്നുണ്ട്. ഇന്ത്യന്‍ ബിരുദങ്ങളും, പ്രവര്‍ത്തനപരിചയവും, അമേരിക്കയില്‍ പൂര്‍ണ്ണമായി ആംഗികരിക്കാത്ത തും, പല ജോലികള്‍ക്കും ലൈസന്‍സിംഗ് പരീക്ഷ നിര്‍ബന്ധമാക്കുന്നതും, പ്രശ്നങ്ങളായിത്തീരുന്നുണ്ട്. ജാതി മതം രാഷ്ട്രീയം, തൊഴില്‍, പ്രാദേശികത എന്നിവയുടെ പേരില്‍ ചേരിതിരിയുന്ന ദുരവസ്ഥ പുതിയതല്ല. വ്യത്യസ്ത  ജീവിതരീതികളും, ആരോഗ്യവും ജോലിയും നഷ്ടപ്പെടുമ്പോള്‍ ഉണ്ടാകുന്ന ആശങ്കാജനകമായ ചിന്തകളും മുതിര്‍ന്ന പൗരന്മാരെ ബാധിക്കുന്നുണ്ട്. അവരെ നിസ്സഹായരാക്കുന്ന മറ്റൊരു കാരണം, മക്കളുടെ നിസ്സംഗതയാണ്. “ഡേറ്റിംഗ്”, “ലിവ്-ഇന്‍ ടുഗതര്‍” “എല്‍ ജി ബി ക്യു” (ലൈംഗികതയുടെയും ലിംഗപരിചയത്തിന്‍റെയും വൈവിധ്യത്തെ സുചിപ്പിക്കുന്ന ചുരുക്കപ്പേര്) തുടങ്ങിയ സംഗതികളില്‍ മക്കളും മാതാപിതാക്കളും തമ്മിലുണ്ടാകുന്ന തര്‍ക്കങ്ങള്‍ സാധാരണമായി. അമേരിക്കന്‍ പൗരത്വം ഉണ്ടെങ്കിലും, മറ്റുള്ളവരുടെ “ഇന്ത്യന്‍ അമേരിക്കന്‍” എന്ന വിഘടന ചിന്തയോടുകൂടിയ പെരുമാറ്റവും പ്രത്യക്ഷപ്പെടാറുണ്ട്. കേരള സംസ്കാരം സംരക്ഷിക്കണമോ  മറിച്ച് അമേരിക്കന്‍ സംസ്കാരത്തില്‍ പൂര്‍ണ്ണമായി ഇഴുകിച്ചേരണോ എന്ന് സ്വയം ചോദിക്കുന്നവരും കുറച്ചല്ല.           
നോര്‍ത്ത് അമേരിക്കയില്‍ ചെറുതും വലുതുമായ അനവധി സാംസ്കാരിക സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയില്‍ ഏറ്റവും പഴക്കമുള്ളതും വലുതും സംഘടിത ശക്തിയുമുള്ള കൂട്ടായ്മയാണ് “ഫൊക്കാന” എന്ന്  അറിയപ്പെടുന്ന “ഫെഡറേഷന്‍ ഓഫ് കെരള അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്ക.” ഇവിടെയുള്ള മലയാളി സമൂഹത്തിനും  കേരളത്തിനും വേണ്ടി പ്രവര്‍ത്തിക്കുകയും, കേരള സര്‍ക്കാര്‍, ഇന്ത്യന്‍ എംബസി, ലോകകേരള സഭ എന്നിവയുമായി അഭിമാനഭരിതമായ ബന്ധം പുലര്‍ത്തുകയും ചെയ്യുന്നുണ്ട്. പ്രസ്തുത സംഘടനയെ നയിക്കാന്‍ പ്രവര്‍ത്തന പരിചയവും സാമ്പത്തിക ശേഷിയുമുള്ള പ്രതിഭകളും ഉണ്ട്. എന്നുവരികിലും, ആശയങ്ങളോ അഭിപ്രായങ്ങളോ ഒത്തുചേരാഞ്ഞതിനാല്‍, ഫെഡറേഷന്‍ ഓഫ് മലയാളീ അസോസിയേഷന്‍ ഓഫ് അമേരിക്ക” (ഫോമാ).പ്രവര്‍ത്തനത്തില്‍ വരികയും ശക്തിപ്പെട്ടു വളരുകയും ചെയ്തു. ഇപ്പോള്‍, ഇരു സംഘടനകളും നോര്‍ത്തമേരിക്കന്‍ മലയാളികളുടെ നന്മക്കും കേരളത്തെ പിന്തുണക്കുന്നതിനുവേണ്ടിയും അംഗസംഘടനകളുടെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്നുണ്ട്. 
ഈ രണ്ട് അസോസിയേഷനുകളുടെയും ആഡംഭര സമ്മേളനങ്ങളില്‍ കേരളീയരായ രാഷ്ട്രീയ നേതാക്കളും, സിനിമാതാരങ്ങളും പങ്കെടുക്കാറുണ്ട്. എങ്കിലും, ഇവ രണ്ടിലും ചേരാതെ, സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന കുറെ    കൂട്ടായ്മകളുണ്ട്. പരസ്പരം സഹകരിക്കാതെ സ്വകാര്യതാല്‍പര്യങ്ങളോടെ  പ്രവര്‍ത്തിക്കുന്ന സമാന്തര കൂട്ടായ്മകളുടെ ബഹുത്വം പ്രകടമാക്കുന്നത് ജനസമൂഹത്തിന്‍റെ മഹത്വത്തെയല്ല, ദുര്‍ബലതയെയാണ്. അഭ്യുദയകാംക്ഷി കളും നിഷ്പക്ഷവാദികളുമായ മലയാളികളെ ഇത് നിരാശരാക്കുന്നുണ്ട്. പല സംഘടനകളിലും, തിരഞ്ഞെടുപ്പുകള്‍ വ്യക്തിപര അജണ്ടകള്‍ക്കും പദവി മോഹങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടങ്ങളായി മാറിയിട്ടുണ്ട്.           
നോര്‍ത്ത് അമേരിക്കയിലുള്ള എല്ലാ സാംസ്കാരിക സംഘടനകളെയും ഒരു കുടക്കീഴില്‍ ഒരുമിപ്പിക്കേണ്ടത് അത്യാവശ്യമാണ്. അതിന് അനുകൂലമായ സമയവും ഇതാണ്. അതിലേയ്ക്ക്, എല്ലാ സാംസ്‌കാരിക സംഘടനകളുടെ യും പ്രതിനിധികള്‍ പങ്കെടുക്കുന്ന ഒരു കേന്ദ്ര കൂട്ടായ്മ, കൗണ്‍സില്‍, രൂപീകരിക്കാം. ഓണ്‍ലൈന്‍ മീറ്റിംഗുകള്‍ നടത്തി ഓരോ സംഘടനയുടെയും  ആവശ്യങ്ങള്‍, പരിപാടികള്‍, പ്രശ്നങ്ങള്‍ എന്നിവ സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തി പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്താം. ഒരു പൊതുവായ വാട്ട്സ്ആപ്പ്  ഉണ്ടാക്കുകയും അതിലൂടെ അറിയിപ്പുകള്‍ കൈമാറുകയും ആവാം. ആണ്ടുതോറുമുള്ള ആഘോഷങ്ങള്‍, ഓരോ സംഘടനയും വെവ്വേറെയായി നടത്തുന്നതിനുപകരം, ഒരു നഗരത്തിലുള്ള എല്ലാ മലയാളി സംഘടനകളും ചേര്‍ന്നു ഒരു വലിയ പരിപാടി നടത്തിയാല്‍, പങ്കാളിത്തം കൂടുകയും   സാമ്പത്തികച്ചിലവ് കുറയുകയും ചെയ്യും. ഒരു കാര്യത്തിനുവേണ്ടി ഒന്നിച്ചു പ്രവര്‍ത്തിക്കുമ്പോള്‍, പരസ്പര വിശ്വാസവും സൌഹൃദവും വര്‍ദ്ധിക്കും. അത്യാഹിത സന്ദര്‍ഭങ്ങളിലും, അടിയന്തിരമായ സാഹചര്യ ങ്ങളിലും അവശ്യ സഹായങ്ങള്‍ എത്തിക്കുന്നതിനും, “വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍”, “മലയാളം സാഹിത്യ മാസിക” തുടങ്ങിയ സംയുക്ത പദ്ധതികള്‍ നടപ്പിലാക്കുന്നതിനും സാധിക്കും. പുതിയ കുടുംബങ്ങളെയും പുതു തലമുറയേയും സംഘടനകളില്‍ ചേര്‍ക്കാന്‍ ആധുനിക മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയും ചെയ്യാം.     
നോര്‍ത്ത് അമേരിക്കയില്‍ ജനിച്ചവരോ, വളര്‍ന്നുവന്നവരോ ആയ പുതുതലമുറ, മുതിര്‍ന്നവരോടൊപ്പം ചേര്‍ന്നുനില്‍ക്കേണ്ടത് സുപ്രധാന കാര്യമാണ്. സംഘടനകളുടെ പരിപാടികളില്‍ മലയാളഭാഷ മാത്രം ഉപയോഗിക്കാതെ, അവര്‍ക്കുവേണ്ടി, ഇംഗ്ലീഷും മലയാളവും ഇടകലര്‍ത്തി ഉപയോഗിക്കാം. സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍, ഇന്‍സ്റ്റാഗ്രാം റീല്‍സ് എന്നിവയില്‍ ട്രെന്‍ഡിംഗ് മ്യൂസിക്കും, മീമുകളും ഉപയോഗിച്ചുള്ള മലയാള സംസാരം അവതരിപ്പിക്കാം. യുവജന കേന്ദ്രിത പരിപാടികളും, അവരെ പെട്ടെന്ന്  ആകര്‍ഷിക്കുന്നു. “മലയാളി യൂത്ത് കോണ്‍ഗ്രസ്‌” എന്നപോലെ, അവര്‍ക്ക് ഇഷ്ടമുള്ള വിഷയങ്ങള്‍ ചേര്‍ത്ത്, അവര്‍ നയിക്കുന്ന കമ്മിറ്റികള്‍ ഉണ്ടാക്കി വിവിധ പരിപാടികള്‍ നടത്താം. കൗമാരക്കാര്‍ക്കുള്ള മലയാളം പഠിപ്പിക്കാം. മുതിര്‍ന്നവരും യുവാക്കളും ചേര്‍ന്നു നടത്തുന്ന “അന്തര്‍തലമുറ പദ്ധതികള്‍” ആരംഭിക്കാം. ഓരോ സംഘടനയിലും, യുവജനങ്ങള്‍ കൈകാര്യംചെയ്യുന്ന ഇന്‍സ്റ്റഗ്രാം/ യുട്യുബ് പേജുകള്‍ ഉണ്ടാക്കുകയും യുവജനങ്ങളെ വേഗം ആകര്‍ഷിക്കുന്ന പരിപാടികള്‍ ചേര്‍ത്ത് അവതരിപ്പിക്കുകയും ചെയ്യാം. 
ഡോക്ടര്‍, എഞ്ചിനീയര്‍, ബിസിനസ്സുകാര്‍ തുടങ്ങി മലയാളികളായ    പ്രൊഫഷണല്‍സുമായി ബന്ധപ്പെടുത്തുന്നതിലൂടെ, സേവനദാതാക്കളുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും, ഇന്‍റേണ്‍ഷിപ്പ് പരിശീലനവും ലഭിക്കുന്നതിനു സഹായിക്കാം.                                         ഇപ്പോള്‍, നോര്‍ത്തമേരിക്കയിലെ മലയാളികള്‍ നേരിടുന്ന വെല്ലുവളികള്‍  പുറത്തുനിന്നല്ല, നിര്‍ഭാഗ്യവശാല്‍, നമ്മുടെ ഉള്ളില്‍നിന്നുതന്നെ വരുന്നതാണ്. അത് മറ്റൊന്നുമല്ല, ഭിന്നിപ്പിക്കുന്ന, രൂക്ഷമായ വിഭാഗീയതയാണ്. ഇന്നത്തെ അവസ്ഥയിലേക്ക് കണ്ണോടിച്ചാല്‍ നാം കാണുന്നത്, നമ്മുടെ വളര്‍ച്ചയുടെ ഒപ്പം ചിതറിപ്പോകുന്ന മലയാളി സമൂഹത്തെയാണ്. ഈ ദുരവസ്ഥ എങ്ങനെ ഉണ്ടാകുന്നു എന്ന് എല്ലാ മലയാളികളും അറിഞ്ഞിരിക്കണം. കേരളമണ്ണില്‍ നിന്ന് ഏകദേശം പതിനായിരം മൈല്‍ അകലെയാണെങ്കിലും, നാട്ടിലെ രാഷ്ട്രീയ ചേരിതിരിവും, സാമുദായികമായ അതിര്‍വരമ്പുകളും ഇന്നും നമ്മളെ നയിക്കുന്നു അഥവാ നിയന്ത്രിക്കുന്നു. നാമറിയാതെ, നമ്മുടെ വാക്കിലും പ്രവൃത്തിയിലും വിഭാഗീയതയുടെ ഭാവങ്ങള്‍ പ്രകടമാകുന്നുണ്ട്. മാത്രമല്ല, പൊതുരംഗത്തുള്ള നമ്മുടെ മുഴുവന്‍ സ്വാധീനവും ഇപ്പോള്‍ നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ ചിതറിപ്പോക്ക് മുഖാന്തിരം, അമേരിക്കന്‍ രാഷ്ട്രീയ സാമൂഹിക തലങ്ങളില്‍ നാം അര്‍ഹിക്കുന്ന പ്രധാന  പ്രാതിനിധ്യവും മാന്യതയും നേടാന്‍ കഴിയാതെ വരുന്നു.      
വേനല്‍ച്ചൂടിനും ഹിമപാതങ്ങള്‍ക്കും നടുവില്‍ നാം നട്ടുവളര്‍ത്തിയ സുന്ദര സ്വപ്നത്തിന്‍റെ പേരാണ് “അമേരിക്കന്‍ മലയാളി!” പക്ഷേ, ഇന്ന് അതില്‍ വിടവുകളുണ്ട്. സ്വാര്‍ത്ഥചിന്തകളുടെ കറുത്ത അടയാളങ്ങളുണ്ട്. നമ്മള്‍ നമ്മുടെ ദേശത്തുനിന്ന് വേലികള്‍ കൊണ്ടുവന്നു, നല്ലതെന്നു കരുതി ഈ അനുഗ്രഹീത രാജ്യത്ത് സ്ഥാപിച്ചു. മത രാഷ്ട്രീയ കക്ഷികളുടെ പേരില്‍ നമ്മള്‍ നമ്മെത്തന്നെ വിഭജിച്ചു. ഒന്നിച്ചിരുന്നു ഭക്ഷിച്ചവര്‍, സംഘടനയുടെ  യോഗങ്ങളില്‍ വഞ്ചിച്ചു. നമ്മുടേത്‌ എന്ന നല്ലനിലപാടിനെ എന്‍റേത്‌ എന്ന് അഹന്ത തിരുത്തി. അതുകൊണ്ട്, മലയാളിയുടെ സംഘടിതശക്തി ഇടിഞ്ഞു. നമ്മുടെ ഉയര്‍ച്ചയും ഉജ്ജ്വലതയും അവസാനിക്കാനുള്ള സാധ്യത വര്‍ദ്ധിച്ചു. ഇന്ന് നേതൃസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍, മാറുകയും മറയുകയും ചെയ്യും. അതിനുമുമ്പ്, അവര്‍ ചെയ്ത നന്മകള്‍ നിലനിര്‍ത്താന്‍, മലയാളി വിഭാഗ ത്തിന്‍റെ ഭാവി ഭാസുരമാക്കാന്‍, അവര്‍ ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണം. സംഘടനകള്‍ മെലിഞ്ഞ് ഇല്ലാതായാല്‍, പ്രവര്‍ത്തകരും ഉണ്ടാവില്ല. 
ഐക്യം എന്നാല്‍ എല്ലാവരും ഒരുപോലെ ആകണം എന്നല്ല. എല്ലവരുടെയും വ്യത്യസ്തതകളെ ബഹുമാനിച്ച് ഒരേ ലക്ഷ്യത്തിനായി ഒന്നിച്ചുനില്‍ക്കുക എന്നതാണ്‌.                            ഇനിയും വൈകിയിട്ടില്ല. ചിതറിയ മുത്തുകളെ തിരഞ്ഞെടുത്ത് മനോഹരമായി മാലകൊരുക്കാന്‍ ആത്മാര്‍ത്ഥതക്ക് സാധിക്കും. അതിന് സ്ഥാനമല്ല, സേവനമാണ് ആവശ്യം. ഇനി പണിയേണ്ടത്, വേര്‍തിരിക്കുന്ന വന്മതിലുകളല്ല, ബലത്ത പാലങ്ങളാണ്. സംഘടനകള്‍ കുറയണ്ട. പക്ഷേ, എല്ലാ മലയാളി സംഘടനകളുടെയും മേല്‍ക്കൂരയായി ഒരു മഹാസഖ്യം ഉയര്‍ന്നുവരണം. അശരണര്‍ക്കുള്ള സഹായം, ഭാഷാസംരക്ഷണം, രാഷ്ട്രീയ ശാക്തീകരണം എന്നിവക്കുവേണ്ടി, ഒറ്റമനസ്സോടെ പ്രവര്‍ത്തിക്കണം. പുതുതലമുറയെ കൈപിടിച്ചുയര്‍ത്തണം. അവരുടെ ഭാഷ, സംഗീതം ,സ്വപ്നങ്ങള്‍ എന്നിവയിലൂടെത്തന്നെ, നമ്മുടെ നല്ല പാരമ്പര്യങ്ങളെ അവര്‍ക്ക് പകര്‍ന്നുകൊടുക്കണം. നമ്മെ സുരക്ഷിതരാക്കുന്ന ഈ മഹത്തായ രാഷ്ട്രത്തെ സ്നേഹിച്ചുകൊണ്ടുകൊണ്ടുതന്നെ, ഒരുമയോടെ അത് ചെയ്യുവാന്‍ മലയാളിക്ക് കഴിയണം.  
പ്രവാസജീവിതം ഒരു അനുഗ്രഹമാണെന്ന് നമ്മള്‍ ഓര്‍ക്കണം. ഈ ലോകത്തിന്‍റെ നെറുകയില്‍ നില്‍ക്കുമ്പോഴും, പെറ്റമ്മയുടെ മണം അറിയുന്നവരാണ് മലയാളികളായ നമ്മള്‍. ആ മണം, ആ ഓര്‍മ്മ, ആ സ്നേഹവാത്സല്യം സ്നേഹാദരങ്ങളോടെ നിലനിര്‍ത്താന്‍ നമുക്ക് ഒരു വഴിയേയുള്ളൂ. “ഒന്നിച്ച് നില്‍ക്കുക”. വേര്‍പിരിഞ്ഞാല്‍ നമ്മള്‍ നാല് ലക്ഷത്തില്‍പരം വ്യത്യസ്ത വ്യക്തികളാവും. ഒന്നിച്ചു നിന്നാലോ, ഒരു ശക്തി, ഒരു ശബ്ദം, ഒരു ജ്വാല. ആ ജ്വാല, വരും തലമുറയ്ക്ക് വഴികാട്ടിയാവാന്‍ നമുക്ക് ഒരേ കുടക്കീഴില്‍ ഒത്തുചേരാം. നമ്മുടെ ഭാഷ, കേരളിയഭാഷ, “മലയാളം” എന്നും ഒരുമയുടെ ഭാഷയായി വിളങ്ങട്ടെ! അതുതന്നെയായിരിക്കട്ടെ, നമ്മുടെ ആത്മബലം!    

ജോണ്‍ വേറ്റം 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.