PRAVASI

(വാൽക്കണ്ണാടി) പണപ്പെരുപ്പത്തിന്റെ നിശ്ശബ്ദ ഭാരവും സാധാരണ മനുഷ്യന്റെ ക്ഷീണവും

Blog Image

ഈ അടുത്ത സമയത്തു ന്യൂയോർക്കിലെ ലോങ്ങ് ഐലണ്ടിലുള്ള ഒരു ഇന്ത്യൻ കടയിൽ പച്ചക്കറി വാങ്ങാൻ കയറി. ഒരു സാംബാർ ഉണ്ടാക്കാനുള്ള ശ്രമം ആയിരുന്നു മനസ്സിൽ. മുരിങ്ങക്ക വേണമെന്ന് ഭാര്യ നിർദേശിച്ചിരുന്നതുകൊണ്ടു അവിടേക്കുതന്നെ പോയി. പൗണ്ടിന് 7.99 അമേരിക്കൻ ഡോളർ എന്ന് അവിടെ കുറിച്ചിരുന്നു. ഉണങ്ങി വരണ്ട ലുക്ക് ആയിരുന്നെങ്കിലും മൂന്നുനാലു മുരിങ്ങക്കായ്കൾ എടുത്തു അടുത്തുണ്ടായിരുന്ന ത്രാസിൽ വച്ചു നോക്കി, ഓരോന്നായി പിൻവലിച്ചു. ഒടുവിൽ ഒരു മുരിങ്ങക്കായ അവശേഷിച്ചു, ഒരു പൗണ്ട്, 8 ഡോളർ, രൂപക്കണക്കിൽ 736.00. വാങ്ങാനോ, അതോ സാംബാർ ആശയം ഉപേക്ഷിക്കണോ? ഒരു പൗണ്ടുള്ള മുങ്ങിക്കയുംപിടിച്ചു അവിടുത്തെ 7.99 ഡോളർ വിലയുടെ ബോർഡിനടുത്തു വിളറിയ മുഖവുമായി ഒരു സാംബാർ സ്‌നേഹി നിൽക്കുന്ന പടം ഭാര്യക്ക് അയച്ചുകൊടുത്തു.

ഇപ്പോൾ ഓരോ നിമിഷവും ഒരു തിരഞ്ഞെടുപ്പാണ് ആവശ്യം. നിലനില്പിനുള്ള തിരഞ്ഞെടുപ്പ്. സാമ്പത്തിക റിപ്പോർട്ടുകളിൽ പണപ്പെരുപ്പം ഒരു ശതമാന സംഖ്യയായി മാത്രം കാണപ്പെടുന്നു 3%, 6%, ചിലപ്പോൾ 8%. പെട്രോൾ വില കുറച്ച് സെന്റുകൾ ഉയരുന്നു, സാധനങ്ങളുടെ വില കുറച്ച് ഡോളർ കൂടി. സാമ്പത്തിക വിദഗ്ധരും രാഷ്ട്രീയ നേതാക്കളും ഇതിനെ കുറിച്ച് ചർച്ച ചെയ്യുന്നു. എന്നാൽ ഈ കണക്കുകളുടെ പിന്നിൽ മറ്റൊരു നിശ്ശബ്ദ കഥയുണ്ട്—സാധാരണ മനുഷ്യന്റെ ക്രമേണ വർധിക്കുന്ന ക്ഷീണം.

ഒരു സാധാരണ ജോലി ചെയ്യുന്ന മനുഷ്യനു സാമ്പത്തിക സമ്മർദ്ദം പെട്ടെന്ന് വരുന്ന ഒരു ദുരന്തമല്ല. അത് പതുക്കെ ജീവിതത്തിലേക്ക് കടന്നു വരുന്നതാണ്. ആ മാറ്റം ആദ്യം കാണുന്നത് പെട്രോൾ പമ്പിലായിരിക്കും.
ഒരിക്കൽ സാധാരണ ചെലവായിരുന്ന ജോലി യാത്ര, ഇപ്പോൾ ഒരു ഭാരം പോലെ തോന്നുന്നു. മുമ്പ് നാല്പത് ഡോളർ കൊണ്ട് നിറഞ്ഞിരുന്ന ടാങ്ക്, ഇന്ന് അറുപത് ഡോളറിനും മുകളിലേക്ക് പോകുന്നു. പമ്പിലെ അക്കങ്ങൾ പതുക്കെ ഉയരുമ്പോൾ അതിനെ നോക്കി നിൽക്കുന്ന മനുഷ്യന്റെ മനസ്സിലും ഒരു ഭാരം കൂടി ഉയരുന്നു.

പലർക്കും കാറിൽ ജോലി സ്ഥലത്തേക്ക് പോകുന്നത് ഒരു തിരഞ്ഞെടുപ്പ് അല്ല—അത് ഒരു അനിവാര്യതയാണ്. അതിനാൽ പെട്രോൾ വില ഉയരുന്നത് അവരുടെ ജീവിതച്ചെലവിൽ ഒരു നിർബന്ധിത വർധനയായി മാറുന്നു.
എന്നാൽ പ്രശ്നം പെട്രോളിൽ മാത്രം ഒതുങ്ങുന്നില്ല.

പണപ്പെരുപ്പ് പതുക്കെ ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും പടരുന്നു. സൂപ്പർമാർക്കറ്റിൽ പോകുമ്പോൾ പഴയ വിലകൾ മാറിയതായി കാണാം. പാൽ, മുട്ട, ബ്രെഡ്, പച്ചക്കറികൾ—എല്ലാം കുറച്ചു കൂടി വില കൂടിയിരിക്കുന്നു. ഒരൊറ്റ സാധനത്തിന്റെ വില വലിയ ആഘാതമല്ലെങ്കിലും, ബില്ലിന്റെ മൊത്തം തുക മാസംതോറും ഉയരുന്നു.

ഇതിന് കുടുംബങ്ങൾ പതുക്കെ മാറ്റങ്ങൾ വരുത്തുന്നു. പരിചിത ബ്രാൻഡുകൾക്ക് പകരം സ്റ്റോർ ബ്രാൻഡുകൾ തിരഞ്ഞെടുക്കുന്നു. റെസ്റ്റോറന്റുകളിലേക്കുള്ള യാത്ര കുറയ്ക്കുന്നു. വീട്ടിലെ ചില ചെലവുകൾ പിന്നോട്ട് മാറ്റുന്നു. ഇവ വാർത്തകളിൽ പ്രത്യക്ഷപ്പെടുന്ന കാര്യങ്ങൾ അല്ലെങ്കിലും, മധ്യവർഗ്ഗത്തിന്റെ ജീവിതത്തിൽ നടക്കുന്ന വലിയ മാറ്റങ്ങളുടെ അടയാളങ്ങളാണ്.

പണപ്പെരുപ്പത്തിന്റെ ഏറ്റവും ശ്രദ്ധിക്കപ്പെടാത്ത ഫലം മാനസിക ക്ഷീണമാണ്. ഓരോ തീരുമാനവും ഇപ്പോൾ കണക്കുകൂട്ടലുകളോടെയാണ്. സൂപ്പർമാർക്കറ്റിലേക്കുള്ള ഒരു ചെറിയ യാത്ര പോലും ഒരു ബജറ്റ് ചിന്തയായി മാറുന്നു. ഒരു ചെറിയ യാത്ര പോലും പെട്രോൾ ചെലവിനെ ആശ്രയിച്ച് തീരുമാനിക്കേണ്ടിവരുന്നു. മാസ ശമ്പളം പഴയപോലെ തന്നെ ആയിരിക്കുമ്പോഴും, ചെലവുകൾ പതുക്കെ ഉയരുകയാണ്.ഈ സ്ഥിരമായ കണക്കുകൂട്ടൽ മനുഷ്യനെ ക്ഷീണിപ്പിക്കുന്നു.

ഇത് വെറും സാമ്പത്തിക പ്രശ്നമല്ല—മനസ്സിനെയും ബാധിക്കുന്ന ഒരു അവസ്ഥയാണ്. ഓരോ തീരുമാനവും പണവുമായി ബന്ധപ്പെട്ടാൽ ജീവിതം കൂടുതൽ ചുരുങ്ങിയതായി തോന്നും. ദേശീയ തലത്തിൽ പണപ്പെരുപ്പത്തെക്കുറിച്ചുള്ള ചർച്ചകൾ പലപ്പോഴും വലിയ സാമ്പത്തിക ആശയങ്ങളിലായിരിക്കും. പലിശനിരക്കുകൾ, ആഗോള വിപണികൾ, ഊർജ്ജനയങ്ങൾ—ഇവയെല്ലാം പ്രധാനമാണ്. പക്ഷേ സാധാരണ മനുഷ്യന്റെ അനുഭവം അതിലുപരി വ്യത്യസ്തമാണ്. അവർക്കു സാമ്പത്തികം ഒരു ഗ്രാഫോ റിപ്പോർട്ടോ അല്ല. അത് പെട്രോൾ പമ്പിലെ ഉയരുന്ന അക്കങ്ങളാണ്. സൂപ്പർമാർക്കറ്റിലെ ബില്ലാണ്.

മാസാവസാനം ശമ്പളം മതിയാകുമോ എന്നുള്ള ചിന്തയാണ്. എന്നിരുന്നാലും സാധാരണ മനുഷ്യന്റെ സഹിഷ്ണുത അതിശയകരമാണ്. അവർ ജോലി തുടരുന്നു, കുടുംബത്തെ സംരക്ഷിക്കുന്നു, ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നു. എന്നാൽ ആ ക്ഷീണം യഥാർത്ഥമാണ്. പണപ്പെരുപ്പം ഒറ്റ സംഖ്യയല്ല.
അത് ദിവസേന ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുന്ന സാധാരണ മനുഷ്യൻ നിശ്ശബ്ദമായി വഹിക്കുന്ന ഭാരമാണ്.

ഇവിടെ വിലകുറയുന്നതു മനുഷ്യനുമാത്രമാണ്, യുദ്ധങ്ങളിൽ എത്ര സൈനികർ, എത്ര കുട്ടികൾ , എത്ര സാധാരണക്കാർ മരിച്ചു എന്നതാണ് കാര്യം. ഒക്കെ ഒരു സംഖ്യ മാത്രം. യുദ്ധത്തിനും വെട്ടിപ്പിടിക്കലിനും പിടിച്ചെടുക്കലിനും പരിധിയില്ലാത്ത നീക്കുപോക്കുകൾ നടത്തുമ്പോൾ, സാധാരണക്കാരുടെ സമ്മർദ്ദം, ക്ഷീണം അതളക്കാൻ പാകത്തിൽ വല്ലതും നിലവിലുണ്ടോ? കാണുമായിരിക്കും.-vkorason@yahoo.com.

കോരസൺ വർഗീസ് 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.