മലയാള സിനിമയിലെ പെണ്ണുങ്ങൾ നാളിതുവരെ നടത്തിയ കലാപങ്ങളുടെ കനലിലൂടെയാണ് രഞ്ജിത്ത് ഈ നടന്നുപോകുന്നത്. ഈ അടുത്ത കാലം വരെ, ഒരുപക്ഷേ ആലോചിക്കാൻ പോലും കഴിയാതിരുന്ന അവരുടെ ശക്തിപ്രകടനം!
ഇന്നലെവരെ ആരാലും കേൾക്കപ്പെടാതെ, ഏതൊക്കെയോ കാരവന്റെ അകത്തളങ്ങളിലും ഹോട്ടൽ മുറികളുടെ അടച്ചുറപ്പുകളിലും അമർത്തപ്പെട്ടുപോയ നിരാലംബതകളുടെ, നിസ്സഹായതകളുടെ—നാളിതുവരെ കണ്ടിട്ടുള്ളതിൽ വച്ചേറ്റവും വലിയ എഴുന്നേറ്റുനിൽപ്പ്.
ഇനിയും അങ്ങനെ അനുവദിച്ചുകൊടുക്കേണ്ടതില്ല എന്നുള്ള തീർപ്പുകളുടെ; അങ്ങനെ തീരുമാനിച്ചുകഴിഞ്ഞാൽ അഴിഞ്ഞുവീഴുന്നതേയുള്ളൂ എല്ലാ തമ്പുരാന്മാരും എന്നുള്ള ആത്മബോധത്തിന്റെ; അതിന്റെ പേരിൽ നഷ്ടപ്പെടുന്നതൊന്നും നഷ്ടങ്ങളല്ല എന്ന് ആരൊക്കെയോ തീരുമാനിച്ചുറപ്പിച്ചതിന്റെ ആദ്യത്തെ കരണത്തടി!

ഇത്തരമൊരു ധൈര്യത്തിലേക്ക്, എല്ലാ ഒത്തുതീർപ്പുകളെയും അതിജീവിച്ചുകൊണ്ട്, പിന്നെയും പിന്നെയും ഇങ്ങനെയൊരു വഴിയിലേക്ക് മാത്രം നടക്കാൻ തീരുമാനിച്ച ആ നടി ആരാണെങ്കിലും—അവരിൽ ഒഴുകുന്നത് ഇന്നുവരെ അതിനുവേണ്ടി ശബ്ദമുയർത്തിയ മുഴുവൻ സിനിമാ പെണ്ണുങ്ങളുടെയും രക്തമാണ്. അവർ അതിനുവേണ്ടി ഒഴുക്കിയ വിയർപ്പിന്റെ വഴികളുടെയെല്ലാം ഇങ്ങേയറ്റത്താണ് അവർ നിൽക്കുന്നത്.
സിനിമയുടെ ലോകവും കാലവും ഇനി ഒരിക്കലും പഴയതുപോലെ ആയിരിക്കില്ല എന്നുള്ളതിന്റെ, നാളിതുവരെ കേട്ടതിൽ വച്ചേറ്റവും വലിയ കാഹളം!

ഷിബു ഗോപാലകൃഷ്ണൻ

