സ്വത്തുക്കൾ അനാഥാലയത്തിന് എഴുതിവെച്ച്, ബന്ധുക്കളോട് താത്പര്യമില്ലെന്ന് പറയാതെ പറഞ്ഞ് മരണത്തിലേക്ക് നടന്നുകയറിയ ആ കുടുംബത്തിന് ഒടുവിൽ ചിതയൊരുങ്ങിയതും എറണാകുളത്തെ മണ്ണിൽ.
വടുതലയിലെ വാടകവീട്ടിൽ ജീവനൊ.ടു.ക്കിയ തിരുവനന്തപുരം സ്വദേശികളായ അഞ്ചുപേരുടെയും സംസ്കാരം ബന്ധുക്കളുടെ നിസ്സഹകരണം മൂലം എറണാകുളത്ത് നടത്തി. വടുതല ശ്മശാനത്തിലായിരുന്നു ചടങ്ങുകൾ. പൊലീസ് വിവരമറിയിച്ചതിനെത്തുടർന്ന് തിരുവനന്തപുരം വിളപ്പിൽശാലയിൽനിന്ന് ശ്രീകുമാരിയുടെ സഹോദരനടക്കമുള്ള അടുത്ത ബന്ധുക്കൾ എത്തിയെങ്കിലും മൃതദേഹങ്ങൾ ഏറ്റെടുക്കാൻ ഇവർ തയ്യാറായില്ല. തുടർന്ന് ഇവരുടെ കൂടി നിർദേശപ്രകാരമാണ് സംസ്കാരം കൊച്ചിയിൽത്തന്നെ നടത്തിയത്.
വിളപ്പിൽശാല കാരോട് കാവുവിള പരേതനായ ജി. സുരേന്ദ്രൻ നായരുടെ ഭാര്യ വൈ. ശ്രീകുമാരി (59), മകൾ അശ്വതി എസ്. നായർ (39), അശ്വതിയുടെ മക്കളായ കാർണിവൻ (14), കീർത്തിവൻ (4), അക്ഷിത (2) എന്നിവരുടെ ചേതനയറ്റ ശരീരങ്ങളാണ് ബന്ധുക്കൾ പോലുമില്ലാത്ത നാട്ടിൽ എരിഞ്ഞടങ്ങിയത്.
ശ്രീകുമാരിയും അശ്വതിയും തൂ.ങ്ങിമ.രിച്ച നിലയിലും കുട്ടികൾ വിഷം ഉള്ളിൽച്ചെന്ന് മ.രിച്ച നിലയിലുമായിരുന്നു. കഴിഞ്ഞ ജൂലൈയിൽ അശ്വതിയുടെ ഭർത്താവ് അശ്വത്ത് ആ.ത്മഹ.ത്യ ചെയ്‌തിരുന്നു. ഇതിനുപിന്നാലെ അനുഭവിക്കേണ്ടി വന്ന കടുത്ത ഒറ്റപ്പെടലും മാനസിക വിഷമങ്ങളുമാണ് കൂട്ട ആ.ത്മ.ഹ.ത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പൊലീസ് കണ്ടെടുത്ത ആത്മഹത്യക്കുറിപ്പിൽ അശ്വതിയുടെ ഭർത്താവിന്റെ സുഹൃത്തുക്കൾക്കും ഭർതൃമാതാവിനും അയൽവാസികൾക്കുമെതിരെ ഗുരുതരമായ ആരോപണങ്ങളുണ്ട്.
ഭർത്താവിന്റെ മരണശേഷം തങ്ങൾ നേരിട്ട അവഗണനയും പീഡനങ്ങളും കത്തിൽ അക്കമിട്ടു നിരത്തുന്നു. സ്വന്തം വീടിനടുത്ത് അയൽവാസികളുമായി നിലനിന്നിരുന്ന തർക്കങ്ങളെക്കുറിച്ചും കത്തിൽ സൂചനയുണ്ട്. കുറിപ്പിൽ പരാമർശിക്കുന്നവരിൽനിന്ന് അടുത്ത ദിവസങ്ങളിൽ പൊലീസ് മൊഴിയെടുക്കും. ആത്മഹത്യ പ്രേരണാക്കുറ്റം നിലനിൽക്കുമോ എന്ന കാര്യവും പൊലീസ് പരിശോധിച്ചുവരികയാണ്.
തങ്ങളുടെ ഉടമസ്ഥതയിലുള്ള വീടും സ്ഥലവും മറ്റ് സ്വത്തുവകകളും അർഹതപ്പെട്ട അനാഥാലയത്തിന് വിട്ടുനൽകണമെന്നാണ് അശ്വതി കുറിപ്പിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
'ഞങ്ങൾ പോകുന്നു' എന്ന വാക്കുകളോടെയാണ് കത്ത് അവസാനിക്കുന്നത്. ബന്ധുക്കളുമായി അകന്നുനിന്നിരുന്ന കുടുംബം ആരോടും മിണ്ടാതെയും പുറംലോകവുമായി ബന്ധപ്പെടാതെയുമാണ് വടുതലയിലെ ആഡംബര വില്ലയിൽ കഴിഞ്ഞുകൂടിയിരുന്നത്. ഒടുവിൽ മരണശേഷവും ആ അകൽച്ച തുടർന്ന ബന്ധുക്കൾ, മൃതദേഹം പോലും വേണ്ടെന്നു വെക്കുകയായിരുന്നു.
അശ്വതിയുടെ മകന്റെ ചികിത്സയുമായി ബന്ധപ്പെട്ടാണ് രണ്ടുമാസം മുമ്പ് ഇവർ കൊച്ചിയിലേക്ക് മാറിയത്. 45,000 രൂപ വാടകയുള്ള വില്ലയിൽ സാമ്പത്തിക പ്രയാസങ്ങളൊന്നുമില്ലാതെയാണ് ഇവർ കഴിഞ്ഞിരുന്നതെന്ന് പൊലീസ് പറയുന്നു. വീട് ഒഴിയുകയാണെന്ന് അറിയിച്ച് വാടക മുഴുവൻ വീട്ടുടമസ്ഥന് നൽകിയ ശേഷമായിരുന്നു അഞ്ചുപേരും മരണത്തിലേക്ക് നടന്നത്. കുട്ടികളെ പുതുവസ്ത്രങ്ങൾ അണിയിച്ചും കണ്ണടകളും കൂളിങ് ഗ്ലാസുകളും വെപ്പിച്ചും ഒരുക്കിയ ശേഷമാണ് വിഷം നൽകിയതെന്ന് സംഭവസ്ഥലത്തെത്തിയവർ നടുക്കത്തോടെ ഓർക്കുന്നു. കേസിൽ എറണാകുളം നോർത്ത് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

