PRAVASI

ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണം: ഒരുക്കങ്ങൾ പൂർത്തിയായി ബിജു നാരായണന്റെ ലൈവ് സംഗീതനിശയും മെഗാ മോഹിനിയാട്ടവും ആഘോഷത്തിന് മാറ്റുകൂട്ടും

Blog Image

ഫിലഡൽഫിയ: അമേരിക്കയിലെ പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സാംസ്കാരിക കൂട്ടായ്മകളിലൊന്നായ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ (TKF) ഈ വർഷത്തെ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഓഗസ്റ്റ് 22 ശനിയാഴ്ച 2 മണി മുതൽ ഫിലഡൽഫിയയിലെ കാൻസ്റ്റാറ്റർ ഓഡിറ്റോറിയത്തിൽ (Cannstatter, 9130 Academy Road, Philadelphia) നടക്കുന്ന ഓണാഘോഷം സംഗീതത്തിന്റെയും നൃത്തത്തിന്റെയും കേരളീയ കലാപാരമ്പര്യത്തിന്റെയും കുടുംബസംഗമത്തിന്റെയും സമന്വയമായി മാറും.
ആഘോഷത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായി മലയാളികളുടെ പ്രിയപ്പെട്ട പിന്നണി ഗായകൻ ബിജു നാരായണനും സംഘവും അവതരിപ്പിക്കുന്ന ലൈവ് സംഗീതനിശ അരങ്ങേറും. പിന്നണി ഗാനങ്ങൾ, ഓണപ്പാട്ടുകൾ, ഭക്തിഗാനങ്ങൾ തുടങ്ങി വിവിധ സംഗീതശാഖകളിൽ ശ്രദ്ധേയനായ ബിജു നാരായണന്റെ ഗാനാലാപനം ഓണാഘോഷ വേദിയെ സംഗീതസാന്ദ്രമാക്കുമെന്ന് സംഘാടകർ അറിയിച്ചു. പ്രവാസജീവിതത്തിനിടയിൽ കേരളത്തിന്റെ ഓർമ്മകളും ഗൃഹാതുരതയും ഉണർത്തുന്ന സംഗീതവിരുന്നായിരിക്കും ബിജു നാരായണന്റെ ലൈവ് കോൺസർട്ട്.
ഓണാഘോഷത്തിന്റെ മറ്റൊരു പ്രധാന ആകർഷണം മെഗാ മോഹിയാട്ടമാണ്. പ്രമുഖ നൃത്തപരിശീലക ബേബി തടവനാലിന്റെ നേതൃത്വത്തിൽ മെഗാ മോഹിയാട്ടത്തിനുള്ള  പരിശീലനം പുരോഗമിക്കുകയാണ്. വിവിധ പ്രായത്തിലുള്ള നിരവധി വനിതകൾ പങ്കെടുക്കുന്ന മെഗാ മോഹിനിയാട്ടം കേരളത്തിന്റെ തനത് കലാപാരമ്പര്യത്തിന്റെ മനോഹരമായ അവതരണമായി വേദിയിലെത്തും.
ഇതോടൊപ്പം തിരുവാതിര ചെണ്ടമേളം, നാടൻ കലാരൂപങ്ങൾ, നൃത്താവിഷ്കാരങ്ങൾ, വിവിധ കലാപരിപാടികൾ, വർണാഭമായ പൂക്കളം തുടങ്ങിയവയും ആഘോഷത്തിന് മാറ്റുകൂട്ടും. കേരളീയ പാരമ്പര്യത്തിന്റെ തനിമയും ആധുനിക പ്രവാസജീവിതത്തിന്റെ ആഘോഷമനോഭാവവും ഒരുമിപ്പിക്കുന്ന തരത്തിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.
ഈ വർഷത്തെ ഓണാഘോഷത്തിന്റെ മുഖ്യാഘോഷകനായി മികച്ച വാക്മിയും പ്രമുഖ കാൻസർ വിദഗ്ധനും ഹീമറ്റോളജിസ്റ്റുമായ ഡോ. എം. വി. പിള്ള പങ്കെടുക്കും. അതോടൊപ്പം 24 ന്യൂസ് ഇന്റർനാഷണൽ റിപ്പോർട്ടർ പി പി ജെയിംസ്, പെൻസിൽവാനിയ സ്റ്റേറ്റ് റെപ്രെസെന്റിറ്റീവ് ഷോൺ ഡോഹട്രി, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, മത മേഖലകളിലെ പ്രമുഖരും വിവിധ മലയാളി സംഘടനകളുടെ ഭാരവാഹികളും ചടങ്ങിൽ സംബന്ധിക്കുമെന്ന് വിൻസെന്റ് ഇമ്മാനുവേൽ, അലക്സ് തോമസ് എന്നിവർ അറിയിച്ചു.
ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ രസകരമായ മത്സരങ്ങളും പുരസ്കാരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ഫിലിപ്പോസ് ശോശാമ്മ ചെറിയാൻ ദമ്പതികൾ സ്പോൺസർ ചെയ്യുന്ന മികച്ച ദമ്പതികൾ, മികച്ച പുരുഷൻ, മികച്ച വനിത എന്നീ മത്സരങ്ങൾ പ്രത്യേക ശ്രദ്ധ ആകർഷിക്കും. അതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി കോർഡിനേറ്റർമാരായ വരുന്നതായി സിജു പി ജോൺ, ദിലീപ് ജോർജ് എന്നിവർ അറിയിച്ചു.
അതോടൊപ്പം കർഷകരത്ന മത്സരത്തിനായുള്ള തിരഞ്ഞെടുപ്പ് നടപടികളും ആരംഭിച്ചു. അനീഷ് ജോയിയുടെയും സംഘത്തിന്റെയും നേതൃത്വത്തിലാണ് മത്സരത്തിന്റെ ഏകോപനം നടക്കുന്നത്.
വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിക്കുന്നതിനുള്ള അവാർഡ് തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. ജീമോൻ ജോർജിന്റെ നേതൃത്വത്തിലാണ് അവാർഡ് തിരഞ്ഞെടുപ്പ് നടപടികൾ ഏകോപിപ്പിക്കുന്നത്.
ഓണാഘോഷത്തിന്റെ മനോഹാരിത വർധിപ്പിക്കുന്ന പൂക്കളത്തിനുള്ള ഒരുക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. സുരേഷ് നായരുടെ നേതൃത്വത്തിൽ പൂക്കളത്തിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ഓണാഘോഷത്തിന്റെ പ്രധാന ആകർഷണമായ വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിട്ടുണ്ട്. കുടുംബസമേതം എത്തുന്ന മലയാളികൾക്ക് കേരളത്തിന്റെ തനത് രുചിയും ഓണത്തിന്റെ കൂട്ടായ്മയും ഒരുമിച്ച് അനുഭവിക്കാനുള്ള അവസരമായിരിക്കും ഓണസദ്യ എന്ന് കോർഡിനേറ്റർ അഭിലാഷ് ജോൺ അറിയിക്കുകയുണ്ടായി. 
പെൻസിൽവാനിയ, ന്യൂജേഴ്സി, ഡെലവെയർ എന്നീ സംസ്ഥാനങ്ങളിലെ നിരവധി മലയാളി സംഘടനകളെ ഒരുമിപ്പിക്കുന്ന ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ മെഗാ ഓണാഘോഷം വർഷങ്ങളായി പ്രവാസി മലയാളികളുടെ ഏറ്റവും പ്രധാനപ്പെട്ട സാംസ്കാരിക സംഗമങ്ങളിലൊന്നായി മാറിയിട്ടുണ്ട്.
കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും പുതുതലമുറയിലേക്ക് കൈമാറുന്നതിനും പ്രവാസി സമൂഹത്തിന്റെ ഐക്യവും സൗഹൃദവും ശക്തിപ്പെടുത്തുന്നതിനും ഈ ആഘോഷം വലിയ പങ്കുവഹിക്കുന്നതായി സംഘാടകർ പറഞ്ഞു. സംഗീതം, നൃത്തം, പാരമ്പര്യ കലാരൂപങ്ങൾ, മത്സരങ്ങൾ, ഓണസദ്യ, കുടുംബസംഗമം എന്നിവയെല്ലാം ഒരേ വേദിയിൽ ഒത്തുചേരുന്ന ഈ വർഷത്തെ ആഘോഷം കൂടുതൽ വിപുലവും ജനപങ്കാളിത്തമുള്ളതുമാക്കാനുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നത്.
ട്രൈസ്റ്റേറ്റ് കേരള ഫോറം ചെയർമാൻ ലെനോ സ്കറിയ, ജനറൽ സെക്രട്ടറി ജോബി ജോർജ്, ട്രഷറർ രാജൻ സാമുവൽ, ഓണം ചെയർമാൻ ബിനു മാത്യു, പ്രോഗ്രാം കോർഡിനേറ്റർ റോണി വർഗീസ് എന്നിവർ പരിപാടിയുടെ ഒരുക്കങ്ങൾ വിലയിരുത്തി. എല്ലാ വിഭാഗം മലയാളികളുടെയും സഹകരണത്തോടെ ഓണാഘോഷം വിജയകരമായി നടത്താനുള്ള പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലെത്തിയതായി ഭാരവാഹികൾ അറിയിച്ചു.
കേരളത്തിന്റെ ഓർമ്മകളും ഓണത്തിന്റെ സന്തോഷവും പ്രവാസജീവിതത്തിലെ സൗഹൃദവും ഒരുമിക്കുന്ന ഈ മഹത്തായ ആഘോഷത്തിലേക്ക് എല്ലാ മലയാളി കുടുംബങ്ങളെയും ട്രൈസ്റ്റേറ്റ് കേരള ഫോറം ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായി സംഘാടകസമിതി അറിയിച്ചു.
ബിജു നാരായണനും സംഘവും അവതരിപ്പിക്കുന്ന ലൈവ് സംഗീതവിരുന്ന്, മെഗാ തിരുവാതിര, ചെണ്ടമേളം, കലാപരിപാടികൾ, വിവിധ മത്സരങ്ങൾ, പൂക്കളം, ഓണസദ്യ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളുമായി ഒരുങ്ങുന്ന ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണം പ്രവാസി മലയാളികളുടെ ഒരു വലിയ കുടുംബസംഗമമായി മാറുമെന്ന് സംഘാടകർ പ്രതീക്ഷ പ്രെകടിപ്പിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.