PRAVASI

പിതൃ നിർവിശേഷമായ സ്നേഹത്തോടെ എന്നെ ചേർത്ത് നിർത്തിയ ചാക്കോച്ചൻ വിടവാങ്ങുമ്പോൾ

Blog Image
അസാധാരണമായ അടുത്ത ബന്ധങ്ങളും, സൗഹൃദ നിർഭരമായ പുഞ്ചിരിയോട് കൂടിയ പ്രോത്സാഹനവും, ശുദ്ധമായ ധന്യ ജീവിതവും കൊണ്ട് എല്ലാവർക്കും  പ്രാപ്യനായിത്തീർന്ന, പ്രത്യേകിച്ച് എനിക്കുണ്ടായിരിക്കുന്ന വ്യക്തിപരമായ നഷ്ടബോധവും രേഖപ്പെടുത്തട്ടെ. ജീവിത മരുഭൂയാത്രയിൽ മായാത്ത കാല്പാടുകൾ ഇട്ടിട്ടുപോയവരുടെ പട്ടികയിൽ പെടുന്നു എനിക്കേറെ പ്രിയങ്കരനായ ചാക്കോച്ചന്റെ (ടി എസ് ചാക്കോ)യുടെ മരണവാർത്തയും.

അസാധാരണമായ അടുത്ത ബന്ധങ്ങളും, സൗഹൃദ നിർഭരമായ പുഞ്ചിരിയോട് കൂടിയ പ്രോത്സാഹനവും, ശുദ്ധമായ ധന്യ ജീവിതവും കൊണ്ട് എല്ലാവർക്കും  പ്രാപ്യനായിത്തീർന്ന, പ്രത്യേകിച്ച് എനിക്കുണ്ടായിരിക്കുന്ന വ്യക്തിപരമായ നഷ്ടബോധവും രേഖപ്പെടുത്തട്ടെ. ജീവിത മരുഭൂയാത്രയിൽ മായാത്ത കാല്പാടുകൾ ഇട്ടിട്ടുപോയവരുടെ പട്ടികയിൽ പെടുന്നു എനിക്കേറെ പ്രിയങ്കരനായ ചാക്കോച്ചന്റെ (ടി എസ് ചാക്കോ)യുടെ മരണവാർത്തയും.

 നാട്ടിൽ നിന്നുള്ള വാർത്തകളോർത്ത്  മനസേറെ വിങ്ങുന്ന സമയത്ത് തന്നെയാണ് ഈ മരണവാർത്തയും  കടന്നുവന്നിരിക്കുന്നത്. ഷിരൂരിലെ അർജുനെ മണ്ണിടിച്ചിലിൽ കാണാതായ വാർത്തയ്ക്ക് പിന്നാലെ വയനാട്ടിലെ ദുരന്തവാർത്തയുമെത്തിയത് മനസ് അക്ഷരാർത്ഥത്തിൽ മടുപ്പിച്ചു കളഞ്ഞിരുന്നു . അതിനൊപ്പം തന്നെയാണ്  പുത്ര നിർവിശേഷമായ കരുതലുമായ് എന്റെ വളർച്ചയിൽ സ്നേഹം പകർന്ന് എന്നും ഒപ്പം നിന്ന  ചാക്കോച്ചന്റെ വിയോഗ വാർത്തയുമെത്തുന്നത്.

തൊണ്ണൂറുകളുടെ തുടക്കത്തിൽ അമേരിക്കയിൽ വന്നകാലത്ത് 'മലയാളം പത്ര'ത്തിൽ പ്രവർത്തിക്കുന്ന സമയം.  അന്ന് ജോൺ ഏബ്രഹാം ടീനക്ക് മേയർ സ്ഥാനത്തേക്ക്  ആദ്യമായി മത്സരിക്കുന്നു.  ജോൺ ഏബ്രഹാമിന്റെ  സ്ഥാനാർത്ഥിത്വത്തെ   കുറിച്ച്  മലയാളം പത്രത്തിൽ ഞാൻ ഒരു ഐറ്റം ചെയ്തത് കണ്ടിട്ട് വർഗീസ് ചാണ്ടി സർ (അദ്ദേഹവും മൺമറഞ്ഞു) എന്നെ കോൺടാക്റ്റ് ചെയ്തു. അത്  വലിയൊരു സൗഹൃദത്തിന്റെ തുടക്കമായി. അദ്ദേഹമാണ് ചാക്കോച്ചനുമായി എന്നെ അടുപ്പിക്കുന്നത്.  ആ പത്ര റിപ്പോർട്ടിൽ തുടങ്ങി ചാക്കോച്ചനുമായി അടുത്ത സൗഹൃദം ഇത്ര കാലവും തുടർന്നു .

ചാക്കോച്ചന്റെ പിന്തുണയിൽ ടീനക്കിൽ  നിരവധി പരിപാടികളിൽ പങ്കെടുക്കുന്ന സാഹചര്യമുണ്ടായി.  എന്റെ സ്വന്തം ഇടം അല്ലാതിരുന്നിട്ടും അന്ന് മുതൽ ടീനെക്ക് എന്റെ പ്രവർത്തന കേന്ദ്രമായി.  മേയർ ജോൺ ഏബ്രഹാമും, ചാണ്ടിസാറും,  ലിയോണിയ രാജുവുമായൊക്കെ  നല്ല അടുപ്പം നിലനിന്നിരുന്നു.  അങ്ങനെ മലയാളം പത്രത്തിന്റെയും ചാക്കോച്ചന്റേയും ഈ സൗഹൃദങ്ങളുടേയുമൊക്കെ പേരിലാണ്  കേരള കൾച്ചറൽ ഫോറത്തിന്റേതായി ആദ്യമായി ഒരു അവാർഡ് എനിക്ക് ലഭിച്ചത്.  അതിന് ശേഷം ഫൊക്കാനയുടെയും മറ്റുമായി വന്ന 20 -ൽ പരം പുരസ്കാരങ്ങൾക്കും ഒക്കെ കേരളാ കൾച്ചറൽ ഫോറത്തിന്റെ ഈ അവാർഡ് തുടക്കമിട്ടു എന്നതാണ് യാഥാർഥ്യം.  
 
ആ സൗഹൃദങ്ങൾ ഇന്നും  തുടർന്നുകൊണ്ടേയിരിക്കുന്നു.

ചാക്കോച്ചൻ  ഹാരിസൺ ട്രെയിൻ  സ്റ്റേഷനിലുണ്ടായിരുന്നപ്പോൾ ഞാൻ പതിവായി അദ്ദേഹത്തെ പോയി കണ്ടിരുന്നു.   പിന്നീട് റിട്ടയർമെന്റായി നാട്ടിൽ പോയിട്ട്  ഇവിടെ തിരിച്ചെത്തിയ സന്ദർഭങ്ങളിലെല്ലാം എന്നെ വിളിക്കാനും സ്നേഹം പങ്കിടാനും അദ്ദേഹം മനസ് കാണിച്ചിരുന്നു.

'ന്യൂജേഴ്സിയിലെ കേരളാ കൾച്ചറൽ ഫോറത്തിന്റെ എല്ലാം എല്ലാം ആയിരുന്നു ചാക്കോച്ചൻ.  അദ്ദേഹവുമായുള്ള  അടുപ്പം മൂലം   അവരുടെ ഓണപരിപാടിക്ക് വേണ്ടി രണ്ട് പ്രാവശ്യം മാവേലിയായിട്ട് ഞാൻ  വേഷം കെട്ടുകയും ചെയ്തിട്ടുണ്ട്.  ചാക്കോച്ചൻ വഴി  പി ടി ചാക്കോ (മലേഷ്യ)യുടെയും ഫൈൻ ആർട്സിന്റെയുമൊക്കെ  പരിപാടികളിലും പങ്കെടുക്കാൻ അവസരം ലഭിച്ചിരുന്നു.  

ഫൊക്കാനയുടെയൊക്കെ  ആദ്യകാലം മുതലേ ചാക്കോച്ചന്റെ പ്രവർത്തനങ്ങൾ കാണുന്നതാണ്.  ഫൊക്കാനയുടെ ഇന്റർ റിലീജിയസ് സെമിനാറിൽ എല്ലാ വർഷവും കാര്യക്കാരൻ ചാക്കോച്ചൻ തന്നെ ആയിരുന്നു. എല്ലാവരെയും ചേർത്ത് നിർത്താൻ തക്ക നേതൃത്വ മികവുള്ളൊരു വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. എല്ലാറ്റിനുമുപരി നല്ലൊരു  മനുഷ്യസ്നേഹിയും.  ഫൊക്കാന പിളർന്ന് ഫോമാ ഉണ്ടായപ്പോഴൊക്കെ അദ്ദേഹം വലിയ വിഷമം  ഉള്ളിലൊതുക്കിയിരുന്നു എന്ന് മനസിലാക്കാൻ ഇട വന്നിട്ടുണ്ട്.  എനിക്ക് ഓർമയുള്ള കാലം മുതൽ അതായത് 91 കാലം മുതലുള്ള ഫൊക്കാന കൺവൻഷനുകളിലൊക്കെയും അദ്ദേഹം നേതൃത്വം നൽകിയിരുന്നു.

വ്യത്യസ്തമായി ചിന്തിക്കുവാനും, പ്രവർത്തിക്കാനുമുള്ള ആഗ്രഹവും ധൈര്യവും ചാക്കോച്ചനുണ്ടായിരുന്നു. സ്വന്തശക്തിയും നിയോഗവും തിരിച്ചറിഞ്ഞ ചാക്കോച്ചൻ നമുക്കോരോരുത്തർക്കും പാഠമാകട്ടെ.

ഏറെ സ്നേഹം പകർന്നു തന്ന ചാക്കോച്ചന്റെ ഓർമകൾക്ക് മുന്നിൽ നിറകണ്ണുകളോടെ പ്രണാമം.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.