PRAVASI

ഉള്ളിൽ ഉലയാതെ ആ ദീപശിഖ

Blog Image

ഇന്ന് മെയ് 30. നമ്മുടെ പ്രിയപ്പെട്ട കെഎസ്‌യുവിന് 69 വയസ്സ് തികയുകയാണ്. ഒരു രാഷ്ട്രീയ സംഘടനയുടെ വാർഷികത്തിനപ്പുറം, എന്നെപ്പോലെ ലക്ഷക്കണക്കിന് സാധാരണക്കാരായ കുട്ടികളെ മനുഷ്യരാക്കി മാറ്റിയ വലിയൊരു വിദ്യാലയത്തിന്റെ, ഒരു പ്രസ്ഥാനത്തിന്റെ ജന്മദിനമാണിന്ന്.
വർഷങ്ങൾക്ക് മുമ്പ്, ആലപ്പുഴ മുല്ലയ്ക്കൽ താണു അയ്യർ ബിൽഡിങ്ങിന്റെ വരാന്തയിൽ നിന്ന് വയലാർ രവിയും ജോർജ് തരകനും എ. എ.സമദും ഉൾപ്പെടുന്ന ഒരു സംഘം വിദ്യാർത്ഥികൾ തെരുവിലേക്ക് ഇറങ്ങിനടന്ന ആ ചരിത്ര നിമിഷം ഇന്നും മനസ്സിൽ ഒരു കനലായി കത്തുന്നുണ്ട്. അന്ന് അവർ ഉറക്കെ വിളിച്ച ആ വരികൾ എന്നെ പോലെയുള്ളവർക്ക് വെറുമൊരു മുദ്രാവാക്യമായിരുന്നില്ല, തുടർന്നുള്ള ജീവിതമായിരുന്നു  - 
“ദീപശിഖാങ്കിത നീല പതാക വാനിലുയർന്നു പറക്കുമ്പോൾ 
ആവേശത്താൽ ഞങ്ങൾ വിളിക്കും... കെ.എസ്.യു... കെ.എസ്.യു സിന്ദാബാദ്!”
അന്ന് വിദ്യാർത്ഥികൾക്ക് സ്വന്തമായി ഒരു സംഘടന രൂപീകരിക്കാൻ മുതിർന്ന പലരും മടിച്ചപ്പോൾ, അവർക്ക് ധൈര്യം പകർന്ന് നെഞ്ചോട് ചേർത്തുവെച്ചത് എന്റെ സ്വന്തം നാട്ടുകാരനായ, മാവേലിക്കരയുടെ , ചെന്നിത്തലയുടെ പ്രിയ പുത്രൻ സി.എം. സ്റ്റീഫൻ സാറായിരുന്നു. ചെന്നിത്തല ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് എന്റെ വലിയ പ്രചോദനമായിരുന്നു സ്റ്റീഫൻ സാർ. ഒരേ മണ്ണിൽ നിന്ന് വളർന്ന അദ്ദേഹത്തിന്റെ ആ വലിയ രാഷ്ട്രീയ വ്യക്തിത്വവും, താണു അയ്യർ ബിൽഡിങ്ങിൽ നിന്ന് തുടങ്ങിയ കെയുഎസ്‌യുവിന്റെ ആവേശവുമാണ് എന്നെയും ആ നീലപ്പതാക കൈയ്യിലെടുക്കാൻ പ്രേരിപ്പിച്ചത്.
1970-ൽ ചെന്നിത്തല സ്കൂളിലെ യൂണിറ്റ് സെക്രട്ടറിയിൽ നിന്നാണ് ഞാൻ തുടങ്ങിയത്. ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ കിലോമീറ്ററുകളോളം സൈക്കിൾ ചവിട്ടിയും, നടന്നും ക്യാമ്പസുകൾ തോറും കയറിയിറങ്ങി സംഘടന കെട്ടിപ്പടുത്ത ആ പഴയ കുട്ടിക്കാലമാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം എന്നു തോന്നിപോകുന്നു. പിന്നീട് കെയുഎസ്‌യുവിന്റെ സംസ്ഥാന പ്രസിഡന്റായും ദേശീയ അധ്യക്ഷനായും ഒക്കെ പ്രവർത്തിക്കുവാനും കഴിഞ്ഞു. ഏറെ അഭിമാനം. ഏറെ സന്തോഷം. 
ക്യാമ്പസുകളിൽ ഇന്നും ആവേശത്തോടെ ഈ പ്രസ്ഥാനത്തെ നെഞ്ചിലേറ്റുന്ന എന്റെ എല്ലാ പ്രിയപ്പെട്ട വിദ്യാർത്ഥി കൂട്ടുകാർക്കും, മുൻകാല പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.