PRAVASI

വി ഡി സതീശൻ കേരളത്തിൻ്റെ സ്പന്ദനം“, സതീശനെ പുകഴ്ത്തി സി.ദിവാകരൻ

Blog Image

മുൻ മന്ത്രിയും സിപിഐ നേതാവുമായ സി ദിവാകരന് ഇപ്പോൾ സി.പിഐയിൽ വല്ല ചുമതലയും ഉണ്ടെങ്കിൽ ഉടൻ തന്നെ അദ്ദേഹത്തെ സി.പി.ഐ നേതൃത്വം ഇടപെട്ട് പുറത്താക്കണം. അതല്ല സി ദിവാകരൻ പറയുന്നത് സി.പി.ഐയുടെ നിലപാട് ആണെങ്കിൽ എത്രയും പെട്ടന്ന് ഇടതു മുന്നണി വിട്ട് യുഡിഎഫിലെ ഘടക കക്ഷിയാകുന്നതാണ് സിപിഐയ്ക്ക് നല്ലത്.

കേരളത്തിൻ്റെ സ്പന്ദനമാണ് സതീശനെന്നും അദ്ദേഹം ആയതുകൊണ്ടാണ് രണ്ട് മണിക്കൂർ താൻ കാത്തിരുന്നതെന്നും വിളിച്ചുപറയുന്ന സി ദിവാകരൻ അദ്ദേഹം ഒരു മുതിർന്ന ഇടതുപക്ഷ നേതാവാണ് എന്നതാണ് മറന്നു പോയിരിക്കുന്നത്. 100 ദിവസം കൊണ്ട് കേരളത്തിന്റെ താല്പര്യം സതീശന്റെ കയ്യിൽ ഭദ്രമാണെന്ന് തെളിയിച്ചതായാണ് ഈ സിപിഐ നേതാവിൻ്റെ കണ്ടുപിടുത്തം.

തിരുവനന്തപുരത്ത് മുഖ്യമന്ത്രി പങ്കെടുത്ത മഹാത്മ അയ്യങ്കാളി ശ്രീനാരായണഗുരു പുരസ്കാര ചടങ്ങിലാണ് ഇത്തരമൊരു പുകഴ്ത്തൽ അരങ്ങേറിയിരിക്കുന്നത്. സാധാരണയായി ആർക്കും വേണ്ടിയും കാത്തിരിക്കുന്ന ആളല്ല താനെന്നും സതീശൻ ആയതുകൊണ്ട് മാത്രമാണ് കാത്തിരിക്കുന്നതെന്നും പറയുന്ന സി ദിവാകരൻ എന്ത് താൽപര്യത്തിലാണ് ഇത്തരം ഒരു പ്രതികരണം നടത്തിയത് എന്നത് ഗൗരവമായി തന്നെ സിപിഐ നേതൃത്വം പരിശോധിക്കേണ്ടതുണ്ട്.

ഇങ്ങനെയുള്ള നേതാക്കൾ ഉള്ള പാർട്ടിക്ക് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാൻ എന്ത് അർഹതയാണ് ഉള്ളതെന്ന ചോദ്യത്തിനും മറുപടി വേണം. ഇന്ന് നിയമസഭയ്ക്ക് പുറത്ത് സി ദിവാകരൻ മൊഴിഞ്ഞത് നാളെ നിയമസഭയ്ക്ക് അകത്ത് പ്രതിപക്ഷ ഉപനേതൃസ്ഥാനം ലഭിച്ചാൽ സിപിഐ പ്രതിനിധി പറയില്ലന്നതിന് എന്ത് ഉറപ്പാണ് ഉള്ളതെന്നതും പ്രസക്തമായ ചോദ്യമാണ്.

മുഖ്യമന്ത്രി വിഡി സതീശൻ നയിക്കുന്ന സർക്കാറിന് എതിരെയാണ് ഇടതുപക്ഷം കേരളത്തിൽ ഫൈറ്റ് ചെയ്യുന്നത്. സതീശൻ സർക്കാർ അധികാരത്തിൽ വന്ന 100-നാളിൽ നടപ്പാക്കിയ പലതും ജനവിരുദ്ധ നയങ്ങളാണ് എന്ന ശക്തമായ വിലയിരുത്തലിലാണ് ഇടതുപക്ഷം മുന്നോട്ട് പോകുന്നത്.

സർക്കാർ നിലപാടുകൾക്ക് എതിരെ സമരം ചെയ്ത എസ്എഫ്ഐ പ്രവർത്തകരെ ഉൾപ്പെടെ മൃഗീയമായ രൂപത്തിൽ മർദ്ദിച്ച സംഭവം റിപ്പോർട്ട് ചെയ്തതിന് തൊട്ടു പിന്നാലെയാണ് സി ദിവാകരൻ്റെ പ്രശംസ വന്നതും എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്. ജനവിരുദ്ധ നിലപാടുകളും നയങ്ങളും എടുക്കുന്നതും എസ് എഫ് ഐക്കാരെ അടിച്ച് പരിക്കേൽപ്പിക്കുന്നതിലുമാണോ ദിവാകരൻ സഖാവെ നിങ്ങൾ സ്‌പന്ദനം കാണുന്നത് എന്നാണ് എനിക്ക് ചോദിക്കാനുള്ളത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.