PRAVASI

വഴിവിളക്കുകള്‍-15 തൂശിയാന്‍

Blog Image

'സൂസന്‍' എന്ന അടിപൊളി മാമ്മോദീസ പേരിനെ മലയാളീകരിച്ചാണ് തൂശന്‍ ഉണ്ടായതും അത് ക്രമേണ തൂശിയാന്‍ ആയതും. എന്‍റെ ഏഴാമത്തെയോ, എട്ടാമത്തെയോ വയസ്സില്‍ ഞാന്‍ തൂശിയാനെ കണ്ടുതുടങ്ങുമ്പോള്‍ അവര്‍ക്ക് തീര്‍ച്ചയായും എണ്‍പതിനോടടുത്ത് പ്രായമുണ്ടായിരുന്നു. നന്നേ മെലിഞ്ഞ, പൊക്കം കുറഞ്ഞ ഒരു സാധു സ്ത്രീ. പല്ലുകള്‍ പലതും അപ്രത്യക്ഷമായി തുടങ്ങിയ മോണകാട്ടി, കണ്ടുമുട്ടുമ്പോഴൊക്കെയും അവര്‍ ചിരിച്ചിരുന്നു. കള്ളിമുണ്ടും ചട്ടയുമായിരുന്നു സാധാരണ അവരുടെ വേഷം. റോഡിനോട് ചേര്‍ന്നുള്ള ഞങ്ങളുടെ വീടിനു മുന്‍പിലൂടെ ആണ് അവര്‍ പതിവായി രാവിലെയും വൈകുന്നേരവും പോയിരുന്നത്.
വര്‍ഷങ്ങള്‍ക്കു മുന്‍പേ ഭര്‍ത്താവിനെ നഷ്ടപ്പെട്ട തൂശിയാന്‍ ഉപജീവനത്തിനുള്ള വക സ്വയം കണ്ടെത്തിയിരുന്ന ഒരു സ്ത്രീയാണ്. അവരുടെ മക്കളെയോ ബന്ധുക്കളെയോ കുറിച്ച് കൂടുതലൊന്നും എനിക്ക് അറിയില്ലെങ്കിലും, എഴുന്നേറ്റ് നടക്കാന്‍ കഴിയുന്ന അവസാനത്തെ ദിവസം വരെ തൂശിയാന്‍ സ്വന്തം കാര്യങ്ങള്‍ക്ക് അവരെ അധികം ആശ്രയിച്ചിരുന്നില്ലെന്ന് മാത്രമറിയാം. അത് അവരോടുള്ള സ്നേഹക്കൂടുതല്‍ കൊണ്ട് തന്നെയായിരുന്നു. അല്ലെങ്കിലും ആ കുറിയ സ്ത്രീക്ക് എല്ലാവരൊടും സ്നേഹമായിരുന്നു. അല്ലെങ്കില്‍ അവരെന്തിനാണ് വഴിയരികില്‍ നിന്നും അവര്‍ക്ക് കിട്ടിയ നാട്ടുമാങ്ങ പഴങ്ങള്‍ തേക്കിലയില്‍ പൊതിഞ്ഞ് ഞങ്ങള്‍ക്ക് തന്നിരുന്നത്? ഓര്‍ക്കുമ്പോള്‍ കണ്ണ് നിറയുന്നു, മനസ്സും.
തൂശിയാന്‍ പതിവായി രാവിലെയും വൈകുന്നേരവും പോയിരുന്നത് അടുത്തുള്ള കവലയിലേക്കാണ്. എണ്‍പത് വയസ്സിനു മുകളില്‍ പ്രായമുള്ള ആ സ്ത്രീയാണ് രാവിലെയും വൈകുന്നേരവും അവരോളം വലിപ്പമുള്ള ഒരു ചൂല്‍ ഉപയോഗിച്ച് ആ കവലയും പരിസരവും വൃത്തിയാക്കിയിരുന്നത്. ചെയ്യുന്ന ജോലിയോട് നൂറു ശതമാനം ആത്മാര്‍ത്ഥത അവര്‍ പുലര്‍ത്തിയിരുന്നത് കൊണ്ടാവണം, അവരുണ്ടായിരുന്നിടത്തോളം കാലം ഞങ്ങളുടെ കവല ഇത്ര വൃത്തിയായും ഭംഗിയായും ഇരുന്നത്. കൊതുക്, ഈച്ച തുടങ്ങിയവയുടെയും തെരുവുനായ്ക്കളുടെയുമൊക്കെ ശല്യത്തില്‍നിന്ന് ആ പൊതുസ്ഥലത്തെ അവര്‍ സംരക്ഷിച്ചുപോന്നു. പൊതുജനങ്ങളുടെ ആരോഗ്യവും വൃത്തിയുള്ള ഒരു പൊതുസ്ഥലത്തിനുള്ള അവരുടെ അവകാശവും ഞങ്ങള്‍ക്ക് ഉറപ്പു തന്നിരുന്നത് അവരാണ്.
നന്നേ തുച്ഛമായ വരുമാനം ആയിരുന്നിരിക്കണം അവര്‍ക്കതിന് കിട്ടിയിരുന്നത്. ആരും ഒരു അഭിനന്ദന വാക്കുപോലും ഒരിക്കലും അവരോട് പറഞ്ഞിട്ടുണ്ടാവുകയുമില്ല. എങ്കിലും തൂശിയാന്‍ പരാതികളേതുമില്ലാതെ, സന്തോഷത്തോടെ, തന്‍റെ ജോലി ചെയ്തിരുന്നു. ഒരുപാട് വലിയ ആഗ്രഹങ്ങളോ, സ്വപ്നങ്ങളോ ഒന്നും അവര്‍ക്കുണ്ടായിരുന്നതായി തോന്നിയിട്ടില്ല.
ഓരോ ദിവസവും അവര്‍ ജീവിതത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കുകയായിരുന്നു; ആഘോഷിക്കുകയായിരുന്നു. ഓരോ ദിവസത്തെയും കൂലിയുടെ പങ്ക് അവര്‍ സ്വയം ആഘോഷിക്കാന്‍ മാറ്റിവെച്ചിരുന്നു. വൈകുന്നേരത്തെ ജോലിക്ക് ശേഷം സന്തതസഹചാരിയായ ജാനകിയമ്മയ്ക്കൊപ്പം അടുത്തുള്ള കള്ളുഷാപ്പില്‍ പോവുകയും  ഒരു കുപ്പി കള്ള് കുടിക്കുകയും ചെയ്തിരുന്നു. ആ ദിവസത്തിന്‍റെ സന്തോഷങ്ങളും സങ്കടങ്ങളുമൊക്കെ പങ്കുവെച്ച്, നാടന്‍പാട്ടും നാട്ടുവര്‍ത്തമാനങ്ങളും ഒക്കെയായി, സന്ധ്യ മയങ്ങുന്ന നേരത്ത് രണ്ടാളും അവരവരുടെ വീടുകളിലേക്ക് മടങ്ങും. ആകാശത്തിലെ പറവകളെയും വയലിലെ പുഷ്പങ്ങളെയും പോലെ എന്ത് ഭക്ഷിക്കുമെന്നോ, എന്ത് പാനം ചെയ്യുമെന്നോ, എന്ത് ധരിക്കുമെന്നോ, നാളയേക്കുറിച്ചുള്ള ആശങ്കകള്‍ ഏതുമില്ലാതെ....
സോളമന്‍ പോലും തന്‍റെ സര്‍വ്വ മഹത്വത്തിലും അവയില്‍ ഒന്നിനെപ്പോലെ അലംകൃതനായിരുന്നില്ല!!!

(ആന്‍സി സിറിയക് ഇലക്കാട്ട് (കോട്ടയം ബിസിഎം കോളജ് ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപിക) രചിച്ച്, മഷിക്കൂട്ട് പബ്ലീഷേഴ്സ് പ്രസിദ്ധീകരിച്ച, നാട്ടുവഴിയിലെ വിളക്കുമരങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന്)

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.