"കുഞ്ഞൂട്ടന്‍ എലിയെ പിടിക്കും."
"ശരിക്കും?"
"പിന്നെ എലിയെ ചുട്ടുതിന്നും."
"ചുമ്മാ പറയല്ലേ...."
"അല്ല സത്യം. കുഞ്ഞൂട്ടന്‍ പാമ്പിനെയും പിടിക്കും. ഉടുമ്പിനെ തിന്നും. കുഞ്ഞൂട്ടന്‍ മരപ്പട്ടിയെ വളര്‍ത്തുന്നുണ്ട്."
ചേട്ടന്‍ ഇത്ര ആധികാരികതയോടെ പറഞ്ഞതുകൊണ്ട് കുഞ്ഞൂട്ടനെ സംബന്ധിക്കുന്ന കഥകള്‍ (കെട്ടുകഥകള്‍?) ഞാനും വിശ്വസിച്ചു.
കുന്നിന്‍മുകളിലെ കൊച്ചുവീട്ടില്‍ ഭാര്യ, നാല് പെണ്‍മക്കള്‍, ഏക മകന്‍ ശശി എന്നിവരോടൊപ്പം കഴിഞ്ഞിരുന്ന കുഞ്ഞൂട്ടനെ, ഈ പുതിയ വെളിപാടിന് ശേഷം തികഞ്ഞ ഭയത്തോടെയും അത് ജനിപ്പിച്ച ഒരുതരം അത്ഭുതത്തോടെയും ആണ് ഞാന്‍ നോക്കിക്കണ്ടത്.
കുഞ്ഞൂട്ടന്‍ വഴിയെ നടന്നു പോകുമ്പോഴൊക്കെയും കുറച്ചു ദൂരെ മാറിനിന്ന്, കുഞ്ഞൂട്ടന്‍ പതിവായി കൊണ്ടുനടന്നിരുന്ന തുണിസഞ്ചിയില്‍ എന്തായിരിക്കുമെന്ന് കണ്ടെത്താനുള്ള ശ്രമത്തില്‍ ഞങ്ങള്‍ പതിവായി ഏര്‍പ്പെട്ടു. പക്ഷേ, ഒരിക്കല്‍ പോലും ഞങ്ങളുടെ ശ്രമം വിജയിച്ചില്ല. പാമ്പിനെയോ, മരപ്പട്ടിയെയോ, ഏതെങ്കിലുമൊരു തരം ജീവിയെയോ ഞങ്ങള്‍ ഒരിക്കലും കണ്ടില്ല.
പക്ഷേ, പറമ്പിലെ കപ്പ എല്ലാം എലി തിന്നു തുടങ്ങിയപ്പോള്‍ അപ്പച്ചന്‍ പറയുന്നതു കേട്ടു. "ഭയങ്കര എലിശല്യം ആണല്ലോ! ആ കുഞ്ഞൂട്ടനെ വിളിക്കേണ്ടി വരും." അതോടുകൂടി കുഞ്ഞൂട്ടനെക്കുറിച്ചുള്ള എന്‍റെ എല്ലാ സംശയങ്ങളും അവസാനിക്കുകയും, കുഞ്ഞൂട്ടന്‍ എലി, പാമ്പ് തുടങ്ങിയ ജീവികളെ തിന്നുമെന്ന് സംശയലേശമന്യേ ഉറപ്പിക്കുകയും ചെയ്തു.
ഒറ്റ മുണ്ടും, മടക്കി കുത്തിയ മുണ്ടിനു പുറത്തേക്ക് നീണ്ടു നില്‍ക്കുന്ന അണ്ടര്‍വെയറും, തലയില്‍ കെട്ടിയ തോര്‍ത്തും- കുഞ്ഞൂട്ടന്‍റെ പതിവു വേഷം. കപ്പ കട്ടുതിന്നിരുന്ന എലികളെ പിടിക്കാമെന്ന് അപ്പച്ചനോട് സമ്മതിച്ച ശേഷം കുഞ്ഞൂട്ടന്‍ പാതി അടര്‍ന്ന മുന്‍വശത്തെ പല്ലുകള്‍ കാട്ടി ചിരിച്ചുകൊണ്ട് നീങ്ങി. അപ്പോഴാണ് അമ്മയുടെ വക പുതിയ വെളിപാട്, കുഞ്ഞൂട്ടന്‍ പതിവായി വീട്ടില്‍ ചാരായം വാറ്റുന്നുണ്ടെന്നാണ് നാട്ടിലൊക്കെ സംസാരമെന്ന്. ഞങ്ങളുടെ ചിതറിയ അറിവുകളെ ഒക്കെ ക്രോഢീകരിച്ച് മനസ്സിലാകുന്ന രൂപത്തില്‍ ആക്കി തന്നത് വീട്ടില്‍ ജോലിക്ക് വന്നിരുന്ന ശങ്കരന്‍ ചേട്ടനാണ്. അതിങ്ങനെയാണ്- കുഞ്ഞൂട്ടന്‍ നാട്ടില്‍ അറിയപ്പെടുന്ന ചാരായം വാറ്റുകാരനാണ്. പാമ്പ്, എലി തുടങ്ങിയ ജീവികളെ കൂടി ചേര്‍ത്ത് കുഞ്ഞൂട്ടന്‍ സവിശേഷമായ രീതിയില്‍ ചാരായം വാറ്റാറുണ്ട്. അത്തരം പ്രത്യേക ചാരായത്തിന് വന്‍ ഡിമാന്‍ഡാണ്.
കേട്ട കഥകളിലെ അതിക്രൂരന്മാരായ വില്ലന്‍ കഥാപാത്രങ്ങളോട് ചേര്‍ത്ത് ഞാന്‍ കുഞ്ഞൂട്ടനെയും പ്രതിഷ്ഠിച്ചു. കുഞ്ഞൂട്ടനെ ദൂരെ വച്ച് കാണുമ്പോഴേ ഉള്ളില്‍ ഭയം നിറയാന്‍ തുടങ്ങി. ഞങ്ങളെ കാണുമ്പോഴൊക്കെയും കുഞ്ഞൂട്ടന്‍ കറപിടിച്ച പല്ലുകള്‍ കാട്ടി ചിരിച്ചിരുന്നെങ്കിലും, തിരിച്ചു ചിരിക്കാന്‍ ഉള്ള ധൈര്യം ഞങ്ങള്‍ക്ക് ഒരിക്കലും ഇല്ലായിരുന്നു. കുഞ്ഞൂട്ടന്‍റെ ഭാര്യയും നാല് പെണ്‍മക്കളും മകനും എല്ലാം വളരെ സാധാരണക്കാരായ മനുഷ്യരായിരുന്നിട്ടും, കുഞ്ഞൂട്ടന്‍റെ വീട്ടില്‍ താമസിക്കുന്നവര്‍ എന്ന നിലയില്‍ അവരെയും ഒരല്പം സംശയത്തോടു കൂടിയാണ് ഞങ്ങള്‍ നോക്കി കണ്ടത്.
നല്ല തണുപ്പുള്ള ഒരു ഡിസംബര്‍ മാസം രാവിലെ ഞങ്ങളുടെ വീടിന് രണ്ട് പറമ്പ് അപ്പുറത്തുള്ള കുഞ്ഞൂട്ടന്‍റെ വീടിനു താഴെയുള്ള റബ്ബര്‍തോട്ടത്തിലേക്ക് ആളുകള്‍ കൂട്ടത്തോടെ ഓടി. ഞങ്ങള്‍ കുട്ടികളെ പുറത്തേക്ക് പോകാനും കാഴ്ച കാണാനും വീട്ടില്‍നിന്ന് സമ്മതിച്ചില്ല. എങ്കിലും വിവരങ്ങള്‍ എല്ലാം വളരെ കൃത്യമായി ഞങ്ങളറിഞ്ഞു. റബ്ബര്‍തോട്ടത്തിന് നടുവില്‍ ഒരു മരത്തില്‍ കുഞ്ഞൂട്ടന്‍റെ ഏക മകന്‍ ശശിയുടെ ശവം തൂങ്ങിയാടുന്നു- ആത്മഹത്യ! നാട്ടുകാരും പത്രക്കാരും പോലീസുകാരും. ബഹളങ്ങള്‍ എല്ലാം അടങ്ങിയപ്പോള്‍ ഞങ്ങളുടെ പറമ്പിന്‍റെ അതിരില്‍ നിന്ന് ഞാനാ റബ്ബര്‍തോട്ടത്തിലേക്ക് ഒന്നു പാളിനോക്കി. ആളുകള്‍ എല്ലാം പിരിഞ്ഞുപോയിരുന്നു. അവിടെ ഒരു റബ്ബര്‍മരത്തിനു ചുവട്ടില്‍ കുഞ്ഞൂട്ടന്‍ ഇരിക്കുന്നു- കുഞ്ഞൂട്ടന്‍ മാത്രം. ആകെ തളര്‍ന്ന്, അവശനായി, കരയാന്‍ കൂടി ത്രാണിയില്ലാതെ ഒരു പാവം മനുഷ്യന്‍. മനസ്സു വരച്ചുകൂട്ടിയ വില്ലന്‍റെ തൊങ്ങലുകള്‍ ഒക്കെ പൊടുന്നനെ അപ്രത്യക്ഷമായി. മണ്ണില്‍ തൊട്ടിരിക്കുന്ന ഒരു പച്ചമനുഷ്യനും കടലാഴം ഉള്ള അയാളുടെ വേദനയും.
ഇനി കുഞ്ഞൂട്ടനെ കാണുമ്പോള്‍ ഞാന്‍ ഒഴിഞ്ഞുമാറില്ല, മുഖത്തു നോക്കും. പുഞ്ചിരിക്കാന്‍ സാധിക്കുമെങ്കില്‍ ഒന്ന് ചിരിക്കും! വിളറിയതെങ്കിലും, നേര്‍ത്തതെങ്കിലും ഒരു ചിരി!!!
(ആന്‍സി സിറിയക് ഇലക്കാട്ട് (കോട്ടയം ബിസിഎം കോളജ് ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപിക) രചിച്ച്, മഷിക്കൂട്ട് പബ്ലീഷേഴ്സ് പ്രസിദ്ധീകരിച്ച, നാട്ടുവഴിയിലെ വിളക്കുമരങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന്)

ആന്‍സി സിറിയക് ഇലക്കാട്ട്

