തിരുവനന്തപുരം: വഴുതക്കാട് നടന്ന വാഹനാപകടക്കേസിൽ പ്രശസ്ത നടൻ മണിയൻപിള്ള രാജുവിന് പോലീസിന്റെ ക്ലീൻ ചിറ്റ്. അപകടസമയത്ത് താരം മദ്യപിച്ചിരുന്നില്ലെന്ന് ശാസ്ത്രീയ പരിശോധനാ ഫലം പുറത്തുവന്നതോടെയാണ് കേസിൽ നടന് ആശ്വാസമായത്. ഇതോടെ മദ്യപിച്ച് വാഹനമോടിച്ചു എന്ന കുറ്റം ഒഴിവാക്കി പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. സത്യം തെളിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നും, നിയമത്തിന് മുന്നിൽ താൻ നിരപരാധിയാണെന്ന് വ്യക്തമായതായും മണിയൻപിള്ള രാജു പ്രതികരിച്ചു.
കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് രാത്രി വഴുതക്കാട് ട്രിവാൻഡ്രം ക്ലബ്ബിന് സമീപമായിരുന്നു കേസിനാസ്പദമായ അപകടം നടന്നത്. മണിയൻപിള്ള രാജു സഞ്ചരിച്ചിരുന്ന കാർ ബൈക്കിലിടിച്ച് രണ്ട് യുവാക്കൾക്ക് പരുക്കേറ്റിരുന്നു. അപകടത്തിന് ശേഷം വാഹനം നിർത്താതെ പോയത് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. തുടർന്ന് പോലീസ് വീട്ടിലെത്തി പരിശോധന നടത്തിയെങ്കിലും താരത്തെ കണ്ടെത്താനായിരുന്നില്ല. പിറ്റേദിവസം അദ്ദേഹം നേരിട്ട് സ്റ്റേഷനിൽ ഹാജരായപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അന്ന് മുതൽ താൻ മദ്യപിച്ചിട്ടില്ലെന്ന് അദ്ദേഹം ആവർത്തിച്ചിരുന്നുവെങ്കിലും പോലീസ് രക്തസാമ്പിളുകൾ വിശദമായ പരിശോധനയ്ക്കായി അയക്കുകയായിരുന്നു.
അപകടസമയത്ത് പേടികൊണ്ടാണ് വാഹനം നിർത്താതെ പോയതെന്ന് മണിയൻപിള്ള രാജു പിന്നീട് വെളിപ്പെടുത്തി. “വാഹനം നിർത്താതെ പോയത് തെറ്റാണ്, അത് പേടികൊണ്ടായിരുന്നു” എന്ന് അദ്ദേഹം പറഞ്ഞു. കാർ അമിതവേഗതയിൽ ആയിരുന്നില്ലെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. രണ്ട് മാസത്തെ കാത്തിരിപ്പിനൊടുവിൽ രക്തപരിശോധനാ ഫലം കൂടി അനുകൂലമായതോടെ മണിയൻപിള്ള രാജുവിനെതിരെയുള്ള മദ്യപാന കുറ്റം പാടെ നീങ്ങുകയായിരുന്നു.

