PRAVASI

വേണു നാഗവള്ളി:മലയാള സിനിമയുടെ എക്കാലത്തെയും കാമുക മുഖം!

Blog Image

ശരദിന്ദു മലർദീപ നാളം നീട്ടി സുരഭിലയാമങ്ങൾ തിരി നീട്ടി..... ഉൾക്കടൽ എന്ന ചിത്രത്തിലെ മനോഹരമായ ഈ ഗാനം പ്രേക്ഷകഹൃദയങ്ങളിൽ കോറിയിട്ട മുഖമാണ് - വേണു നാഗവള്ളി. മലയാള സിനിമയുടെ എക്കാലത്തെയും കാമുക മുഖം! പ്രണയവും വിരഹവും നിരാശയും വിഷാദവും നിസ്സഹായതയും തുളുമ്പുന്ന നായക കഥാപാത്രങ്ങളെ മാത്രം അവതരിപ്പിച്ച വേണു നാഗവള്ളിക്ക് അന്ന് കിട്ടിയ പേര് " വിഷാദ കാമുകൻ. " സത്യത്തിൽ അന്നത്തെ നായക സങ്കല്പങ്ങളെ പൊളിച്ചെഴുതുന്ന കഥാപാത്രങ്ങൾ ആയിരുന്നു വേണുവിന്റേത്. ഇരുണ്ട മുഖവും മെലിഞ്ഞ ശരീരവും പതിഞ്ഞ ശബ്ദവും വറ്റി വരണ്ട ചിരിയുമുള്ള വേണുവിനെ മറ്റ് നായകന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ നായകനായി സങ്കൽപ്പിക്കാൻപോലും സിനിമാലോകം തയ്യാറല്ലായിരുന്നു. എന്നാൽ ജോർജ് ഓണക്കൂറിന്റെ 'ഉൾക്കടൽ' എന്ന നോവൽ സിനിമയാക്കിയപ്പോൾ സംവിധായകൻ കെ ജി ജോർജ് തിരഞ്ഞെടുത്തത്  വേണുവിനെയായിരുന്നു.
അങ്ങനെ "ഉൾക്കടലിലെ"  സാഹിത്യ വിദ്യാർത്ഥിയും അധ്യാപകനും കവിയും കാമുകനുമായ രാഹുലനാകാൻ വേണു നാഗവള്ളി ഒരുങ്ങിയപ്പോൾ സിനിമ ലോകത്തിന്റെ ചിന്താഗതികൾ തന്നെ പൊളിച്ചെഴുതപ്പെട്ടു. വേണു അവതരിപ്പിച്ച ഉൾക്കടലിലെ രാഹുലിനെ ഇരുകൈയും നീട്ടി സ്വീകരിച്ച പ്രേക്ഷകർ പിന്നീട്, "ശാലിനി എന്റെ കൂട്ടുകാരി" യിലെ പ്രഭാ, " യവനിക"യിലെ ജോസഫ് കൊല്ലപ്പള്ളി,  "ചില്ലി" ലെ അനന്തു എന്നീ കഥാപാത്രങ്ങളെയും ആരാധനയോടെ ഏറ്റെടുത്തു.

1980കൾക്ക് ശേഷം അഭിനയത്തിൽ നിന്നും പിൻവാങ്ങിയ അദ്ദേഹം സിനിമയുടെ മറ്റൊരു അഭിവാജ്യഘടകമാകാൻ മനസ്സിനെ പാകപ്പെടുത്തി. സംവിധായകൻ എന്ന സിനിമയുടെ നട്ടെല്ലായിരുന്നു അത്.  അങ്ങനെ "സുഖമോദേവി "എന്ന ആദ്യചിത്രത്തിന് തിരക്കഥയും സംവിധാനവും വഹിച്ചുകൊണ്ട് അരങ്ങേറ്റം നടത്തിയ അദ്ദേഹം പിന്നീട്, ഈ 'ഗാനം മറക്കുമോ' ( 1978), 'ദൈവത്തെ ഓർത്ത് ',  'ഗുരുജി ഒരു വാക്ക് ',  'ഗായത്രി ദേവി എന്റെ അമ്മ' ( 1985)എന്നീ ചിത്രങ്ങൾക്ക് തിരക്കഥയെഴുതി. കൂടാതെ 'സർവകലാശാല' , 'അയിത്തം', 'ലാൽസലാം',  'എയ് ഓട്ടോ', 'കിഴക്കുണരും പക്ഷി ', 'കളിപ്പാട്ടം', 'അഗ്നിദേവൻ' എന്നിങ്ങനെ പ്രേക്ഷകഹൃദയങ്ങളെ പിടിച്ചു കുലുക്കിയ സിനിമകളും അദ്ദേഹത്തിന്റെ സംഭാവനകളായിരുന്നു. മാത്രവുമല്ല, മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായ 'കിലുക്ക' വും വേണുവിന്റെ തിരക്കഥയിൽ ഒരുങ്ങിയതാണെന്ന് പറയുമ്പോൾ അദ്ദേഹത്തിന്റെ കഴിവും സർഗാത്മകതയും എത്രത്തോളം പ്രശംസനീയമാണെന്ന് നമുക്ക് മനസ്സിലാക്കാം.

ആലപ്പുഴയിലെ രാമങ്കരിയിലെ നാഗവള്ളി ആർ എസ് കുറുപ്പിന്റെയും  എൻ എസ് വേണുഗോപാൽ എന്ന വേണു നാഗവള്ളി. ഡിഗ്രി പഠനത്തിനുശേഷം 1975 ൽ തിരക്കഥാ രചന പഠിക്കാൻ ചേർന്നെങ്കിലും പൂർത്തിയാക്കിയില്ല. സംവിധാനം പഠിക്കാൻ ആയിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. തിരുവനന്തപുരം ഭാരതീയ വിദ്യാഭവനിൽ നിന്നും ജേണലിസം പഠിച്ചിറങ്ങിയ ഉടനെതന്നെ ആകാശവാണിയിൽ ജോലി ലഭിച്ചു. പിന്നീട് ഓൾ ഇന്ത്യ റേഡിയോയിൽ അനൗൺസറായി ജോലി ചെയ്യുമ്പോഴാണ് സിനിമയിലേക്കുള്ള അവസരം ലഭിക്കുന്നത്.

മറ്റു നായകന്മാരിൽ നിന്നും വ്യത്യസ്തമായി സിനിമയിലെ കഥാപാത്രങ്ങളിലൂടെ ഒരു 'വേണു നാഗവള്ളി ലൈൻ ' സൃഷ്ടിച്ചെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. പരമ്പരാഗത നായക സങ്കല്പങ്ങളെ പാടെ മാറ്റിക്കളയുന്ന അദ്ദേഹത്തിന്റെ അഭിനയ മികവിന് പലരും നൽകിയ വിളിപ്പേരാണിത്. ഒരു നടൻ എന്നതിനേക്കാൾ വേണു നാഗവള്ളി എന്ന സംവിധായകനാണ് സിനിമയിലും പ്രേക്ഷകഹൃദയങ്ങളിലും ചരിത്രം സൃഷ്ടിച്ചിട്ടുള്ളത്. അങ്ങനെ ഒട്ടനേകം സിനിമകൾക്കും കഥാപാത്രങ്ങൾക്കും ജന്മം നൽകി 61 വയസ്സിൽ അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു. സിനിമാ ലോകത്തിന് പുതിയ അർത്ഥതലങ്ങൾ നൽകി, പുതുമയുള്ള കഥകൾ ഒരുക്കി, വേറിട്ട കഥാപാത്രങ്ങൾ സമ്മാനിച്ച്... എല്ലാം ഭൂമിയിൽ ബാക്കിയാക്കി അദ്ദേഹം മടങ്ങി..

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.