തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ ഒരു സാധാരണ ചുമട്ടുതൊഴിലാളി ആയിരുന്ന മണിയന്‍ എന്നു വിളിപ്പേരുള്ള ഗോപന്‍, എന്തോ ഉള്‍പ്രേരണയാല്‍ ഒന്ന് ഉറക്കമുണര്‍ന്ന് എഴുന്നേറ്റപ്പോള്‍ 'ഗോപന്‍ സ്വാമി' എന്ന നാമധേയം സ്വീകരിച്ച്, സ്വയം ഒരു ദൈവിക പരിവേഷം നല്കുന്നു.
ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാതെ, പൂജാദി കര്‍മ്മങ്ങളൊക്കെ നടത്തി, തന്‍റെ ഭാര്യയുടെയും സന്താനങ്ങളുടെയും സപ്പോര്‍ട്ടോടു കൂടി കാലം കഴിച്ചുകൂട്ടുന്നു.
താന്‍ ഒരിക്കലും മരിക്കുകയില്ല, പകരം സമാധിയടയുവാനാണ് പോകുന്നതെന്ന് അദ്ദേഹം മുന്‍കൂട്ടിത്തന്നെ തന്‍റെ ഭാര്യയേയും മക്കളേയും മറ്റു ചില അടുത്ത പരിചയക്കാരേയും അറിയിച്ചിരുന്നു. അതിനുള്ള മുന്നൊരുക്കങ്ങളും നടത്തിയിരുന്നു.
സമാധി അടയുവാനുള്ള സമയം അടുത്തപ്പോള്‍ അദ്ദേഹം സീമന്തപുത്രനെ അരികില്‍ വിളിച്ചിട്ടു പറഞ്ഞു:
"വത്സാ! എനിക്കു സമാധി സ്വീകരിക്കുവാനുള്ള സമയമായി.ഈ ബ്രഹ്മമുഹൂര്‍ത്തം തെറ്റിക്കുവാന്‍ പാടില്ല. മറ്റാരും ഈ കര്‍മ്മം ദര്‍ശിക്കുവാന്‍ അനുവദിക്കരുത്. അങ്ങനെ സംഭവിച്ചാല്‍ സമാധി അശുദ്ധമാകും; ഈശ്വരകോപം ഉണ്ടാകും. ഭസ്മം, കര്‍പ്പൂരം, മറ്റു സുഗന്ധദ്രവ്യങ്ങള്‍ എന്നിവകൊണ്ടു വേണം എന്‍റെ ഭൗതികശരീരം മറവു ചെയ്യുവാന്‍."
അങ്ങനെ ആ ദിവസം സമാഗതമായി. ഗോപന്‍ സ്വാമി അതിരാവിലെ ഉണര്‍ന്നു. പതിവുപോലെ സ്നാനം കഴിഞ്ഞിട്ട്, പൂജാദി കര്‍മ്മങ്ങളൊക്കെ നടത്തി. പിന്നീട് പ്രിയതമ സ്നേഹം കലര്‍ത്തി വിളമ്പിക്കൊടുത്ത കഞ്ഞികുടിച്ചു.
അതിനുശേഷം, രക്തസമ്മര്‍ദ്ദത്തിനും ഡയബറ്റിസിനും മറ്റുമുള്ള മരുന്നുകള്‍ കഴിച്ചു.
ബ്രഹ്മമുഹൂര്‍ത്തത്തില്‍, ചിന്നസ്വാമിയായ മൂത്ത മകനേയും കൂട്ടി അവിടെ സജ്ജീകരിച്ചിരുന്ന പീഠത്തില്‍ പത്മാസനത്തില്‍ ഉപവിഷ്ടനായി. ധ്യാനനിമഗ്നനായി, മകന്‍റെ മന്ത്രോച്ചാരണങ്ങള്‍ ശ്രവിച്ചുകൊണ്ട് ഗോപന്‍ സ്വാമി സമാധാനത്തോടെ സമാധി വരിച്ചു.
മുന്‍കൂട്ടി തയ്യാറാക്കി വെച്ചിരുന്ന 'ആചാര്യ ഗുരുബ്രഹ്മശ്രീ ഗോപന്‍ സ്വാമി സമാധിയായി' എന്ന പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ചു സമാധി വാര്‍ത്ത വിളംബരം ചെയ്തു.
വലിയ കോലാഹലമൊന്നുമില്ലാതെ ആദ്യദിനം കടന്നുപോയി. പിന്നീടാണ് ജനവികാരം ആളികത്തിയത്; അല്ലെങ്കില്‍ ആരോ കത്തിച്ചത്.
'ചുമട്ടുകാരന്‍ എങ്ങനെ സ്വാമിയായി? ഇയാള്‍ക്ക് വല്ല വിവരമോ വിദ്യാഭ്യാസമോ ഉണ്ടോ? ആരോട് ചോദിച്ചിട്ടാണ് ഇവനെ പീഠത്തിലിരുത്തി കര്‍പ്പൂരമിട്ട് മൂടണമെന്ന്? തള്ളയും മക്കളും കൂടി തല്ലിക്കൊന്ന ഇയാള്‍ സമാധിയായി എന്നു പറയുന്നത് എന്തിനാണ്?' അങ്ങനെ അനേകം ചോദ്യശരങ്ങള്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്നു.
ചത്തു, മരിച്ചു, ചരിഞ്ഞു, നാടുനീങ്ങി, നിര്യാതനായി, ദിവംഗതനായി, സമാധിയായി, കാലംചെയ്തു തുടങ്ങിയ ഏതു പദമുപയോഗിച്ച് മരണത്തെ അടയാളപ്പെടുത്തിയാലും ഒരാളുടെ കാറ്റുപോയാല്‍, അയാള്‍ വടിയായി എന്നാണതിന്‍റെ പച്ചമലയാളം.
ഗോപന്‍ സ്വാമിയെ മാത്രമല്ലല്ലോ പീഠത്തിലിരുത്തി സുഗന്ധദ്രവ്യങ്ങള്‍ കൊണ്ട് മൂടുന്നത്? ചില മഹാപുരോഹിതന്മാരെ, മരണശേഷം കൈയും കാലും തല്ലിയൊടിച്ചു, ഒടിച്ചുമടക്കി സിംഹാസനത്തിലിരുത്തി കുന്തിരിക്കമിട്ടു മൂടിയല്ലേ സംസ്കരിക്കുന്നത്? ഇതൊന്നും ആരും ഇതുവരെ ചോദ്യം ചെയ്തിട്ടില്ലല്ലോ!
അക്ഷരാഭ്യാസമില്ലാത്ത പലരും ഇവിടെ ആള്‍ദൈവങ്ങളായി വിലസുന്നുണ്ടല്ലോ! സകലമാന കൊള്ളരുതായ്മകളും കാണിച്ചിട്ട്, ഒരു സുപ്രഭാതത്തില്‍, ദൈവം രോഗശാന്തിവരം നല്കിയെന്ന് അവകാശപ്പെട്ട്, ഒരു യൂട്യൂബ് ചാനല്‍ തുടങ്ങി മറുഭാഷയും പറഞ്ഞ്, പാവങ്ങളെ പറ്റിച്ചു ജീവിക്കുന്ന എത്രയോ ദൈവദാസന്മാര്‍ ഇവിടെ വിളവെടുക്കുന്നു!
ഏതായാലും ചാനലുകാരും പോലീസും സര്‍ക്കാരുമെല്ലാം ഉണര്‍ന്നു പ്രവര്‍ത്തിച്ച് സമാധി പൊളിച്ചു. സംശയിച്ചതു പോലെയുള്ള അസ്വാഭാവികതയൊന്നും ആ മരണത്തിനുണ്ടായിരുന്നില്ല.
ഏതായാലും കുടുംബക്കാരും കൂട്ടരും ബംബറടിച്ചെന്നു വേണം അനുമാനിക്കാന്‍.
സമാധി ഇപ്പോള്‍ മഹാസമാധിയായി!
'ഋഷിപീഠ'ത്തിലിരുത്തി. ചന്ദ്രതൈലം പൂശിയാണ് ഇനി ആ സന്യാസിവര്യന്‍റെ ശരീരം മറവ് ചെയ്യുന്നത്.
ഇനി അവിടെ ഒരു സ്മാരക മണ്ഡപം!
പിന്നാലെ ഒരു ക്ഷേത്രം!!
തീര്‍ത്ഥാടനകേന്ദ്രം!!!
നെയ്യാറ്റിന്‍കരയില്‍ മാത്രം അറിയപ്പെട്ടിരുന്ന ഗോപന്‍ സ്വാമി ആഗോളതലത്തില്‍ അറിയപ്പെടുന്ന 'ആചാര്യ ഗുരു ബ്രഹ്മശ്രീ ഗോപന്‍ പെരിയ സ്വാമി'യായി പുനരവതരിച്ചു.
ഭഗവാന്‍റെ ഓരോ ലീലാവിലാസങ്ങളേ!!!!

രാജു മൈലപ്ര

