വിഷു ദിനത്തിൽ പടക്കം പൊട്ടിക്കുന്നതിനിടെ പേടിച്ച് റോഡിൽ വീഴുന്ന ഒരു ചേട്ടന്റെ വീഡിയോ വർഷങ്ങളായി സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്ന ഒന്നാണ്. എന്നാൽ ആ വീഡിയോ സമ്മാനിച്ച മാനസിക വിഷമങ്ങളെക്കുറിച്ചും ഒടുവിൽ തനിക്ക് ലഭിച്ച ആശ്വാസത്തെക്കുറിച്ചും തുറന്നുപറയുകയാണ് തൃശൂർ സ്വദേശിയായ ഷിബിൻ. 'വാഴ 2' എന്ന ചിത്രത്തിൽ ഇതേ രംഗം അവതരിപ്പിച്ച നടൻ ബിജുക്കുട്ടനെ കാണാനാണ് ഷിബിനും കുടുംബവും എത്തിയത്.
മകന്റെ കരച്ചിലും വൈറലായ വീഡിയോയും തന്റെ ജീവിതത്തെ തകിടം മറിച്ച ആ വീഡിയോയെക്കുറിച്ച് ഷിബിൻ പറയുന്നത് ഇങ്ങനെ:
"എന്റെ മകൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ അനിയൻ തമാശയ്ക്ക് എടുത്ത വീഡിയോ ആയിരുന്നു അത്. അന്ന് പടക്കം പൊട്ടിയ ശബ്ദത്തിൽ ഞാൻ റോഡിലേക്ക് വീണപ്പോൾ, എനിക്കെന്തോ ആപത്ത് സംഭവിച്ചു എന്ന് കരുതി മകൻ കരഞ്ഞുകൊണ്ട് ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ചു. ആ വീഡിയോ പിന്നീട് വൈറലായപ്പോൾ പലരും ഞാൻ മദ്യപിച്ചിട്ടാണോ വീണതെന്ന് ചോദിച്ചു പരിഹസിച്ചു. അതോടെ ആളുകളെ അഭിമുഖീകരിക്കാൻ പോലും എനിക്ക് മടിയായി."
പരിഹാസം സഹിക്കവയ്യാതെ ഒരു ഘട്ടത്തിൽ ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് വരെ താൻ ചിന്തിച്ചിരുന്നതായി ഷിബിൻ വെളിപ്പെടുത്തി. ഓരോ വിഷു വരുമ്പോഴും ഈ വീഡിയോ വീണ്ടും പ്രചരിക്കുന്നത് വലിയ മാനസിക ബുദ്ധിമുട്ടാണ് അദ്ദേഹത്തിന് നൽകിയിരുന്നത്.
'വാഴ 2' എന്ന സിനിമ റിലീസ് ചെയ്തതോടെ കാര്യങ്ങൾ മാറി. സിനിമ കണ്ട ഷിബിന്റെ മകൻ ജോലിസ്ഥലത്ത് നിന്ന് വിളിച്ച് അച്ഛനോടും അമ്മയോടും ഈ ചിത്രം കാണണമെന്ന് നിർബന്ധിച്ചു. "സിനിമ കണ്ടപ്പോൾ വലിയ ആശ്വാസം തോന്നി. വർഷങ്ങളായി കൊണ്ടുനടന്ന ആ പേടിയും ടെൻഷനും പടക്കം പൊട്ടുന്നതുപോലെ എങ്ങോ പോയി മറഞ്ഞു. യഥാർത്ഥത്തിൽ അവിടെ എന്താണ് സംഭവിച്ചതെന്ന് സിനിമയിലൂടെ ലോകം കണ്ടപ്പോൾ വല്ലാത്തൊരു സന്തോഷം തോന്നി," എന്ന് ഷിബിൻ പറഞ്ഞതായി ബിജുക്കുട്ടൻ ഫേസ്ബുക്കിൽ കുറിച്ചു.
ഒരു തമാശ വീഡിയോയ്ക്ക് പിന്നിൽ ഒരു മനുഷ്യന്റെയും കുടുംബത്തിന്റെയും ഇത്ര വലിയ സങ്കടമുണ്ടായിരുന്നു എന്ന് സിനിമാ ലോകവും പ്രേക്ഷകരും തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്. ഷിബിനും കുടുംബത്തിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ബിജുക്കുട്ടൻ ഈ ഹൃദയസ്പർശിയായ കുറിപ്പ് അവസാനിപ്പിച്ചത്.
ബിജുക്കുട്ടൻ ഫേസ്ബുക്കിൽ കുറിച്ചത്
ലോകത്തെമ്പാടുമുള്ള എല്ലാ മലയാളികൾക്കും എന്റെയും എന്റെ കുടുംബത്തിൻ്റെയും വിഷുദിന ആശംസകൾ.
വാഴ 2 സിനിമ കണ്ടിട്ടുള്ള എല്ലാ മലയാളികളും ഒരേപോലെ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് സോഷ്യൽ മീഡിയയിൽ ഒരു വിഷു ദിവസം പടക്കം പൊട്ടിച്ച് റോഡിൽ വീഴുന്ന ആ ചേട്ടൻ ആരാണ്, എവിടെയാണ്, എന്തു സംഭവിച്ചു എന്നൊക്കെ.ഈ സിനിമയുടെ എഴുത്തുകാരൻ വിപിൻദാസിനും ഇതിന്റെ സംവിധായകൻ സവിനും സോഷ്യൽ മീഡിയയ്ക്കും നമുക്ക് ആർക്കും അദ്ദേഹത്തെ കണ്ടെത്താൻ കഴിഞ്ഞില്ല.
എന്നാൽ അദ്ദേഹവും അദ്ദേഹത്തിന്റെ ഭാര്യയും ഭാര്യയുടെ കൂട്ടുകാരിയും മകളും എന്നെ കാണാൻ വീട്ടിൽ വന്നിരുന്നു. വാഴ 2 സിനിമ കണ്ടെന്നും, കണ്ടപ്പോൾ ഒരുപാട് ആശ്വാസം തോന്നിയെന്നും പറഞ്ഞാണ് അദ്ദേഹം തുടങ്ങിയത്. ആ വീഴ്ചയ്ക്ക് അപ്പുറത്തേക്ക് അയാളുടെ ജീവിതത്തിൽ സംഭവിച്ച കാര്യം അതേപോലെ ഞങ്ങൾ സിനിമയിൽ ചെയ്തുവച്ചിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ എനിക്ക് അത്ഭുതം തോന്നി.
എന്റെ മകൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ എന്റെ അനിയൻ തന്നെ എടുത്തു പോസ്റ്റ് ചെയ്ത വീഡിയോ ആണ് അത്. അന്ന് ഞാൻ വീഴുന്നത് കണ്ട എൻ്റെ മകൻ എനിക്കെന്തോ ആപത്ത് സംഭവിച്ചു എന്നു കരുതി പൊട്ടി കരഞ്ഞുകൊണ്ട് ഓടിവന്നു എന്നെ കെട്ടിപ്പിടിച്ചു, എന്നെ പിടിച്ച് എഴുന്നേൽപ്പിക്കാൻ നോക്കി, അത്രയും സങ്കടത്തോടെ എന്റെ മകനെ ഞാൻ അതുവരെ കണ്ടിട്ടില്ല.
പിന്നീട് ഈ വീഡിയോ വൈറലായി, ആ വീഡിയോ പോസ്റ്റ് ചെയ്തയാൾ മനസ്സിൽ പോലും വിചാരിക്കാത്ത രീതിയിൽ അത് ആളുകളിലേക്ക് എത്തി. എല്ലായിടത്തും ആ വീഡിയോ കാണുമ്പോൾ വിഷമം ആണ് തോന്നിയിരുന്നത്. ഒരു ഫങ്ക്ഷന് പോകാനും, ആളുകളെ അഭിമുഖീകരിക്കാനും ഒക്കെ മടിയായിരുന്നു. ആ വീഡിയോ കണ്ട ആളുകൾ ചേട്ടൻ മദ്യപിച്ചിട്ടുണ്ടായിരുന്നോ, പടക്കം ഇത്ര പേടിയാണോ എന്നൊക്കെ ചോദിക്കുമ്പോൾ ശരിക്കും വിഷമം തോന്നിയിരുന്നു. മരിക്കുന്നതിനെ കുറിച്ച് വരെ ചിന്തിച്ചുപോയിട്ടുണ്ട്. എല്ലാ വിഷുക്കാലം വരുമ്പോഴും ആ വീഡിയോയെ പറ്റിയുള്ള ഓർമ വല്ലാത്ത മാനസികബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്.
സിനിമയിലെ പാട്ട് റിലീസ് ആയപ്പോൾ, അതിലെ പടക്കം പൊട്ടിക്കുന്ന സീൻ കണ്ട് അത് ആളുകൾക്ക് ഒരു ഓർമപ്പെടുത്തൽ ആവുമെന്നും കൂടുതൽ ആളുകൾ ഇത് അറിയുമെന്നും ഞാൻ പേടിച്ചു.
പക്ഷേ സിനിമ കണ്ടിറങ്ങിയ എൻ്റെ മകൻ അവന്റെ ജോലി സ്ഥലത്തുനിന്നും എന്നെ വിളിച്ച് അച്ഛനും അമ്മയും എന്തായാലും സിനിമ പോയി കാണണം എന്ന് പറഞ്ഞു.
സിനിമ കണ്ടതിനുശേഷം വളരെ സന്തോഷത്തിലാണ്, ഇത്ര കാലം ഉണ്ടായ പേടിയും ടെൻഷനുമെല്ലാം പെട്ടെന്ന് പോയ പോലെ. ആ വിഡിയോയിലൂടെ ആളുകൾ കണ്ടതിന് അപ്പുറത്തേക്ക് അവിടെ സംഭവിച്ചത് അതേപോലെ സ്ക്രീനിൽ കണ്ടപ്പോൾ വല്ലാത്ത സന്തോഷവും ആശ്വാസവും തോന്നി.’
ഒരുപാട് സന്തോഷത്തോടെ കണ്ണ് നിറഞ്ഞാണ് അദ്ദേഹം എന്നോട് സംസാരിച്ച് തീർത്തത്.
തൻറെ ജീവിതം പകർത്തി വെച്ചതുപോലെയാണ് സിനിമ കണ്ടപ്പോൾ തോന്നിയതെന്നും അതെങ്ങനെയാണെന്നും ചേട്ടൻ എന്നോട് ചോദിച്ചു.
അത് ചേട്ടനെ പോലെ തന്നെ എനിക്കും അറിയില്ല ഞാൻ രണ്ടുമൂന്നു ഇന്റർവ്യൂവിൽ പറഞ്ഞതുപോലെ അത് വിപിൻദാസിന്റെയും സവിന്റെയും ഒരു മാജിക് തന്നെയാണ്.ദയവ് ചെയ്ത് ഇത് വായിക്കുന്ന ആരും ഇനി ആ ചേട്ടൻ ആരാണെന്ന് അന്വേഷിച്ച് പോവുകയോ അവരുടെ വ്യക്തിജീവിതത്തിലേക്ക് കടന്നുകയറാനോ ശ്രമിക്കരുത്.
ചേട്ടൻ ഇനിയെന്നും സന്തോഷമായി ഇരിക്കട്ടെ.
ഒരിക്കൽകൂടി എല്ലാവർക്കും വിഷു ആശംസകൾ നേരുന്നു.


