കേരള നാടും തൊടിയും പ്രകൃതിയും സൂര്യതാപത്താൽ ചുട്ടുപൊള്ളുമ്പോൾ കേരള രാഷ്ട്രീയ തെരഞ്ഞെടുപ്പ് ഗോദയിൽ പതിവുപോലെ മുഖ്യമായി മൂന്ന് രാഷ്ട്രീയ മുന്നണികൾ അരയും തലയും മുറുക്കി കൊമ്പുകോർക്കുകയാണ്. ഉഗ്രതാപത്താൽ പൊടിപടലങ്ങൾ പാറുന്ന അന്തരീക്ഷത്തിൽ മൂന്നു മുന്നണികളുടെയും കൊടികൾ കൈകളിലേന്തി, തൊണ്ട തൊരപ്പൻ മുദ്രാവാക്യങ്ങളുമായി, ചില രാഷ്ട്രീയ പാരഡി ഗാനങ്ങളുമായി കേരള തെരുവോരങ്ങളിൽ ഉറഞ്ഞു തുള്ളുകയാണ് രാഷ്ട്രീയ മുന്നണി പിന്നണി പോരാളികൾ. ഗൾഫ് യുദ്ധം കാരണം പാചക വാതകത്തിനു തീപിടിച്ച വില ആയതിനാൽ പൊറോട്ടയും ചിക്കനും ലഭ്യമല്ലാത്തതിനാൽ കൂലിക്ക് എടുത്ത മുദ്രാവാക്യവിളിതൊഴിലാളികൾക്ക് വിറകിൽ അടുപ്പു കത്തിച്ചെടുത്തു പാകം ചെയ്ത ചോറും സാമ്പാറും വിളമ്പേണ്ടിവന്ന ഗതികേട് എവിടെയും കാണാം. അതുപോലെതന്നെ പൊരിഞ്ഞ യുദ്ധമൂലം ഗൾഫ് മേഖലയിലെ വിമാന സർവീസുകൾ താറുമാറായതിനാൽ ഗൾഫ് യൂറോപ്പ് അമേരിക്ക തുടങ്ങിയ രാജ്യമേഖലകളിൽ നിന്ന് ഇലക്ഷൻ പ്രചാരണത്തിനും, വോട്ടിങ്ങിനും എത്തേണ്ട വിദേശ മലയാളികളുടെ എണ്ണവും ഇപ്രാവശ്യം വളരെ കുറഞ്ഞു കാണുന്നുണ്ട്.
വിവിധ കേരള മാധ്യമങ്ങളിൽ നിന്ന്, സോഷ്യൽ മീഡിയയിൽ നിന്ന്, വ്യക്തിഗതമായ മാർഗങ്ങളിലൂടെ ലഭ്യമായ വിവരങ്ങളുടെ വെളിച്ചത്തിൽ ഇപ്രാവശ്യത്തെ കേരള അസംബ്ലി തെരഞ്ഞെടുപ്പിനെ പറ്റി ഒരു വിഹഗ വീക്ഷണം നടത്തുകയാണ് ഇവിടെ. എല്ലാം പൂർണമായി ശരിയായിരിക്കണം എന്ന് നിർബന്ധമില്ല. ബൗദ്ധികപരമായ ഒരു നിരീക്ഷണം മാത്രം. കുറച്ചൊക്കെ സ്വതന്ത്ര ചിന്തയുള്ള മറുനാടൻ മലയാളി ഷാജൻ സ്കറിയാ രണ്ടാഴ്ച മുമ്പ് അമേരിക്കയിലെ, ഹൂസ്റ്റൻ, ഡാളസ്, ശിക്കാഗോ, ലോസ് ആഞ്ചലസ്, സിറ്റികളിൽ ചുറ്റിക്കറങ്ങി പത്രസമ്മേളനങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തിയിരുന്നു. അമേരിക്കയിലെ ഏറ്റവും വലിയ സിറ്റി ആയ ന്യൂയോർക്കിൽ എന്തു കൊണ്ടോ അദ്ദേഹം പോയില്ല. ഇന്ത്യയിലെ ചില ഭരണാധികാരികളോട് മാത്രമായി ചോദിക്കേണ്ടിയിരുന്ന ചില ചോദ്യങ്ങൾ വെറുമൊരു മാധ്യമപ്രവർത്തകനായ അദ്ദേഹത്തോട് ഇവിടെ ചിലർ ചോദിക്കുന്നത് കണ്ടു. ഇപ്പോൾ കേരളം ഭരിക്കുന്ന ഇടതുപക്ഷ ഗവൺമെൻറ്, ഷാജൻ സ്കറിയയെ കിടപ്പുമുറിയിൽ കയറി അദ്ദേഹത്തെ ഒരു ഷർട്ട് പോലും ഇടാൻ സമ്മതിക്കാതെ അർദ്ധ നഗ്നനായി പിടിച്ചുകൊണ്ടുപോകുന്ന ദൃർശിയം കേരളക്കര കണ്ടതാണ്. അപ്പോൾ ഓടിച്ചെന്ന് അദ്ദേഹത്തെ രക്ഷിച്ചത് ബിജെപിയിലെ സുന്ദരിയും തീപാറുന്ന പ്രാസംഗികയുമായ ശ്രീമതി ശോഭാ സുരേന്ദ്രൻ ആയിരുന്നു എന്ന് പറയപ്പെടുന്നു. അതിനാൽ ആകാം മറുനാടൻ ഷാജന് സ്വതന്ത്ര വീക്ഷണത്തിൽ ബിജെപിക്കു അനുകൂലമായി അല്പം വെള്ളം ചേർക്കേണ്ടി വന്നത്.
ഇപ്പോൾ കേരളം ഭരിക്കുന്ന കക്ഷി ഖജനാവിൽ പണം ഇല്ലെന്നു പറയുമ്പോഴും സ്വന്തം സുഖസൗകര്യങ്ങൾക്കും തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കും മറ്റും മറ്റും ആയി നികുതി ദായകരുടെ പണം യഥേഷ്ടം ധൂർത്തടിക്കുകയാണ്. അവരുടെ ഭരണത്തിന്റെ അവസാന നാളുകളിൽ പാവപ്പെട്ടവർക്കായി പണവും പെൻഷനും ഉൾപ്പെടെ മോഹന സുന്ദര വാഗ്ദാനങ്ങൾ തെരുവിൽ ചൊരിയുകയാണ്. മുൻനിര മാധ്യമങ്ങളെ പരസ്യങ്ങൾ കൊണ്ടും അഭിമുഖങ്ങൾ കൊണ്ടും വിലയ്ക്കെടുത്തിരിക്കുകയാണ്. കേന്ദ്രത്തിലും കേരളത്തിലും ഭരണമില്ലാത്ത യുഡിഎഫ് - UDF അഭിപ്രായ സർവേകളിൽ മുൻനിരയിൽ ആണെങ്കിൽ തന്നെയും കേന്ദ്രത്തിൽ ഭരണമുള്ള ബിജെപി - NDA - മുന്നണിയോടും, കേരളഭരണം കയ്യാളുന്ന LDF എൽഡിഎഫിനോടും പോരാടുകയാണു. അതോടൊപ്പം അവർക്ക് മറ്റു മുന്നണികളേക്കാൾ സാമ്പത്തിക ഫണ്ടും കുറവാണ്. എങ്ങും അധികാരവും ഭരണവും ഇല്ലാത്തവർക്ക് ഫണ്ട്, വരുമാനം കുറവായിരിക്കുമല്ലൊ. കൂടാതെ യുഡിഎഫിനെ നയിക്കുന്ന കോൺഗ്രസിൽ കൂടുതൽ ജനാധിപത്യവും അഭിപ്രായസ്വാതന്ത്ര്യവും ഉണ്ടല്ലോ. പലപ്പോഴും അവിടെയുള്ളത് കൂട്ടായ നേതൃത്വം ആണ്. അത് ഗുണവും ദോഷവും ചെയ്യുന്നുണ്ട്. അവിടെ എല്ലാവർക്കും പദവികൾ വേണം സ്ഥാനാർത്ഥി ആകണം. അതുപോലെ മുഖ്യമന്ത്രി പദമോഹികളും ധാരാളമുണ്ട്. അതുകൊണ്ട് പാളയത്തിൽ തന്നെ പട പലപ്പോഴും നടക്കാറുമുണ്ട്. അതിനാൽ ആണ് പലപ്പോഴും യുഡിഎഫിനെ തോൽപ്പിക്കുന്നതു യുഡിഫ് തന്നെ എന്ന് പറയാറ്.
യുഡിഫിലും അവരുടെ ഘടകകക്ഷികളിലും എത്രയെത്ര സ്ഥാനമോഹികളാണു ഉടുപ്പിട്ട് വന്നത്. അതുപോലെ അർഹതപ്പെട്ട പലരെയും തഴഞ്ഞ് അനർഹർക്ക് സീറ്റ് നൽകിയിട്ടുണ്ട് എന്ന വസ്തുതയും ഇവിടെ മറച്ചു വെക്കുന്നില്ല. നീതിയുടെയും യുക്തിയുടെയും വെളിച്ചത്തിൽ നോക്കിയാൽ രാഹുൽ മാങ്കൂട്ടത്തിനെ കോൺഗ്രസ് പുകച്ചു പുറത്തു ചാടിച്ചതും സീറ്റ് നൽകാത്തതും വലിയ വീഴ്ച തന്നെയാണ്. ഉത്തരം വീഴ്ചകൾ വേറെയും ഉണ്ട് എല്ലാം വിശദീകരിക്കുകയല്ല ഈ ലേഖനത്തിന്റെ ലക്ഷ്യം. എംപിമാർ ആരും അസംബ്ലിയിലേക്ക് മത്സരിക്കേണ്ടതില്ല എന്ന തീരുമാനം കോൺഗ്രസ് പാർട്ടി എടുത്തപ്പോൾ അതിനെതിരെ ഉറഞ്ഞുതുള്ളി താൻ മത്സരിക്കും എന്ന പിടിവാശിയെടുത്ത പാർട്ടിയുടെ കൊല കൊമ്പനെ അവസാനം തളക്കാൻ പറ്റിയതും പാർട്ടി ഹൈക്കമാണ്ടിനു ഒരു നേട്ടമായി കരുതാം. സാന്ദർഭികമായി ഇവിടെ ഒരു കാര്യം എടുത്തു പറയട്ടെ. അതായത് കേരളത്തിൽ നിന്ന് പോകുന്ന എംപിമാർ പാർട്ടി ഭേദമെന്യേ അധികം പേരുടെ പാർലമെൻറ് പ്രകടനങ്ങളും വളരെ താഴേക്കിടയിൽ ആണെന്ന് പറയേണ്ടിയിരിക്കുന്നു. ഡൽഹിയിലെ നോർത്ത് ഇന്ത്യയിലെ ഹിന്ദി വാലകളെയും ഗോസാമികളെയും കാണുമ്പോൾ, നമ്മുടെ മലയാള എംപിമാർ കവാത്തു തന്നെ മറക്കുന്നു. അവരിൽ പലർക്കും ഇംഗ്ലീഷിലോ ഹിന്ദിയിലൊ സംസാരിക്കാനുള്ള കഴിവ് കുറവാണെന്ന് പാർലമെൻറിലെ പ്രകടനങ്ങൾ കണ്ടാലും കേട്ടാലും അറിയാം. കേരളത്തിൽ വന്നു മലയാളത്തിൽ ഗർജ്ജിക്കുന്ന മുൻ സൂചിപ്പിച്ച കെ.സുധാകരൻ, അതുപോലെ മന്ത്രിയാണെങ്കിലും സുരേഷ് ഗോപി ഒക്കെ ആ വകുപ്പിൽ പെടും എന്നു അവരുടെ പാർലമെൻറ് പ്രകടനങ്ങളുടെ വീഡിയോ കണ്ടാൽ അറിയാം.
ഇവിടെ അസംബ്ലി തെരഞ്ഞെടുപ്പിലേക്ക് തന്നെ വരാം. പ്രതിപക്ഷ കക്ഷികളുടെ അനൈക്യ കാരണം ഇടതു പക്ഷത്തിന് എന്ത് അനീതിയും ദുർഭരണവും നടത്താം എന്ന ഒരു നില വന്നു. പ്രത്യേകിച്ച് മുഖ്യമന്ത്രിയുടെ അധികാര കേന്ദ്രീകരണം, മറ്റു മന്ത്രിമാർ ആ അധികാരത്തിനു ചുറ്റും സ്തുതി പാടകരായി ഓച്ഛാനിച്ചു നിൽക്കുന്ന ഒരു അവസ്ഥ വന്നു. അദ്ദേഹത്തിൻറെ ആഡംബര ബസ്സിലുള്ള എഴുന്നള്ളത്തും, ദൂർത്തും, അതിനെതിരെ സമാധാനപരമായി പ്രക്ഷോപണം നടത്തിയവരെ തല്ലി ചതച്ചതും, അവർക്കെതിരെ കേസെടുത്തതും, മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ ചെറിയ മുദ്രാവാക്യം മുഴക്കിയവരെ പാർട്ടി പ്രമാണിയായ ഈ പി ജയരാജൻ തൊഴിച്ച് തള്ളിയതും, പോരാഞ്ഞിട്ട് തൊഴി കൊണ്ടവർക്ക് എതിരെ കേസ് എടുത്തത് ഒക്കെ ജനം ഇപ്പോഴും ഓർക്കുന്നുണ്ട്. കഴിഞ്ഞ മാസമല്ലേ കേരളത്തിൻറെ ആരോഗ്യമന്ത്രി വീണ ജോർജ് സിനിമാനടൻ നടികർ തിലകം ശിവാജി ഗണേശനെ തന്നെ തോൽപ്പിക്കുമാറ് " കഴുത്തുളുക്കി" തിര നാടകം അഭിനയിച്ചു മാന്യമായി തെരുവിൽ പ്രതിഷേധിച്ച യൂത്തു കോൺഗ്രസുകാരെ കേസെടുപ്പിച്ച് അകത്താക്കിയത്. ഇങ്ങനെ അറിഞ്ഞതും അറിയാത്തതുമായ എത്രയെത്ര അന്യായ സംഭവങ്ങൾ പിണറായി ഭരണത്തിൽ നടന്നിരിക്കുന്നു. ഇതെല്ലാം പ്രതിപക്ഷ കക്ഷികൾക്ക് അനുകൂലമായ ഒരു വോട്ടായി മാറ്റാൻ സാധിച്ചില്ലെങ്കിൽ അത് അവരുടെ ദൗർബല്യമായിട്ട് തന്നെ കരുതണം.
അതായത് മറ്റ് രണ്ടു മുന്നണികളേക്കാൾ അച്ചടക്കം കുറഞ്ഞവരും അധികാര കസേരയ്ക്ക് വേണ്ടി കടിപിടി കൂടുന്നവരുമായ യുഡിഎഫിന് തമ്മിൽ ഭേദം തൊമ്മൻ എന്നുമാത്രം കണക്കാക്കി വോട്ടർമാർ അധികാരം വെള്ളി തളികയിൽ തന്നാൽ പോലും അത് വീഴാതെ പൊട്ടാതെ ഉടയാതെ യുഡിഎഫിന് കൊണ്ടു നടക്കാൻ പറ്റുമോ എന്നതും ഒരു വിഷയമാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുകളിൽ യുഡിഎഫ് തൂത്തു വാരി വിജയം കൈവരിച്ചെങ്കിലും ഇക്കുറി അസംബ്ലി തിരഞ്ഞെടുപ്പായതിനാൽ ബിജെപി സർക്കാർ നിയന്ത്രണത്തിലുള്ള ഇലക്ഷൻ കമ്മീഷൻ വോട്ടിംഗ് മെഷിനറികളിൽ തിരിമറി നടത്തുമോ എന്നുള്ള സന്ദേഹം യുഡിഎഫ് കക്ഷികൾ പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ന് പൊതുജനം കഴുതയാണെന്നും പറയാറുണ്ടല്ലോ?. ഒരൊറ്റ ഓണ കിറ്റിനു വോട്ട് കൊടുത്ത ഇത്തരം പൊതുജന കഴുതകൾ അവസാന മിനിറ്റിൽ പെട്ടെന്നുള്ള മത വർഗീയ വിഷത്തിലോ,വിഷു ഈസ്റ്റർ കൽക്കണ്ട കനിയിലോ വീണു വോട്ട് അടയാളം മാറി കുത്താനും സാധ്യതയുണ്ടല്ലോ. എന്നാൽ എൽഡിഎഫ്കാർ, ഏത് അനീതിയെയും ന്യായീകരിച്ചുകൊണ്ട് അവരുടെ കപ്പിത്താനെ തലയിൽ ചുമ്മി കൊണ്ടുവന്ന് ലോക തലസ്ഥാനമായ ന്യൂയോർക്കിലെ ടൈം സ്ക്വയറിലെ ഇരുമ്പ് കസേരയിൽ ഇരുത്തി വാഴിക്കാനും തയ്യാറായത് നമ്മൾ കണ്ടതാണ്. അതിനൊക്കെയായി പ്രവാസികൾക്ക് NRI എം.പി മാരെയും സൃഷ്ടിച്ചത് ഓർമയില്ലേ? അതിനൊക്കെ കുടപിടിക്കാൻ അമേരിക്കയിലെ ചില മെഗാ സംഘടനക്കാരായ ഫോമാക്കാരും, ഫോകാനക്കാരും, വേൾഡ് മലയാളിക്കാരും മറ്റുമുണ്ടായിരുന്നു എന്നുള്ളത് മറ്റൊരു വസ്തുത. മറ്റൊരു പരമാർത്ഥം എന്തെന്നാൽ അമേരിക്കയെ സ്ഥിരം കുറ്റം പറഞ്ഞു കൊണ്ടിരിക്കുന്ന ഈ പാർട്ടിയിലെ പ്രമുഖർ പലരും ചികിത്സയ്ക്കായി അമേരിക്കയിൽ തന്നെയാണ് വരാറുള്ളത്. ഇത്രയും എഴുതിയ സ്ഥിതിക്ക് മറ്റൊരു സത്യം കൂടെ ഇവിടെ വിശദീകരിക്കാൻ ആഗ്രഹിക്കുകയാണ്. നാട്ടിൽ നിന്ന് അമേരിക്കയിൽ കുടിയേറിയ ചില മലയാളികൾക്കും, ഇന്ത്യക്കാർക്കും, നാട്ടിലെ പാർട്ടികളുടെ പേരിൽ ഇവിടെ ഓവർസീസ് സംഘടനകൾ ഉണ്ട്. മിക്കവാറും നാട്ടിൽ നിന്ന് എത്തുന്ന അവരുടെ പാർട്ടി നേതാക്കളെ ചുമ്മി കൊണ്ട് നടക്കുന്നതാണ് അവളുടെ പ്രധാന രാഷ്ട്രീയ തൊഴിൽ.
ആ ഓവർസിസ് പാർട്ടി ഘടക ഇടയിലും അധികാര വടംവലിയും കുത്തിത്തിരുപ്പുമുണ്ട്. വീട്ടിൽ, നാട്ടിൽ നിന്ന് പഠിച്ചത്, അല്ലെങ്കിൽ നാട്ടിലെ പാരമ്പര്യം അല്ലേ ഇവിടെ പാടൂ. ഇവിടെയും വളരുകയും പിളരുകയും ചെയ്യും. അതുപോലെ ചിലരെല്ലാം അമേരിക്കൻ രാഷ്ട്രീയത്തിലും കയറി പറ്റുന്നുണ്ട്. നല്ല കാര്യം. പക്ഷെ നാട്ടിലെ രാഷ്ട്രീയ പാരമ്പര്യം ഇവിടെ കളിക്കരുത്. കൂടുതൽ കളിച്ചാൽ വോട്ട് കുറയും അകത്താകും. അതുപോലെ ഇവിടെ അമേരിക്കൻ രാഷ്ട്രീയത്തിൽ വിജയിച്ച അധികാര പദവികൾ എത്തുന്നവർ സ്ഥിരമായി കേരള രാഷ്ട്രീയ എംഎൽഎമാരും എംപിമാരും ചെയ്യുന്ന മാതിരി, അവരുടെ പാത പിന്തുടർന്ന് ഇവിടത്തെ എല്ലാ മലയാളി, പള്ളി ആരാധന, സമാജം പ്രവർത്തന മീറ്റിങ്ങുകളിൽ മാത്രം പോയി കുത്തിയിരുന്ന് വിഷയം അറിയാതെ, ഉദ്ഘാടകരും, മുഖ്യപ്രഭാഷകരും ആയി പ്രേക്ഷകരെ ബോറടിപ്പിക്കുന്നവരായി മാറാതിരിക്കുന്നത് അഭികാമ്യം. അവരെ തെരഞ്ഞെടുത്ത് വിട്ടിരിക്കുന്ന സകലമാന പൊതു ജനത്തിനും വേണ്ടിയാണ് അവരുടെ ആ സമയം വിനിയോഗിക്കേണ്ടത്. അമേരിക്കൻ മലയാളി ഇലക്റ്റഡ് വ്യക്തികളെയും അല്ലാതെ മലയാളികൾക്കും മലയാളി സദസ്സുകൾക്കും വേണ്ടി മാത്രമുള്ളതല്ല. അതുപോലെ അവരെയൊക്കെ മാത്രം പൊക്കിക്കൊണ്ട് വരുന്ന സംഘാടകരും അത് മനസ്സിലാക്കണം. കേരള ഇലക്ഷനെ പറ്റി എഴുതുമ്പോൾ, അത് ഒരു അമേരിക്കൻ മലയാളിയെയും, ഒരു പ്രവാസിയെയും എപ്രകാരം സ്വാധീനിക്കും, അതുപോലെ മലയാളിയുടെ അമേരിക്കൻ രാഷ്ട്രീയം ഇതുമായി എങ്ങനെ ബന്ധപ്പെടുത്താം, അമേരിക്കൻ മലയാളി ഇലക്റ്റഡ് വ്യക്തികളെയും എങ്ങനെ ബന്ധപ്പെടുത്താം, താരതമ്യം ചെയ്യാം എന്നതിനെപ്പറ്റി ഒക്കയുള്ള ഏതാനും ചില ഹൃസ്വ ശിഥില ചിന്തകൾ കൂടി മാത്രമാണ് ഈ ലേഖനം കൊണ്ട് ഉദ്ദേശിക്കുന്നത്.
.jpg)
എ.സി.ജോർജ്

