കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളില്‍ ഭൂരിപക്ഷത്തില്‍ ഒന്നാമതെത്തിയ ആര്യാടന്‍ ഷൗക്കത്തും രണ്ടാമന്‍ ചാണ്ടി ഉമ്മനും മന്ത്രിസഭയിലേക്കെന്ന് സൂചനകള്‍. നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നും 54851 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് ആര്യാടന്‍ ഷൗക്കത്ത് ജയിച്ചത്. ആകെ പോള്‍ ചെയ്ത 1,89595 വോട്ടുകളില്‍ 1,13586 വോട്ടുകളുമായി 59.91 ശതമാനത്തിന്റെ പിന്തുണയും നേടി. 2025ല്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നേടിയ 11077 വോട്ടിന്റെ ഭൂരിപക്ഷം അഞ്ചിരട്ടിയാക്കിയാണ് വര്‍ധിപ്പിച്ചത്.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിയുടെ പാര്‍ലമെന്റ് മണ്ഡലമായ വയനാട്ടില്‍ നിന്നും യു.ഡി.എഫിന്റെ വലിയ ഭൂരിപക്ഷവും ഷൗക്കത്തിന്റേതാണ്. സംസ്ഥാന തലത്തില്‍ കോണ്‍ഗ്രസിന്റെ രണ്ടാമത്തെ ഭൂരിപക്ഷം പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനാണ്. 52907 വോട്ടിന്റെ തിളക്കമാര്‍ന്ന വിജയമാണ് ചാണ്ടി ഉമ്മന്‍ നേടിയത്.
ഉമ്മന്‍ ചാണ്ടിയുടെ മകനായ ചാണ്ടി ഉമ്മന്‍ ഉമ്മന്‍ ചാണ്ടിക്ക് ലഭിക്കാത്ത റെക്കോര്‍ഡ് ഭൂരിപക്ഷമാണ് പുതുപ്പള്ളിയില്‍ നേടിയത്. മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ മകനായ ഷൗക്കത്ത് ആര്യാടന്റെ റെക്കോര്‍ഡ് ഭൂരിപക്ഷം മറികടന്ന വിജയവും നേടി.
2011ല്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ മലപ്പുറത്ത് നിന്നും രണ്ട് കോണ്‍ഗ്രസ് മന്ത്രിമാരാണ് ഉണ്ടായിരുന്നത്. ആര്യാടന്‍ മുഹമ്മദും എ.പി അനില്‍ കുമാറും.

