രണ്ട് വർഷങ്ങൾക്ക് മുൻപ് 'ഉടൻ പണം 'എന്ന ജനപ്രിയ ടെലിവിഷൻ പരിപാടിയുടെ വേദിയിൽ വച്ച് നിറഞ്ഞ പുഞ്ചിരിയോടെ ഭദ്രകീർത്തി എന്ന ആ പെൺകുട്ടി തന്റെ കുടുംബത്തെക്കുറിച്ച് അഭിമാനത്തോടെ പറഞ്ഞ വാക്കുകളാണിത്.
"എന്റെ അച്ഛനാണ് ഞങ്ങൾക്ക് എല്ലാവർക്കും പേരിട്ടത്. ചേട്ടന്റെയും അനിയന്റെയും എന്റെയും വെറൈറ്റി പേരാണ്. ചേട്ടന്റെ പേര് ആർ ജെ ഭരത് ശങ്കർ, അനിയന്റെ പേര് ആർ ജെ ഭാഗ്യദർശൻ ശക്തി, എന്റെ പേര് ആർ ജെ ഭദ്രകീർത്തി..
ചേട്ടൻ പ്ലസ് ടു കഴിഞ്ഞ് ഹോട്ടൽ മാനേജ്മെന്റ് എടുത്ത് ഇപ്പോൾ വീട്ടിലിരിപ്പുണ്ട്. ഞാൻ എം എസ് സി പഠിക്കുന്നു. അനിയൻ പ്ലസ് ടു കഴിഞ്ഞ് ഇപ്പോൾ അവൻ ടൂറിസം കോഴ്സിന് ചേർന്നിട്ടുണ്ട്.
അച്ഛൻ തങ്ങൾക്ക് നൽകിയ വ്യത്യസ്തമായ പേരുകളെക്കുറിച്ചും, തങ്ങളുടെ കൊച്ചു കുടുംബത്തിന്റെ അധ്വാനത്തെക്കുറിച്ചും അവൾ അന്ന് വാചാലയായി.
എന്നാൽ കാലം ആ കുടുംബത്തിന് കരുതിവെച്ചത് സങ്കൽപ്പിക്കാൻ പോലും കഴിയാത്തത്ര വലിയൊരു ദുരന്തമായിരുന്നു. ചേരാനല്ലൂർ കണ്ടെയ്നർ റോഡിലുണ്ടായ ആ ദാരുണമായ വാഹനാപകടത്തിൽ ആ പ്രിയപ്പെട്ട അച്ഛൻ ജയബാലകൃഷ്ണൻ വിട്ടുപിരിയുമ്പോൾ, അന്ന് അവൾ വേദിയിൽ പങ്കുവെച്ച ഓരോ ഓർമ്മകളും ഇന്ന് കണ്ണീരോടെയല്ലാതെ ആർക്കും കേൾക്കാനാകില്ല..
തങ്ങളുടെ ജീവിതം കെട്ടിപ്പടുക്കാൻ അച്ഛൻ നടത്തിയ കഠിനാധ്വാനത്തിന്റെ കഥകൾ ഭദ്ര അന്ന് പങ്കുവെച്ചിരുന്നു.
വരാപ്പുഴയിലും എറണാകുളത്തുമായി വലിയ പ്രതീക്ഷകളോടെ അച്ഛൻ ഹോട്ടലുകൾ തുടങ്ങിയ കാലമുണ്ടായിരുന്നു. രണ്ട് ആൺമക്കളും കൂടെനിന്ന് സഹായിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അത്.
ക്ലാസ്സ് കഴിഞ്ഞെത്തി അമ്മയോടൊപ്പം ഭദ്രയും അവിടെ സഹായിക്കാൻ പോകുമായിരുന്നു. എന്നാൽ വിശ്വസ്തരായ പണിക്കാർ കൈവിട്ടതും പ്രതിസന്ധികൾ ഉണ്ടായതും കാരണം ആ ഹോട്ടലുകളെല്ലാം പൂട്ടേണ്ടി വന്നു.
എങ്കിലും അച്ഛൻ തോറ്റുകൊടുക്കാൻ തയ്യാറായിരുന്നില്ല.
"ഉള്ളതുകൊണ്ട് ഓണം പോലെ" ജീവിക്കാൻ അദ്ദേഹം സൗത്ത് ചിറ്റൂരിൽ ഒരു തട്ടുകട ആരംഭിച്ചു. വൈകിട്ട് 6 മണി മുതൽ രാത്രി 12 മണി വരെ നീളുന്ന ആ തട്ടുകടയിലെ 'കുട്ടി ദോശയും' ഓംലറ്റും ചമ്മന്തിയുമെല്ലാം ചിറ്റൂരുകാരുടെ പ്രിയപ്പെട്ട വിഭവങ്ങളായി മാറി.
രാത്രിയായതുകൊണ്ട് ഭദ്രയ്ക്ക് എപ്പോഴും പോകാൻ കഴിഞ്ഞിരുന്നില്ലെങ്കിലും, അച്ഛന്റെയും അമ്മയുടെയും കഠിനാധ്വാനമായിരുന്നു ആ കുടുംബത്തിന്റെ തണൽ. അവിടെ വരുന്നവർക്കൊക്കെ സ്നേഹത്തോടെ കുട്ടിദോശ ചുട്ടുനൽകിയ ജയബാലേട്ടൻ നാട്ടുകാർക്കും പ്രിയങ്കരനായിരുന്നു..
കാലടി ശ്രീശങ്കര കോളേജിൽ ഫസ്റ്റ് ഇയർ എം.എസ്സി മൈക്രോബയോളജി വിദ്യാർത്ഥിനിയായിരുന്നു അന്ന് ഭദ്രകീർത്തി.
പഠനം കഴിഞ്ഞ് മൈക്രോബയോളജിയിൽ തന്നെ പിഎച്ച്.ഡി എടുക്കണമെന്നാണ് ഭദ്രയുടെ ആഗ്രഹം. ഭാവിയിൽ തന്റെ പേരിന് മുന്നിൽ 'Dr.' (ഡോക്ടർ) എന്ന് ചേർക്കണമെന്നത് അവളുടെ വലിയൊരു സ്വപ്നമാണ്.
"ഡോക്ടർ ആർ ജെ ഭദ്രകീർത്തി"എന്ന്, അന്ന് ആ വേദിയിൽ വെച്ച് അവർ ആശംസിക്കുമ്പോൾ അവൾക്കൊപ്പം ആ അച്ഛന്റെ മനസ്സും അഭിമാനം കൊണ്ട് നിറഞ്ഞിട്ടുണ്ടാകണം..
എന്നാൽ, കഴിഞ്ഞ ദിവസം ഒരു ലക്ഷ്വറി കാറിന്റെ രൂപത്തിലെത്തിയ മരണം ആ അച്ഛന്റെ ജീവനറ്റ ചലനമില്ലാത്ത ശരീരം മക്കൾക്ക് മുന്നിലെത്തിച്ചു. ഒരു അഡീഷണൽ ജില്ലാ ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ ലൈസൻസില്ലാതെ അമിതവേഗതയിൽ ഓടിച്ച വണ്ടിയാണ് കട പൂട്ടി സ്കൂട്ടറിൽ മടങ്ങുകയായിരുന്ന ജയബാലകൃഷ്ണന്റെ ജീവ..നെടുത്തത്....
സ്വാധീനമുപയോഗിച്ച് കേസ് അട്ടിമറിക്കാൻ ശ്രമം നടന്നപ്പോൾ, നീതിക്കായി ഭദ്രകീർത്തി തെരുവിലിറങ്ങി. ചേരാനല്ലൂർ പോലീസ് സ്റ്റേഷന് മുന്നിൽ അവൾ നടത്തിയ ശക്തമായ പ്രതിഷേധം കേരള മനസ്സാക്ഷിയെ ഉലയ്ക്കുകയും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ അധികൃതരെ നിർബന്ധിതരാക്കുകയും ചെയ്തു.
'ഉടൻ പണത്തിന്റെ ' വേദിയിൽ നാം കണ്ട ആ നിഷ്കളങ്കയായ പെൺകുട്ടി ഇന്ന് അച്ഛന്റെ നീതിക്കായി പോരാടുന്ന ധീരയായ മകളാണ്....
രണ്ട് വർഷങ്ങൾക്ക് മുമ്പ്, ചിരിയും കുസൃതികളുമായി 'ഉടൻ പണം' പരിപാടിയിൽ ഭദ്രകീർത്തി എത്തിയപ്പോൾ ആരും കരുതിയിരുന്നില്ല, ഒരിക്കൽ സ്വന്തം അച്ഛന്റെ മ...രണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ, മാധ്യമങ്ങളുടെ മൈക്കുകൾക്ക് മുന്നിൽ നിന്ന് ഇത്രത്തോളം ശക്തമായി പോരാടേണ്ടി വരുമെന്ന്.
കാലം എത്രത്തോളം ജീവിതത്തെ മാറ്റിമറിക്കുന്നു എന്നതിന്റെ വേദനിപ്പിക്കുന്ന കാഴ്ചയാണിത്.
തട്ടുകടയിലെ കുട്ടിദോശയുടെ മണവും അച്ഛന്റെ സാന്നിധ്യവും ഇനി ഓർമ്മ മാത്രമായിരിക്കാം. എങ്കിലും സ്വാധീനങ്ങൾക്ക് മുന്നിൽ തലകുനിക്കാതെ, തന്റെ ലക്ഷ്യങ്ങളിലേക്ക് നടന്നുനീങ്ങുന്ന ആർ. ജെ. ഭദ്രകീർത്തി എന്ന മകൾ ഇന്ന് അതിജീവനത്തിന്റെയും ശക്തമായ പോരാട്ടത്തിന്റെയും പ്രതീകമാണ്...
കടപ്പാട്
Aiswarya GR

