PRAVASI

യാത്രാമൊഴി

Blog Image

ഏപ്രിൽ 7 എന്റെ ലോകം അല്പം കൂടി ശൂന്യമായി. എന്റെ പ്രിയ സുഹൃത്ത് ബാബു തോമസ് പൂഴിക്കുന്നേൽ ശാന്തനായി യാത്രയായി. ഒരു മുന്നറിയിപ്പുമില്ലാതെ ഹൃദയമിടിപ്പിന്റെ നിശബ്ദമായ നിലയ്ക്കൽ. അരികിൽ ഉണ്ടായിരുന്ന ഭാര്യ വത്സയോട് പോലും യാത്ര പറയാതെ, ഒരു വലിയ ജ്ഞാനത്തിന്റെ സമാധാനപരമായ വിശ്രമത്തിലേക്കുള്ള മാറ്റം. വിരമിച്ച കോളേജ് പ്രൊഫസർ, പ്രിൻസിപ്പാൾ, എഴുത്തുകാരൻ, പ്രഭാഷകൻ, ചിന്തകൻ എന്നിങ്ങനെ അടയാളപ്പെടുത്തലുകൾ ബാബുവിനുണ്ടായിരുന്നു. എന്നാൽ എനിക്ക് അദ്ദേഹം ആ പദവികൾക്കും അപ്പുറമായിരുന്നു. ദിവസവും ഏഴുകടലുകൾക്കുമപ്പുറെ എന്റെ ഫോണിന്റെ മറുതലക്കൽ ഉണ്ടായിരുന്ന സ്നേഹശബ്ദം. ഓരോ പ്രഭാതങ്ങളിലും പതിവുപോലെ നമ്മുടെ പതിവ് ഫോൺ വിളികൾക്കായി അറിയാതെ കാതോർത്തു പോകുന്നു. ബാബുവിന്റെ മൂർച്ചയുള്ള തമാശകളും,നാമൊന്നിച്ചു ചിരിച്ച നിമിഷങ്ങളും, ലളിതമായ കാര്യങ്ങളെപ്പോലും ഗൗരവമായ ഉൾക്കാഴ്ചകളാക്കി മാറ്റുന്ന താങ്കളുടെ രീതിയും ഞാനൊരുപാട് മിസ്സ് ചെയ്യുന്നു. നമ്മുടെ സംഭാഷണങ്ങൾ എന്റെ ദിനചര്യയുടെ ഹൃദയമിടിപ്പായിരുന്നു. അവിടെ നമുക്ക് എന്തുതമാശകളും പറയാമായിരുന്നു, തർക്കിക്കാമായിരുന്നു, കളിയാക്കാമായിരുന്നു, മനസ്സുതുറന്ന് ചിരിക്കാമായിരുന്നു. ചെറിയ കാര്യങ്ങളിൽ ചിലപ്പോൾ അസ്വസ്ഥനാകുമെങ്കിലും ചെറിയ സാന്ത്വനങ്ങളിൽ ഉണർന്ന് ഉഷാറാവുകയും ചെയ്തിരുന്ന വലിയ മനസ്സുള്ള ഒരു തലയെടുപ്പുള്ള മനുഷ്യൻ. ഒരു പണ്ഡിതൻ വിട വാങ്ങുമ്പോൾ ഒരു വലിയ ലൈബ്രറിയാണ് കത്തിയമരുന്നത് എന്ന് പറയാറുണ്ടല്ലോ. താങ്കളുടെ വിയോഗത്തിലൂടെ എനിക്ക് ഒരു ലൈബ്രറിയും, ഒരു വലിയ ചിന്താ ലോകവും, അതിലുപരി എന്റെ ചിരിയുടെ ലോകവുമാണ് നഷ്ടമായത്. ബാബൂ, താങ്കൾ അവശേഷിപ്പിച്ചുപോയ നിശബ്ദതയ്ക്ക് ഒരു വലിയ ഭാരമുണ്ട്. എങ്കിലും നമ്മുടെ സൗഹൃദത്തിന്റെ ഓർമ്മകൾ, അമേരിക്കയിൽ എന്റെ വീട്ടിലും മറ്റു പല സ്ഥലങ്ങളിലും സിംഗപ്പൂർ, മലേഷ്യ, ബഹാമസ് തുടങ്ങിയ സ്ഥലങ്ങളിൽ നമ്മുടെ കുടുംബങ്ങൾ ഒന്നിച്ച് ചെലവഴിച്ച നല്ല ദിവസങ്ങൾ എല്ലാം എന്നും ഞാൻ ഹൃദയത്തോട് ചേർത്തുപിടിക്കും. 
 പ്രിയ സുഹൃത്തേ...നിത്യശാന്തി നേരുന്നു. നമ്മൾ പങ്കിട്ട ഓരോ നിമിഷങ്ങൾക്കും നന്ദി.

PROF. BABU POOZHIKUNNEL,JOSE KANIYALY

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.