വയോധികരെങ്കിലും മനസ്സിൽ യവ്വനം തുടിക്കുന്ന സ്റ്റാറ്റൻ ഐലൻഡിലെ ഒരുകൂട്ടം മലയാളികളുടെ സംഘടനയായ സ്റ്റാറ്റൻ ഐലൻഡ് മലയാളീ സീനിയർസ്ഇന്റെ ഈവർഷത്തെ ഓണാഘോഷം ഇന്ന് ഓഗസ്റ്റ് 21 വ്യാഴാഴ്ച ഇവിടത്തെ ഹൈന്ദവ ക്ഷേത്ര ഓഡിറ്റോറിയത്തിൽ ആഘോഷിച്ചു. ഈ ഓണാഘോഷത്തോടൊപ്പം വിൽ ആൻഡ് ട്രുസ്ടിനെപ്പറ്റിയൊരു സെമിനാർ ക്രമീകരിച്ചത് സംഘടനയുടെ ട്രെഷറർ ശ്രീ ജോസഫ് ജേക്കബ് ആയിരുന്നു. Angela R Giammaro എന്ന ലോ ഫെമാണ് അദ്ദേഹം അതിനുവേണ്ടി തിരഞ്ഞെടുത്തത്. സെമിനാര് അഭൂതപൂർവ്വമായൊരു വിജയമായിരുന്നു. പല അംഗങ്ങളും ലോ ഫെമുമായി വീണ്ടും ബന്ധപ്പെടാൻ ആഗ്രഹം പ്രകടിപ്പിച്ചു. സെമിനാറിനെ തുടർന്ന് വിഭവ സമൃദ്ധമായ ഓണസദ്യ അംഗങ്ങൾ തന്നെ ഒരുക്കി. ശ്രീ രാജു ജോസഫ് പ്രാലേലിന്റെ സംഗീത സദ്യ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. പദ്യപാരായണം ഫലിതോക്തി മുതലായവ ആഘോഷത്തെ ഹൃദ്യമാക്കി. രാവിലെ ഏതാണ്ട് പതിനൊന്നു മണിയോടുകൂടിയാരംഭിച്ച ആഘോഷങ്ങൾ ഉച്ചകഴിഞ്ഞു മൂന്നു മണിയോടെ സമാപിച്ചു.
അല്പം ചരിത്രം.
സിംസ് അഥവാ സ്റ്റാറ്റൻ ഐലൻഡ് മലയാളീ സീനിയർസ് എന്ന സംഘടന രൂപംകൊണ്ടത് 2023 ജൂലൈ ഒന്നാം തീയതിയാണ്. ശ്രീ തോമസ് തോമസ് പാലത്രയുടെ വസതിയിലായിരുന്നു അതിന്റെ തുടക്കം. ഏതാണ്ട് ഒരുമാസത്തിനു ശേഷം ശ്രീ മാത്യു ഇടിക്കുളയുടെ വീട്ടിൽ വച്ച് ഓഗസ്റ്റ് ആറാം തീയതി വിജയകരമായ രണ്ടാമത്തെ കൂട്ടായ്മ നടന്നു. രണ്ടായിരത്തി ഇരുപത്തിമൂന്നിലെ ഓണാഘോഷം വീണ്ടും ശ്രീ തോമസ് തോമസിന്റെ വീട്ടിൽ വച്ച് നടന്നു. ഈ മീറ്റിങ്ങുകളിലെല്ലാം സമൂഹത്തിനു വിലപ്പെട്ട സംഭാവനകൾ നൽകിയവരെ ആദരിക്കുകയുമുണ്ടായി. വീണ്ടും നവംബര് മാസം പത്തൊൻപതാം തീയതി ശ്രീ എസ് എസ് പ്രകാശിന്റെ വീട്ടിൽ വച്ചായിരുന്നു അടുത്ത കൂട്ടായ്മ്മ. ഈ അവസരങ്ങളിലെല്ലാം പഴയ ഓർമ്മകൾ അയവിറക്കുകയും കൂട്ടുകെട്ടുകൾ പുതുക്കുകയും പുതിയ സൗഹൃദങ്ങൾ സംജാതമാകുകയും ചെയ്തു.
ഡോക്ടർ രാമചന്ദ്രൻ നായരുടെയും അദ്ദേഹത്തിന്റെ ഭാര്യ ഓമന രാമചന്ദ്രൻനായരുടെയും സഹായത്താലാണ് സിംസിനൊരു വേദി കണ്ടെത്താൻ സാധ്യമായത്. അവരുടെ പരിശ്രമത്താലാണ് ഹൈന്ദവ ക്ഷേത്രത്തിന്റെ ആഡിറ്റോറിയം തരപ്പെടുന്നത്. സംഘടനക്കൊരു ഭരണഘടനയുണ്ടാക്കുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനും ഐ ആർ എസ് സെർറ്റിഫിക്കേഷൻ കിട്ടുന്നതിനുംവേണ്ടി ശ്രീ തോമസ് തോമസ് പാലത്ര ചെയ്ത സേവനങ്ങൾ സ്ലാഘനീയം തന്നെ.
നീണ്ട ഇടവേളക്കുശേഷം 2024 ഓഗസ്റ്റ് മൂന്നിനാണ് അടുത്ത സൗഹൃദസംഗമം സാധ്യമാകുന്നത്. സിംസിന്റെ ഔദ്യോഗികമായ ഉത്‌ഘാടനം അന്ന് ഫൊക്കാന പ്രസിഡന്റ് ശ്രീ സജിമോൻ ആന്റണിയുടെയും ഫോമാ പ്രസിഡന്റ് ശ്രീ ജേക്കബ് തോമസിന്റെയും സാനിധ്യത്തിൽ നടന്നു. ചരിത്രത്തിൽ ആദ്യമായി ഫൊക്കാനയുടെയും ഫോമയുടെയും സാരഥികളെ ഒരേവേദിയിൽ ഒരുമിച്ചാനയിച്ചു ഉത്‌ഘാടനം നടത്താൻ പറ്റിയെന്നുള്ളത് ചില്ലറ കാര്യമല്ല. സംഘടനയുടെ പ്രസിഡന്റ് ആയി ശ്രീ തോമസ് തോമസ് പാലത്ര ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടു. ശ്രീ മാത്യു ഇടിക്കുള വൈസ് പ്രെസിഡെന്റായും, ചാക്കോ കുരുവിള സെക്രട്ടറിയായും, ശ്രീ എസ് എസ് പ്രകാശ് ജോയിന്റ് സെക്രെട്ടറിയായും, ശ്രീ ജോസഫ് ജേക്കബ് ട്രെഷറർ ആയും, ശ്രീ മോഹൻ വറുഗീസ് ജോയിന്റ് ട്രെഷറർ ആയും തിരഞ്ഞെടുക്കപ്പെട്ടു. കമ്മിറ്റി മെംബേർസ് ആയി ബിനോയ് ചെത്തിക്കോട്, ബാബു കവിയൂർ, ഉമ്മൻ എബ്രഹാം, പ്രസന്ന ബാബു, ലീല മാത്യു എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. സംഘടനക്കൊരു ഓവർ സീയിങ് ബോഡിയുടെ ആവശ്യകതയെ അടിസ്ഥാനമാക്കി ഒരു അഡ്വൈസറി ബോർഡ് കൂടി പ്രാബല്യത്തിൽ വന്നു. ഡോക്ടർ രാമചന്ദ്രൻ നായർ അതിന്റെ ചെയർമാനും, ശ്രീ കോശി ജോർജ് സെക്രെറ്റ്രയും ഫ്രെഡ് എഡ്‌വേഡ് ഡോക്ടർ ജോൺ എബ്രഹാം ,സദാശിവൻ നായർ എന്നിവർ ബോർഡ് മെമ്പേഴ്‌സായി തിരഞ്ഞെടുക്കപ്പെട്ടു. സംഘടനയുടെ ഓഡിറ്റർ ആയി വറുഗീസ് എം വറുഗീസ് നിയോഗിക്കപ്പെട്ടു.
തുടർന്നുള്ള മീറ്റിംഗ് 2025 ഫെബ്രുവരിയിൽ ആയിരുന്നു. അന്ന് മാത്യൂസ് ഫ്യൂണറൽ ഹോമിൽ നിന്നുള്ള പ്രതിനിധികൾ നാം ഈലോകത്തോട് വിടപറയുമ്പോൾ എന്താണ് ചെയേണ്ടതെന്നതിനെപ്പറ്റിയുള്ളൊരു സംവാദവും നടത്തി. സ്റ്റാറ്റൻ ഐലണ്ടിന്റെ അനുഗ്രഹീത ഗായകൻ ശ്രീ ബാബു നരികുളത്തിന്റെ ഗാനങ്ങൾ ആർദ്രവും ഹൃദയവുമായി. അംഗങ്ങൾതന്നെ തയാറാക്കിയ വിഭവസമൃദ്ധമായ സദ്യ സ്വാദിഷ്ടമായി.
തിരിഞ്ഞു നോക്കുമ്പോൾ ഇന്നീ അസോസിയേഷനിൽ ഏതാണ്ട് അറുപത്തിരണ്ടു രജിസ്‌ട്രേഡ് മെമ്പേഴ്‌സോളമുണ്ടെന്നുള്ളത് അഭിമാനകരമായൊരു യാഥാർഥ്യമാണ്.



