KERALA

മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു

Blog Image
കാസ്റ്റിംഗ് ഡയറക്ടറായ ടെസ് ജോസഫിൻ്റെ മി ടൂ ആരോപണത്തിൽ ചലച്ചിത്ര നടൻ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു. ഒന്നിലധികം പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ മുകേഷിനെതിരെ കേസെടുക്കണം, എംഎൽഎ സ്ഥാനത്തുനിന്ന് രാജിവയ്ക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.

കാസ്റ്റിംഗ് ഡയറക്ടറായ ടെസ് ജോസഫിൻ്റെ മി ടൂ ആരോപണത്തിൽ ചലച്ചിത്ര നടൻ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു. ഒന്നിലധികം പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ മുകേഷിനെതിരെ കേസെടുക്കണം, എംഎൽഎ സ്ഥാനത്തുനിന്ന് രാജിവയ്ക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. സിനിമ മേഖലയിലെ ലൈംഗിക ചൂഷണങ്ങൾ പരിശോധിക്കാൻ കഴിഞ്ഞ ദിവസം നിയോഗിച്ച അന്വേഷണ സംഘത്തിന് മുന്നിൽ മുകേഷിനെതിരെ ആരോപണമുന്നയിച്ച യുവതി പരാതി നൽകിയാൽ സർക്കാരിനും തിരിച്ചടിയാവും. ഭരണകക്ഷി എംഎൽഎക്കെതിരെ കേസടുക്കേണ്ട സാഹചര്യവുമുണ്ടാകും. ഇന്ന് ചലച്ചിത്ര നടിയായ മിനു മുനീറും മുകേഷിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു. വിജി തമ്പി സംവിധാനം ചെയ്ത ‘നാടകമേ ഉലകം’ എന്ന ചിത്രത്തിൻ്റെ സെറ്റിൽവച്ച് തനിക്ക് മോശം അനുഭവം നേരിട്ടെന്നാണ് വെളിപ്പെടുത്തൽ.

പരാതിയുള്ളവർ മൊഴി നൽകി അരോപണത്തില്‍ ഉറച്ചുനിന്നാല്‍ കേസ് രജിസ്റ്റർ ചെയ്യുമെന്നാണ് ഏഴംഗ അന്വേഷണ സംഘത്തിനെ നിയമിച്ചുകൊണ്ട് സർക്കാർ നിലപാട് വ്യക്തമാക്കിയത്. മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നു പറച്ചിലുകൾ നടത്തുന്നവർ നിയമസംവിധാനങ്ങൾക്ക് മുന്നിൽ ചെയ്യാതിരുന്നാൽ തുടർന്ന് നടപടികൾ മുന്നോട്ടു കൊണ്ട് പോകുന്നതിന് തടസമുണ്ടാകുമെന്നും സർക്കാർ പറയുന്നു. ചലച്ചിത്ര മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ഹേമ കമ്മിഷൻ റിപ്പോർട്ട് പരസ്യപ്പെടുത്തിയതിന് ശേഷം ഉയർന്ന വിവാദങ്ങൾക്ക് പിന്നാലെയാണ് നാല് വനിതകൾ അടങ്ങിയ ഐപിഎസ് സംഘത്തിനെ നിയമിക്കാന്‍ തീരുമാനമെടുത്തത്. ലൈംഗിക ചൂഷണമടക്കമുള്ള കുറ്റകൃത്യങ്ങൾ നടന്നുവെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിൽ ആരോപണ വിധേയർക്കെതിരെ കേസ് എടുത്ത് അന്വേഷിക്കണമെന്ന ആവശ്യം വിവിധ കോണിൽ നിന്നും ഉയർന്നിരുന്നു. പ്രതിപക്ഷവും ഈ ആവശ്യം ശക്തമാക്കിയ പശ്ചാത്തലത്തിൽ മറ്റുവഴികള്‍ ഒന്നുമില്ലാതെ അന്വേഷണ സംഘത്തെ സർക്കാർ നിയോഗിക്കുകയായിരുന്നു.

പ്രശസ്തമായ കോടീശ്വരൻ പരിപാടിയുടെ ഷൂട്ട് നടക്കുന്നതിനിടെയാണ് മുകേഷ് മോശമായി പെരുമാറിയത് എന്നതായിരുന്നു 2018ൽ കാസ്റ്റിംഗ് ഡയറക്ടറായിരുന്ന ടെസ് ജൊസഫ് ഉന്നയിച്ച മി ടൂ ആരോപണം. അന്ന് 20 വയസ് മാത്രമുണ്ടായിരുന്ന തന്നോട് ഷൂട്ടിംഗ് സമയത്ത് മുകേഷ് മോശമായി പെരുമാറുകയും വഴങ്ങാതെ വന്നപ്പോൾ മുകേഷിന്റെ റൂം തന്റെ റൂമിന് സമീപത്തേക്ക് മാറ്റുകയും ചെയ്‌തു. ഷൂട്ടിംഗ് സംഘത്തിലെ ഏക വനിതാ അംഗവുമായ തന്നെ നിരന്തരം ഹോട്ടല്‍ റൂമിലെ ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തുമായിരുന്നു. വിളികൾ കൂടിയതോടെ സഹപ്രവര്‍ത്തകരില്‍ ഒരാളുടെ റൂമില്‍ താമസിക്കേണ്ട അവസ്ഥവരെ ഉണ്ടായി. പിന്നീട് തന്റെ ബോസും തൃണമൂല്‍ കോണ്‍ഗ്രസ് എം പിയുമായിരുന്ന ഡെറെക് ഒ ബ്രയാൻ ഇടപെട്ടാണ് നടന്‍റെ ശല്യത്തില്‍നിന്നും രക്ഷപ്പെടുതിയത് എന്നായിരുന്നു ടെസ് ജോസഫിൻ്റെ വെളിപ്പെടുത്തൽ.

തനിക്കെതിരെ ആരോപണം ഉന്നയിച്ച കാസ്റ്റിംഗ് ഡയറക്ടറെ ഇതുവരെ കണ്ടിട്ടില്ലെന്നാണ് മുകേഷിൻ്റെ പ്രതികരണം. സിപിഎം എംഎൽഎയായ തന്നെ ലക്ഷ്യം വച്ചുകൊണ്ടുള്ള ആരോപണത്തിൽ രാഷ്ട്രീയ ഗൂഡാലോചനയുണ്ട്. 2018ൽ ആദ്യം പരാതി ഉന്നയിച്ചപ്പോൾ തന്നെ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരുന്നതായും നടൻ പറഞ്ഞു. നടൻ്റെ രാജി ആവശ്യപ്പെട്ട് കൊല്ലം പട്ടത്താനത്തുള്ള വീടിനു മുന്നിലും പ്രതിഷേധം ശക്തമായിരിക്കുകയാണ്. മഹിളാ കോൺഗ്രസ്, യുവമോർച്ച, മഹിള മോർച്ച, ആർഎസ്പി തുടങ്ങിയവരാണ് ഇന്ന് രംഗത്തെത്തിയിരിക്കുന്നത്. ഇന്നലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി വീടിന് മുന്നിലെത്തിയിരുന്നു. കഴിഞ്ഞ ദിവസം ചിന്നക്കടയിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി മുകേഷിൻ്റെ കോലം കത്തിച്ചിരുന്നു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.