വയനാട്:മുണ്ടക്കൈയില്‍ ബെയ്ലി പാലത്തിന്റെ നിര്‍മ്മാണം ഇന്ന് രാവിലെയോടെ പൂർത്തിയായി . ജെസിബിയും ഹിറ്റാച്ചിയും ആംബുലന്‍സുമെല്ലാം പോകാന്‍ ശേഷിയുള്ള കരുത്തുള്ള പാലമാണ് സൈന്യം സൈന്യം നിർമ്മിച്ചത് . മുണ്ടക്കൈയിലേക്കും അട്ടമലയിലേക്കും എത്താനുള്ള പ്രധാന പ്രതിസന്ധി പാലം ഒലിച്ചുപോയതായിരുന്നു. ബെയ്‌ലി പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതോടെ രക്ഷാദൗത്യത്തിന് വേഗം കൈവരും
വയനാട്:മുണ്ടക്കൈയില്‍ ബെയ്ലി പാലത്തിന്റെ നിര്‍മ്മാണം ഇന്ന് രാവിലെയോടെ പൂർത്തിയായി . ജെസിബിയും ഹിറ്റാച്ചിയും ആംബുലന്‍സുമെല്ലാം പോകാന്‍ ശേഷിയുള്ള കരുത്തുള്ള പാലമാണ് സൈന്യം സൈന്യം നിർമ്മിച്ചത് . മുണ്ടക്കൈയിലേക്കും അട്ടമലയിലേക്കും എത്താനുള്ള പ്രധാന പ്രതിസന്ധി പാലം ഒലിച്ചുപോയതായിരുന്നു. ബെയ്‌ലി പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതോടെ രക്ഷാദൗത്യത്തിന് വേഗം കൈവരും.
കണ്ണൂര്‍ പ്രതിരോധ സുരക്ഷാസേന (ഡി എസ് സി)യിലെ ക്യാപ്റ്റന്‍ പുരന്‍ സിങ് നഥാവത് ആണ് നിര്‍മ്മാണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത് . 17 ട്രക്കുകളിലായാണ് പാലം നിര്‍മ്മാണത്തിന്റെ സാമഗ്രികള്‍ വയനാട്ടിലേക്ക് എത്തിച്ചത്. പുഴയില്‍ പ്ലാറ്റ്‌ഫോം നിര്‍മ്മിച്ച് പാലത്തിന്റെ ബലമുറപ്പിക്കാനുള്ള തൂണ്‍ സ്ഥാപിച്ചാണ് നിര്‍മ്മാണം . പ്രധാന പാലത്തിന് സമാന്തരമായി മറ്റൊരു പാലം കൂടി നിർമ്മിക്കുന്നുണ്ട് . പ്രധാനപാലം വഴിയുള്ള വാഹന നീക്കങ്ങള്‍ക്ക് തടസ്സം നേരിടാതെ രക്ഷാപ്രവര്‍ത്തകര്‍ക്ക് നടന്നു പോകാന്‍ സഹായകമാകുന്ന നിലയിലാണ് ചെറിയ പാലം നിർമ്മിക്കുന്നത് .
സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനമാണ് വയനാട് മുണ്ടക്കൈയില്‍ നടക്കുന്നത്. ഇതുവരെയുള്ള തിരച്ചിലില്‍ 270 പേരുടെ ജീവനറ്റ ശരീരം കണ്ടെടുത്ത, കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തത്തെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് മുണ്ടക്കൈ-ചൂരല്‍മല നിവാസികള്‍.
വലിയ ചരിവുള്ള ദുര്‍ഘടമായ പ്രദേശങ്ങളില്‍ അടിയന്തരമായി പണിയുന്ന പാലമാണ് ബെയ്‌ലി പാലം. ദുരന്തനിവാരണത്തിനും സൈനികാവശ്യങ്ങള്‍ക്കുമാണ് ഇത്തരം പാലം നിര്‍മ്മിക്കുന്നത്. മുമ്പുതന്നെ നിര്‍മ്മിച്ചുവച്ച ഭാഗങ്ങള്‍ പെട്ടെന്നുതന്നെ ഇതു നിര്‍മ്മിക്കേണ്ട സ്ഥലത്തെത്തിച്ച് കൂട്ടിച്ചേര്‍ത്താണിതു നിര്‍മ്മിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായി ബെയ്‌ലിപാലം നിര്‍മ്മിച്ചത് സിവിലിയന്‍ ആവശ്യങ്ങള്‍ക്കായിട്ടായിരുന്നു. കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ റാന്നിയിലാണ് പമ്പാ നദിക്കു കുറുകെ ബെയ്‌ലി പാലം നിര്‍മ്മിച്ചത്. പമ്പാനദിക്കു കുറുകെയുള്ള, 36 വര്‍ഷം പഴക്കമുള്ള റാന്നി പാലം തകര്‍ന്നപ്പോഴാണ് പാലത്തിനു പകരം ഇത്തരം താത്കാലിക പാലം സൈന്യം നിര്‍മ്മിച്ചത്. 1996 നവംബര്‍ എട്ടിനായിരുന്നു റാന്നിയില്‍ സൈന്യം ബെയ്‌ലി പാലം നിര്‍മ്മിച്ചത്. അടുത്ത രണ്ടു മാസത്തേയ്ക്ക് ഈ പാലത്തിലൂടെയായിരുന്നു ഭാരം കുറഞ്ഞ വാഹനങ്ങള്‍ നദി കുറുകെക്കടന്നത്.
ഏറ്റവും ഉയരത്തില്‍ നിര്‍മ്മിക്കുന്ന ഉരുക്കുകൊണ്ടുള്ള സവിശേഷമായ പാലമാണിത്. ആദ്യമായി സൈനികാവശ്യത്തിനായി ഇത്തരം പാലം നിര്‍മ്മിച്ചത് കശ്മീരിലാണ്. ലഡാക്കിലെ ദ്രാസ് നദിക്കും സുറു നദിക്കുമിടയില്‍ ആണിത് നിര്‍മ്മിച്ചത്. അതിന് 30 മീറ്റര്‍ (98 അടി) നീളമുണ്ടായിരുന്നു. സമുദ്രനിരപ്പില്‍നിന്നും 5,602 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. ഇന്ത്യന്‍ ആര്‍മിയായിരുന്നു ഇത് സ്ഥാപിച്ചത്.
മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ദുരന്തത്തിൽ 225 പേരെ കാണാതായതായി റവന്യൂ വകുപ്പിൻ്റെ ഔദ്യോഗിക കണക്ക്. ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നു. മണ്ണിനടിയിൽ ജീവൻ്റെ സാന്നിധ്യമുണ്ടോ എന്ന പരിശോധന തുടരുകയാണ്. സൈന്യത്തിൻ്റെയും പൊലീസിൻ്റെയും പ്രത്യേകം പരിശീലനം ലഭിച്ച സ്നിഫർ നായ്ക്കളെ ഉപയോഗിച്ചാണ് തിരച്ചിൽ.
1592 പേരെ ഇതുവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 195 പേരെയാണ് ഇതുവരെ വിവിധ ആശുപത്രികളിൽ എത്തിച്ചത്. 90 പേർ ചികിത്സയിൽ തുടരുന്നുണ്ട്. ഇവരിൽ 11 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ പ്രദേശത്ത് ഒറ്റപ്പെട്ട് നിൽക്കുന്നവരെ പൂർണമായി കണ്ടെത്തി. മണ്ണിന് അടിയിൽപെട്ടവരെ കണ്ടെത്തനായിട്ടുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്. ഇതിനായി മണ്ണുമാന്തിയന്ത്രം എത്തിച്ചിട്ടുണ്ട്. ഉരുൾപൊട്ടലിനെ തുടർന്ന് പ്രദേശത്ത് അടിഞ്ഞുകൂടിയ മണ്ണ് നീക്കുന്നതിന് ആവശ്യമായ യന്ത്രസഹായം ലഭ്യമാകാത്തത് രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായിരുന്നു. മേപ്പാടിയിൽ നിന്നും സാഹസികമായി പുഴ മുറിച്ചുകടന്നാണ് ജെസിബി മുണ്ടക്കൈയില്‍ എത്തിച്ചത്.
തകര്‍ന്ന വീടുകളുടെ കോൺക്രീറ്റ് മേൽക്കൂരകള്‍ നീക്കംചെയ്യാനും മണ്ണ് നീക്കാനും കൂടുതല്‍ ഉപകരണങ്ങളില്ലാത്തത് രക്ഷാദൗത്യത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ചുറ്റിക ഉൾപ്പെടെ ഉപയോഗിച്ച് കോൺക്രീറ്റ് തകര്‍ത്ത് തടസം നീക്കി വളരെ പ്രയാസപ്പെട്ടാണ് സംഘം തിരച്ചിൽ തുടരുന്നത്. തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളുടെ ഇടയിലും അടിഞ്ഞുകൂടിയ ചെളിയുടെയും അടിയിലും ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് നിഗമനം.