വിശ്വാസത്തിന്റെ എല്ലാ നദികളും വിൻധം റിസോർട്ടിലെ ''പാരഡൈസ് '' ''ലാങ്കസ്റ്റർ'' കോൺഫറൻസ് ഹാളുകളിലെ വിശുദ്ധിയുടെ സമുദ്രത്തിൽ ലയിക്കുന്ന അനുഭവത്തിനാണ് മൂന്നാം ദിനം സാക്ഷ്യം വഹിച്ചത് . ആത്മീയ നിറവിലൂറിവന്ന ഭക്തിസാന്ദ്രതയുടെ നീരുറവ വിശ്വാസത്തിന്റെ നദിയിൽ ലയിച്ച് മൂല്യങ്ങളുടെ സമുദ്രത്തിലേക്ക് ചെന്നെത്തുകയായിരുന്നു.
ലാങ്കസ്റ്റർ (പെൻസിൽവേനിയ): വിശ്വാസത്തിന്റെ എല്ലാ നദികളും വിൻധം റിസോർട്ടിലെ ''പാരഡൈസ് '' ''ലാങ്കസ്റ്റർ'' കോൺഫറൻസ് ഹാളുകളിലെ വിശുദ്ധിയുടെ സമുദ്രത്തിൽ ലയിക്കുന്ന അനുഭവത്തിനാണ് മൂന്നാം ദിനം സാക്ഷ്യം വഹിച്ചത് . ആത്മീയ നിറവിലൂറിവന്ന ഭക്തിസാന്ദ്രതയുടെ നീരുറവ വിശ്വാസത്തിന്റെ നദിയിൽ ലയിച്ച് മൂല്യങ്ങളുടെ സമുദ്രത്തിലേക്ക് ചെന്നെത്തുകയായിരുന്നു. ആത്മബോധത്തിന്റെ സമുദ്രത്തിലേക്ക് മിഴിതുറന്ന മൂന്നാം പകൽ വിശ്വാസികളുടെ ആത്മ വിശുദ്ധിയിൽ ധന്യമാവുകയും ചെയ്തു. വിൻധം റിസോർട്ട് സാക്ഷ്യം വഹിച്ചത് ആത്മ വിശുദ്ധീകരണത്തിന്റെ സാക്ഷാത്കാരത്തിനും വരാൻ പോകുന്ന തലമുറകളുടെ വിശ്വാസത്തെ.
ശീമാ നമസ്‌കാരത്തിനു ശേഷം മലയാളത്തിൽ ഫാ. ബോബി വറുഗീസും ഇംഗ്ലീഷിൽ കൃപയാ വർഗീസും ധ്യാനപ്രസംഗങ്ങൾ നടത്തി. ഗായക സംഘാംഗങ്ങളുടെ ഗാനാലാപനത്തെ തുടർന്ന് ജോയിന്റ് ട്രഷറാർ ഷോൺ എബ്രഹാം ഈ ദിവസത്തെ അപ് ഡേറ്റുകൾ നൽകി.
മൂന്നാം ദിവസം ടെക്‌സസിൽ നിന്നെത്തിയ ഫാ. ജോയൽ മാത്യുവിന്റേതായിരുന്നു. പല കോൺഫറൻസുകളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ലാങ്കസ്റ്ററിലെ ഈ കോൺഫറൻസ് മികവുകൊണ്ട് ഏറ്റവും മനോഹരമായിരിക്കുന്നു. ആത്മീയമായ പല കോൺഫറൻസുകളിൽ പങ്കെടുത്തിട്ടുള്ള ഒരാളോട് ഈയിടെ ചോദിച്ചപ്പോഴുണ്ടായ മറുപടി സദസിലുള്ളവരെ ചിരിപ്പിച്ചുകൊണ്ടാണ് ജോയൽ അച്ചൻ പറഞ്ഞത്. ''പക്ഷെ ഒരു മാറ്റവും താങ്കളിൽ കാണുന്നില്ലല്ലോ?''
ഫാ. ഡോ. വർഗീസ് വർഗീസ് (മീനടം)- രണ്ടാം ദിവസത്തെ പ്രഭാഷണ പരമ്പരക്കായി ഷോൺ എബ്രഹാം ക്ഷണിച്ചു. ''ദൈവിക ആരോഹണത്തിന്റെ ഗോവണി''യെ എല്ലാവർക്കും മനസിലാവുന്ന ഭാഷയിൽ അച്ചൻ സവിസ്തരം സംസാരിച്ചു. മുകളിലുള്ളത്- സ്വർഗത്തിലുള്ളത്- എന്ന് പറഞ്ഞാൽ things in the new age (പുതിയ കാലഘട്ടത്തിലെ കാര്യങ്ങൾ )എന്നാണർഥം .ഇതിന് ഉപോൽബലകമായി 2 വ്യാഖ്യാനങ്ങളാണ് സഭ നൽകുന്നത് . ഒന്ന് -സ്വർഗത്തെയും മനുഷ്യനെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഈ ഏണി (അഥവാ സ്ലീബാ) രണ്ട് -അമ്മ (മാതാവ് മറിയം) നമ്മോടൊപ്പമുണ്ട്. ഇതൊരു പുതിയ ലോകമാണ്, സമയമാണ്, ക്രമമാണ്. ക്രമം എന്നാൽ തക്‌സാ (new order). ദൈവത്തെ പഠിപ്പിക്കുന്നതല്ല പ്രാർത്ഥന. 3 പള്ളികളാണ് മനുഷ്യർക്കുള്ളത്.
(1) ഈത്തോത് സഗ -സ്വർഗത്തിലെ പള്ളി
(2) ഈത്തേത് അറവേ - ഭൂമിയിലെ പള്ളി
(3)ഈത്തേത് ലേബോ -ഹൃദയത്തിലെ പള്ളി
ഗഹനമായ കാര്യങ്ങളെ കോർത്തിണക്കി, എല്ലാവരെയും ചേർത്ത് ചോദ്യങ്ങളും ചോദിച്ച് അവതരിപ്പിക്കുമ്പോൾ അവ ഹൃദയങ്ങളിൽ പതിയാറുണ്ട്. അതാണ് അച്ചൻ ഇവിടെ ഇപ്പോൾ അവതരിപ്പിച്ചതും. ഉത്തമഗീതം 2:11 ഉദ്ധരിച്ച് പുനഃസ്ഥാപിക്കൽ, പുനരുദ്ധാനം, വീണ്ടെടുപ്പ് എന്നീ ദുർഗ്രഹ കാര്യങ്ങളെ ലളിതമാക്കാനുള്ള അച്ചന്റെ ശ്രമങ്ങൾ വിജയിച്ചതായി സദസ്സും സാക്ഷ്യപ്പെടുത്തി.
''ഫോക്കസി''നുവേണ്ടി ഫാ. സെറാഫിം മജ് മുദാറും MGOCSM നു വേണ്ടി ഫാ. ജോയൽ മാത്യുവും സൺഡേ സ്കൂൾ കുട്ടികൾക്കായി അഖിലാ സണ്ണിയും ഫാ. സുജിത് തോമസും ക്‌ളാസുകൾ നയിച്ചു.
തുടർന്ന് ഗ്രൂപ്പ് ഡിസ്കഷനായിരുന്നു. നമസ്‌കാരങ്ങൾക്ക് ശേഷം ഫോട്ടോ സെഷൻ. റിസോർട്ടിന് പുറത്ത് എല്ലാവരും ഒത്തുകൂടി. ഉച്ചയ്ക്ക് ശേഷം വിവിധ വിഷയങ്ങളിൽ ഡോ. ജോയിസി ജേക്കബ്, ഫാ. ഡോ. വർഗീസ് വർഗീസ് (മീനടം), ഫാ. റ്റോബിൻ മാത്യു, ഫാ. സെറാഫിം മജ് മുദാർ, ഫാ. ജോയൽ മാത്യു, ഫാ. ഡോ. എബി ജോർജ്, ഫാ. അനൂപ് തോമസ്, അഖിലാ സണ്ണി, ഫാ. സുജിത് തോമസ് എന്നിവർ ക്‌ളാസുകൾ എടുത്തു .
പിന്നീട് സൺഡേ സ്കൂൾ സമാപന സമ്മേളനം.
സമാപന സമ്മേളനത്തിൽ സഖറിയാ മാർ നിഖളാവോസ് മെത്രാപ്പോലീത്താ, ഫാ. ഡോ. വർഗീസ് വർഗീസ് (മീനടം), ഫാ. അബു പീറ്റർ തുടങ്ങിയവർ സംസാരിച്ചു.
80 കഴിഞ്ഞവരെ ആദരിക്കുന്ന ചടങ്ങും ഉണ്ടായിരുന്നു. മുൻ ഫാമിലി കോൺഫറൻസ് പ്രവർത്തകരായ ഫാ. സണ്ണി ജോസഫ്, ജോബി ജോൺ, മാത്യു ജോഷ്വ, ചെറിയാൻ പെരുമാൾ എന്നിവരെ ആദരിച്ചു.
ഫാമിലി കോൺഫറൻസ് കോർ ടീം അംഗങ്ങൾ, ഭദ്രാസന കൗൺസിൽ അംഗങ്ങൾ, സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ വേദിയിൽ ഉപവിഷ്ടരായിരിക്കെ റാഫിൾ ടിക്കറ്റിന്റെ വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു.
മൂന്നാം സമ്മാനമായ ആപ്പിൾ വാച്ചുകൾ യഥാക്രമം അലക്സ് പോത്തൻ, ഡോ. ജോയിസി ജേക്കബ്, തോമസ് പുരയ്‌ക്കൽ എന്നിവർക്കും രണ്ടാം സമ്മാനമായ ഒരൗൺസ് സ്വർണം യഥാക്രമം ഷോൺ എബ്രഹാമിനും ബിന്ദു മാത്യുവിനും, ഒന്നാം സമ്മാനമായ പതിനായിരം ഡോളർ (വെക്കേഷൻ പാക്കേജ്) പ്രേംസി ജോണിനും ലഭിച്ചു. റാഫിൾ കോർഡിനേറ്റർ മാത്യു വർഗീസ്, ജോയിന്റ് സെക്രട്ടറി ഷിബു തരകൻ, ഫിനാൻസ് മാനേജർ ജോൺ താമരവേലിൽ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
തുടർന്ന് സുവനീർ സ്പോൺസർമാരെ ആദരിക്കുന്ന ചടങ്ങായിരുന്നു. ഡയമണ്ട് സ്പോൺസറായി ആറ് പേരും, ഗോൾഡ് സ്പോൺസറായി 30 പേരും, ഗ്രാൻഡ് സ്പോൺസറായി 26 പേരും മുന്നോട്ട് വന്നിരുന്നു. എല്ലാവർക്കും മൊണാസ്റ്ററി ഐക്കോണുകൾ നൽകി.
ട്രഷറാർ മാത്യു ജോഷ്വ എല്ലാവർക്കും കൃതജ്ഞത അർപ്പിച്ചു. ജാസ്മിൻ ജോർജ്, ഐറിൻ ജോർജ്, ഷോൺ എബ്രഹാം എന്നിവരായിരുന്നു എം. സിമാർ.
ഗായകസംഘത്തിന്റെ പാട്ടുകൾക്ക് ശേഷം നമസ്കാര റിട്രീറ്റും, കുമ്പസാരവും നടന്നു. ശുശ്രൂഷകർക്കുള്ള പഠനകളരി വൈകുന്നേരം 8 മണിക്ക് ഫാ. ടോബിൻ മാത്യു, ഫാ. അനൂപ് തോമസ് എന്നിവരുടെ നേതൃത്വത്തിലും നടന്നു.
മൂന്നാം ദിവസം ആത്മീയ പ്രഭാഷണങ്ങളാലും, യാമ പ്രാർത്ഥനകളാലും, ധ്യാന നിമഗ്നമായ അന്തരീക്ഷത്തിലും മുഖരിതമായിരുന്നു. ആത്മീയത ഓരോ വിശ്വാസിയും തിരിച്ചറിഞ്ഞ നിമിഷങ്ങൾ കോൺഫറൻസിന് മാറ്റ് കൂട്ടി. വിശ്വാസത്തിൽ കൂടി ദൈവിക സത്യങ്ങളെ മനസിലാക്കുകയും, അംഗീകരിക്കുകയും ചെയ്യുവാനുതകുന്ന ദീപ്തിമത്തായ ധ്യാനയോഗങ്ങളും, ചർച്ചാ ക്‌ളാസുകളും കൊണ്ട് മൂന്നാം ദിവസമായ വെള്ളിയാഴ്ച്ച സമ്പന്നവും സജീവവുമായിരുന്നു.