PRAVASI

നീതി ആയോഗിനെതിരായ മമതയുടെ നിലവിളി

Blog Image
ദൂർത്തടിക്കാനും കുടുംബം വളർത്താനും കോടതിയെ കൂട്ടുപിടിക്കുന്ന കേരളവും ചുരുങ്ങിയ പക്ഷം തമിഴ്‌നാടിന്റെ പിൻവാതിൽ ബന്ധമെങ്കിലും മാതൃകയാക്കണമായിരുന്നു. തെരഞ്ഞെടുപ്പോടെ അവസാനിപ്പിക്കേണ്ട കക്ഷി രാഷ്ട്രീയം സാമാന്യ ജനങ്ങൾക്ക് ലഭിക്കേണ്ട ന്യായമായ ആനുകുല്യങ്ങളെ നിഷേധിക്കുന്നതിലൂടെ നിലവിളിച്ചും ബഹിഷ്കരിച്ചും ആഘോഷിക്കുന്നത് അന്യായമാണ്.

ഇന്ത്യയുടെ വികസന സ്വപ്നങ്ങൾക്ക്  ആറു പതിറ്റാണ്ടിലേറെക്കാലമായി  നിറവും ചിറകുകളും നല്കിവന്നിരുന്ന ആസൂത്രണ കമ്മീഷന് അറുതി വരുത്തിക്കൊണ്ടാണ്  2015 ജനുവരി ഒന്നുമുതൽ നീതി ആയോഗ് നിലവിൽ വരുന്നത്.
സ്വാതന്ത്ര്യാനന്തരം സോവിയറ്റ് യൂണിയന്റെ വികസന മാതൃകകൾ മനസ്സാവരിച്ച ഇന്ത്യൻ പ്രധാന മന്ത്രി നെഹ്‌റു ഇന്ത്യയുടെ കാർഷിക വ്യാവസായിക വിദ്യാഭ്യാസ മേഖലകളുടെ വികസനത്തിനായി സോവിയറ്റ് മാതൃകയിലുള്ള പഞ്ചവത്സര പദ്ധതികൾക്കാണ് തുടക്കം കുറിച്ചത്.
ദീർഘ നാളത്തെ കോളനി വാഴ്‌ച്ച മുച്ചൂടും നശിപ്പിച്ച ഒരു രാജ്യത്തിന്റെ അനായാസമല്ലാത്തൊരു പുനർ നിർമ്മിതിയാണ് സോവിയറ്റ്മോ മോഡലിലൂടെ നെഹ്‌റു ആഗ്രഹിച്ചതെങ്കിലും ഇന്ത്യയോടൊപ്പം രാഷ്ട നിർമ്മാണം ആരംഭിച്ച തെക്കൻ കൊറിയയുടെയോ യുദ്ധാനന്തര ജപ്പാന്റെയോ അടുത്തുപോലും എത്താൻ ഇന്ത്യൻ സമ്പത് ഘടനക്കു ഒരിക്കലും സാധിച്ചില്ല. ഗാന്ധിജിയുടെ ഗ്രാമ സ്വരാജോ മത്സരാധിഷ്ഠിത ബ്രിട്ടീഷ് ഉത്പാദക മാതൃകകളോ നിരാകരിച്ചു പൊതു മേഖലക്ക് അമിത പ്രാധാന്യം നൽകി കോൺഗ്രസ് ആരംഭിച്ച സാമ്പത്തിക നയങ്ങൾ വൻ സ്വകാര്യ സംരംഭങ്ങളെയും ബാങ്കുകളെയും വരെ ദേശസാൽക്കരിച്ചു പൊതു സ്വത്താക്കിയെങ്കിലും അവിടങ്ങളിൽ പിടിമുറുക്കിയ കെടുകാര്യസ്ഥതയും ട്രേഡ് യൂണിയൻ അധീശത്വവും ഉദ്ദേശിച്ച ഫലങ്ങൾ സമ്മാനിച്ചില്ല. ഇടയ്ക്കുവന്ന കോൺഗ്രസ് ഇതര സർക്കാരുകൾക്കും ബദലായി ഒരു സാമ്പത്തിക നയം മുന്നോട്ടുവയ്ക്കാൻ കഴിയാതെ ഒരു ഘട്ടത്തിൽ ഇന്ത്യയുടെ കരുതൽ ശേഖരമായ സ്വർണ്ണം വിദേശത്തു പണയം വയ്‌ക്കേണ്ട ദുഃസ്ഥിതിയിൽ വരെ കാര്യങ്ങൾ എത്തിക്കേണ്ടിവന്നു.
കേന്ദ്രികൃതമായ ഒരു ആസൂത്രണ കമ്മീഷൻ കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ താത്പര്യം അനുസരിച്ചു വികസന പദ്ധതികളും ധനവിനിയോഗവും സംസ്ഥാനങ്ങളിലേക്ക് അടിച്ചേൽപ്പിക്കുന്നതും പ്രാദേശിക അസന്തുലിതാവസ്ഥകൾ പരിഗണിക്കാതെയുമുള്ള രീതികൾ സോവിയറ്റ് യൂണിയൻ എന്ന രാഷ്ടത്തിന്റെ തന്നെ നിലനിൽപ്പിനെ ഇല്ലാതാക്കിയിട്ടും ഇന്ത്യയുടെ ധനകാര്യ മന്ത്രാലയമോ ഭരിക്കുന്ന പാർട്ടിയോ പുതിയൊരു മാറ്റത്തെപ്പറ്റി പി.വി. നരസിംഹ റാവു പ്രധാനമന്ത്രി ആകുന്നതുവരെ ആലോചിച്ചില്ല.
വികസനത്തിന്റെ തോതും സങ്കൽപ്പവും നിർണ്ണയിക്കുന്ന അളവുകോലുകളും ഈ കാലയളവുകളിൽ വല്ലാതെ മാറിയിരുന്നു.
പ്രതിശീർഷ വരുമാനവും ദേശിയ വരുമാനവും ഒക്കെ അടിസ്ഥാനമാക്കി ഒരു രാജ്യത്തിന്റെ വികസനം കണക്കാക്കുന്ന രീതി ജി.ഡി. പിയുടെയും നിരവധി ഇൻഡക്സ് കളുടെയും അടിസ്ഥാനത്തിൽ പുനഃക്രമീകരിക്കുന്ന വികസന മാതൃകകളിലേക്കു ലോകം തന്നെ മാറുകയും ചെയ്തു.
പൊതുമേഖലയെ മാത്രം ആശ്രയിച്ചും ക്യാപ്പിറ്റലിസ്റ്റു വിരോധം വിളിച്ചു കൂകിയും മാത്രം ഇന്ത്യക്കു വളരുവാൻ കഴിയില്ല എന്ന് മനസ്സിലാക്കി ഇന്ത്യയിൽ പുതിയൊരു സാമ്പത്തിക പരിഷ്കരണത്തിന് തുടക്കം കുറിച്ചത് പ്രധാനമന്ത്രി റാവുവും ലോകബാങ്കിൽ പ്രവർത്തിച്ച പരിചയവും ധനകാര്യ വൈദഗ്ധ്യവും കൈമുതലായുണ്ടായിരുന്ന ധനമന്ത്രി മൻമോഹൻ സിംഗുമായിരുന്നു. ആ പരിഷ്കരണങ്ങൾ കൂടുതൽ ദീര്ഘ വീക്ഷണത്തോടെ ഏറ്റെടുത്ത് 2014ൽ അധികാരത്തിലെത്തിയ നരേന്ദ്ര മോദി സർക്കാരായിരുന്നു. അങ്ങനെയാണ് ആസൂത്രണ ബോർഡ് നീതി ആയോഗ് ആയി മാറിയത്.
സമഗ്ര മേഖലകളെയും സമാശ്ലേഷിക്കുന്ന വികസനത്തിന്റെ നൂതനമായ ഒരു സങ്കല്പത്തിലൂടെ ഇന്ത്യയെ പുനർനിർമ്മിക്കുക അതാണ് നിതി ആയോഗിന്റെ ആമുഖ വാക്യം. 
പ്രധാനമന്ത്രിക്ക് താഴെ ഉപാധ്യക്ഷനായി ഒരു രാഷ്ട്രീയ നേതാവ്  എന്ന ആസൂത്രണ രീതി മാറി പൊതുജനാരോഗ്യം വിദ്യാഭാസം ധനകര്യം നിർമ്മിത ബുദ്ധി അടിസ്ഥാന വികസനം വ്യവസായം തുടങ്ങിയ മേഖലകളിലെ ലോകോത്തര വിഷയ വിദഗ്ധരായ നാല് മുഴുവൻ സമയ അംഗങ്ങളും 15 കേന്ദ്ര ക്യാബിനറ്റ് മന്ത്രിമാരും പ്രാവീണ്യം തെളിയിച്ച ഏതാനും പ്രതിഭകളും ഉൾപ്പെടുന്നതാണ് പുതിയ സമിതി. പ്രധാന മന്ത്രി അധ്യക്ഷനായ നീതി ആയോഗിൽ രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരും കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണാധികാരികളും ഉൾപ്പെടുന്നു.
ഓരോ സംസ്ഥാനത്തെയും ജനസംഖ്യയെ അടിസ്ഥാനമാക്കി ധന വിനിയോഗം നിശ്ചയിക്കുന്ന മുൻരീതി അവസാനിപ്പിച്ച് ഓരോ സംസ്ഥാനത്തിന്റെയും വികസന സാധ്യതകളും മത്സര മികവും കാര്യക്ഷമതയും അടിസ്ഥാനമാക്കി തുകകൾ വകയിരുത്തുക എന്ന നവീന ആസൂത്രണ മാതൃകയാണ് അവലംബിക്കുക.
സംസ്ഥാനങ്ങളിൽ അവിടത്തെ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കു അനുസൃതമായ പദ്ധതികൾ നേരത്തെതന്നെ ബന്ധപ്പെട്ട വിദഗ്ധ സമിതിയുടെ സഹകരണത്തോടെ ചർച്ച ചെയ്തു സ്ഥിരീകരിക്കുക എന്ന മാറ്റവും പുതിയ പദ്ധതിയുടെ ഭാഗമാണ്.
രാജ്യത്തിന്റെ വികസന സങ്കൽപ്പം തന്നെ മാറ്റിമറിച്ച പുതിയ രീതിയിൽ സംസ്ഥാന വൈദ്യുതി ബോർഡിന്റെയോ ട്രാൻസ്‌പോർട് കോര്പറേഷന്റെയോ നഷ്ടം എഴുതി തള്ളാൻ വകയിരുത്തലുകൾ ഉണ്ടാകില്ല. അത്തരം മേഖലകളിൽ സേവനം നല്കാൻ ഒന്നിലധികം ഏജൻസികൾ ഉണ്ടാക്കുകയും അവയുടെ പരസ്പര മത്സരത്തിലൂടെ മെച്ചപ്പെട്ടതും ചെലവ് കുറഞ്ഞതുമായ സേവനം ഉറപ്പുവരുത്തി പൊതു ധനം സംരക്ഷിക്കേണ്ടിയും വരും.
മുൻ കേന്ദ്ര മന്ത്രിയും ഒരു സംസ്ഥാനത്തിന്റെ മുഖ്യ മന്ത്രിയുമായ മമത ബാനർജി പദ്ധതി വിഹിതം നിജപ്പെടുത്തേണ്ട നിതി ആയോഗ് യോഗത്തിൽ ബന്ധപ്പെട്ട രേഖകളുമായി ഹാജരായി സംസ്ഥാന വിഹിതം ഉറപ്പു വരുത്തുന്നതിന് പകരം സംവിധാനത്തെ ആകെ പൊളിച്ചടുക്കണം എന്നാവശ്യപ്പെടുന്നു.
വിരലിലെണ്ണാവുന്ന കോൺഗ്രസ് മുഖ്യ മന്ത്രിമാർ കേന്ദ്ര ഭരണം കിട്ടാത്തതിൽ അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന നയം സ്വീകരിച്ചു മാറിനിൽക്കുന്നു.
മിഷൻ ഭഗീരഥ എന്ന വികസന പദ്ധതി നീതി ആയോഗിന്റെ നിരീക്ഷണത്തിൽ നടപ്പിലാക്കി അവരുടെ പ്രത്യേക അവാർഡ് വാങ്ങിയ ബിജെപി ഇതര മുഖ്യമന്ത്രി ഭരിച്ചിരുന്ന തെലുങ്കാനയിൽ ഇപ്പോൾ ആ വികസന തുടർച്ചയെ രാഷ്ട്രീയ ലക്ഷ്യത്താൽ അട്ടിമറിക്കുന്നു.
ദൂർത്തടിക്കാനും കുടുംബം വളർത്താനും കോടതിയെ കൂട്ടുപിടിക്കുന്ന കേരളവും ചുരുങ്ങിയ പക്ഷം തമിഴ്‌നാടിന്റെ പിൻവാതിൽ ബന്ധമെങ്കിലും മാതൃകയാക്കണമായിരുന്നു. തെരഞ്ഞെടുപ്പോടെ അവസാനിപ്പിക്കേണ്ട കക്ഷി രാഷ്ട്രീയം സാമാന്യ ജനങ്ങൾക്ക് ലഭിക്കേണ്ട ന്യായമായ ആനുകുല്യങ്ങളെ നിഷേധിക്കുന്നതിലൂടെ നിലവിളിച്ചും ബഹിഷ്കരിച്ചും ആഘോഷിക്കുന്നത് അന്യായമാണ്.


സുരേന്ദ്രൻ നായർ

 സുരേന്ദ്രൻ നായർ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.