PRAVASI

നമ്മുടെ രക്ഷ നമ്മുടെ കൈകളിലാണ്

Blog Image
ഡ്രൈവർമാരോട് ഒരപേക്ഷ ഉണ്ട്. കാലാവസ്ഥ പ്രതികൂല സാഹചര്യങ്ങളിൽ നമ്മുടെ നാട്ടിൽ ആയാലും അല്പം സ്ഥലം കിട്ടുന്നിടത്തു ചുറ്റുപാടത്തെ സാഹചര്യങ്ങൾ വിലയിരുത്താതെ വിശ്വാസത്തിൽ എടുത്തു വാഹനം പാർക്ക്‌ ചെയ്യരുത്. വെട്ടി മുറിക്കപ്പെട്ടതും, പെടാത്തതും ആയ ഒരു മലനിരയും ഇപ്പോളത്തെ വന നശികരണവും മറ്റു പ്രക്രിയകളും മൂലം സുരക്ഷിതമല്ല എന്നോർക്കുക.  നമ്മുടെ രക്ഷ നമ്മുടെ കൈകളിലാണ്.

ഷിരൂർ ഗംഗാവാലി എഴുതാൻ പലതവണ എടുത്തിട്ടും ഒഴിവാക്കിയതാണ്‌ എങ്കിലും നിലവിലെ ചർച്ചകളും ഫേസ്ബുക് ബഹളവും കണ്ടിട്ട് എഴുതാതെ പോക വയ്യ.NH 66 ഇൽ നിർമ്മിക്കാൻ ഏറെ ബുദ്ദിമുട്ട് നേരിട്ട ഭാഗങ്ങളിൽ പ്രധാനി ആണ് ഈ സ്‌ട്രെച്ച്. ചെങ്കുത്തായ മലനിര ഒരുവശത്തു അതും ഉറപ്പുള്ള പാറയുടെ സാന്നിധ്യം പൊതുവെ കുറഞ്ഞ, വെള്ള പാറകൾ ചെമ്മണ്ണിൽ പൊതിഞ്ഞ ഉയർന്ന മലനിരകളാണിവിടെ 289 മീറ്റർ ആണ് മലയുടെ പീക്ക് പോയിന്റിന്റെ പൊക്കം ഈ ഭാഗത്ത്. എന്നാൽ മറുവശത്തോ മിക്കപ്പോളും കരകവിയുന്ന ഏതാണ്ട് 150m മുതൽ 485m വരെ വിസ്ത്രിതിയിൽ പലഭാഗത്തും ഒഴുകുന്ന  ഗംഗവാലി നദി. അപകടം നടന്ന ഭാഗത്തു 209m ആണ് സ്വാഭാവിക നദിയുടെ വീതി. എന്നാൽ അപകടം നടന്ന സമയങ്ങളിൽ ഈ വീതി 252m വരെ ആയിട്ടുണ്ടായിരുന്നു എന്നുള്ളതാണ്. നദിയുടെ സ്വാഭാവിക നിരപ്പിൽ നിന്നും ആദ്യത്തെ തട്ടിലെ റോഡ് 11അടി പൊങ്ങി ആണ് നിക്കുന്നത് രണ്ടാമത്തെ പുതിയ റോഡ് ആദ്യ റോഡിൽ നിന്നും ഏതാണ്ട് 9അടി ഉയർന്നു നിക്കുന്നു. ഇടയ്ക്കു മലയുടെ അവശേഷിക്കുന്ന ഭാഗം അങ്ങനെ തന്നെ നിൽപ്പുണ്ട്.

ഈ റോഡിന്റെ അരികിലായി നിക്കുന്ന മല 289m പൊക്കത്തിൽ ഏതാണ്ട് വളരെ ചെറിയ ചരിവിൽ(slope )ഏതാണ്ട് ചെങ്കുത്തായി നിൽക്കുന്നു എന്ന് തന്നെ പറയാം. ഈ മലയുടെ ഏതാണ്ട് 190m മുകളിൽ നിന്നും ആണ് മഴയിൽ കുത്തനെ മലയിടിച്ചിൽ നടന്നത്. ശരവേഗത്തിൽ ടൺ കണക്കിന് പാറയും, വെള്ളവും മൺകൂനയും അതിശക്തമായി പതിച്ചു ഏതാണ്ട് 150m ഓളം പുതിയ റോഡിനെ മൂടിക്കൊണ്ട് താഴത്തെ റോഡും മുറിച്ചുകൊണ്ട് നദിയിലേക്ക് പതിച്ചു. ഒപ്പം 17500കിലോ lpg ലോഡുമായി വന്ന് ആ ഭാഗത്തു പാർക്ക്‌ ചെയ്തിരുന്ന ഏതാണ്ട് 22ടണ്ണോളം വരുന്ന രണ്ടു ബുള്ളറ്റ് ടാങ്കറുകൾ  അടിച്ചു തെറിപ്പിച്ചു നദിയിലേക് എറിഞ്ഞു. നദിയിൽ ഏതാണ്ട് 5m ഓളം പൊക്കമുള്ള ഒരു കൂനയും ഉണ്ടാക്കി. ഇതാണ് വാക്കുകളിൽ പറഞ്ഞാൽ ഏതാണ്ട് ആ മലയിടിച്ചിലിന്റെ തീവ്രത. ടാങ്കറുകൾ കണ്ടെടുത്തപ്പോൾ ആ ഭാഗത്തെങ്ങും ലോറി കണ്ടില്ല എന്നതാണ് ലോറി ഒലിച്ചുപോയില്ല എന്ന നിഗമനത്തിലേക്കു ഉള്ള ഏക ചൂണ്ടുവിരൽ.അതിനും ഉറപ്പു പറയാനാകില്ല ആർക്കും കണ്ടെത്തുന്നത് വരെ. നീളം കുറഞ്ഞ ഉരുളൻ തടികൾ കുറുകെ കയറ്റി കെട്ടി മുറുക്കിയതാണ് വാഹനത്തിലെ ലോഡ് എന്നത് പ്രത്യേകം ശ്രദ്ധിക്കുക.ദയവ് ചെയ്തു വണ്ടിയുടെ ലോഡും, വണ്ടിയുടെ ബ്രാൻഡും പറഞ്ഞു അമിതമായി പൊലിപ്പിക്കരുത്. 190m ഉയരത്തിൽ നിന്നും ഒരു കിലോ ഉള്ള ഒരു കല്ല് വീണാൽ തീവ്രത എത്ര (kE=PE=1*9.8*190=1862ജൂൾസ്  ഇനി ഒരു ടൺ ഭാരം ഉള്ള വസ്തു വീണാൽ താഴെ എത്തുമ്പോൾ ഉള്ള ഊർജ്ജം എത്രയാകും? 18,62,000ജൂൾസ് )ഉണ്ടാകും എന്നോർക്കുക. അപ്പോളാണ് ടൺ കണക്കിന് ഭാരമുളള വസ്തുക്കൾ ഈ ഉയരത്തിൽ നിന്നും വന്ന് പതിച്ചപ്പോൾ  ലോറിയുട ബ്രാൻഡും, ഭാരവും ചേർത്ത് ക്ളീഷേ കഥകൾ നാം മിനഞ്ഞു പറയുന്നത്. ബുള്ളറ്റ് ടാങ്കർ പോലെ വെള്ളത്തിൽ ഇതു പൊങ്ങിനിക്കില്ല, ചെളിയിൽ പുതയും എന്നുള്ള സാധ്യത കൂടി പരിഗണിച്ചേ മതിയാകു. അടുത്ത കഥ ac ഉള്ളോണ്ട് ഓക്കെ ആണെന്നാണ്. ഓക്സിജൻ ഇല്ലാതെ എഞ്ചിൻ പ്രവർത്തിക്കുമോ?  പുക എങ്ങോട് പോകും? ഇതൊന്നുമില്ലാതെ എ സി പ്രവർത്തിക്കുമോ?കഷ്ടം ആണ്  മീഡിയയിൽ ഇങ്ങനൊക്കെ പറയുന്നത് .

പിന്നെ രക്ഷ പ്രവർത്തനം. അത് ഇന്ത്യയിലെ ഏറ്റവും സാക്ഷര സമ്പന്നതയുള്ള കേരളത്തിലെ പോലെ ഇന്ത്യയിൽ മറ്റൊരു സ്റ്റേറ്റിലും നോക്കരുത് എന്നുള്ള ബാലപാഠം ഇനിയേലും നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. ഒപ്പം ഇത്രേം പറഞ്ഞെന്നു വെച്ച് കേരളം ഇക്കാര്യത്തിൽ ഏതോ വലിയ സംഭവം ആണെന്ന് ദയവ് ചെയ്തു തെറ്റിദ്ധരിക്കരുത്. വാസ്തവം അതല്ല. എമ്പതി കൂടുതൽ കാണിക്കും ഒറ്റക്കെട്ടായി ഉള്ള അറിവിൽ പൊരുതും എന്നെ ഉള്ളു. ഏറെ ദൂരം നമുക്ക് മെച്ചപ്പെടേണ്ടതുണ്ട്.പിന്നെ ഇവിടുത്തെ പോലെ ഇൻവെസ്റ്റിഗറ്റീവ് ജേർണലിസ മാത്സര്യം അത്ര തീവ്രമല്ല മറ്റു പല സ്റ്റേറ്റുകളിലും. ഓരോ സ്റ്റേറ്റും അവരുടെ രീതിയിൽ അവരുടെ സിസ്റ്റം അനുസരിച്ചേ ചെയ്യൂ. നമ്മളും അങ്ങനെ തന്നെയാണ് എന്നോർക്കുക.. ഈ കാര്യത്തിൽ അല്പം കൂടി മുന്നിൽ ആണെന്നെ പറയാനുള്ളു. ബാക്കി മിക്കത്തിലും ലോക തോൽവിയുമാണ്.


അതിശക്തമായ കാറ്റു മഴ. തുടർ ഉരുളപൊട്ടൽ, മലയിടിച്ചിൽ വെള്ളപ്പൊക്ക സാധ്യത നിലനിൽക്കുന്നു എന്നത് ആദ്യ രണ്ടു ദിവസങ്ങളിൽ കാര്യമായ തടസ്സങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് എങ്കിലും തുടക്കത്തിലേ അലസമനോഭാവം എടുത്തു പറയേണ്ടത് തന്നെ. റോഡിന്റെ വളവുള്ള ഈ ഭാഗത്തെ റോഡ് alignment പോലും തിരിച്ചറിയാൻ സാധിക്കാത്ത വിധം എല്ലാം മൂടപ്പെട്ടിരുന്നു എന്നത് വസ്തുത. 
കേരളീയൻ ഇവിടുത്തെ മലയിടിച്ചിൽ വെച്ച് അവിടെ നടന്നത് മനസുകൊണ്ട് കണക്കു കൂട്ടരുത്. ആനയും ആടും തമ്മിലുള്ള വ്യത്യാസം പോലെ ഭീമമാണ് അവിടെ നടന്നത്. ഒരു നാടൻ ബോംബും ആറ്റം ബോംബും പൊട്ടുന്ന വ്യത്യാസം ഉണ്ടതിൽ. രഞ്ജിത്ത് പോയിട്ട് അദ്ദേഹവും നേരിട്ട് അത് കണ്ടു മനസിലാക്കി ഇപ്പോൾ ആ ലൈനിൽതന്നെപുള്ളി സംസാരിക്കുന്നുണ്ട്. അത് കേട്ടാലും നമുക്ക് തൃപ്തി കിട്ടുന്നില്ല.വൈബ്രേഷൻ ലോഡിങ് കൂറച്ചുകൊണ്ടേ അവിടെ റിക്കവറി സാധ്യമാക്കാൻ കഴിയു. അപ്പൊ നമ്മൾ ആശിക്കുന്നത് പോലെ 500ജെസിബി കൊണ്ടു വന്നു ഒറ്റടിക്ക് ഒന്നും ചെയ്യാൻ കഴിയില്ല. ഇതിനേക്കാൾ ഭീമമായ മണ്ണിടിച്ചിലിന് അത് വഴിയൊരുക്കും. മലയിടുക്കുകൾ ആയതിനാൽ വാഹനങ്ങളുടെ എൻജിൻ വൈബ്രേഷൻ തന്നെ നല്ല പ്രകമ്പനം ഇവിടെ സൃഷ്ടിക്കുന്നുണ്ട്. ഈ ഭാഗത്തു വാഹനം ഓടിക്കുന്നവർക് അതറിവുള്ളതുമാണ്. ജിപിഎസ് സംവിധാനം തരുന്ന സിഗ്നൽ മിനിമം 4 സാറ്റലൈറ്റ്റ്റുകളുടെ കവറേജ് ആ ഭാഗത്തു ആ വാഹനത്തിന്റെ ജി പി എസിൽ കിട്ടിയാലേ ഏതാണ്ട് 20m ആക്കുറസിയിൽ എങ്കിലും റീഡിങ് കിട്ടുകയുള്ളു അതും നല്ലൊരു ബ്രാൻഡ് മോഡ്യൂൾ ആണ് ഉപയോഗിക്കുന്നത് എങ്കിൽ മാത്രം. അതും മണ്ണ് വീണതോടെ അതിന്റെ പ്രവർത്തനം നിന്നു. 


ഫ്ലാറ്റ് ടൈപ്പ് ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാർ ആണ് ഉപയോഗിക്കാൻ കഴിയുക കാരണം അതിനു മാത്രമേ വാഹനത്തിന്റെ ഏതാണ്ട് രൂപരേഖയോടെ മണ്ണിനടിയിൽ കിടക്കുന്നത് തിരിച്ചറിയാൻ ഒക്കു എന്നതിനാലാണ്. ഏതേലും മെറ്റൽ സാന്നിധ്യം നോക്കിയിട്ട് കാര്യമില്ലല്ലോ ഏതാണ്ട് വാഹനത്തിന്റേത് എന്നു ഉറപ്പിക്കണമെങ്കിൽ ഇതു ഉപയോഗിക്കണം പക്ഷെ ഇതിനു പരിമിതിയുണ്ടെന്നറിയുക.ഫ്ലാറ്റ് അത്യാവശ്യം ഉറപ്പുള്ള  ബേസ് ൽ വെച്ച് ഓപ്പറേറ്റ് ചെയ്താലേ അല്പമേലും ക്ലാരിറ്റിയിൽനിഗമനം നടത്താനാകു. അതുകാരണം ഇതു ഓപ്പറേറ്റ് ചെയ്യിക്കാൻ പറ്റിയ സ്ഥലം ഒരുക്കി ഒരുക്കി വേണം നീങ്ങാൻ. അതും ഇതിനായി ദൃതിയിൽ പരിശ്രമിക്കുമ്പോൾ കൂടുതൽ അപകടം വരുത്താൻ ഇടവരുത്തുന്നില്ല എന്നു 100% ഉറപ്പുണ്ടാക്കിയെ മുന്നോട്ട് ഒരിഞ്ച് നീങ്ങാൻ ആകു.ഇതൊന്നും ഇതുപോലെ വലിയൊരു കൂനയിടിഞ്ഞു കിടക്കുന്നിടത്തു എളുപ്പത്തിൽ വേഗത്തിൽ ചെയ്യാവുന്നതല്ല. ഒരു സർജൻ ഓപ്പറേഷൻ തീയറ്ററിൽ രോഗിയുടെ ദേഹം ഒറ്റയടിക് ശരീരത്തിലെ എല്ലാ ലയറുകളും മുറിയുന്ന ബലത്തിൽ മുറിവ്ണ്ടാക്കി പെട്ടെന്ന് സർജറി ചെയ്തു തീർത്താൽ ? എങ്കിൽ എളുപ്പമല്ലാരുന്നോ സർജറി ഇപ്പോൾ നടക്കുന്നതിന്റെ പതിന്മടങ് വേഗത്തിൽ തീർന്നേനെ. അഞ്ചും പത്തും മണിക്കൂറുകൾ സർജറി ടീമും, രോഗിയുടെ വീട്ടുകാരും ഒക്കെ ടെൻഷനും സ്‌ട്രെസ്സും അടിക്കേണ്ട കാര്യമുണ്ടോ? രോഗിക്ക് അത്രേം മണിക്കൂറുകൾ ഏറ്റവും റിസ്ക്കുള്ള അനസ്ഥേഷ്യ നൽകി റിസ്ക് നീട്ടേണ്ടതുണ്ടോ? ഒറ്റയടിക്ക് വേണ്ട ആഴത്തിൽ നമ്മൾ കോഴിയെ മുറിക്കും പോലെ മുറിവ് ഇടുന്നു സ്പീഡിൽ അവിടുത്തെ പ്രശ്നം പരിഹരിക്കുന്നു എല്ലാം കൂടി ചേർത്ത് വെച്ച് തുന്നുന്നു. സർജറി ശുഭം. അങ്ങനെ പോരാരുന്നോ? എന്തെ സാധ്യമാകില്ലേ?  ഇല്ല ഒരിക്കലും സാധ്യമല്ല. ചർമ്മത്തിൽ തുടങ്ങി ദേഹത്തെ ഓരോ ലയറിനെയും ഭേദിക്കാൻ വേണ്ട അളവിൽ വ്യത്യസ്തമായ മർദ്ദം നൽകി സാവധാനം മുറിവുണ്ടാക്കി തുറന്നു തുറന്നു അകത്തു കടന്നു പ്രശ്നം പരിഹരിച്ചു തിരികെ അതുപോലെ ഓരോ ലയറും സീൽ ചെയ്തു പുറമെ എത്തി രോഗി പൂർണ്ണ ബോധത്തിലെത്തി യൂരിനും പോയി കഴിയുമ്പോൾ മാത്രമേ സർജറി അവിടം വരെ പോലും വിജയിക്കുന്നുള്ളു.അതുപോലെ തന്നെയാണ് ദുരന്ത നിവാരണവും. ഇതൊക്കെ പറഞ്ഞാൽ എന്നെ കുരിശിൽ കയറ്റും. എങ്കിലും ഉള്ളത് പറഞ്ഞെന്നെ ഉള്ളു.
പിന്നെ ഷിരൂരിൽ സംവിധാനങ്ങൾ, പോലിസ് ഗവണ്മെന്റ് ഒക്കെ ഒട്ടും തുടക്കത്തിൽ വേണ്ട ഉത്സാഹം കാണിച്ചില്ല എന്നത് കുറച്ചൊക്കെ വാസ്തവം ആണ് അല്പം കൂടി ഊർജ്ജിതം ആകാമായിരുന്നു. മാധ്യമങ്ങൾ റിപ്പോർട്ട്‌ വന്ന് തുടങ്ങിയത് തുടക്കത്തിൽ ഉപകരിച്ചിരിക്കണം.


പിന്നെ അടുത്തത് മാധ്യമങ്ങളെ അടുപ്പിച്ചില്ല എന്നതും, മനാഫിന്, ക്യാമറ മാനു ഒക്കെ പോലീസ് വക പിടിച്ചു തള്ള് കിട്ടിയതും. അതെ പറ്റി പറഞ്ഞാൽ കേരളത്തിൽ ഒരു സെൻസിറ്റീവ് വിഷയം നടന്നാൽ അന്യ സംസ്ഥാനങ്ങളുടെ മാധ്യമങ്ങളെ സ്വാഗതം ചെയ്യുന്ന സമീപനം ഉണ്ടാകുമോ? ഒരിക്കലും ഇല്ല. ഇത്രേം അപകട സാധ്യത ഉള്ളിടത്തു പൊതുജനത്തെയോ മാധ്യമത്തെയോ സ്വതന്ത്രമായി വിടാൻ കഴിയുമോ? ഇല്ലേ ഇല്ല. അവിടുത്തെ സെൻസിറ്റീവ് വിഷയങ്ങൾ കേരളത്തിൽ വലിയ വാർത്തയാകുന്നത് അറിഞ്ഞുകൊണ്ട് അവർ അനുവദിക്കുമോ? ഇല്ല. നമ്മൾ പ്രബുദ്ധർ എന്നല്ലേ സ്വയം പറയുന്നത് നമ്മൾ ആണേൽ അത് ചെയ്യുമോ? ഇല്ല. എന്ത് വിലകൊടുത്തും അവരെ തടയും. അതിവിടെയും നടന്നു. അവർ വെച്ചേക്കുന്ന കണ്ട്രോൾ ലൈൻമറികടക്കാൻ നോക്കിയപ്പോൾ അവർ ബലം പ്രയോഗിച്ചു. പിന്നെ അല്പം നയപരമാകാമായിരുന്നു പക്ഷെ അത് അവിടെ ഉളള നിയമപാലകരുടെ സ്വഭാവം പോലെയിരിക്കും അല്ലേൽ അവിടുത്തെ തർക്ക സാഹചര്യം പോലെയിരിക്കും.രഞ്ജിത്തിനോട് സർട്ടിഫിക്കറ്റ് ചോദിച്ചു അതിലെന്താണ് തെറ്റ്? അങ്ങനെ എങ്കിൽ ആരെയും കേറ്റി വിട്ടുകൂടെ? ഇനി ഇതുപോലെ എല്ലാരേം കയറ്റി വിട്ടു പെട്ടെന്ന് മറ്റൊരാപത്തു വന്നാൽ അപ്പൊ നമ്മൾ എന്ത് പറയും? അവർ ചെയ്തത് ശരിയെന്നു ചർച്ച നടത്തുമോ? ഒരിക്കലുമില്ല അപ്പോൾ നേരെ തിരിച്ചു പറയും വാദി പ്രതിയാകും.അതാണ് നമ്മൾ. ഇവിടെ  പോലീസുകാരെ എന്തേലും തർക്കത്തിന് ജനം ലൈവ് റെക്കോർഡ് ചെയ്താൽ ഉടനെ മൊബൈൽ കാക്കിയുടെ ബലത്തിൽ പിടിച്ചു വാങ്ങി എറിഞ്ഞ് പൊട്ടിക്കുന്ന സംഭവം എത്രയോ ഉണ്ട്. 


ഞാൻ ആണ് ഈ സ്ഥാനത്തു എങ്കിൽ ഞാനും ആദ്യം ഈ സ്ഥലം കണ്ട്രോൾ ലൈൻ ഫിക്സ് ചെയ്തു പ്രവേശനം വിലക്കിയേ ഒരിഞ്ച് മുന്നോട്ട് പോകു.
ഇവിടെ മീഡിയ ഇതു നല്ലതുപോലെ പൊലിപ്പിക്കുന്നുണ്ട് അത് ഒഴിവാക്കാമായിരുന്നു. നഷ്ടം ആ കുടുംബത്തിന്. 
പിന്നെ ഡ്രൈവർ ആയാലും ഒരു ജീവി ആയാലും എല്ലാ ജീവനും വിലപ്പെട്ടതാണ്. ഒരു വയലൻസ് സീനിൽ നിക്കുമ്പോൾ ഒരുപക്ഷെ ഉദ്യോഗസ്ഥന് വാക്കുകൾ പിഴച്ചതാകാം എങ്കിലും ഒരു ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥൻ അങ്ങനെ പറഞ്ഞിട്ടുണ്ടെൽ അത് വലിയ തെറ്റ് തന്നെ.നമുക്കത് കേട്ടറിവ് മാത്രമാണ്. തെളിവില്ല എന്നതും യാഥാർഥ്യം .മലയാളികൾ ഇതിനെ വല്ലാണ്ട് ഓവർ ആക്കുന്നു.


 പ്രകൃതി പിണങ്ങിയാൽ വലിയ ആപത്തുകൾ ഉണ്ടാകും. എത്ര കണ്ടു ശാസ്ത്രം പുരോഗമിച്ചാലും ചന്ദ്രനിൽ നമ്മൾ പോകുന്ന ടെക്നോളജി ഉണ്ടായാലും ശരി മണ്ണിനടിയിൽ, വെള്ളത്തിനടിയിൽ എത്തിപ്പെടുന്നത് ഏറെ ശ്രമകരം തന്നെ.. ആമയിഴഞ്ചാൻ തോടിൽ വീണ ജോയ് ചേട്ടനെ നമ്മൾ രാവും പകലും ഒരു മനസ്സോടെ തപ്പി മലയാളി പൊളിയാണ് എന്നുപറയുമ്പോളും ഓർക്കുക നമ്മൾ കണ്ടുപിടിക്കാൻ പരമാവധി ശ്രമിച്ചു സത്യമാണ് പക്ഷെ കണ്ടുകിട്ടിയതോ മൂന്നാം നാൾ നമ്മൾ മനസ്സിൽ പോലും പ്രതീക്ഷിക്കാത്ത മറ്റൊരു ഭാഗത്തു ബോഡി പൊങ്ങിയ ശേഷം മാത്രം. അപ്പൊ നമ്മുടെ രക്ഷപ്രവർത്തനം ഏറ്റവും പ്രൗഡം എന്നൊന്നും പറയാൻ കഴിയില്ല. ഒരേ മനസ്സോടെ നമ്മൾ നമ്മുടെ ഊഹം വെച്ച് പ്രവർത്തിച്ചു എന്നതാണ് സത്യം. ബോഡി കിട്ടി അതോടെ തപ്പലും തീർന്നു മാലിന്യം വാരലും തീർന്നു നമ്മൾ അടുത്ത വിഷയം തപ്പി ഓടി.


അർജുൻ എന്ന ആ സഹോദരൻ ജീവൻ തുടിപ്പോടെ മടങ്ങി വരുന്നത് കാത്തു ഞാനും നിങ്ങളെ പോലെ ഇരിക്കുന്നു. ഈ വിഷയത്തിൽ ആദ്യ ദിവസങ്ങളിൽ അലമ്ഭവം ഉണ്ടായി എന്നു പറയുമ്പോളും അവിടുത്തെ രീതി നമ്മൾ കേരളവും ആയി താരതമ്യം ചെയ്തു നോക്കിയതുകൊണ്ടാണ്.  ആദ്യ ദിവസങ്ങളിൽ കാലാവസ്ഥ തീരെ അനുകൂലമായിരുന്നില്ല. ആ സ്ഥലത്തു തമ്പടിച്ചു ഒന്നും ചെയ്യാൻ പറ്റിയ അവസ്ഥ ആയിരുന്നില്ല. അത് കണ്ടിരുന്നേൽ ഒരുപക്ഷെ ജനങ്ങൾ തീവ്രത മനസിലാക്കിയേനെ. കാമറയുടെ ലിമിറ്റഡ് ഫ്രയ്മിൽ കണ്ടു തെറ്റായി വിലയിരുത്തരുത്.പിന്നെ ദുരന്ത നിവാരണത്തിൽ, സാക്ഷരതയിൽ എന്നത് പോലെ തന്നെ അവർ നമ്മളെക്കാൾ അല്പം പുറകിലാണ് എന്നുള്ളത് വസ്തുതയാണ്. നമ്മൾ സ്വപനത്തിൽ പോലും കണ്ടിട്ടുള്ള ലാൻഡ് സ്ലൈടും അല്ല അവിടെ നടന്നത് അതി ഭീമമായ ഒന്നാണ്. അതിനേക്കാൾ അവിടം പരിസ്ഥിതിലോലം ആയതുകൊണ്ട് റിക്കോവറി ഏറെ ശ്രമകരവും, സമയം കവരുന്നതുമാണ്.  അസമയത്തു നിർത്തിവെക്കുന്നത് ഇതൊക്കെ കൊണ്ടാകാം. 
ഇനി നമ്മുടെ മലയോര മേഖലകളിൽ ഒക്കെ ഈ സ്ഥിതിഗതി ഇത്ര തീവ്രമല്ല എങ്കിലും എപ്പോളും വരാം. വാഹനം ഓടിക്കുന്നവർ അറിയുക മിക്ക റോഡുകളും ഒരു വശം ചെങ്കുതായ മലയും ഇപ്പുറം താഴ്വരയും ആകാം. ഇങ്ങനെ ഉള്ള സ്ഥലങ്ങളിൽ മല വരുന്ന വശത്തു റോഡിൽ ആ സൈഡിൽ മഞ്ഞ വരയാണെങ്കിൽ ഒരു കാരണവശാലും വാഹനം അവിടെ നിർത്തി വിശ്രമിക്കരുത് ഏതു നിമിഷവും അപകടം വന്നേക്കാം. പുനലൂർ പാലോട് ഹൈവേയിൽ ഒക്കെ സ്ഥിരം ഈ കാഴ്ച കാണാറുണ്ട്. കുത്തനെ മലയെ വെട്ടി അരിഞ്ഞു നിർത്തിയാണ് പലയിടത്തും റോഡ് ഉണ്ടക്കി വെച്ചേക്കുന്നത്. ചെലവ് കുറക്കാൻ ഇവിടെ എങ്ങും റിറ്റൈനിങ് വാൾ കെട്ടാറില്ല. വലിയ അപകടസാധ്യതകൾ സമീപ ഭാവിയിൽ ഇവ വിതക്കും.. ഇവിടെയും ഇ അപകടം പറ്റിയത് അങ്ങനെയാണ്. അല്പം സ്ഥലം ഉള്ളിടത്തു വാഹനങ്ങൾ നിർത്തും, സ്വഭാവികമായി കടകൾ വരും പ്രകൃതിയെ തലങ്ങും വിലങ്ങും ക്ഷമത പോലും നോക്കാതെ വെട്ടിമുറിച്ചു റോഡുണ്ടാക്കി. മുറിച്ചിടത്തു പിന്നെ അപകട സാധ്യത ഉണ്ടാകാതിരിക്കാൻ റിറ്റൈനിങ് വാൾ കെട്ടുകയോ മറ്റു മാർഗങ്ങൾ എടുക്കുകയോ ചെയ്യണ്ടത് ചിലവുചുരുക്കൽ, മറ്റു സാങ്കേതിക പ്രശ്നങ്ങൾ ഒക്കെ പറഞ്ഞു ഒഴിവാക്കി നാം വിടും. ഫലമോ ഇതുപോലുള്ള ആപത്തുകൾ.  നമ്മുടെ നാട്ടിൽ ഇതു റോഡ് സൈഡിൽ ഇനി കാണാൻ കിടക്കുന്നതെ ഉള്ളു.


അർജുൻ ജീവിതത്തിലേക്ക് മടങ്ങി വരുന്നതും പ്രാർത്ഥിച്ചു നിർത്തട്ടെ. ഒപ്പം രക്ഷകിട്ടാൻ നേരിയ സാധ്യത ഉണ്ടാകുന്നേൽ കൂടി ചുറ്റുപാട് ഇരുട്ടിൽ ഓക്സിജൻ പോലും നേരിയ അളവിൽ ഉള്ളിടത്തു ഒറ്റപ്പെട്ടുപോയ ആളുടെ anxiety മരണത്തിലേക്ക് നയിക്കാതെ ഇരിക്കണമെങ്കിൽ അത്ര അമാനുഷികമായ മനക്കരുത് ഉണ്ടായെങ്കില് മാത്രമേ കഴിയു. അതൊക്കെ സാധ്യമാകട്ടെ എന്നു പ്രത്യാശിക്കുന്നു എന്നല്ലാതെ എന്താ പറയുക . കണ്ണടച്ച് 5മിനുട്ട് ഇരുന്നു നോക്കിയാൽ അറിയാം നമ്മുടെ മനസിന്റെ ഉൾഭയം.ഈ സംഭവം എനിക്ക് വന്നാലും എന്റെ കുടുംബത്തിൽ ആർക്കു വന്നാലും ഇതേ വേദന മനസ്സിൽ ഉണ്ടാകും ഒപ്പം യാഥാർഥ്യമെന്ന ബോധവും വേദനാജനകം എങ്കിലും ഉൾക്കൊണ്ടേ മതിയാകു. കണ്ടെത്തും വരെ ശ്രമകാരമായി പൊരുതുക തന്നെ.മാധ്യമങ്ങൾ കണ്ടു അതില്ലാതാക്കരുത്.
ചുവടെ ഗൂഗിൾ ഏർത് ഇമേജ്റി വെച്ച് ഈ ഭാഗത്തെ ചിത്രങ്ങൾ ഇട്ടിട്ടുണ്ട്. 2011ഇൽ ഒരു റോഡ് മാത്രം ഉള്ളപ്പോൾ ഉളള ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. അതൊക്കെ ഒന്ന് നോക്കി മനസിലാക്കുക.

ഡ്രൈവർമാരോട് ഒരപേക്ഷ ഉണ്ട്. കാലാവസ്ഥ പ്രതികൂല സാഹചര്യങ്ങളിൽ നമ്മുടെ നാട്ടിൽ ആയാലും അല്പം സ്ഥലം കിട്ടുന്നിടത്തു ചുറ്റുപാടത്തെ സാഹചര്യങ്ങൾ വിലയിരുത്താതെ വിശ്വാസത്തിൽ എടുത്തു വാഹനം പാർക്ക്‌ ചെയ്യരുത്. വെട്ടി മുറിക്കപ്പെട്ടതും, പെടാത്തതും ആയ ഒരു മലനിരയും ഇപ്പോളത്തെ വന നശികരണവും മറ്റു പ്രക്രിയകളും മൂലം സുരക്ഷിതമല്ല എന്നോർക്കുക.  നമ്മുടെ രക്ഷ നമ്മുടെ കൈകളിലാണ്.

സുബിൻ ബാബു

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.