എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണ നിഴലില്‍ തുടരുന്ന കണ്ണൂര്‍ കളക്ടര്‍ അരുണ്‍.കെ.വിജയന്‍ മുഖ്യമന്ത്രിയെ കണ്ടു. പിണറായിയിലെ വീട്ടിലെത്തിയാണ് മുഖ്യമന്ത്രിയെ കണ്ടത്
എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണ നിഴലില്‍ തുടരുന്ന കണ്ണൂര്‍ കളക്ടര്‍ അരുണ്‍.കെ.വിജയന്‍ മുഖ്യമന്ത്രിയെ കണ്ടു. പിണറായിയിലെ വീട്ടിലെത്തിയാണ് മുഖ്യമന്ത്രിയെ കണ്ടത്. കണ്ണൂരില്‍ നിന്നും സ്ഥലംമാറ്റത്തിനായി ശ്രമിച്ചെങ്കിലും കളക്ടര്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല.
നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിന്നും കളക്ടറെ സര്‍ക്കാര്‍ മാറ്റി നിര്‍ത്തിയിരുന്നു. വിവാദമായ യാത്രയയപ്പ് യോഗത്തിന്റെ വിവരം തന്നോട് പറഞ്ഞത് കളക്ടര്‍ ആണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ദിവ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പറഞ്ഞിട്ടുമുണ്ട്. ജീവനക്കാരുടെ രോഷവും കളക്ടര്‍ക്ക് എതിരെയാണ്. ഈ സാഹചര്യത്തിലാണ് കളക്ടര്‍ മുഖ്യമന്ത്രിയെ കണ്ടത്. അന്വേഷണത്തിന് സര്‍ക്കാര്‍ നിയോഗിച്ച ലാൻഡ് റവന്യു ജോ കമ്മീഷണർക്ക് ഇന്നലെ കളക്ടര്‍ മൊഴി നല്‍കിയിരുന്നു.
നവീന്‍ ബാബുവിനെ കളക്ടര്‍ നിരന്തരം ബുദ്ധിമുട്ടിച്ചിരുന്നുവെന്ന ആരോപണമാണ് കുടുംബത്തിന്റെത്. ലീവ് അനുവദിക്കുന്നില്ല, ലീവ് നൽകിയാൽ തന്നെ നാട്ടിലെത്തുമ്പോഴേയ്ക്കും തിരികെ എത്താൻ നിർദ്ദേശം നൽകും. എല്ലാ ഉത്തരവാദിത്തങ്ങളും നവീൻ ബാബുവിന് ഏൽപ്പിച്ച് കൈ കഴുകും എന്നൊക്കെയുള്ള ആരോപണങ്ങള്‍ കുടുംബം ഉയര്‍ത്തിയിരുന്നു. മരണത്തില്‍ ദുഃഖം രേഖപ്പെടുത്തിയുള്ള കളക്ടറുടെ കത്ത് കുടുംബം തള്ളുകയും ചെയ്തിരുന്നു.
അതേസമയം കേസില്‍ പ്രതിസ്ഥാനത്തുള്ള മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയെ പോലീസ് ചോദ്യം ചെയ്തിട്ടില്ല. ദിവ്യ ഒളിവില്‍ ആണെന്നാണ് സൂചന. തലശ്ശേരി സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ച നടന്ന യാത്രയയപ്പ് ചടങ്ങില്‍ ദിവ്യ എഡിഎമ്മിനെ അവഹേളിച്ച് സംസാരിച്ചിരുന്നു. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് ആദ്യം എന്‍ഒസി നല്‍കാതിരുന്ന എഡിഎം സ്ഥലംമാറ്റത്തിന് തൊട്ടുമുന്‍പ് എങ്ങനെയാണ് എന്‍ഒസി നല്‍കിയത് എന്ന് തനിക്കറിയാം എന്നാണ് ദിവ്യ പറഞ്ഞത്. ഇത് രണ്ട് ദിവസത്തിനുള്ളില്‍ വെളിപ്പെടുത്തും എന്നും പറഞ്ഞിരുന്നു. ഈ പരിപാടി കഴിഞ്ഞാണ് ക്വാര്‍ട്ടേഴ്സില്‍ നവീന്‍ ബാബുവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടത്. നവീന്‍ ബാബുവിന്റെ മരണം സര്‍ക്കാരിനും സിപിഎമ്മിനും കടുത്ത തിരിച്ചടിയാണ് നല്‍കിയത്. പ്രതിപക്ഷ പ്രതിഷേധം ഇപ്പോഴും തുടരുകയുമാണ്.