മലപ്പുറം പാണ്ടിക്കാടിന് വേദനയും ഞെട്ടലുമായി ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ഹഷ്മില്‍ ഡാനിഷിന്‍റെ മരണം. പ്രദേശത്തിന് തീര്‍ത്തും അപരിചിതമായ നിപ്പ ബാധിച്ചാണ് ഹഷ്മിലിന്റെ മരണം എന്നതാണ് നാട്ടുകാരെ ഞെട്ടിച്ചിരിക്കുന്നത്. ഭാവിയുള്ള ഫുട്ബോള്‍ താരമായി നാട്ടുകാര്‍ കണ്ട കുട്ടിയാണ് പൊടുന്നനെ മരണത്തിന് കീഴടങ്ങിയത്
മലപ്പുറം പാണ്ടിക്കാടിന് വേദനയും ഞെട്ടലുമായി ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ഹഷ്മില്‍ ഡാനിഷിന്‍റെ മരണം. പ്രദേശത്തിന് തീര്‍ത്തും അപരിചിതമായ നിപ്പ ബാധിച്ചാണ് ഹഷ്മിലിന്റെ മരണം എന്നതാണ് നാട്ടുകാരെ ഞെട്ടിച്ചിരിക്കുന്നത്. ഭാവിയുള്ള ഫുട്ബോള്‍ താരമായി നാട്ടുകാര്‍ കണ്ട കുട്ടിയാണ് പൊടുന്നനെ മരണത്തിന് കീഴടങ്ങിയത്.
പാണ്ടിക്കാട് ചെമ്പ്രശ്ശേരി ലത്തീഫിന്റെയും ദില്‍ഷാനയുടെയും മൂന്നു കുട്ടികളില്‍ മൂത്ത കുട്ടിയാണ് ഹഷ്മില്‍. ഫുട്ബോള്‍ മത്സരം നടക്കുന്നയിടത്ത് നിന്നും എടുത്ത വീഡിയോയിലെല്ലാം ഹഷ്മിലിന്റെ മികവും പ്രസരിപ്പും വ്യക്തമാണ്. പഠിക്കുന്ന പന്തല്ലൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലും ഫുട്ബോള്‍ മത്സരങ്ങള്‍ നടക്കുമ്പോള്‍ ആദ്യം പരിഗണിച്ചതും ഈ കൊച്ചുമിടുക്കനെയായിരുന്നു. ഫുട്ബോള്‍ മികവിന് ഒട്ടേറെ പുരസ്കാരങ്ങളും ഹഷ്മിലിന് ലഭിച്ചിട്ടുണ്ട്.വീടിനു അടുത്തു നിന്നും കഴിച്ച അമ്പഴങ്ങയിലൂടെയാണ് അജ്മലിനു നിപ്പ ബാധിച്ചത് എന്ന് കരുതുന്നതെന്നു ഹഷ്മിലിന്റെ അടുത്ത ബന്ധു ശിഹാബുദ്ദീന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. “കഴിഞ്ഞ ആറാം തീയതിയാണ് ഇവര്‍ അമ്പഴങ്ങ കഴിക്കാന്‍ പോയത്. ഹഷ്മിലിന് നിപ്പ വന്നതോടെ അമ്പഴങ്ങ കഴിക്കാന്‍ പോയ കുട്ടികള്‍ നിശബ്ദരായിരുന്നതിനാലാണ് ഈ വിവരം വെളിയില്‍ വരാതിരുന്നത്. സ്കൂള്‍ ഇല്ലാത്ത ദിവസമാണ് അടുത്തുള്ള വീട്ടില്‍ അമ്പഴങ്ങ പെറുക്കാന്‍ പോയത്. അതില്‍ ഹഷ്മിലിനു മാത്രമാണ് പ്രശ്നം വന്നത്. ആദ്യം വീടിനു അടുത്തുള്ള ക്ലിനിക്കിലാണ് കാണിച്ചത്. പിന്നീടാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പനി മാറാത്തതോടെ കോഴിക്കോട് മിംസിലേക്കും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കും മാറ്റി. ഹഷ്മിലിനോട് ഇടപഴകിയ മറ്റൊരു കുട്ടിക്കും പനി ബാധിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് അധികൃതര്‍ ഈ കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മാതാപിതാക്കളെ മറ്റൊരു മുറിയിലേക്ക് മാറ്റി നിരീക്ഷിക്കുന്നുണ്ട്. ” – ശിഹാബുദ്ദീന്‍ പറഞ്ഞു.
ഹഷ്മിലിനോട് അടുത്ത ഇടപഴകിയ സഹപാഠികളെയും ബന്ധുക്കളെയും ആരോഗ്യവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. വൈകീട്ട് ചെമ്പ്രശ്ശേരി ഒടോംപറ്റ പഴയ ജുമാ മസ്ജിദ് പള്ളിയിലാണ് ഹഷ്മിലിന്റെ സംസ്കാരം. നിപ്പ പ്രകാരമുള്ള നടപടി പ്രകാരമാണ് സംസ്കാരം സജ്ജീകരിച്ചിരിക്കുന്നത്.
ഹൈറിസ്ക് വിഭാഗത്തിലുള്ള 63 പേരുൾപ്പെടെ 246 പേരാണ് നിപ്പ മരണവുമായി ബന്ധപ്പെട്ട് ഇപ്പോൾ സമ്പർപ്പട്ടികയിൽ ഉള്ളത്. ഇവർ എല്ലാവരുടെയും സാംപിളുകൾ പരിശോധിക്കും. “ഓസ്ട്രേലിയയിൽ നിന്ന് ആന്റിബോഡി മരുന്നും പുണെയിൽ പ്രതിരോധ വാക്സിനും കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിയിരുന്നു. ഇത് കൊടുക്കുന്നതിന് തൊട്ടുമുൻപാണ് പതിനാലു വയസ്സുകാരന് ഹൃദയാഘാതമുണ്ടായത്. ഉടന്‍ തന്നെ മരണം സ്ഥിരീകരിക്കുകയായിരുന്നു.”- മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.