'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്ന ആശയത്തിന് സമിതി പച്ചക്കൊടി കാണിച്ചിരിക്കുകയാണ്. 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം എല്ലാ സംസ്ഥാന നിയമസഭകളിലേയ്ക്കും തിരഞ്ഞെടുപ്പ് നടത്താനാണ് സമിതിയുടെ ശുപാർശ എന്നാണ് വാർത്തകൾ പുറത്ത് വരുന്നത്. ഇതോടെ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്നത് തിരഞ്ഞെടുപ്പ് വിഷയമായിരിക്കും എന്നതും വ്യക്തമാണ്.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് -2029 മുതൽ നടപ്പിലാക്കാൻ ശുപാർശ. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് സംബന്ധിച്ച് പഠിക്കുന്നതിനായി മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ അധ്യക്ഷനാക്കി നിയോഗിച്ച സമിതിയാണ് റിപ്പോർട്ട് കൈമാറിയത്. ലോക്സഭയിലേയ്ക്കും രാജ്യത്തെ എല്ലാ സംസ്ഥാന നിയമസഭകളിലേയ്ക്കും രാജ്യത്തെ മുഴുവൻ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേയ്ക്കും ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച് പഠിക്കുന്നതിനായിരുന്നു സമിതിയെ നിയോഗിച്ചിരുന്നത്. 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്ന ആശയത്തിന് സമിതി പച്ചക്കൊടി കാണിച്ചിരിക്കുകയാണ്. 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം എല്ലാ സംസ്ഥാന നിയമസഭകളിലേയ്ക്കും തിരഞ്ഞെടുപ്പ് നടത്താനാണ് സമിതിയുടെ ശുപാർശ എന്നാണ് വാർത്തകൾ പുറത്ത് വരുന്നത്. ഇതോടെ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്നത് തിരഞ്ഞെടുപ്പ് വിഷയമായിരിക്കും എന്നതും വ്യക്തമാണ്.
ഇനി തിരഞ്ഞെടുപ്പ് നടന്ന് അധികാരത്തിൽ എത്തുന്ന സർക്കാരുകളുടെയെല്ലാം കാലാവധി 2029വരെയെന്നതാണ് 2029ൽ നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം എല്ലാ സംസ്ഥാന നിയമസഭകളിലേയ്ക്കും തിരഞ്ഞെടുപ്പ് നടത്താനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിന് വേണ്ടി സമിതി നൽകിയിരിക്കുന്ന ശുപാർശ. ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് 100 ദിവസത്തിനകം രണ്ടാംഘട്ടമായി രാജ്യത്തെ എല്ലാ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേയ്ക്കും തിരഞ്ഞെടുപ്പ് നടത്തുമെന്നും ശുപാർശയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇനി തിരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കാലാവധി 2029വരെയായിരിക്കും.
ഈ ശുപാർശ നടപ്പിലാക്കാൻ തീരുമാനിച്ചാൽ 2026ലെ തിരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ അധികാരത്തിലെത്തുന്ന സർക്കാരിൻ്റെ കാലാവധി മൂന്നു വർഷം മാത്രമായിരിക്കും. 2026 ഏപ്രിൽ മെയ് മാസങ്ങളിലാണ് കേരള നിയമസഭയിലേയ്ക്ക് തിരഞ്ഞെടുപ്പ് നടക്കേണ്ടത്.
അല്ലെങ്കിൽ നിലവിലുള്ള സർക്കാരിന് മൂന്ന് വർഷം കാലാവധി നീട്ടിക്കൊടുക്കാൻ തയ്യാറാകേണ്ടി വരും. നിലവിൽ കേരളത്തിന് പുറമെ തമിഴ്നാട്, പശ്ചിമബംഗാൾ, പുതുച്ചേരി, അസം എന്നീ നിയമസഭകളുടെ കാലാവധിയാണ് 2026ൽ അവസാനിക്കുക.
നിലവിൽ അസമും പുതുച്ചേരിയും ഒഴികെ ബാക്കിയുള്ള മൂന്ന് സംസ്ഥാനങ്ങളും ഭരിക്കുന്നത് ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിയെ എതിർക്കുന്ന കക്ഷികളോ മുന്നണികളോ ആണ്. ഇതിൽ കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ സർക്കാരുകൾ കേന്ദ്രസർക്കാരിനും സംഘപരിവാർ പ്രത്യയശാസ്ത്രത്തിനും എതിരായി ശക്തമായ നിലപാട് സ്വീകരിക്കുന്നവരാണ്. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന് കേരളവും തമിഴ്നാടും അസന്നിഗ്ധമായി പ്രഖ്യാപിച്ചിട്ടുമുണ്ട്. അതിനാൽ തന്നെ 2026ൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കട്ടെയെന്നും അധികാരത്തിലെത്തുന്ന സർക്കാരുകൾക്ക് മൂന്ന് വർഷം കാലാവധി നിശ്ചയിക്കാനും തന്നെയാകും തീരുമാനം. 2025ൽ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് നടക്കേണ്ട കേരളത്തിൽ പുതിയതായി അധികാരത്തിൽ എത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കാലാവധി പുതിയ നീക്കത്തിൻ്റെ അടിസ്ഥാനത്തിൽ നാലുവർഷം ആയിരിക്കും.
നിലവിൽ 2024ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങൾ ആറെണ്ണമാണ്. ഇതിൽ അരുണാചൽ പ്രദേശ്, ആന്ധ്രാപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കേണ്ടത് ഏപ്രിൽ-മെയ് മാസങ്ങളിൽ ആയതിനാൽ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം തന്നെ നിയമസഭാ തിരഞ്ഞെടുപ്പും നടക്കേണ്ടതാണ്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ശുപാർശ പ്രകാരം ഈ നിയമസഭകൾക്ക് അഞ്ചു വർഷം കാലാവധി പൂർത്തീകരിക്കാൻ സാധിക്കും. മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത് 2024 ഒക്ടോബർ-നവംബറിലാണ്. ജാർഖണ്ഡിൻ്റേത് 2024 നവംബർ-ഡിസംബറിലും. പുതിയ ശുപാർശ പ്രകാരം ഈ നിയമസഭകൾക്കും ഏതാണ്ട് നാലര വർഷത്തോളം കാലാവധി ലഭിക്കും. ജമ്മു കാശ്മീരിൽ നിലവിൽ നിയമസഭ നിലവിലില്ലാത്തതിനാൽ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം അവിടെയും തിരഞ്ഞെടുപ്പ് നടന്നേക്കുമെന്നാണ് സൂചന.
2025 ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത് ഡൽഹി, ബിഹാർ സംസ്ഥാനങ്ങളിലാണ്. ഇതിൽ ഡൽഹിയിൽ തിരഞ്ഞെടുപ്പ് നടക്കേണ്ടത് ഫെബ്രുവരി-മാർച്ച് മാസങ്ങളിലും ബിഹാറിലേത് 2025 ഒക്ടോബർ-നവംബർ മാസങ്ങളിലുമാണ്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ശുപാർശപ്രകാരം ഈ സംസ്ഥാന നിയമസഭകൾക്ക് ഏകദേശം നാല് വർഷം കാലാവധിയുണ്ടാകും.
2027ൽ തിരഞ്ഞെടുപ്പ് നടക്കാനുള്ളത് ഏഴ് സംസ്ഥാനങ്ങളിലാണ്. ഇതിൽ ഗോവ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, പഞ്ചാബ് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കേണ്ടത് 2027 ഫെബ്രുവരി-മാർച്ച് മാസങ്ങളിലാണ്. ഗുജറാത്ത്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കേണ്ടത് ഒക്ടോബർ നവംബർ മാസങ്ങളിലാണ്. 2027ൽ ഈ ഏഴ് നിയമസഭകളിലേയ്ക്ക് തിരഞ്ഞെടുപ്പ് നടന്നാൽ പുതിയ ശുപാർശ പ്രകാരം അധികാരത്തിൽ എത്തുന്ന സർക്കാരുകൾക്ക് പരമാവധി രണ്ട് വർഷത്തെ കാലാവധി മാത്രമേ ഉണ്ടാകുകയുള്ളു. അതിനാൽ തന്നെ ഈ സംസ്ഥാനങ്ങളിൽ നിലവിലുള്ള സർക്കാരുകളുടെ കാലാവധി 2029 വരെ നീട്ടികൊടുക്കാനാവും സാധ്യത. നിലവിൽ ഈ ഏഴ് സംസ്ഥാനങ്ങളിൽ അഞ്ചെണ്ണവും ഭരിക്കുന്നത് ബിജെപിയാണ്. പഞ്ചാബിൽ ആം ആദ്മിയും, ഹിമാചലിൽ കോൺഗ്രസുമാണ് അധികാരത്തിലുള്ളത്. ഇതിൽ ഹിമാചൽപ്രദേശിൽ രാജ്യസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസ് മന്ത്രിസഭയെ അസ്ഥിരപ്പെടുത്താനുള്ള നീക്കത്തിലാണ് ബിജെപി. എന്തു തന്നെയായാലും ഈ ഏഴ് സംസ്ഥാനങ്ങളിലെയും നിലവിലെ നിയമസഭകളുടെ കാലാവധി ഏഴ് വർഷം വരെ നീട്ടിക്കൊടുക്കാൻ തന്നെയാണ് സാധ്യത. നേരത്തെ അടിയന്തിരാവസ്ഥയുടെ സമയത്ത് കേരളം അടക്കം ഏതാനും സംസ്ഥാന മന്ത്രിസഭകൾക്ക് ഏഴുവർഷ കാലാവധി ലഭിച്ചിട്ടുണ്ട്.
2028ൽ തിരഞ്ഞെടുപ്പ് നടക്കേണ്ടത് എട്ട് സംസ്ഥാനങ്ങളിലാണ്. ഇതിൽ ത്രിപുര, നാഗാലാൻഡ്, മേഘാലയ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കേണ്ടത് ഫെബ്രുവരി-മാർച്ച് മാസങ്ങളിലാണ്. ചത്തീസ്ഗഡ്, രാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കേണ്ടത് നവംബർ-ഡിസംബർ മാസങ്ങളിലാണ്. കർണ്ണാടകയിൽ 2008 മെയ് മാസത്തിലാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടത്. പുതിയ ശുപാർശ പ്രകാരം ഈ സംസ്ഥാനങ്ങളിൽ 2028ൽ തിരഞ്ഞെടുപ്പ് നടന്നാൽ സംസ്ഥാന നിയമസഭകൾക്ക് പരമാവധി ഒരു വർഷം മാത്രമാണ് കാലാവധി ഉണ്ടായിരിക്കുക. അതിനാൽ 2029ൽ ഒരു രാജ്യം ഒരു തിരത്തെടുപ്പിലേയ്ക്ക് പോകാൻ തീരുമാനിച്ചാൽ നിലവിലെ നിയമസഭകളുടെ കാലാവധി ആറ് വർഷമായി നീട്ടിനൽകാൻ തന്നെയാണ് സാധ്യത. ഒമ്പത് സംസ്ഥാനങ്ങളിൽ മിസോറാം, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിൽ ഒഴിച്ച് ബാക്കി ആറ് സംസ്ഥാനങ്ങളിലും ബിജെപിയോ ബിജെപി മുന്നണിയോ ആണ് അധികാരത്തിലുള്ളത്.
'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' നടപ്പിലാക്കാന്‍ ഭരണഘടനയുടെ അഞ്ച് അനുച്ഛേദങ്ങളില്‍ ഭേദഗതിവരുത്തണമെന്നാണ് കമ്മീഷന്‍ ശുപാർശ. പാര്‍ലമെന്റിന്റെ കാലാവധി സംബന്ധിച്ച അനുച്ഛേദം 83, രാഷ്ട്രപതി ലോക്‌സഭ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട അനുച്ഛേദം 85, സംസ്ഥാന നിയമസഭകളുടെ കാലാവധിയുമായി ബന്ധപ്പെട്ട അനുച്ഛേദം 172, സംസ്ഥാന നിയമസഭകള്‍ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട അനുച്ഛേദം 174, സംസ്ഥാനങ്ങളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട അനുച്ഛേദം 356 എന്നിവയാണ് ഭേദഗതി വരുത്തേണ്ടത്. ഇതിനായി രാജ്യസഭയിലും ലോക്സഭയിലും വ്യക്തമായ ഭൂരിപക്ഷം ഉണ്ടാവണം.