ഉപതിരഞ്ഞെടുപ്പുകള്‍ അടുത്തതോടെ ഓര്‍ത്തഡോക്‌സ് സഭ. സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ വാര്‍ത്താസമ്മേളനം വിളിച്ച് നിലപാട് വ്യക്തമാക്കുമെന്ന ഭീഷണിയുമായി തൃശൂര്‍ ഭദ്രാസന ബിഷപ്പ് യൂഹാനോന്‍ മാര്‍ മീലിത്തിയോസ് രംഗത്തെത്തി.
ഉപതിരഞ്ഞെടുപ്പുകള്‍ അടുത്തതോടെ ഓര്‍ത്തഡോക്‌സ് സഭ. സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ വാര്‍ത്താസമ്മേളനം വിളിച്ച് നിലപാട് വ്യക്തമാക്കുമെന്ന ഭീഷണിയുമായി തൃശൂര്‍ ഭദ്രാസന ബിഷപ്പ് യൂഹാനോന്‍ മാര്‍ മീലിത്തിയോസ് രംഗത്തെത്തി. ഓര്‍ത്തഡോക്‌സ് – യാക്കോബായ പള്ളിത്തര്‍ക്കത്തിലുള്ള ആറ് പളളികളുടെ ഭരണം ഏറ്റെടുക്കാന്‍ കലക്ടര്‍മാരോട് നിര്‍ദ്ദേശിച്ച ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതാണ് ഓര്‍ത്തഡോക്‌സ് സഭയെ ചൊടിപ്പിച്ചിരിക്കുന്നത്.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ഉപാധി രഹിത പിന്തുണ പ്രഖ്യാപിച്ച ഓര്‍ത്തഡോക്‌സ് സഭയാണിപ്പോള്‍ സര്‍ക്കാരിനെതിരെ പരസ്യ വെല്ലുവിളിയുമായി രംഗത്ത് വന്നിരിക്കുന്നത്. സഭ നല്‍കിയ പിന്തുണയുടെ അടിസ്ഥാനത്തിലാണ് വീണ ജോര്‍ജിന് ആറന്‍മുളയില്‍ സിപിഎം സീറ്റ് നല്‍കിയതും 2021ല്‍ മന്ത്രിയാക്കിയതും. എന്നാല്‍ 2017ലെ സുപ്രീം കോടതി വിധി പ്രകാരം യാക്കോബായ സഭയുടെ പക്കലുള്ള പള്ളികള്‍ ഏറ്റെടുത്ത് നല്‍കുന്നതില്‍ സര്‍ക്കാര്‍ വേണ്ടത്ര ആത്മാര്‍ത്ഥത കാണിക്കുന്നില്ലെന്ന പരാതി ഓര്‍ത്തഡോക്‌സ് സഭക്കുണ്ട്. ഇതോടെയാണ് സഭ സര്‍ക്കാരുമായി അകന്നു തുടങ്ങിയത്.
പരമ്പരാഗതമായി സിപിഎമ്മിനെ പിന്തുണയ്ക്കുന്ന യാക്കോബായ സഭയെ സര്‍ക്കാര്‍ സഹായിക്കുന്നുവെന്ന വികാരമാണ് ഓര്‍ത്തഡോക്‌സ് സഭക്കുള്ളത്. സുപ്രീം കോടതിയില്‍ പരാജയപ്പെട്ട യാക്കോബായ സഭയ്ക്ക് അനുകൂലമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇത് തുടര്‍ന്നാല്‍ ഓര്‍ത്തഡോക്‌സ് സഭയുടെ തൃശുര്‍ ബിഷപ്പ് യൂഹാനോന്‍ മാര്‍ മീലിത്തിയോസ് സര്‍ക്കാരിനെതിരെ വാര്‍ത്താസമ്മേളനം നടത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്കാലമത്രയും പിണറായി സര്‍ക്കാരിന് പരസ്യ പിന്തുണ നല്‍കിയിരുന്ന ഇടത് സഹയാത്രികന്‍ കൂടിയാണ് തൃശുര്‍ ബിഷപ്പ്.
കോടതി വിധി നടപ്പാക്കാന്‍ മതിയായ സമയം കിട്ടിയിട്ടും അത് നടപ്പാക്കാതെ സര്‍ക്കാര്‍ ഉരുണ്ട് കളിക്കയാണെന്ന് ബിഷപ്പ് മീലിത്തിയോസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. ‘മലങ്കര സഭാ വിഷയത്തില്‍ സര്‍ക്കാര്‍ അപ്പീലുമായി സുപ്രീം കോടതിയില്‍!. കുറെ ചോദ്യങ്ങള്‍ ഉവിടെ ഉയരുന്നുണ്ട്: ക്രമസമാധാന പ്രശ്‌നം നിയന്ത്രിക്കുക, നിയമലംഘനം തടയുക ഇതൊക്കെ സര്‍ക്കാരിന്റെ ഉത്തരവാദിത്തമല്ലേ? അതോ ചിലര്‍ പറയുന്നതുപോലെ ചില താല്‍പര്യങ്ങളുടെ സംരക്ഷകരാണോ സര്‍ക്കാര്‍? കളക്ടറും പോലീസ് അധികാരികളുമല്ലേ കോടതി വിധികള്‍ നടപ്പാക്കാന്‍ ഉത്തരവാദപ്പെട്ടവര്‍? അവരെ ഒഴിവാക്കണം എന്ന് പറഞ്ഞാല്‍ പിന്നെ മുഖ്യമന്ത്രിയാണോ നടപ്പാക്കുക? കുറെക്കൂടെ സമയം വേണമെന്ന് പറഞ്ഞാല്‍ 2017 മുതല്‍ 2024 വരെ കിട്ടിയ സമയം മതിയായില്ല എന്നാണോ? ഏറെ മുന്നോട്ട് പോയാല്‍ ഈ നിര്‍ണ്ണായക ഘട്ടത്തില്‍ ഞാന്‍ പാലക്കാട് ഒരു പത്രസമ്മേളനം വിളിക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടി വരും’് യൂഹാനോന്‍ മാര്‍ മീലിത്തിയോസ് കുറിച്ചു.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് മണ്ഡലങ്ങളിലും ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കാര്യമായ സ്വാധീനമില്ലെങ്കിലും സര്‍ക്കാരിനെതിരെ പ്രബലമായ ക്രൈസ്തവ വിഭാഗം തിരിയുന്നത് സിപിഎമ്മിനേയും ഇടതുമുന്നണിയേയും ആശങ്കപ്പെടുത്തുന്നുണ്ട്. ഒന്നര വര്‍ഷത്തിനിടയില്‍ തദ്ദേശ – നിയമ സഭാ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ മധ്യ തിരുവിതാംകൂറിലെ നിര്‍ണായക ശക്തിയായ ഓര്‍ത്തഡോക്‌സ് സഭയുടെ ഭീഷണിയെ അവഗണിക്കാനാവാത്ത സ്ഥിതിയിലാണ് ഇടതുമുന്നണി.