കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് വയനാടും കേരളവും
കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് വയനാടും കേരളവും. ഉറ്റവരെ കാണാതായവരെ തേടിയുള്ള ബന്ധുക്കളുടെ പരക്കം പാച്ചിലും, തേങ്ങലടിച്ചുള്ള വാക്കുകളും മാത്രമാണ് മുണ്ടക്കൈയിൽ നിന്ന് പുറത്തുവരുന്നത്. കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തത്തിൽ 135 മരണങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ആദ്യ ദിനം മോശം കാലാവസ്ഥ മൂലം താൽക്കാലികമായി നിര്‍ത്തിവച്ച രക്ഷാദൗത്യം ഇന്ന് അതിരാവിലെ തുടങ്ങും. ബന്ധുക്കൾ ആരോഗ്യസ്ഥാപനങ്ങളിൽ അറിയിച്ച കണക്കുകൾ പ്രകാരം ഇനിയും 211 പേരെ കണ്ടെത്താനുണ്ട്. അതിനായുള്ള പ്രവര്‍ത്തനങ്ങളാണ് ഇന്ന് നടക്കുക.
വയനാട്ടില്‍ മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കുടുങ്ങിക്കടന്നവരെയെല്ലാം രക്ഷിച്ചതായി ഫയര്‍ ഫോഴ്‌സ് അറിയിച്ചു. ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രമായ മുണ്ടക്കൈ, പുഞ്ചിരിമുട്ടം എന്നിവിടങ്ങളില്‍ നിന്നാണ് ആളുകളെ രക്ഷിച്ചത്. ഈ മേഖലയില്‍ ഉണ്ടായിരുന്ന മൃതദേഹങ്ങളെല്ലാം താഴെയെത്തിച്ചു. പിന്നീട് മേപ്പാടി ആശുപത്രിയിലേക്ക് മാറ്റി. മേഖലയിലെ രക്ഷാപ്രവര്‍ത്തനം ഇന്നത്തേക്ക് നിര്‍ത്തി. നാളെ രാവിലെ ഏഴ് മണിയോടെ തെരച്ചില്‍ പുനരാരംഭിക്കും. കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടില്‍ സംഭവിച്ചത്. രാത്രി 2.45 ഓടെ മുണ്ടക്കൈ, പുഞ്ചിരിമുട്ടം എന്നിവിടങ്ങളില്‍ ഉണ്ടായ ഉരുള്‍പൊട്ടലായിരുന്നു നാശം വിതച്ചത്. കുത്തിയൊലിച്ചു വന്ന വെള്ളം ചൂരല്‍മല ടൗണിനെ വരെ ഇല്ലാതാക്കി. ദുരന്തത്തില്‍ ഇതുവരെ 125 പേര്‍ മരിച്ചു. 100 ഓളം പേരെ കാണാതായി. 130 പേരെ ആശുപത്രികളില്‍ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. പുലര്‍ച്ചെ നടന്ന ദുരന്തം ഇന്ന് രാവിലെയോടെയാണ് പുറംലോകം അറിഞ്ഞത്. ഇപ്പോഴും ദുരന്തത്തിന്റെ പൂര്‍ണ ചിത്രം വ്യക്തമായിട്ടില്ല.
ദുരന്തത്തിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമുട്ടം ഭാഗത്തേക്ക് മണിക്കൂറുകളെടുത്ത് താത്കാലിക പാലം ഉണ്ടാക്കി. കയര്‍ കെട്ടി അവിടേക്ക് കടക്കാന്‍ വഴിയൊരുക്കി. 200 ഓളം പേര്‍ അവിടെ പലയിടത്തായി അഭയം തേടിയിരുന്നു. അവരെയെല്ലാം വൈകുന്നേരത്തോടെ രക്ഷിച്ച് താഴേക്ക് എത്തിച്ചു. രക്ഷാദൗത്യം നടത്തിയ സംഘത്തിന് വിവരം ലഭിച്ച എല്ലാ ഇടത്തുനിന്നും കുടുങ്ങിക്കിടന്നവരെ രക്ഷിച്ചുവെന്നാണ് ഔദ്യോഗിക അറിയിപ്പ്. എന്നാല്‍ ഇപ്പോഴും പല ഭാഗത്തായി ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളും അടക്കം നൂറോളം പേര്‍ പ്രദേശത്തെ ഒരു മുസ്ലിം പള്ളിയില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. നാളെ ദുരന്തഭൂമിയില്‍ വിശദമായ തെരച്ചില്‍ നടത്തും. കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങും. പാറക്കഷണങ്ങള്‍ക്കും തകര്‍ന്ന വീടുകള്‍ക്കും മണ്ണിനടിയിലും കുടുങ്ങിപ്പോയവരെ കണ്ടെത്താനാവും ശ്രമം. പ്രദേശത്തെ പാടികള്‍ പലതും ഒഴുകിപ്പോയി. ഇതിലുണ്ടായിരുന്ന ഇതര സംസ്ഥാനത്ത് നിന്നുള്ളവരെ രക്ഷിക്കാനായോ എന്ന് വ്യക്തമല്ല. പ്രദേശത്തെ റിസോര്‍ട്ടുകളിലേക്ക് അഭയം പ്രാപിച്ചവരെ രക്ഷിക്കാനായിട്ടുണ്ട്.
അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ 12 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, ആലപ്പുഴ, കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, പത്തനംതിട്ട, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കാലാവസ്ഥ പ്രക്ഷുബ്ധമാകുന്ന സാഹചര്യത്തില്‍ പൊതുജനം സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് കേരള പൊലീസ് അഭ്യര്‍ഥിച്ചു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നിര്‍ബന്ധമായും സുരക്ഷിതമായ സ്ഥലങ്ങളിലേയ്ക്ക് മാറി താമസിക്കണമെന്നും നിര്‍ദേശമുണ്ട്. കേരള തീരത്തും തമിഴ്നാട് തീരത്തും 01.08.2024 രാത്രി 11.30 വരെ 1.9 മുതല്‍ 2.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.