"നേഴ്‌സുമാർ ഭൂമിയിലെ മാലാഖമാരാണെങ്കിൽ ഡോക്ടർമാർ ഭൂമിയിലെ ദൈവങ്ങളാണ്. കണ്ണ് തെറ്റിയാൽ നഷ്ടപ്പെട്ടേക്കാവുന്ന ജീവനെ ഹൃദയത്തിൽ സൂക്ഷിക്കുന്നവർ"
ഓരോ മനുഷ്യരുടെ ജീവിതത്തിലും ദൈവത്താൽ എഴുതപ്പെട്ട ചില നിയോഗങ്ങൾ ഉണ്ട്. ഏതൊക്കെ വഴികളിലൂടെ എങ്ങനെയൊക്കെ സഞ്ചരിച്ചാലും നമ്മൾ ആ വഴിയിലേക്ക് തിരികെ എത്തുക തന്നെ ചെയ്യും. അത്തരത്തിൽ ദൈവം എഴുതിവെച്ച നിയോഗം കൊണ്ട് ഭൂമിയിലെ ഡോക്ടർമാരായി ജനിക്കാനും ജീവിക്കാനും സാധിച്ചവർ അതീവ ഭാഗ്യമുള്ളവരാണ്. രോഗികൾക്ക് മുൻപിൽ അവർ രക്ഷകരായി മാറുമ്പോൾ ആതുര സേവനത്തിന്റെ വഴികളിൽ നിറയെ ജീവന്റെ വിലയുള്ള മനുഷ്യരുടെ ചിരികൾ നിറഞ്ഞു തുടങ്ങും. അമേരിക്കൻ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ഡോ. സാറാ ഈശോ ഇത്തരത്തിൽ ഒരുപാട് മനുഷ്യരുടെ ചിരികൾക്ക് കാരണമായ വ്യക്തിയാണ് .
ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഓങ്കോളജി മേഖലയിലെ മനസ് മടുപ്പിക്കുന്ന അനുഭവങ്ങളിലൂടെ ദിവസവും കടന്നുപോകേണ്ടി വരുമ്പോഴും നിറചിരിയും സാന്ത്വന വാക്കുകളുമായി രോഗികള്‍ക്ക് മുന്നിലെത്തുന്ന
സൗമ്യതയുടെ മുഖമാണ് ഡോ.സാറാ ഈശോ.തന്റെ മുന്നിലെത്തുന്ന മനുഷ്യരെ സ്നേഹസാന്ത്വനങ്ങള്‍ കൊണ്ട് ചേര്‍ത്ത് നിര്‍ത്തുന്ന, അവർക്ക് തണലൊരുക്കുന്ന സ്നേഹമാണ് ഡോ.സാറാ ഈശോ . എഴുത്തിനോടും സാഹിത്യത്തോടും ഹൃദയ ബന്ധം പുലർത്തുന്ന ഡോ.സാറാ ഈശോ മികച്ച വായനക്കാരിയും കൂടിയാണ്. തനിക്ക് മുൻപിൽ വരുന്ന രോഗികളുടെ മാനസിക സഞ്ചാരങ്ങളെ അടുത്തറിഞ്ഞു അവർക്കൊപ്പം നിൽക്കാൻ ഡോ.സാറാ ഈശോ ഇപ്പോൾ വലിയൊരു ദൗത്യം കൂടി ഏറ്റെടുത്തു .ചെങ്ങന്നൂർ കെ എം ചെറിയാൻ മെഡിക്കൽ സയൻസിൽ പുതിയതായി ആരംഭിക്കുന്ന കാൻസർ ഹോസ്പിറ്റലിന്റെ ഡയറക്ടറായി 2024ജനുവരിമുതൽ ചുമതല ഏറ്റെടുത്തു .കേരളത്തിലെ ആയിരക്കണക്കിന് കാൻസർ രോഗികൾക്ക് സാന്ത്വന പരിചരണംകൂടി നൽകുന്ന വലിയ പ്രോജക്ടിന്റെ തലപ്പത്തേക്ക് കടന്നുവരുന്ന പെൺകരുത്താണ് ഡോ.സാറാ ഈശോ.ഈ വഴിത്താരയിൽ ഭാവിതലമുറ ഓർത്തുവെയ്ക്കേണ്ട ഒരു അപൂർവ്വ വ്യക്തിത്വം.
സ്ഥിരതയോടും അർപ്പണബോധത്തോടും
കൂടിയുള്ള യാത്ര
തുടക്കം നന്നായാൽ എല്ലാം നന്നായി എന്നാണല്ലോ വെയ്പ്. ഡോ. സാറാ ഈശോയുടെ ജീവിതത്തിന്റെ തുടക്കം തന്നെ നന്മയുടെ വഴികളിലൂടെ ആയിരുന്നു. പിതാവ് മോസസ് സാർ കോട്ടയത്തെ അറിയപ്പെടുന്ന മലയാളം അദ്ധ്യാപകൻ ആയിരുന്നു.അമ്മ ശോശാമ്മയും അധ്യാപികയായിരുന്നു . ഷേക്സ്പിയർ കൃതികൾ തന്റെ ആര്യഭാരതി പബ്ലിക്കേഷനിലൂടെ മലയാളത്തിലേക്ക് തർജ്ജമ ചെയ്ത് രണ്ട് വാള്യങ്ങളായി മോസസ് സാർ പ്രസിദ്ധീകരിച്ചിരുന്നു അദ്ദേഹം.ഒരു പക്ഷെ മലയാളത്തിൽ ആദ്യമായി ഷേക്സ്പിയർ കൃതികൾ തർജ്ജമ ചെയ്തത് അദ്ദേഹമായിരിക്കും. പള്ളത്ത് അമ്മ വീട്ടിലായിരുന്നു ഡോ.സാറാ ഈശോയുടെ ബാല്യ കൗമാര കാലം. ഏഴാം ക്ലാസ് വരെ പള്ളം ബുക്കാനൻ സ്കൂളിലും , എട്ടാം ക്ലാസ് മുതൽ കോട്ടയം എം. റ്റി സെമിനാരി സ്കൂളിലും പഠിച്ചു. 9, 10 ക്ലാസുകളിൽ കേന്ദ്ര ഗവൺമെന്റിന്റെ സ്കോളർഷിപ്പ് പ്രോഗ്രാമോടുകൂടി തിരുവല്ല നിക്കോൾസൺ സ്കൂളിൽ തുടർ പഠനം. ബി.സി. എം കോളേജിൽ പ്രീ ഡിഗ്രി.ബി.സി. എമ്മിലെ പഠന കാലത്ത് യൂണിയൻ ജനറൽ സെക്രട്ടറിയായി. സ്കൂൾ തലത്തിലുണ്ടായിരുന്ന പ്രസംഗപാടവം അവിടെയും പൊടി തട്ടിയെടുത്ത് സ്റ്റാറായി. ആ വാഗ്ദ്ദോരണിക്ക് പിതാവ് മോസസ് സാറിനോടാണ് ഡോക്ടർക്ക് എക്കാലവും കടപ്പാട്.
പ്രീഡിഗ്രിക്ക് ശേഷം എം.ബി.ബി.എസ്സിന് കോട്ടയം മെഡിക്കൽ കോളേജിൽ ചേർന്നു. 1984 ൽ ഉയർന്ന മാർക്കോടെ ആരോഗ്യ മേഖലയിലേക്ക്. 1985 ൽ കുമ്പനാട് നെല്ലിമൂട്ടിൽ എൻ.സി. ഈശോയുടേയും മറിയാമ്മ ഈശോയുടേയും മകൻ ഡോ. ജോൺ ഈശോയുമായി വിവാഹം. തുടർന്ന് തിരുവല്ല പുഷ്പഗിരിയിൽ ഡോക്ടറായി സേവനം തുടങ്ങിയെങ്കിലും 1986 ൽ അമേരിക്കയിലേക്ക്.
യാദൃശ്ചികമായി കാൻസർ രോഗ ചികിത്സയിലേക്ക്
ജീവിതത്തിന്റെ ചില യാദൃശ്ചികതകൾ മനുഷ്യനെ കൂടുതൽ നേർപ്പിക്കുന്ന സമയത്താണ് നന്മയുടെ കണങ്ങൾ നമ്മെ പൊതിഞ്ഞു നിൽക്കുന്നത്. കാൻസർ രോഗം ഭീതിജനകമായി രോഗികളെ വേട്ടയാടുന്ന കാലത്താണ് 1987 ൽ ഡോ. സാറാ ഈശോ . അമേരിക്കയിലെത്തുന്നത്
ഹാർലം ഹോസ്പിറ്റലിൽ ഇന്റേണൽ മെഡിസിനിൽ റെസിഡൻസി ചെയ്തു. തുടർന്ന് ന്യൂയോർക്ക് മെഡിക്കൽ കോളേജിൽ നിന്ന് ഹീമറ്റോളജി & ഓങ്കോളജിൽ ഫെലോഷിപ്പ് ചെയ്തു. 1995 മുതൽ ന്യൂജേഴ്സി ബർഗൻ കൗണ്ടിയിൽ ഡോക്ടറായി സേവനം തുടങ്ങി. 2006 ൽ സ്വന്തമായി ഓഷ്യൻ ഹീമറ്റോളജി & ഓങ്കോളജി എന്ന സ്ഥാപനം ആരംഭിച്ചു. 2018 ൽ Rutgers യൂണിവേഴ്സിറ്റിയുമായി അഫിലിയേഷൻ നടത്തി അവിടെ സ്റ്റാഫായി സേവനം തുടരുന്നു.
കാൻസർ ചികിത്സ
പ്രതീക്ഷകളുടെ പുതു നാമ്പ്
മരുന്നില്ലാത്ത രോഗമായിരുന്നു ഒരു കാലത്ത് കാൻസർ . കോട്ടയം മെഡിക്കൽ കോളേജിൽ പഠിക്കുന്ന കാലത്ത് കാൻസർ വാർഡിലേക്ക് ആരും പോവുക പോലും ഉണ്ടായിരുന്നില്ല. വേദന കൊണ്ട് പുളയുന്ന മനുഷ്യർ. റേഡിയേഷൻ കൊടുക്കുന്ന ഏക വാർഡിലേക്ക് പോലും പോകാൻ മെഡിക്കൽ വിദ്യാർത്ഥികൾ മടിച്ചിരുന്ന കാലത്തു നിന്നും ലോകം ഇന്ന് ഏറെ മാറിയിരിക്കുന്നു.
അമേരിക്കയിലെത്തിയ സമയത്തും സമാനമായ അവസ്ഥയായിരുന്നു . കഴിഞ്ഞ 30 വർഷങ്ങൾക്കുള്ളിൽ കാൻസർ ചികിത്സാ രംഗത്ത് ഉണ്ടായ മാറ്റം ലോകത്തെത്തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. നിരവധി രോഗികൾ കാൻസറിൽ നിന്ന് മോചിതരാകുന്നു എന്നതാണ് ഒരു ഡോക്ടർ എന്ന നിലയിലെ സന്തോഷം. പണ്ടൊക്കെ കാൻസർ രോഗികൾക്ക് കുടുംബത്തിന്റെ പിന്തുണ കിട്ടുമായിരുന്നില്ല. ഇന്ന് അത്തരം അവസ്ഥകൾ മാറി. മനുഷ്യന് ചികിത്സകളിൽ പ്രതീക്ഷയായി. മരണത്തിന്റെ തൊട്ടു മുൻപിൽ നിന്ന് ഒരു മനുഷ്യനെ തിരികെ കൊണ്ടുവരാൻ സാധിക്കുന്ന നിമിഷമാണ് ഔദ്യോഗിക ജീവിതത്തിലെ അനർഘ നിമിഷമെന്ന് ഡോ. സാറാ ഈശോ പറയുമ്പോൾ ആയിരക്കണക്കിന് രോഗികൾ ഹൃദയം നിറഞ്ഞ് സന്തോഷിക്കുന്നുണ്ടാവും.
കെ.എം. ചെറിയാൻ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തലപ്പത്തേക്ക്.
സ്ഥിരതയോടും അർപ്പണ ബോധത്തോടും കൂടിയുള്ള യാത്ര തുടക്കത്തിൽ ദൈർഘ്യമേറിയതും കഠിനവും ആണെന്ന് തോന്നുമെങ്കിലും അവസാനം ലഭിക്കുന്ന പ്രതിഫലം ജീവിത കാലം മുഴുവൻ നിലനിൽക്കും എന്നത് ഡോ. സാറാ ഈശോയുടെ കാര്യത്തിൽ എത്ര സത്യമാണ്. കേരളത്തിൽ നിന്ന് തുടങ്ങിയ യാത്ര വീണ്ടും കേരളത്തിലേക്ക് എത്തുകയാണ്. ചെങ്ങന്നൂരിൽ ആരംഭിച്ച ഡോ. കെ.എം. ചെറിയാൻ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി ഡോ. സാറാ ഈശോ 2024 ജനുവരി മുതൽ ചാര്ജെടുത്തു . വിശാലമായ പാലിയേറ്റീവ് കെയർ സംവിധാനത്തോടു കൂടി കാൻസർ രോഗികൾക്ക് സാന്ത്വന ചികിത്സ കൂടി ഉറപ്പാക്കുന്നു. എല്ലാ നൂതന ചികിത്സാ സംബ്രദായങ്ങളും സാധാരണ ജനങ്ങൾക്കും ലഭ്യമാക്കുന്ന ഏറ്റവും വലിയ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ആയിരിക്കും ഇത്. കാൻസർ രോഗ ചികിത്സയ്ക്ക് മദ്ധ്യതിരുവിതാംകൂറിന് ഒരു തിലകക്കുറിയായി , മാതൃകയായി മാറുന്ന ആരോഗ്യ നികേതനമാകും ചെങ്ങന്നൂരിലെ കാൻസർ ഹോസ്പിറ്റൽ എന്ന് ഡോ. സാറാ ഈശോ അടിവരയിടുന്നു. ഡോക്ടർക്ക് സ്വന്തം നാട്ടിൽ കുറച്ചു നാൾ ജോലി ചെയ്യണമെന്ന വളരെക്കാലത്തെ ആഗ്രഹമാണ് ഇപ്പോൾ പൂവണിഞ്ഞത് .
പാലിയേറ്റീവ് കെയർ
കാലഘട്ടത്തിന്റെ ആവശ്യം
കേരളത്തിന്റെ മണ്ണിലേക്ക് വരുമ്പോൾ ഉള്ള മറ്റൊരു ആഗ്രഹം പാലിയേറ്റീവ് കെയറിലൂടെ നാട്ടിലെ രോഗികളുടെ വേദനയിൽ ആശ്വാസം കണ്ടെത്താൻ ശ്രമിക്കും. കാൻസർ ചികിത്സ തുടങ്ങുമ്പോൾ തന്നെ പാലിയേറ്റീവ് കെയർ സംവിധാനവും തുടങ്ങണം. ചികിത്സയുടെ കൂടെ ഫിസിക്കൽ തെറാപ്പി മുതൽ തുടങ്ങണം. പാലിയം ഇന്ത്യയുടെ സ്ഥാപകനായ ഡോ. രാജഗോപാലിന്റെ സേവനങ്ങൾ ഈ രംഗത്ത് ശ്ലാഘനീയമാണ്. അദ്ദേഹത്തിന്റെ പ്രസ്ഥാനത്തെ സഹായിക്കാറുണ്ട്. ജനനി മാസികയുടെ പേരിൽ ജനനി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സ്വസൈറ്റിക്ക് രൂപം നൽകി പ്രവർത്തനം തുടങ്ങിയിരുന്നു. വീണ്ടും അത് പുനരാരംഭിക്കണം. കേരളത്തിലേക്ക് വരുന്നതോടെ കാൻസർ ചികിത്സയ്ക്കൊപ്പം പാലിയേറ്റീവ് കെയറും ഏകോപിപ്പിച്ച് ചില പ്രവർത്തനങ്ങൾ നടപ്പിലാക്കണം എന്നാണ് ആഗ്രഹം. കാൻസറിനൊപ്പം വേദനയുണ്ടാകും എന്ന സങ്കല്പം മാറി കാൻസറിനൊപ്പം സ്നേഹവും ഉണ്ടാകും എന്ന അവസ്ഥയാണ് കാലത്തിന്റെ ആവശ്യമെന്ന് സാറാ ഈശോ പറയുന്നു.
കാൻസർ ചികിത്സാ രംഗത്തെ വളർച്ച
കാൻസർ ചികിത്സാ രംഗത്തു ദിവസവും
സംഭവിച്ചു കൊണ്ടിരിക്കുന്ന അദ്ഭുതാവഹമായ
മാറ്റങ്ങൾ ഉണ്ടാകുന്നുണ്ടെന്നു ഡോ.സാറാ ഈശോ പറയുന്നു .ഈ രംഗത്ത് ഓരോ ദിവസവും നിരവധി ഗവേഷണങ്ങളും മരുന്നുകളും
പുറത്തുവരുന്നു. എല്ലാം പഠിച്ചു കഴിഞ്ഞു എന്ന
ചിന്ത ഈ രംഗത്ത് വേണ്ട. ഓരോ ദിവസവും കഴിയുമ്പോഴും ചികിത്സയും മരുന്നുകളും വ്യത്യസ്തമാകുന്നു. ഓരോ ദിവസവും ഒരു വിദ്യാർത്ഥി എന്ന നിലയിൽ പഠനം തുടരുവാനും അത് പ്രായോഗികമാക്കാനും കഴിയുന്നുണ്ട് . ഈ ജോലിയിൽ തുടരുന്നിടത്തോളം കാലം ഒരു വിദ്യാർത്ഥിയായി തുടരുകയാണ് ലക്ഷ്യം
അക്ഷരങ്ങളുടെ ജനനി
അമേരിക്കൻ മലയാളികളുടെ പ്രിയപ്പെട്ട
ഡോ. എം.വി പിള്ളയ്ക്കൊപ്പം വായനയുടെയും, എഴുത്തിന്റേയും രംഗത്ത് എഴുതപ്പെടേണ്ട പേരാണ് ഡോ. സാറാ ഈശോയുടേത്. മാതാപിതാക്കൾ അദ്ധ്യാപകരായത് ചെറുപ്പത്തിൽ തന്നെ വായനയുടെ ലോകം തുറന്നിടുവാൻ കാരണമായി. പിതാവ് മോസസ് സാർ ആണ് വായനയിലേയും, സാഹിത്യത്തിലേയും റോൾ മോഡൽ. ജീവിതത്തിൽ പ്രയാസങ്ങൾ അനുഭവിക്കുന്ന ജനവിഭാഗങ്ങൾക്കൊപ്പം നിലകൊണ്ട വലിയ മനുഷ്യന്റെ മകളായി ജനിച്ചത് ഭാഗ്യം . പിതാവും മാതാവും ഒരുക്കിത്തന്ന നന്മയുടെ വഴികൾ വായനയിലേക്കും എഴുത്തിലേക്കും കൂടി തിരിച്ചു വിട്ടു. ജോലിയുടെ തിരക്കിനിടയിലും ആശ്വാസം വായന തന്നെ ആയിരുന്നു. അങ്ങനെയാണ് സുഹൃത്തുക്കളായ ജെ.മാത്യു സാർ, സണ്ണി പൗലോസ് എന്നിവരോടൊപ്പം ചേർന്ന് ജനനി സാഹിത്യ മാസികയ്ക്ക് തുടക്കമിട്ടത്. ഡോ . എം.എൻ കാരശ്ശേരി മാഷ്, ഡോ. എം.എം. ബഷീർ, കെ എം റോയ് തുടങ്ങിയവരുമായുള്ള സംഭാഷണത്തിൽ നിന്നാണ് പ്രവാസി സാഹിത്യ മാസിക എന്ന നിലയിൽ ജനനി ആരംഭിക്കുന്നത്. മാസിക തുടങ്ങുന്നതിനു പിതാവ് മോസസ് സാർ മകളെ പ്രോത്സാഹിപ്പിച്ചില്ല .തിരക്കുള്ള ജോലിക്കിടയിൽ സാമ്പത്തിക ബാധ്യതകൾ ഉണ്ടാകാൻ സാധ്യത ഉള്ള ഒരു പ്രസ്ഥാനമായി സ്വന്തം അനുഭവം കൊണ്ട് അദ്ദേഹം വിലയിരുത്തി.പക്ഷെ പിന്നീട് അദ്ദേഹവും ജനനിയിൽ എഴുതിത്തുടങ്ങി . 22 വർഷം മുടങ്ങാതെ അച്ചടിച്ച് ജനനി പ്രസിദ്ധീകരിച്ചു. കോവിഡ് കാലത്ത് പ്രസാധനം നിർത്തിയെങ്കിലും ഇപ്പോൾ ഓൺലൈനായി പ്രസിദ്ധീകരിക്കുന്നുണ്ട്. കേരളത്തിലും, അമേരിക്കയിലുമായി എഴുത്തുകാരും, വായനക്കാരുമായി ഒരു വലിയ സൗഹൃദം ഉണ്ടാക്കുവാൻ ജനനി കൊണ്ട് സാധിച്ചിട്ടുണ്ട്. ജെ. മാത്യു സാർ ചീഫ് എഡിറ്റും, സണ്ണി പൗലോസ് മാനേജിംഗ് എഡിറ്ററായും മുന്നോട്ട് പോകുന്ന ജനനിയുടെ കൺസൽട്ടൻറ് എഡിറ്റർ പ്രമുഖ കഥാകൃത്ത് ജോർജ് ജോസഫ് കെ. ആണ്.
ഒരിക്കലും നിലക്കാത്ത സ്പന്ദനം
ഡോ. സാറാ ഈശോയുടെ ശ്രദ്ധേയമായ കുറിപ്പുകളുടെ സമാഹാരമാണ് ഒരിക്കലും നിലയ്ക്കാത്ത സ്പന്ദനം. മാതൃ ദേവോ ഭവ: , മമ പിതൃ ദേവോ ഭവ: എന്നീ രണ്ട് കുറിപ്പുകളിൽ പിതാവിന്റേയും മാതാവിന്റേയും കൈയ്യൊപ്പ് ചാർത്തിയ മകളുടെ എഴുത്ത് കാണാം. ഓരോ വരിയിലും അമ്മയെ വരച്ചിട്ട കുറിപ്പിന്റെ അവസാനം ഇങ്ങനെ കുറിക്കുന്നു " അവധിക്കാലത്ത് ഞാനെത്തുന്നതും കാത്ത് ദിവസങ്ങളെണ്ണിയിരിക്കാൻ ഇനി ആരാണുള്ളത്. ശുഷ്കിച്ച കരങ്ങൾ കൊണ്ട് തലമുടിയിൽ വിരലോടിക്കുമ്പോൾ പരാതികളുടേയും, പരിഭവങ്ങളുടേയും ഭാണ്ഡക്കെട്ട് തുറക്കാൻ , രാത്രിയിൽ ഉറങ്ങാതെ കിടന്ന് പഴയ കഥകൾ കേൾക്കാൻ , ഒരു കൊച്ചു കുഞ്ഞിനെപ്പോലെ അമ്മയെ കെട്ടിപ്പിടിച്ചുറങ്ങാൻ വീണ്ടും കൊതിയാകുന്നു.
പിതാവിനെക്കുറിച്ചുള്ള കുറിപ്പിൽ ഇങ്ങനെ എഴുതുന്നു.
അൻപതാം വിവാഹ വാർഷികത്തിൽ കൊച്ചു മക്കൾ ഇച്ചാച്ചിയോട് ഒരു ചോദ്യം ചോദിച്ചു. "ഞങ്ങൾക്ക് എന്ത് ഉപദേശമാണ് തരാനുള്ളത് ഇച്ചാച്ചിക്ക് "
"ഞങ്ങളുടേത് ഉൾപ്പെടെ മറ്റുള്ളവരുടെയെല്ലാം നന്മ മാത്രം ജീവിതത്തിൽ പകർത്തുക. ആരോടും അസൂയ പാടില്ല. നന്നായി അദ്ധ്വാനിച്ച് ജീവിക്കുക.
പുതർജന്മമുണ്ടെങ്കിൽ അടുത്ത ജന്മത്തിൽ മോസസ് സാറിന്റേയും, ശോശാമ്മ ടീച്ചറിന്റേയും മകളായി ജനിക്കണം എന്ന ഡോക്ടറിന്റെ ആഗ്രഹത്തിന് പ്രാർത്ഥനകൾ
സാമൂഹ്യ പ്രവർത്തനങ്ങൾ
സ്കൂൾ കോളേജ് കാലഘട്ടത്തിലെ പ്രസംഗക്കാരി സാറ അമേരിക്കയിലെത്തിയിട്ടും സാമൂഹ്യ പ്രവർത്തനങ്ങളിലും സജീവമായി. 1998 ൽ ഫൊക്കാനയിൽ പ്രവർത്തനം തുടങ്ങിയെങ്കിലും പിന്നീട് ഫോമയിൽ സജീവമായി. ഫോമ വിമൻസ് ഫോറം ചെയർ പേഴ്സണായ സമയത്ത് കേരളത്തിൽ നേഴ്സിംഗ് വിദ്യാഭ്യാസ രംഗത്ത് സ്കോളർഷിപ്പ് ഏർപ്പെടുത്തി. പാലിയേറ്റീവ് രംഗത്ത് വേണ്ട സഹായങ്ങൾ നൽകി. ഐ.പി. സി. എൻ എ യുടെ നാഷണൽ ജോ. സെക്രട്ടറിയായിരുന്നു. ഏഷ്യാനെറ്റിൽ കാൻസർ അവയർനസ് ക്ലാസുകൾ അവതരിപ്പിച്ചിട്ടുണ്ട്.
ഡോ. സാറാ ഈശോ എല്ലാ വർഷവും തന്റെ കാൻസർ രോഗികൾകളേയും കുടുംബങ്ങളേയും ആദരിച്ചു കൊണ്ട് കാൻസർ അതിജീവന ദിനം ആഘോഷിക്കാറുണ്ട്. രോഗം ബാധിച്ച മനുഷ്യരുടെ മനസ്സുകളെ അതിജീവനത്തിന് തയ്യാറാക്കാനുള്ള ഒരു തയ്യാറെടുപ്പ് .പാട്ടും വിനോദങ്ങളുമായി ഒരു ദിവസം. ഫാ. ഡേവിസ് ചിറമേൽ ഈ പരിപാടിയിൽ കുറെ വർഷങ്ങൾക്ക് മുമ്പ് പങ്കെടുത്തിരുന്നു.
കുടുംബം
നന്മയുള്ള കുടുംബത്തിലെ ജനനം ഡോ. സാറാ ഈശോയുടെ ജീവിത വഴിത്താരയിലെ സൗഭാഗ്യം തന്നെയാണ്. പിതാവ് മോസസ് സാറും, മാതാവ് ശോശാമ്മ ടീച്ചറും നൽകിയ പിന്തുണയ്ക്കൊപ്പം സഹോദരങ്ങളായ സൂസൻ ദാനിയേൽ രാജൻ മോസസ്, അനിയൻ മോസസ് എന്നിവരും ഭർത്താവ് ഡോ. ജോൺ ഈശോ (ന്യൂയോർക്ക് veterans ഹോസ്പിറ്റലിൽ എൻഡോക്രൈനോളജിസ്റ്റ് ), മകൻ ഡോ.മനോജ് ( ഫാമിലി മെഡിസിൻ സിയാറ്റിലിൽ പ്രാക്ടീസ് ചെയ്യുന്നു ), മകൾ മെലിസ (ലോയർ - ന്യൂജേഴ്സി അറ്റോർണി ജനറൽ ഓഫീസ് ) എല്ലാ പ്രവർത്തനങ്ങൾക്കും ഒപ്പമുണ്ട്.
ഡോ. സാറാ ഈശോ ഈ സ്നേഹ സമ്മാനങ്ങളുമായി കേരളത്തിലേക്ക് വരികയാണ്. കാൻസർ രോഗികളുടെ കാവലാളാവാൻ. ഒരു രോഗിയുടെ ജീവനെ ഹൃദയത്തോട് ചേർത്ത് പിടിച്ചു കൊണ്ട് അവരുടെ കണ്ണുകളോട് ഞങ്ങളുണ്ട് എന്ന് പറഞ്ഞ് പ്രതീക്ഷകളുടെ പുതിയ പ്രഭാതങ്ങൾ സമ്മാനിക്കാൻ ഡോ. സാറാ ഈശോ തയ്യാറെടുക്കുമ്പോൾ നമുക്ക് അഭിമാനിക്കാം..അർഹതപ്പെട്ട ഒരാളിലേക്ക് കടന്നു വന്ന പദവിയുടെ ധന്യതയോർത്ത് നമുക്ക് സന്തോഷിക്കാം. ഹൃദയം നിറഞ്ഞ് പ്രാർത്ഥിക്കാം