LITERATURE

അപ്പിഹിപ്പിയെ അറിയാമോ

Blog Image
അപ്പിഹിപ്പിയെ അറിയാമോ ?ഇന്ന് ഈ ചോദ്യം ചോദിച്ചാൽ …. അതാരാണ് ? അറിയില്ലല്ലോ....എന്നു മറുപടി പറയുന്നവർക്കും,അപ്പിഹിപ്പി ഞങ്ങളുടെ ബാല്യത്തെ സമ്പന്നമാക്കിയ ഒരു സുന്ദരൻ നൊസ്റ്റാൾജിയ ആണ് എന്ന് പറയുന്നവർക്കും ഇടയിലാണ് എന്റെ ജീവിതകാലം.

അപ്പിഹിപ്പിയെ അറിയാമോ ?ഇന്ന് ഈ ചോദ്യം ചോദിച്ചാൽ ….
അതാരാണ് ? അറിയില്ലല്ലോ....എന്നു മറുപടി പറയുന്നവർക്കും,അപ്പിഹിപ്പി ഞങ്ങളുടെ ബാല്യത്തെ സമ്പന്നമാക്കിയ ഒരു സുന്ദരൻ നൊസ്റ്റാൾജിയ ആണ് എന്ന് പറയുന്നവർക്കും ഇടയിലാണ് എന്റെ ജീവിതകാലം.

പണ്ട് ഒരു ആഴ്ച്ചപതിപ്പിൽ അപ്പിഹിപ്പി എന്ന കഥാപാത്രത്തിനെ നമ്മുക്ക് തന്ന ടോംസിന്റെ ഒരു ലേഖനം വായിച്ചത് ഓർക്കുന്നു.
അപ്പിഹിപ്പി എന്ന കഥാപാത്രത്തിന്റെ രൂപം തനിക്ക് എങ്ങനെ ലഭിച്ചു എന്ന് വ്യക്തമാക്കുന്ന ഒരു കുറിപ്പ്.
പണ്ട് കോട്ടയം മാമൻ മാപ്പിള ഹാളിൽ  ആർട്ട് സൊസൈറ്റിയുടെ ഒരു സംഗീത പരിപാടിയിൽ ഗിറ്റാർ വായിച്ചിരുന്ന ഒരു ഫ്രീക്കൻ ഹിപ്പിയുടെ രൂപം ടോംസിന്റെ മനസ്സിൽ പതിഞ്ഞു.
ടോംസ് ആ രൂപം ക്യാൻവാസിൽ പകർത്തി.
ശേഷം ആ കഥാപാത്രത്തിന് 'അപ്പിഹിപ്പി'
എന്ന് പേര് നൽകി...

ആ ചെറുപ്പക്കാരൻ ആരായിരുന്നു?
ടോംസ് പിന്നീട് അയാളെ കണ്ടിട്ടുണ്ടാകുമോ?
മലയാളികളുടെ പ്രിയ കഥാപാത്രമായ അപ്പീഹിപ്പി താനാണ് എന്ന് ആ ചെറുപ്പക്കാരൻ എപ്പോഴെങ്കിലും അറിഞ്ഞിരിക്കുമോ???
കാലങ്ങളായി മനസ്സിൽ കിടന്ന ചോദ്യങ്ങൾക്കു പിറകെ ഒരു ടാക്സി വിളിച്ചു പോകാൻ  ഒരു ദിവസം ഞാൻ തീരുമാനമെടുത്തു......
നമ്മുക്ക്... ചോദിച്ചു .. ചോദിച്ചു... പോകാം...

 27 ഏപ്രിൽ 2017
കോട്ടയം ലൂർദ് പള്ളിയുടെ പാരിഷ് ഹാൾ..
പ്രശസ്ത കാർട്ടുണിസ്റ്റ് ടോംസിന്റെ ഒന്നാം ചരമ വാർഷികത്തോട് അനുബന്ധിച്ചുള്ള അനുസ്മരണ ചടങ്ങ്.
വേദിയിൽ പലരും ഓർമ്മകൾ പങ്ക് വയ്ക്കുന്നു.
അവർക്ക് ഇടയിലേക്ക് ടോംസിന്റെ മകനായ ബോബൻ ഒരു വിശിഷ്ട വ്യക്തിയെ ക്ഷണിക്കുന്നു.
70 വയസ്സുള്ള എന്നാൽ ശരീരഭാഷകൊണ്ടും രൂപം കൊണ്ടും ചെറുപ്പക്കാരൻ എന്നു തോന്നിക്കുന്ന ഒരാൾ വേദിയിലേക്കു വന്നു..

Very Good Morning To All……

My Name is Jacob Esho…
And I am a guitarist 

 കുമരകം ചാപ്‌റ്റേഴ്‌സ് 81
'അപ്പിഹിപ്പി'

1960 കാലഘട്ടം 
നക്കരക്കുന്നിനോട് ചേർന്നുള്ള വയസ്‌ക്കരകുന്നിന്റെ മുകളിൽ ഉള്ള ആൺപള്ളിക്കൂടം.
ആറാം ക്ലാസ്സിലെ ഒരു ബെഞ്ചിൽ അധ്യാപകരെ നിരന്തരം കളിയാക്കുകയും അതിന്റെ പേരിൽ മുടങ്ങാതെ തല്ലുകൊള്ളുകയും ചെയ്തിരുന്ന ഒരു വികൃതിപയ്യൻ.
പേര് : വി ഡി രാജപ്പൻ.

രാജപ്പനൊപ്പം അതേ ബെഞ്ചിലിരുന്നു പഠിച്ച മറ്റൊരു പയ്യനെക്കുറിച്ചാണ് ഇന്നു പറയാൻ പോകുന്നത്.
പേര് : ഈശോ....

അധ്യാപികയായിരുന്നു അമ്മ 
കെ ഈ ഏലിയാമ്മ.
സ്വദേശമായ മാവേലിക്കര നിന്നും ജോലിയിൽ സ്ഥലം മാറ്റം കിട്ടി കോട്ടയത്ത് എത്തിയത് 
1963 ൽ...
അങ്ങനെ ആറാം ക്ലാസ്സ് മുതൽ ജേക്കബ് ഈശോ കോട്ടയംകാരനായി.
കോട്ടയത്ത് പ്രാഥമിക വിദ്യാഭ്യാസം കഴിച്ച ഈശോ സംഗീതം പഠിക്കണം എന്ന മോഹവുമായി ചെന്നുപറ്റിയത് 
തൃപ്പൂണിത്തുറയിലായിരുന്നു........
ശേഷം ഗിറ്റാർ പഠിക്കുവാനായ് എറണാകുളത്തു തന്നെ തുടർന്നു.

വർഷങ്ങൾക്കു ശേഷം നാട്ടിൽ തിരികെ എത്തുമ്പോൾ ഒപ്പം പഠിച്ച കൂട്ടുകാരനായ 
വി ഡി രാജപ്പൻ ഹാസ്യ കഥാ പ്രസംഗം എന്ന ഒരു പുതിയ പരിപാടി തുടങ്ങിയതായി അറിയുന്നത്.
ഗിറ്റാറിസ്റ്റായ ഈശോയെ രാജപ്പൻ തനിക്കൊപ്പം കൂട്ടി.
രാജപ്പന്റെ പാരഡിഗാനങ്ങളുടെ കാലമായിരുന്നു പിന്നീടങ്ങോട്ട്.
നീർക്കോലിയും തവളയും, 
എലിയും പൂച്ചയും,
കോഴിയും പോത്തും എരുമയും,
പ്ലമത്തും , അശോക് ലൈലാൻഡും വീഡിയോ കോച്ചുമൊക്കെ കഥാപാത്രങ്ങളായ വി ഡി രാജപ്പൻ കഥകൾ ഓഡിയോ കാസ്സറ്റുകളായി നാട്ടിലോടിയ കാലം.
മുടി നീട്ടി വളർത്തിയ ഹിപ്പികളുടെ കാലം..
ഈശോയും മുടി നീട്ടി വളർത്തി.

ഈശോക്ക് പോലീസിൽ ജോലി ലഭിച്ചു.
പോലീസ് സർവീസിൽ നീട്ടി വളർത്തിയ മുടി വെട്ടണമെന്നത് നിർബന്ധംമാകയാൽ 
ആ ജോലി ഉപേക്ഷിക്കാൻ ഈശോ നിർബന്ധിതനായി.
പോലീസ് ജോലിയിൽ സേവനം അവസാനിപ്പിച്ചെങ്കിലും പോലീസ് ഓർക്കസ്ട്രയിൽ ഗിറ്റാറിസ്റ്റായി തുടർന്നു.

അതിനിടയിൽ എപ്പോഴോ ആണ് ഒരു സംഗീതപരിപാടിയിൽ ഗിറ്റാർ വായിക്കുന്ന ഈശോയെ കാർട്ടൂണിസ്റ്റ് ടോംസ് കാണുന്നത്.
മുടിവളർത്തിയ മെലിഞ്ഞ ശരീരമുള്ള ഈശോയുടെ രൂപം ഒരു കാർട്ടൂൺ കഥാപാത്രമായി തന്റെ പ്രിയ കഥാപാത്രങ്ങളായ ബോബനും മോളിക്കും ഒപ്പം ടോംസ് വരച്ചുചേർത്തു.
ഗിറ്റാർ വായനക്കാരനായ ആ കഥാപാത്രത്തിനു ടോംസ് അപ്പിഹിപ്പി എന്ന് പേരിട്ടു...
കാലങ്ങൾക്കും  ഇപ്പുറം അപ്പിഹിപ്പി എന്ന കഥാപാത്രത്തിന്റെ അവകാശത്തിന്റെ പേരിൽ മലയാള മനോരമയും ടോംസും തമ്മിൽ നിയമപോരാട്ടം വരെ ഉണ്ടായി എന്നത് കാലത്തിന്റെ മറ്റൊരു കൗതുകകഥ.

ഇതൊന്നും അറിയാതെ ഈശോ തന്റെ കലാ ജീവിതം തുടർന്നു.
ഒരിക്കൽ ടോംസിന്റെ മകൻ 
(ബോബൻ) ഈശോയെ തേടി വീട്ടിൽ എത്തി.
അപ്പിഹിപ്പിയെ തങ്ങൾക്കു തിരികെ കിട്ടാൻ വേണ്ടിയുള്ള നിയമപോരാട്ടത്തിൽ ഒപ്പം നിൽക്കണമെന്നും വേണ്ടിവന്നാൽ നേരിട്ട് കോടതിയിൽ ഹാജരാകണം എന്നുമായിരുന്നു ആവശ്യം.
അപ്പോഴാണ് താനാണ് അപ്പിഹിപ്പി എന്ന സത്യം ഈശോ അറിയുന്നത്.
എങ്കിലും വിവാദവിഷയങ്ങളിൽ തലയിടാൻ ഈശോ ഭയന്നിരുന്നു..

പോലീസിൽ ഓർക്കസ്ട്രയിൽനിന്ന് വിരമിച്ച ഗിറ്റാറിസ്റ്റ് ഈശോ 
പിന്നീട് ഗിറ്റാർ അധ്യാപനത്തിലും സജീവമായി.
ഇടക്ക് സുഹൃത്ത് ജയരാജ് സംവിധാനം ചെയ്ത മൂന്നു ചിത്രങ്ങളിൽ അഭിനയിച്ചു..

ബോബനും മോളിയിലെ കഥാപത്രങ്ങളെ സംബന്ധിച്ചുള്ള തർക്കത്തിൽ കോടതിയിൽ നിന്ന് മനോരമയ്ക്ക് അനുകൂലമായ വിധി ലഭിച്ചെങ്കിലും കഥാപാത്രങ്ങളുടെ പകർപ്പ് അവകാശം മനോരമ ടോംസിനു തന്നെ വിട്ടുനൽകി.

ഒരു തലമുറയെ അക്ഷരങ്ങൾ കൂട്ടിവായിക്കാൻ പഠിപ്പിച്ച ഒരുപാട് ചിരിപ്പിച്ച ബോബന്റെയും മോളിയുടെയും സൃഷ്ടാവ് അത്തിക്കളം വാടയ്ക്കൽ തോപ്പിൽ തോമസ് എന്ന ടോംസ് 
2016 ഏപ്രിൽ 27 ന് ഈ ലോകത്തോട് വിട പറഞ്ഞു..

2016 ൽ തന്നെയാണ് രോഗകാരണങ്ങളാൽ സുഹൃത്തും സഹപാഠിയായ വി ഡി രാജപ്പനും യാത്രപറഞ്ഞത്.

ഓരോ കാലത്തിനും ഓർത്തുവയ്ക്കുവാൻ ചിലതുണ്ട്.
പണ്ട് പെട്ടിക്കടകളുടെ മുന്നിൽ അയയിൽ തുണി ഉണങ്ങാനിടും പോലെ തൂക്കിയിട്ട അക്ഷരത്താളുകൾ.
അവയിൽ വീതികൂടിയ ഒന്ന്.
ബോബനും മോളിയും...
ഇപ്പോൾ അനിമേഷൻ ചിത്രങ്ങായി മുറിക്കുള്ളിൽ.
ബാല്യവും കുസൃതിയും വിടാതെ ബോബനും മോളിയും.
കൗമാരവും പ്രേമവും വിടാതെ അപ്പിഹിപ്പിയും...

ആ യഥാർത്ഥ അപ്പിഹിപ്പി ഇപ്പോൾ ഇല്ലിക്കൽ ഉള്ള ചിന്മയമിഷൻ സ്കൂളിലെ കുട്ടികൾക്ക് ഗിറ്റാർ ക്ലാസ് എടുക്കുകയാണ്...
70-90 കാലഘട്ടങ്ങളിൽ നാടക-സിനിമ 
സംഗീതത്തിന്റെ അതുല്യ പ്രതിഭകൾക്കൊപ്പം ഗിറ്റാറിൽ വിരലോടിച്ച 
ജേക്കബ് ഈശോ.
ബാബുരാജ് മാസ്റ്റർ ,എം ജി രാധാകൃഷ്ണൻ, അർജ്ജുനൻ മാഷ്, കണ്ണൂർ രാജൻ, ദക്ഷിണാമൂർത്തി, കുമരകം രാജപ്പൻ, കലവൂർ ബാലൻ,കെപി ഉദയഭാനു ,എൽ പി ആർ വർമ്മ ഒരുപാട് പേരുകൾ, അവയ്ക്കു പിന്നിലെ ഒരുപാട് കഥകൾ ഒന്നും പറഞ്ഞു അവസാനിപ്പിക്കാൻ കഴിയാതെ ഇപ്പോഴും കഥനം തുടരുന്ന ജേക്കബ് ഈശോ...
ക്ലാസ് കഴിഞ്ഞു വിളിക്കാം എന്നു പറഞ്ഞു
ഫോൺ വെച്ചു......

രസികനും സഹൃദയനുമായ ജേക്കബ് ഈശോ..
ഭാര്യ: സീരിയൽ സിനിമാ അഭിനയത്രി ജോളി ഈശോ.
മക്കൾ : അനു എൽസ ഈശോ,
ചിക്കു മരിയം ഈശോ 
സകുടുംബം ഇറഞ്ഞാൽ എന്ന സ്ഥലത്ത് താമസം..

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.