LITERATURE

ബേപ്പൂർ സുൽത്താൻ: കാടായി പൂവിട്ട ഒറ്റമരം

Blog Image
വ്യത്യസ്തമായ പ്രമേയങ്ങളാലും തനതായ എഴുത്ത് ശൈലിയാലും മലയാളസാഹിത്യത്തിൽ കാടായി പൂവിട്ട ഒറ്റമരമാണ് ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ്‌ ബഷീർ. സാധാരണക്കാരന്റെ സാഹിത്യമായിരുന്നു സുൽത്താന്റെ സാഹിത്യം.

വ്യത്യസ്തമായ പ്രമേയങ്ങളാലും തനതായ എഴുത്ത് ശൈലിയാലും മലയാളസാഹിത്യത്തിൽ കാടായി പൂവിട്ട ഒറ്റമരമാണ് ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ്‌ ബഷീർ. സാധാരണക്കാരന്റെ സാഹിത്യമായിരുന്നു സുൽത്താന്റെ സാഹിത്യം. അദ്ദേഹത്തിന്റെ കഥകൾ വായിക്കേണ്ടത് ഹൃദയം കൊണ്ടാണ്. ഭാഷയുടെ ലാളിത്യം കൊണ്ടും ജീവിതത്തോട് സമരസപ്പെട്ടു പോകുന്ന കഥകൾ കൊണ്ടും മലയാളത്തിലെ ഏറ്റവും ജനകീയനായ എഴുത്തുകാരനായി മാറുകയായിരുന്നു സുൽത്താൻ.
 
വായിച്ചുമറന്ന ബാല്യകാലസഖിയെ വെറുതെ ഓർത്തെടുക്കാൻ ഒരു ശ്രമം 

മജീദിന്റെയും സുഹ്റയുടെയും ബാല്യകാലത്തിൽ നിന്ന് തുടങ്ങുന്നു കഥ. ബാല്യത്തെ ഇത്രത്തോളം നിഷ്കളങ്കമായി അവതരിപ്പിച്ചിട്ടുള്ള മറ്റൊരു കഥ മലയാളത്തിലുണ്ടോയെന്നു സംശയമാണ്.ഒന്നും ഒന്നും ചേർന്നാൽ ഇമ്മിണി വല്യ ഒന്നാണെന്നും രാജകുമാരിമാർ പിച്ചാൻ പാടില്ലെന്നുമൊക്കെ വിശ്വസിക്കുന്ന മജീദിന്റെയും സുഹ്‌റയുടെയും ബാല്യം വായനക്കാരെയും മറന്നിട്ട കാലത്തിന്റെ ഓർമ്മകളിലേക്ക് കൈപിടിച്ച് കൊണ്ടുപോകും.

മഴ നനവുള്ള ഗൃഹാതുര സ്മരണകൾക്കൊപ്പം പൊള്ളിക്കുന്ന ജീവിത യാഥാർഥ്യങ്ങൾ കൂടി ഈ കഥ ഓർമ്മിപ്പിക്കുണ്ട്. ഒരിക്കലും സഫലമാകാത്ത അനശ്വര പ്രണയത്തിന്റെ പ്രതിരൂപങ്ങൾ പോലെ മജീദും സുഹ്‌റയും മനസ്സിൽ പതിഞ്ഞു കിടക്കും. ബാല്യത്തിലെ കളിക്കൂട്ടുകാരി കൗമാര യൗവനങ്ങളിൽ പ്രണയിനിയായി മാറുമ്പോഴേക്കും ജീവിതം അവരെ വഴിപിരിക്കുന്നു. ജീവിതത്തിന്റെ കയറ്റിറക്കങ്ങളിൽ അവർ വീണ്ടും കണ്ടുമുട്ടുമ്പോഴും എന്നെന്നേക്കുമായി ഒരുമിക്കാനുള്ള ഭാഗ്യം അവർക്കുണ്ടായിരുന്നില്ല. സഫലമാകാത്ത ഒരു തീവ്ര പ്രണയത്തിന്റെ കനലാണ് ബാല്യകാലസഖി അവശേഷിപ്പിക്കുന്നത് എന്നുവേണമെങ്കിൽ പറയാം.കഴിഞ്ഞുപോയ ഒരു കാലഘട്ടത്തിന്റെ കഥ കൂടിയാണ് ബാല്യകാലസഖി. "ദാരിദ്ര്യം ഭയങ്കര വ്യാധിയാണ്. അത് ശരീരത്തെയും ഹൃദയത്തെയും ആത്മാവിനെയും നശിപ്പിച്ചു കളയും " ഈ ഒരു വാചകത്തിൽ തന്നെ എഴുത്തുകാരൻ ഒരുപാട് പറഞ്ഞു വയ്ക്കുന്നുണ്ട്. സ്വാതന്ത്ര്യത്തിനു മുൻപുള്ള നാളുകളിൽ ആളുകൾ അനുഭവിച്ച ദാരിദ്ര്യവും സാമൂഹ്യ അസമത്വവും രോഗപീഡകളുമെല്ലാം കഥയിലെ പ്രധാന വഴിത്തിരിവുകളാണ്.

'നാം വളരേണ്ടായിരുന്നു ' എന്ന് മജീദിനെയും സുഹ്‌റയെയും പോലെ ഓരോ വായനക്കാരനും ആശിച്ചുപോകും. ദുഃഖങ്ങളുടെയും ആഗ്രഹങ്ങളുടെയും കെട്ടുപാടുകളില്ലാത്ത ബാല്യത്തെ അവർ അത്രമേൽ പ്രണയിച്ചിരുന്നിരിക്കണം... നമ്മളിൽ പലരെയും പോലെ.സഫലമാകാത്ത പ്രണയത്തിന്റെ അവസാന ഓർമ്മ മരണം പോലെ വേദനാജനകം തന്നെയാവണം...
മജീദ് യാത്ര പറഞ്ഞ് ഇറങ്ങാൻ തുടങ്ങുകയായിരുന്നു. സുഹ്‌റ എന്തോ പറയുവാൻ ആരംഭിച്ചു. മുഴുമിക്കുന്നതിനു മുൻപ് ബസ്സിന്റെ ഹോൺ തുരുതുരാ ശബ്ദിച്ചു.മജീദ് മുറ്റത്തേക്കിറങ്ങി, പൂന്തോട്ടത്തിലൂടെ പടിയിറങ്ങി... ഒന്ന് തിരിഞ്ഞു നോക്കി.
നിറഞ്ഞ കണ്ണുകളോടെ ചെമ്പരത്തിയിൽ പിടിച്ചു കൊണ്ട് പൂന്തോട്ടത്തിൽ സുഹ്‌റ.
പറയാൻ തുടങ്ങിയത് അപ്പോഴും അവളുടെ മനസ്സിലുണ്ടായിരുന്നിരിക്കണം.
എന്തായിരുന്നു അന്ന് ഒടുവിലായി സുഹ്‌റ പറയാൻ തുടങ്ങിയത്?
ബാല്യകാലസഖി അവശേഷിപ്പിക്കുന്നത് ഓരോ വായനക്കാരന്റെ മനസ്സിനെയും വേട്ടയാടാൻ പോന്ന ഒരു ചോദ്യമാണ്. കണ്ണിലും മനസ്സിലും ഒരു നനവ് പടർത്തുന്ന കഥാന്ത്യം.

"ബാല്യകാലസഖി ജീവിതത്തിൽ നിന്ന് വലിച്ച് ചീന്തിയ ഒരേടാണ്. അതിന്റെ വക്കിൽ രക്തം പൊടിഞ്ഞിരിക്കുന്നു " എന്ന എം പി പോളിന്റെ വിലയിരുത്തൽ വളരെ കൃത്യമാണ്. വലിച്ചു ചീന്തിയ ഏടിൽ എവിടെയെങ്കിലും നമുക്ക് നമ്മെ തന്നെ കാണാൻ കഴിയും. പൊടിഞ്ഞ രക്തത്തിലെ ഒരു തുള്ളി നമ്മുടേത് തന്നെ.

ദിവ്യ.എസ്.മേനോൻ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.