LITERATURE

ദുരന്തസ്ഥലം സന്ദർശിക്കുമ്പോൾ

Blog Image
"ഇപ്പോൾ നിങ്ങൾക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ സഹായം ഇങ്ങോട്ട് വരാതിരിക്കുക എന്നതാണ്. ദുരന്തത്തിൽ പെട്ടവർക്ക് ആവശ്യമായ സഹായം പറ്റുമെങ്കിൽ പണമായി (അതും സർക്കാർ വഴി അല്ലെങ്കിൽ വിശ്വാസമുള്ള  സംഘടനകൾ വഴി)  നൽകുക"  പലർക്കും ഇത് വിഷമമായി തോന്നും. പക്ഷെ ഇതാണ് നമ്മൾ ചെയ്യേണ്ടത്.

ദുരന്തങ്ങൾ കൈകാര്യം ചെയ്തുകൊണ്ടിരുന്ന കാലത്ത് സ്ഥിരം കിട്ടിയിരുന്ന ഒരു ചോദ്യം ഉണ്ട്.
"ഞങ്ങൾ സഹായത്തിനായി വരട്ടെ?"
"എന്ത് സഹായമാണ് താങ്കൾക്ക് ദുരന്ത പ്രദേശത്ത് ചെയ്യാൻ സാധിക്കുന്നത്?"
"അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല, എന്തും ചെയ്യാൻ റെഡി ആണ്"
ദുരന്ത പ്രദേശം പ്രത്യേകമായ സ്കില്ലുകൾ വേണ്ട പ്രദേശമാണ്. അവിടെ ചെറിയ കാര്യങ്ങൾ ചെയ്യണം എങ്കിൽ പോലും (ഭക്ഷണം കൊടുക്കുക),  കുറച്ചു പരിചയത്തിന്റെ ആവശ്യമുണ്ട്. ദുരന്തങ്ങൾ നേരിൽ കാണുമ്പോൾ അത് കൈകാര്യം ചെയ്യാനുള്ള മനഃസാന്നിധ്യം, ദുരന്തത്തിൽ അകപ്പെട്ടവരോടുള്ള തന്മയീഭാവത്തോടുള്ള പെരുമാറ്റം എന്നിങ്ങനെ.
അതുകൊണ്ട് തന്നെ എന്നോട് ആവശ്യം പറയുന്നവരോട് ഞാൻ പറയാറുള്ളത് ഇതാണ്.
"ഇപ്പോൾ നിങ്ങൾക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ സഹായം ഇങ്ങോട്ട് വരാതിരിക്കുക എന്നതാണ്. ദുരന്തത്തിൽ പെട്ടവർക്ക് ആവശ്യമായ സഹായം പറ്റുമെങ്കിൽ പണമായി (അതും സർക്കാർ വഴി അല്ലെങ്കിൽ വിശ്വാസമുള്ള  സംഘടനകൾ വഴി)  നൽകുക" 
പലർക്കും ഇത് വിഷമമായി തോന്നും. പക്ഷെ ഇതാണ് നമ്മൾ ചെയ്യേണ്ടത്.
ദുരന്തമുഖത്തുള്ള ജോലി പരിശീലനം ലഭിച്ചവരുടെ ആണ്. അവരെ സഹായിക്കാൻ സന്നദ്ധ പ്രവർത്തകർ ആകാം. ദുരന്തമുഖത്തെ ആവശ്യങ്ങൾ കോർഡിനേറ്റ് ചെയ്യാൻ സർക്കാർ സംവിധാനങ്ങളിൽ നിന്നുള്ളവർ വേണം. ദുരന്തമുഖത്ത് മാധ്യമങ്ങളുടെ ആവശ്യമുണ്ട്, കാരണം ദുരന്തത്തിന്റെ വ്യാപ്തി ലോകത്തെ അറിയിക്കേണ്ടതുണ്ട്,, അങ്ങനെയാണ് വേണ്ട സഹായങ്ങൾ വരുന്നത്. രക്ഷാപ്രവർത്തനത്തിലോ മറ്റു കാര്യങ്ങളിലോ പോരായ്മ ഉണ്ടെങ്കിൽ അതും പുറം ലോകം അറിയേണ്ടതുണ്ട്. പക്ഷെ രക്ഷാ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന മാധ്യമപ്രവർത്തനം പാടില്ല.
ദുരന്തമുഖത്ത് ജോലി ചെയ്യുന്നവർക്ക് ആത്മവിശ്വാസം പകരാനും ദുരന്തത്തിൽ അകപ്പെട്ടവരെ അവർ ഒറ്റക്കല്ല എന്നുള്ള ബോധം കൊടുക്കാനും മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ഒക്കെ  (ഏറെ കുറച്ചു സമയത്തേക്ക്) എത്തുന്നത് ശരിയാണ്. അത് രക്ഷാപ്രവർത്തനത്തിന് പരമാവധി  തടസ്സമുണ്ടാക്കാതെ, അധിക മാധ്യമസംഘങ്ങൾ ഇല്ലാതെ ആയിരിക്കണം.
ബാക്കിയുള്ളവർ ഒക്കെ അങ്ങോട്ട് വരുന്നതിന് മുൻപ് സ്വയം ചിന്തിക്കണം. ഞാൻ അവിടെ എത്തുന്നത് ദുരന്തനിവാരണ പ്രവർത്തനത്തിന് സഹായകം ആകുമോ അതോ ബുദ്ധിമുട്ടുണ്ടാക്കുമോ?
നമ്മൾ ദുരന്തമുഖത്ത് ഓടിയെത്തുന്നത് അവിടുത്തെ രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടുത്തുമെന്നോ ദുരന്തത്തിൽ അകപ്പെട്ടവർക്ക് ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ടുണ്ടാക്കുമെന്നോ തോന്നിയാൽ അങ്ങോട്ട് പോകാതിരിക്കുന്നതാണ് ശരി.
ദുരന്തസ്ഥലങ്ങൾ സന്ദർശിക്കാൻ മറ്റുള്ളവർ തിരക്കിടേണ്ട കാര്യമില്ല. വേറെയും വിഷയങ്ങൾ വരും.  മാധ്യമങ്ങൾ ഒക്കെ അവിടെ നിന്നും പോകും. അന്നും ദുരന്തത്തിൽ അകപ്പെട്ടവരുടെ ദുരിതം തുടർന്നുകൊണ്ടേ ഇരിക്കും. അപ്പോൾ അവർക്ക് ആശ്വാസമായി പോകാനുള്ള ഓർമ്മയും മനസ്സും ഉണ്ടെങ്കിൽ അതാണ് നല്ല കാര്യം.
ഷിരൂരിലെ ദുരന്തമുഖത്തോ അവരുടെ വീട്ടുകാരുടെ അടുത്തോ ഒക്കെ നാം ആരെയെങ്കിലും കാണുന്നുണ്ടോ?

മുരളി തുമ്മാരുകുടി

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.