LITERATURE

എന്തിനു വേറൊരു സൂര്യോദയം (കഥ )

Blog Image
ഈയിടെയായ് ധ്യാനം വല്ലാത്തൊരു ധൈര്യം തരുന്നു. വായിക്കാനും സിനിമകാണാനും തോന്നുന്നു. ഞാൻ അനങ്ങാൻ പറ്റാത്ത വീൽ ചെയറിൽ ആയിപ്പോയ ഒരു പെണ്ണാണ് എന്ന തോന്നലേ ഇല്ലായിരുന്നു.

ഈയിടെയായ് ധ്യാനം വല്ലാത്തൊരു ധൈര്യം തരുന്നു. വായിക്കാനും സിനിമകാണാനും തോന്നുന്നു. ഞാൻ അനങ്ങാൻ പറ്റാത്ത വീൽ ചെയറിൽ ആയിപ്പോയ ഒരു പെണ്ണാണ് എന്ന തോന്നലേ ഇല്ലായിരുന്നു.

എന്നാൽ  ആ ക്ഷണക്കത്ത് എന്നെ ആകെ ക്ഷീണിപ്പിച്ചു.
"ചേച്ചീ നീരജേട്ടന്റെ വിവാഹഫോട്ടോ" എന്നു പറഞ്ഞവൾ ഓടിവന്നു കാണിച്ചു. വിവേകം വികാരം ഒട്ടും ഇല്ലാത്ത എട്ടാം ക്ലാസുകാരി എന്റെ അനിയത്തി.

അവളോട്‌ "ബ്യൂട്ടിഫുൾ "എന്നൊക്കെ പറഞ്ഞെങ്കിലും ഉള്ളിൽ അഗ്നി ആളി ക്കത്തുകയായിരുന്നു.

        അവൾ മുറിവിട്ടു പോയപ്പോൾ കണ്ണുനീർ അടർന്നു വീണു. കാഴ്ചമറച്ച കണ്ണുകൾ അടച്ച് ഞാൻ ചോദിച്ചു ' നീരജ് ആ വാകമരത്തിന്റെ വേരുപോലെ നീയെന്നിൽ ഇത്ര ആഴത്തിൽ ഇറ ങ്ങിയിരുന്നോ?

       ആ വാകമരചുവട്ടിലേക്ക്
ഓർമ്മകൾ ഓടി. "ലക്ഷ്മീ നീ എത്രകാലം എന്റെ കൂടെ ഉണ്ടാവും? പ്രീഡിഗ്രിക്കു പഠിക്കുന്നസമയം നീരജ് ചോദിച്ചു
"മരണം വരെ "ഞാൻ പറഞ്ഞു

   ആരാണ് ആ വാക്കുകൾ ലംഘിച്ചത് . ഞാനോ, ആ ആക്സിഡന്റോ, നീരജിന്റെ ഭാവിയിലേക്കുള്ള നോട്ടമോ?

         അവനൊരു താങ്ങാവാൻ ഇനി എനിക്കു  പറ്റില്ല എന്നറിഞ്ഞിട്ടും അവന്റെ തണൽ ഞാൻ ആഗ്രഹിച്ചു.

ആദ്യമൊക്കെ എന്നും വന്നിരുന്ന അവൻ
രണ്ടു ദിവസം കൂടുമ്പോൾ ആയി.പിന്നെ നാല്, അഞ്ച് അങ്ങനെ വരവിന്റെ എണ്ണം രണ്ടുമാസം കൂടുമ്പോൾ ഒരിക്കൽ എന്നായി. പിന്നീട് ഫോൺ വിളി മാത്രമായ്. ഇന്നതും നിലച്ചു.

          പഠനം കഴിഞ്ഞു കല്യാണ ആലോചനകൾ വന്നപ്പോൾ നീരജിന്റെ കാര്യം അച്ഛനോട് പറഞ്ഞു.  അമ്മ കുറച്ചു ദേഷ്യപ്പെട്ടെങ്കിലും അച്ഛനും അവന്റെ വീട്ടുകാർക്കും സമ്മതമായതിനാൽ അമ്മയും സമ്മതിച്ചു.

വിവാഹം കഴിഞ്ഞു ആറു മാസം ആവും മുൻപേ വിധിയെന്നെ ആശുപത്രിയിൽ കിടക്കയിലാക്കി. ജീവിതം സിനിമപോലായിട്ട് ആറു വർഷം കഴിഞ്ഞു.

   കണ്ണുകൾ അമർത്തി തുടച്ചു ഞാൻ സ്വയം പറഞ്ഞു 
          'സ്വയം സ്നേഹിക്കാൻ പഠിക്കണം. 
നഷ്ടപ്പെട്ടതൊന്നും ഓർക്കാതെ ഓരോ ചെറിയകാര്യത്തിലും സന്തോഷം കണ്ടെത്തണം."

         ജീവിതത്തിൽ സ്വപ്നം കാണുന്നതൊന്ന് വരയ്ക്കുന്നത് മറ്റൊന്ന്!

വീൽചെയർ സ്വയം നീക്കി എഴുത്തുകൾ മലയാളത്തിൽ മൊഴിമാറ്റാൻ ചെറുതായി എന്നെ സഹായിക്കുന്ന മേശമേൽ വച്ച മലയാളം നിഘണ്ടു വെറുതെ എടുത്തു മറിച്ചു.

മരണമടയുക,മരണമണി,മരണമൊഴി,മരണയാതന, മരണലക്ഷണം മരണവായു.... അങ്ങനെ നോക്കി വായിക്കുമ്പോൾ
അകത്തേക്കു വന്ന അച്ഛൻ
"നമുക്ക് മുറ്റത്തൂടെ നടക്കാം" എന്നു പറഞ്ഞ് നിഘണ്ടു മടിയിൽ നിന്നുംഎടുത്തു വച്ച് വീൽചെയർ  പുറത്തേക്ക് നീക്കി. 

പുറത്തെ നിലാവിൽ
പുൽത്തകിടിയിലൂടെ അച്ഛനെന്നെ ഉരുട്ടിക്കൊണ്ട് ഓരോന്ന് പറയുമ്പോൾ എന്നത്തേയും പോലെ ഇന്നും എല്ലാം മറന്നു സന്തോഷിക്കാൻ എനിക്കു കഴിയുന്നു.

മനസ്സിലെ വ്യഥയും ഹൃദയത്തിലെ നൊമ്പരവും മനസ്സിലാക്കാൻ എന്റെ അച്ഛനുള്ളപ്പോൾ എനിക്ക് എന്തിനു
വേറൊരു സൂര്യോദയം.

ഷീനശ്രീജിത്ത്

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.