PRAVASI

ഡമാസ്കസ് സെൻ്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് മികച്ച തുടക്കം

Blog Image
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിൻ്റെ രജിസ്ട്രേഷൻ കിക്ക് ഓഫ് ഏപ്രിൽ 21 ഞായറാഴ്ച ഡമാസ്കസ്  സെൻ്റ് തോമസ് ഓർത്തഡോക്സ് സിറിയൻ പള്ളിയിൽ നടത്തപ്പെട്ടു

ഡമാസ്കസ് (മെരിലൻഡ്): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിൻ്റെ രജിസ്ട്രേഷൻ കിക്ക് ഓഫ് ഏപ്രിൽ 21 ഞായറാഴ്ച ഡമാസ്കസ്  സെൻ്റ് തോമസ് ഓർത്തഡോക്സ് സിറിയൻ പള്ളിയിൽ നടത്തപ്പെട്ടു. ഭദ്രാസനത്തിന്റെ ഏറ്റവും വലിയ ആത്മീയ സമ്മേളനമായ  ഫാമിലി/യൂത്ത് കോൺഫറൻസിൽ .നോർത്ത് ഈസ്റ്റ് അമേരിക്കയിലെയും കാനഡയിലെയും ഇടവകകളിൽ നിന്നുള്ള വൈദികരും അൽമായരും പങ്കെടുക്കും.
വിശുദ്ധ കുർബാനയ്ക്കുശേഷം ഫാ. കെ. ജെ. വർഗീസ് (വികാരി) കോൺഫറൻസ് ടീമിന് സ്വാഗതം ആശംസിച്ചു. ഷിബു തരകൻ (ഫാമിലി & യൂത്ത് കോൺഫറൻസ് ജോയിൻ്റ് സെക്രട്ടറി), ജേക്കബ് (ജോസ്) എബ്രഹാം, (ഫാമിലി & യൂത്ത് കോൺഫറൻസ് കമ്മിറ്റി അംഗം) എന്നിവരടങ്ങുന്നതായിരുന്നു കോൺഫറൻസ് ടീം. ഭദ്രാസനത്തിന്റെ  ഈ സുപ്രധാന ആത്മീയ കൂട്ടായ്മയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കോൺഫറൻസ് ടീമിൻ്റെ ശ്രമങ്ങളെ വികാരി  അഭിനന്ദിക്കുകയും കോൺഫറൻസിൽ രജിസ്റ്റർ ചെയ്യാനും പങ്കെടുക്കാനും എല്ലാവരെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
സമ്മേളനത്തിൻ്റെ സ്ഥലം, തീയതി, തീം, പ്രാസംഗികർ, വേദിക്ക് സമീപമുള്ള ആകർഷണങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പൊതുവായ വിവരങ്ങൾ ഷിബു തരകൻ നൽകി.  സ്പോൺസർഷിപ്പ് അവസരങ്ങളെപ്പറ്റിയും കോൺഫറൻസിൻ്റെ സ്മാരകമായി പ്രസിദ്ധീകരിക്കുന്ന സുവനീറിനെക്കുറിച്ചും ലേഖനങ്ങൾ, പരസ്യങ്ങൾ, അഭിനന്ദനങ്ങൾ എന്നിവ സമർപ്പിക്കുന്നതിനെക്കുറിച്ചും ഷിബു സംസാരിച്ചു. റാഫിൾ ടിക്കറ്റ് വാങ്ങലിലൂടെ ആകർഷകമായ സമ്മാനങ്ങൾ നേടുന്നതോടൊപ്പം  കോൺഫറൻസിനെ എങ്ങനെ എല്ലാവർക്കും പിന്തുണയ്ക്കാമെന്ന് ജേക്കബ് എബ്രഹാം വിശദീകരിച്ചു.
ഇടവകയെ പ്രതിനിധീകരിച്ച് ഫാ. കെ. ജെ. വർഗീസ് സുവനീറിൽ അനുമോദനങ്ങൾ രേഖപ്പെടുത്തുന്നതിനായി സംഭാവന സമർപ്പിച്ചു. നിരവധി അംഗങ്ങൾ റാഫിൾ ടിക്കറ്റുകൾ വാങ്ങി പിന്തുണ വാഗ്ദാനം ചെയ്തു. വർഗീസ് സ്കറിയ, ജിക്കു ജേക്കബ്, സാജൻ പൗലോസ്, തോമസ് പുളിനാട്ട്, ജോയ് കോശി, ജോർജ്ജ് തോമസ്, ടാനിയ മേരി വർഗീസ് എന്നിവർ റാഫിൾ ടിക്കറ്റ് വാങ്ങിയവരിൽ ഉൾപ്പെടുന്നു.
പ്രാർത്ഥനാപൂർവ്വം പിന്തുണച്ച വികാരി, സാജൻ പൗലോസ് (ഇടവക ട്രസ്റ്റി), തോമസ് പുളിനാട്ട് (സെക്രട്ടറി) എന്നിവർക്കും മാനേജിംഗ് കമ്മിറ്റി അംഗങ്ങൾക്കും ഇടവക അംഗങ്ങൾക്കും കോൺഫറൻസ് ടീം നന്ദി അറിയിച്ചു.
2024 ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലങ്കാസ്റ്ററിലെ വിൻധം  റിസോർട്ടിലാണ് സമ്മേളനം നടക്കുന്നത്. സൺഡേ സ്കൂൾ ഡയറക്ടർ ജനറലും പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ഡോ. വർഗീസ് വർഗീസ് (മീനടം) മുഖ്യപ്രഭാഷണം നടത്തും. ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ  ഫാ. സെറാഫിം മജ്മുദാറും, സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികൻ  ഫാ. ജോയൽ മാത്യുവും യുവജന സെഷനുകൾക്ക് നേതൃത്വം നൽകും. ‘ദൈവിക ആരോഹണത്തിന്റെ ഗോവണി’ എന്ന വിഷയത്തെപ്പറ്റി “ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളിൽ നിങ്ങളുടെ മനസ്സ് സ്ഥാപിക്കുക” (കൊലൊ സ്യർ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ്  കോൺഫറൻസിന്റെ ചിന്താവിഷയം. ബൈബിൾ, വിശ്വാസം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും.
Registration link: http://tinyurl.com/FYC2024
കൂടുതൽ വിവരങ്ങൾക്ക്, ഫാ. അബു പീറ്റർ, കോൺഫറൻസ് കോർഡിനേറ്റർ (ഫോൺ: 914.806.4595) / ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ. 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.