LITERATURE

കെ.എം മാണിസാർ ഓർമ്മയായിട്ട് അഞ്ച് വർഷം

Blog Image
എല്ലാവരേയും പോലെ മാണിസാറിന്‍റെ പാലാ വീട്ടിലെ ഒരു സന്ദര്‍ശകനായിരുന്നില്ല ഞാന്‍. എങ്കിലും പിതൃസഹജമായ വാത്സല്യത്തോടെ ഒരു കാലഘട്ടത്തിന്‍റെ നേതൃചിഹ്നമായ മാണിസാര്‍ പ്രകടിപ്പിക്കുന്ന അഭിജാതമായ നേതൃഗുണങ്ങള്‍ മഹത്വമുള്ളതായി ഞാന്‍ കരുതുന്നു. ആ മഹത്വത്തിനു മുന്‍പില്‍ എന്‍റെ പ്രണാമം. 

2004 പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ്. മൂവാറ്റുപുഴ ലോക്സഭാ മണ്ഡലത്തില്‍ നിന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി കെ.എം. മാണിസാറിന്‍റെ മകന്‍ ജോസ്. കെ. മാണി മത്സരിക്കുന്നു. അവിടെ ത്രികോണ മത്സരമാണ് നടക്കുന്നത്. മുന്‍ പാര്‍ലമെന്‍റ് അംഗമായ പി.സി. തോമസ് കേരള കോണ്‍ഗ്രസില്‍നിന്ന് തെറ്റിപ്പിരിഞ്ഞ് എന്‍.ഡി.എ മുന്നണി സ്ഥാനാര്‍ത്ഥിയായി രംഗത്തുണ്ട്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി പി.ഇ. ഇസ്മായേലാണ് മത്സരിക്കുന്നത്. ജോസ് കെ. മാണിയുടെ കന്നി അങ്കമാണ്. മൂവാറ്റുപുഴയില്‍ നിന്ന് മൂന്നു തവണ വന്‍ ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുക്കപ്പെട്ട പി.സി. തോമസിന് മണ്ഡലത്തിലാകെ വലിയ വ്യക്തി ബന്ധങ്ങളാണുള്ളത്. ത്രികോണ മത്സരമായതിനാല്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിക്ക് വലിയ വിജയ പ്രതീക്ഷയുമുണ്ട്. ഈ തിരഞ്ഞെടുപ്പില്‍ മീഡിയാ ആന്‍റ് പബ്ലിസിറ്റി കമ്മിറ്റിയില്‍ ജോസ് കെ. മാണിക്കുവേണ്ടി ഞാനും പ്രവര്‍ത്തിച്ചിരുന്നു. തെരഞ്ഞെടുപ്പു പ്രചാരണത്തിനുവേണ്ടി എല്ലാ നിയോജക മണ്ഡലങ്ങളിലും വിതരണം ചെയ്യുവാന്‍ ഒരു പ്രസ്താവന ആവശ്യമായിരുന്നു. ജോസ് കെ. മാണിയുടെ കൂടെ അനുദിന പ്രചരണ കാര്യങ്ങളില്‍ സഞ്ചരിച്ച് പ്രവര്‍ത്തിച്ചിരുന്ന ആളായിരുന്നു ജയിംസ് തെക്കനാടന്‍. തെക്കനാടന്‍റെ ശുപാര്‍ശ പ്രകാരമാവാം എന്നോടും ഒരു പ്രസ്താവന തയ്യാറാക്കുവാന്‍ മാണിസാര്‍ ആവശ്യപ്പെട്ടു. മറ്റു മൂന്നുപേരോടും മാണിസാര്‍ പ്രസ്താവനകള്‍ തയ്യാറാക്കുവാന്‍ ആവശ്യപ്പെട്ടിരുന്നു. എന്‍റെ പ്രസ്താവനയാണ് അവസാനം സ്വീകരിക്കപ്പെട്ടത്. എങ്കിലും ചില ഭേദഗതികള്‍ ആവശ്യമായതിനാല്‍ "നാട്ടകം ഗസ്റ്റ് ഹൗസില്‍ രാവിലെ 9 മണിക്ക് എത്താമോ" മാണിസാര്‍ വിളിച്ചു ചോദിച്ചു. എന്‍റെ പിതാവിന്‍റെ പ്രായമുണ്ടെങ്കിലും മാണിസാറിന്‍റെ ഫോണ്‍വിളിയിലും പെരുമാറ്റത്തിലും ഉന്നതമായ കുലീനത്വം പുലര്‍ത്തിയിരുന്നു. "ബാബു സാറിന് സൗകര്യപ്രദമാണെങ്കില്‍..." എന്നു തുടങ്ങി മാത്രമേ മാണിസാര്‍ ഒരു കാര്യത്തിന് ആവശ്യപ്പെടുമായിരുന്നുള്ളൂ. 
പിറ്റേന്നു രാവിലെ 9 മണിക്കുതന്നെ ഞാന്‍ നാട്ടകം ഗസ്റ്റ് ഹൗസിലെത്തി. തങ്കച്ചന്‍ എന്നെ മാണിസാറിന്‍റെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി. മാണിസാര്‍ പ്രാതല്‍ കഴിക്കുകയാണ്. ആവി പൊങ്ങുന്ന പാലപ്പവും മുട്ടക്കറിയും ഏത്തപ്പഴം പുഴുങ്ങിയതും. പ്രാതലില്‍ പങ്കുചേരാന്‍ എന്നെയും ക്ഷണിച്ചു. "ബാബുസാറേ! ഇവിടെ ഇരുന്ന് ഡിസ്കസ് ചെയ്യാമെന്നാണ് ഞാന്‍ കരുതിയത്. പക്ഷേ മുത്തൂറ്റിലെ അച്ചായന്‍ മരിച്ചുപോയി. കോഴഞ്ചേരിയ്ക്ക് പോകണം. നമുക്ക് കാറിലിരുന്ന് സംസാരിക്കാം. കുഴപ്പമില്ലല്ലോ." മാണിസാറിന്‍റെ നിര്‍ദ്ദേശം ഞാന്‍ ശിരസാ വഹിച്ചു. റവന്യൂ മന്ത്രി കെ.എം. മാണിയുടെ സ്റ്റേറ്റ് കാറില്‍ പിന്‍ സീറ്റില്‍ മാണി സാറും ഞാനും മാത്രം. മുന്‍ സീറ്റില്‍ തങ്കച്ചനും ഡ്രൈവറും. ഞാന്‍ വായിക്കും മാണി സാര്‍ കേള്‍ക്കും. ഇഷ്ടപ്പെടാത്ത ഭാഗങ്ങള്‍ വീണ്ടും വായിപ്പിക്കും. തിരുത്തലുകള്‍ നിര്‍ദ്ദേശിക്കും. വായന, തിരുത്ത്, ഇത് കോഴഞ്ചേരിവരെ തുടര്‍ന്നു. കോഴഞ്ചേരിയില്‍ മരണവീട്ടിലെ വാതില്‍ക്കല്‍ ഇറങ്ങുമ്പോള്‍ മാണിസാര്‍ ചിരിച്ചുകൊണ്ടുപറഞ്ഞു "വായിച്ച് വായിച്ച് ബാബുസാര്‍ ക്ഷീണിച്ചുവല്ലേ. ഇതൊന്നുമത്ര പരിചയമില്ലല്ലോ. ഒരു ചായയൊക്കെ കുടിച്ച് റിലാക്സ് ചെയ്യൂ. ഞാന്‍ പോയിട്ടു വരാം." യാതൊരു ക്ഷീണവുമില്ലാതെ വര്‍ധിത വീര്യനായി ആളുകളെ ചുമലില്‍ തട്ടി മരണവീട്ടിലെ ജനക്കൂട്ടത്തിന്‍റെ ഇടയിലേക്ക് ഒഴുകി നീങ്ങുന്ന മാണിസാറിനെ ഞാന്‍ ആശ്ചര്യത്തോടെ നോക്കി നിന്നു. ജന്മനാ നേതാവായ ഒരു മനുഷ്യന്‍റെ ഊര്‍ജ്ജം. തളരാത്ത ആത്മവിശ്വാസം. ക്ഷീണിക്കാത്ത പ്രകൃതം. എനിക്കാശ്ചര്യം തോന്നി. തിരിച്ചുള്ള യാത്രയിലും വായനയും തിരുത്തും തുടര്‍ന്നുകൊണ്ടേയിരുന്നു. ഉച്ചകഴിയാറായപ്പോള്‍ ഞങ്ങള്‍ നാട്ടകത്ത് തിരികെയെത്തി. അപ്പോള്‍ കുറ്റമറ്റ ഒരു പ്രസ്താവന തയ്യാറായി കഴിഞ്ഞിരുന്നു. എളിയവനായ ഞാന്‍ എഴുതിയ ആ പ്രസ് താവനയുടെ പത്തുലക്ഷം കോപ്പികളാണ് മണ്ഡലത്തില്‍ വിതരണം ചെയ്തത്. 
പത്രങ്ങളില്‍ നല്‍കുന്ന പ്രസ്താവനകളുടെയും പരസ്യങ്ങളുടെയും ചുമതല ആ തെരഞ്ഞെടുപ്പില്‍ എനിക്കായിരുന്നു. തലേ ദിവസം മാണിസാര്‍ വിളിക്കും. പറ്റേന്ന് ഞാന്‍ പ്രസ്താവനയുമായി പാലായിലെത്തും. വായിച്ചു കേട്ട് തിരുത്തലുകള്‍ നല്‍കി ഞാന്‍ അന്നുതന്നെ പത്രങ്ങള്‍ക്കു നല്‍കും. ഓരോ ചെറിയ കാര്യങ്ങളിലും മാണിസാറിന്‍റെ ശ്രദ്ധ അത്ഭുതപ്പെടുത്തുന്നതായിരുന്നു. ദേഷ്യം പിടിക്കുന്ന പ്രകൃതമോ നമ്മളെ അസ്വസ്ഥമാക്കുന്ന ഭാവപ്രകടനങ്ങളോ ഒരിക്കലും എനിക്ക് മാണിസാറില്‍ നിന്ന് ഉണ്ടായിട്ടില്ല. തെരഞ്ഞെടുപ്പുകഴിഞ്ഞ് കോട്ടയത്തെ പാര്‍ട്ടി ഓഫീസില്‍ വെച്ചു നടന്ന അവലോകന യോഗത്തിനുശേഷം ഞാന്‍ മടങ്ങിയത് പുലര്‍ച്ചെ 3 മണിക്കാണ്. പരസ്യങ്ങളുടെ ബില്ലായി പത്രക്കാര്‍ക്ക് നല്‍കാനുണ്ടായിരുന്നത് മൂന്നരലക്ഷം രൂപയാണ്. അതും മാണിസാര്‍ തന്നെയാണ് നല്‍കിയത്. തന്‍റെ ബ്രീഫ് കെയ്സ് തുറന്ന് നോട്ടുകെട്ടുകള്‍ എണ്ണി ഏല്‍പ്പിക്കുമ്പോള്‍ മാണിസാര്‍ ഇങ്ങനെ പറഞ്ഞു. "ബാബു സാറെ, ഇത് തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഓരോരുത്തര്‍ നല്‍കുന്ന സംഭാവനകളാണ്. ഓരോരുത്തരുടെ കൈവശമാണ് ഈ തുകകള്‍ ഇവിടെ എത്തുന്നത്. ഓരോ കെട്ടും എണ്ണി തിട്ടപ്പെടുത്തണം. ചിലപ്പോള്‍ ആയിരമോ രണ്ടായിരമോ ഒക്കെ കുറവ് ചില കെട്ടുകളില്‍ കണ്ടേക്കാം. വിഷമിക്കരുത് അതൊക്കെ പതിവാ." മൂന്നരലക്ഷം രൂപാ സീറ്റിന്‍റെ അടിയില്‍ സൂക്ഷിച്ചു വെച്ച് വെളുപ്പിന് മൂന്നര മണിക്ക് കോട്ടയത്തുനിന്നും വീട്ടിലേക്കുഞാന്‍ ഒറ്റക്കു കാറോടിച്ചു. പിറ്റേദിവസം തന്നെ പത്ര ഓഫീസുകളില്‍ പണമേല്‍പ്പിച്ച് കണക്കുതീര്‍ത്ത് ബില്ലുവാങ്ങി. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ മാണിസാറിന്‍റെ ഗണ്‍മാന്‍ കാറുമായി വീട്ടിലെത്തി റസീപ്റ്റുകള്‍ വാങ്ങിക്കൊണ്ടുപോയി. ഓരോ കാര്യങ്ങളുടെയും സൂക്ഷ്മാംശങ്ങളില്‍ ശ്രദ്ധപുലര്‍ത്തി ജാഗ്രത കാട്ടുന്ന മാണിസാറിന്‍റെ ആസൂത്രണവൈഭവം എനിക്ക് ഒട്ടേറെ പാഠങ്ങള്‍ നല്‍കി. ഓരോ ഇടപെടലുകളും മാണിസാറിനോടുള്ള എന്‍റെ ആദരവ് വര്‍ധിപ്പിക്കുക യാണ് ചെയ്തിട്ടുള്ളത്. 
1976-ല്‍ ഞാന്‍ മാന്നാനം കോളജില്‍ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥി ആയിരുന്നപ്പോള്‍ കേരള സര്‍വ്വകലാശാല യൂണിയനിലേക്ക് തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. ആ സമയത്താണ് കേരളാ കോണ്‍ഗ്രസ് മാണിഗ്രൂപ്പും കെ.എം. ജോര്‍ജ് ഗ്രൂപ്പുമായി പിളരുന്നത്. മാണി ഗ്രൂപ്പില്‍പ്പെട്ട കൗണ്‍സില്‍ അംഗങ്ങള്‍ എല്ലാവരെയും അന്നു ധനകാര്യ മന്ത്രിയായിരുന്ന മാണിസാറിന്‍റെ ഔദ്യോഗിക വസതിയായ പ്രശാന്തിലാണ് താമസിപ്പിച്ചത്. അന്നാണ് ഞാന്‍ ആദ്യമായി മാണിസാറിനെ വ്യക്തിപരമായി പരിചയപ്പെടുന്നത്. പിന്നെ എത്രയോ കൂടിയാലോചനകളും സമ്മേളനങ്ങളും ഞങ്ങള്‍ നടത്തിയിട്ടുണ്ട്. മാണിസാറിന്‍റെ 'അധ്വാനവര്‍ഗ സിദ്ധാന്തവും രാഷ്ട്രീയ സാമ്പത്തിക പഠനങ്ങളും' എന്ന പ്രസിദ്ധമായ പുസ്തകത്തിന്‍റെ രചനയിലും ഞാന്‍ പങ്കാളിയായിട്ടുണ്ട്. അതിലെ 'ആഗോളവത്കൃത സമ്പദ്വ്യവസ്ഥയും ഇന്ത്യന്‍ കാര്‍ഷിക രംഗവും' എന്ന ആറാമത്തെ അദ്ധ്യായം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി എഡിറ്റു ചെയ്യുവാന്‍ എന്നെയാണ് ചുമതലപ്പെടുത്തിയത്. ഇംഗ്ലീഷിലുള്ള കുറേ രേഖകളും മാണിസാറിന്‍റെ കുറിപ്പുകളും മാത്രമാണ് എന്നെ ഏല്‍പ്പിച്ചത്. ധനശാസ്ത്രത്തിലെ സാങ്കേതിക പദങ്ങളൊക്കെ വിശദീകരിച്ച് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുവാന്‍ ഉഴവൂര്‍ കോളജിലെ ധനശാസ്ത്ര അധ്യാപകന്‍ ഡോ. എം.എം. തമ്പി എന്നെ സഹായിക്കുകയുണ്ടായി. 
മക്കളുടെ കല്ല്യാണം വിളിക്കുവാന്‍ രാജു ആലപ്പാട്ടിനോടൊപ്പം മാണിസാറിന്‍റെ പാലാ വീട്ടില്‍ ചെല്ലുമ്പോള്‍ മുറ്റത്തും പൂമുഖത്തും നിറയെ സന്ദര്‍ശകരാണ് ഉണ്ടായിരുന്നത്. രാജു അകത്തുചെന്ന് എന്‍റെ സാന്നിധ്യം അറിയിക്കുമ്പോള്‍ "പൂഴിക്കുന്നേലെ ബാബുസാറിനോട് കേറിവരാന്‍ പറയൂ." എന്ന് സിബി യോടു പറഞ്ഞ് എന്നെ ആദരവോടെ അകത്തേക്കാനയിച്ചിരുന്നു. ആതിരയുടെയും അനഘയുടെയും വിവാഹാവസരങ്ങളില്‍ മാണി സാര്‍ വരികയും സംസാരിക്കുകയും ചെയ്തു. എല്ലാവരേയും പോലെ മാണിസാറിന്‍റെ പാലാ വീട്ടിലെ ഒരു സന്ദര്‍ശകനായിരുന്നില്ല ഞാന്‍. എങ്കിലും പിതൃസഹജമായ വാത്സല്യത്തോടെ ഒരു കാലഘട്ടത്തിന്‍റെ നേതൃചിഹ്നമായ മാണിസാര്‍ പ്രകടിപ്പിക്കുന്ന അഭിജാതമായ നേതൃഗുണങ്ങള്‍ മഹത്വമുള്ളതായി ഞാന്‍ കരുതുന്നു. ആ മഹത്വത്തിനു മുന്‍പില്‍ എന്‍റെ പ്രണാമം. 

പ്രൊഫ.ബാബു പൂഴിക്കുന്നേൽ 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.