LITERATURE

‘ഗഗനചാരി’ മലയാളികളുടെ സ്വന്തം സയന്‍സ് ഫിക്ഷന്‍

Blog Image
20 വർഷത്തിന് ശേഷമുള്ള കേരളവും ഇന്ത്യയും എങ്ങനെയാകുമെന്ന് പറയുന്ന തരത്തിൽ മോക്യുമെന്ററി സ്‌റ്റൈലിലാണ് ചിത്രീകരിച്ചിട്ടുള്ളത്. ചന്ദ്രനിലേക്കുള്ള വിസ കാത്തിരിക്കുന്ന കഥാപാത്രം, അന്യഗ്രഹ ജീവിയെ പ്രണയിക്കുന്ന യുവാവ്, ഇവരുടെ ജീവിതങ്ങള്‍ക്ക് മുകളില്‍ സിസിടിവിയുമായിരിക്കുന്ന ഭരണകൂടവും എല്ലാം ചേര്‍ത്ത് രസകരമായി കഥപറയുന്ന ഗഗനചാരി പ്രേക്ഷകര്‍ക്ക് പുതുമയും എന്റര്‍ടെയ്ന്‍മെന്റും ഒരുപോലെ പ്രദാനം ചെയ്യുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഗഗനചാരി എന്ന സയന്‍സ് ഫിക്ഷന്‍ ചിത്രം മലയാളി പ്രേക്ഷകര്‍ക്ക് നല്‍കുന്ന എല്ലാത്തരം അനുഭവങ്ങളും അങ്ങേയറ്റം പുതുമയുള്ളതാണ്. അരുണ്‍ ചന്തു സംവിധാനം ചെയ്ത ചിത്രത്തെക്കുറിച്ച് പൊതുവില്‍ ഉയരുന്ന അഭിപ്രായം ഇങ്ങനെയാണ്. 20 വർഷത്തിന് ശേഷമുള്ള കേരളവും ഇന്ത്യയും എങ്ങനെയാകുമെന്ന് പറയുന്ന തരത്തിൽ മോക്യുമെന്ററി സ്‌റ്റൈലിലാണ് ചിത്രീകരിച്ചിട്ടുള്ളത്. ചന്ദ്രനിലേക്കുള്ള വിസ കാത്തിരിക്കുന്ന കഥാപാത്രം, അന്യഗ്രഹ ജീവിയെ പ്രണയിക്കുന്ന യുവാവ്, ഇവരുടെ ജീവിതങ്ങള്‍ക്ക് മുകളില്‍ സിസിടിവിയുമായിരിക്കുന്ന ഭരണകൂടവും എല്ലാം ചേര്‍ത്ത് രസകരമായി കഥപറയുന്ന ഗഗനചാരി പ്രേക്ഷകര്‍ക്ക് പുതുമയും എന്റര്‍ടെയ്ന്‍മെന്റും ഒരുപോലെ പ്രദാനം ചെയ്യുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

സാങ്കേതികമായി അടിമുടി മാറി, കണ്ടാൽ തിരിച്ചറിയാത്ത തരത്തിലാകും 2043ഓടെ ഈ നാട് എന്ന പ്രതീതിയാണ് തുടക്കം മുതൽ ചിത്രം നൽകുന്നത്. ഇത് അതീവ വിശ്വസനീയമായ തരത്തിൽ വരച്ചുവയ്ക്കുന്നതിൽ വിജയിച്ചു എന്നതാണ് ഏറ്റവും വലിയ പ്ലസ് പോയിൻ്റ്. അന്യഗ്രഹജീവികളുടെ കഥ പറയുന്ന ഹോളിവുഡ് ചിത്രത്തിന്റെ ആരാധകരായ മലയാളികള്‍ക്ക് സ്വന്തമായി കിട്ടിയ ഒരു ഡിസ്‌റ്റോപ്പിയന്‍ ഏലിയന്‍ ചിത്രമാണ് ഗഗനചാരി എന്ന് പറയാം. എന്നാല്‍ പ്രാദേശികവും പരിചിതവുമായ ചുറ്റുപാടില്‍ തന്നെയാണ് കഥ പറയുന്നത്. സങ്കീര്‍ണമായ വിഷയങ്ങളെ രസച്ചരട് മുറിയാതെ അവതരിപ്പിച്ച ഗഗനചാരിക്ക് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ കയ്യടിയാണ്.

ചിത്രത്തിന്റെ മേക്കിങ് വളരെ ബോള്‍ഡ് ആണെന്നും പരീക്ഷണങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയും കാണിച്ചിട്ടില്ല എന്നുമാണ് മിക്ക റിവ്യൂകളും പറയുന്നത്. ഗഗനചാരി പ്രേക്ഷകര്‍ക്കൊരു വിഷ്വല്‍ ട്രീറ്റ് ആണെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. മുന്‍നിര താരങ്ങളുടെ പ്രകടനത്തെയും ക്ലീഷേകളെ പൊളിച്ചടുക്കിക്കൊണ്ടുള്ള കഥപറച്ചിലിനെയുമാണ് ഒരുവിഭാഗം പ്രശംസിക്കുന്നത്. വിഎഫ്എക്‌സിന്റെ അതിപ്രസരമില്ല എന്നതാണ് മറ്റൊരു പ്ലസ് പോയിന്റായി പലരും എടുത്തു പറയുന്നത്.

കാസ്റ്റിംഗ് തെറ്റായിപ്പോയിരുന്നെങ്കില്‍ മൂക്കുംകുത്തി താഴെ വീണേനെ എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. ഗോകുല്‍ സുരേഷിന്റെ ഇതുവരെയുള്ള ചിത്രങ്ങളില്‍ കരിയര്‍ ബെസ്റ്റ് പ്രകടനമാണ് ഗഗനചാരിയിലേത് എന്ന് പ്രേക്ഷകര്‍ വിലയിരുത്തുന്നു. ഗണേഷ് കുമാറും രസകരമായ പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത് എന്ന് പറയുന്നതിനൊപ്പം, ഇത്രയും വര്‍ഷം അദ്ദേഹത്തിലെ നടനെ മലയാള സിനിമ കൃത്യമായി ഉപയോഗിച്ചില്ല എന്ന് ദേശീയ മാധ്യമങ്ങളിലെ നിരൂപകര്‍ അഭിപ്രായപ്പെടുന്നു. അനാര്‍ക്കലി, അജു വര്‍ഗീസ് എന്നിവരുടെ പ്രകടനങ്ങള്‍ക്കും കയ്യടി ലഭിക്കുന്നുണ്ട്. അജിത് വിനായക ഫിലിംസാണ് നിർമ്മാണം.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.