LITERATURE

ലോക കേരളസഭയ്ക്ക് അമേരിക്കയില്‍ നിന്നും അഭിവാദനങ്ങള്‍!

Blog Image
നാലാം ലോക കേരളസഭ തിരുവനന്തപുരത്ത് വെച്ച് ആര്‍ഭാഡപൂര്‍വം നടത്തപ്പെടുകയാണ്. 103 രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി പ്രതിനിധികള്‍ പങ്കെടുക്കുമെന്നാണ് ഔദ്യോഗിക അറിയിപ്പ്. എന്‍റമ്മോ! ഇത്രയും രാജ്യങ്ങളില്‍ മലയാളികളുടെ സാന്നിദ്ധ്യം ഉണ്ടെന്നറിഞ്ഞപ്പോള്‍ എന്‍റെ ഉണ്ടക്കണ്ണ് തള്ളിപ്പോയി

നാലാം ലോക കേരളസഭ തിരുവനന്തപുരത്ത് വെച്ച് ആര്‍ഭാഡപൂര്‍വം നടത്തപ്പെടുകയാണ്. 103 രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി പ്രതിനിധികള്‍ പങ്കെടുക്കുമെന്നാണ് ഔദ്യോഗിക അറിയിപ്പ്. എന്‍റമ്മോ! ഇത്രയും രാജ്യങ്ങളില്‍ മലയാളികളുടെ സാന്നിദ്ധ്യം ഉണ്ടെന്നറിഞ്ഞപ്പോള്‍ എന്‍റെ ഉണ്ടക്കണ്ണ് തള്ളിപ്പോയി. ഇവരുടെയെല്ലാം യാത്ര, താമസം, ഭക്ഷണച്ചെലവ് ഇതെല്ലാം 'നിറഞ്ഞു കവിയുന്ന' നമ്മുടെ സര്‍ക്കാരിന്‍റെ ഖജനാവില്‍ നിന്നാണ് എടുക്കുന്നത്.
'ലോക കേരളസഭ കൊണ്ട് എന്തു പ്രയോജനം?' എന്നു ചില 'വിവരദോഷികള്‍' സംശയം പ്രകടിപ്പിക്കുന്നതു കാണുമ്പോള്‍ അവരോട് പുച്ഛവും സഹതാപവും തോന്നുന്നു. കഴിഞ്ഞ മൂന്നു ലോക കേരളസഭയില്‍ ഏതാണ്ട് മുന്നൂറോളം പദ്ധതികള്‍ നടപ്പാക്കുമെന്നുള്ള വാഗ്ദാനങ്ങള്‍ നല്കുകയുണ്ടായി. അതിലൊന്നുപോലും ഇതുവരെ നടപ്പിലാക്കുവാന്‍ കഴിഞ്ഞില്ല എന്നതിന് വലിയ പ്രസക്തിയില്ല. വാഗ്ദാനങ്ങളാണല്ലോ നമ്മുടെ സര്‍ക്കാരിന്‍റെ നിലനില്പിന്‍റെ അടിത്തറ.
നാലാം ലോക കേരളസഭയുടെ ഉദ്ഘാടകനാകാനുള്ള ക്ഷണക്കത്തുമായി ചെന്ന ചീഫ് സെക്രട്ടറിയോട് 'കടക്കൂ പുറത്ത്' എന്ന് ഗവര്‍ണര്‍ പറഞ്ഞത്രേ! അല്ലെങ്കിലും അങ്ങേര്‍ക്ക് ഒരെല്ല് കൂടുതലാണ്. ചുമ്മാതല്ല പിള്ളേര്‍ അപ്പച്ചനെ വഴിനീളെ തടയുന്നത്. "Your daal will not cook here! Just remember that.''
ലോക കേരളസഭയുടെ മുന്‍നിരയില്‍ത്തന്നെ സ്ഥാനം പിടിക്കുവാന്‍ അമേരിക്കന്‍ മലയാളികളുടെ പ്രതിനിധികള്‍ നേരത്തെ തന്നെ കേരളത്തില്‍ എത്തിക്കഴിഞ്ഞു. അമേരിക്കന്‍ മലയാളികളുടെ നീറുന്ന പ്രശ്നങ്ങള്‍ അവിടെ ഉന്നയിക്കാന്‍ ശ്രമിച്ചാല്‍ 'അമ്മാതിരി കമന്‍റൊന്നും ഇവിടെ വേണ്ടാ, അമേരിക്കന്‍ മലയാളികളുടെ ഇടയിലും വിവരദോഷികള്‍ ഉണ്ട്' എന്നുള്ള കമന്‍റ് കേള്‍ക്കേണ്ടി വരും. അതുകൊണ്ട് കമാന്നൊരക്ഷരം മിണ്ടാതെ മൗനം പാലിക്കുന്നതാണ് ബുദ്ധി.
ഭക്ഷണത്തില്‍ എരിവ് കുറച്ചാല്‍ തന്നെ അമേരിക്കന്‍ മലയാളികളുടെ 'നീറുന്ന' പ്രശ്നങ്ങള്‍ക്ക് ഒരു പരിധിവരെ ശമനം കിട്ടും.
അമേരിക്കയില്‍ നിന്നും ലോക കേരളസഭയില്‍ സംബന്ധിക്കുവാന്‍ എത്തിയവര്‍ക്ക് പ്രയോജനപ്പെടുന്ന ചില കാര്യങ്ങള്‍ നിങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നു.
'നവകേരളയാത്ര' എന്ന പേരില്‍ കാസര്‍കോട് മുതല്‍ കന്യാകുമാരി വരെ മുഖ്യനും മന്ത്രിമാരും ഒരുമിച്ചു യാത്ര ചെയ്ത അത്ഭുത ബസ് കാണാന്‍ മറക്കരുത്. അതു പൊടിതട്ടാതെ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. കാഴ്ചക്കാരുടെ നീണ്ട ക്യൂ ഉള്ളതുകൊണ്ട് മുന്‍കൂട്ടി ബുക്ക് ചെയ്യുന്നത് പ്രയോജനപ്പെടും.
വിരലിനോ നഖങ്ങള്‍ക്കോ മറ്റോ എന്തെങ്കിലും ചെറിയ പ്രശ്നമുണ്ടായാല്‍ ലോകോത്തര നിലവാരമുള്ള നമ്മുടെ മെഡിക്കല്‍ കോളജുകളില്‍ പോകണം. വിരലിനോടൊപ്പം നാക്കും ഫ്രീയായി മുറിച്ചുതരും.
അമേരിക്കയുടെ 'ഡെന്‍റല്‍' ചെലവ് താങ്ങാവുന്നതിനും അപ്പുറമാണല്ലോ. നല്ല ഒന്നാന്തരം ഡെന്‍റല്‍ ക്ലിനിക്കുകള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളമുണ്ട്. 'മൂന്ന് പല്ല് ഒരുമിച്ചു പറിക്കുന്നവര്‍ക്ക്, ഒരു പറി ഫ്രീ' എന്നാണ് ഒരു ദന്താശുപത്രിയുടെ പരസ്യം.
തിരുവനന്തപുരത്തെ റോഡുകളുടെ വീഡിയോ എടുത്ത്, എങ്ങനെയാണ് നഗരങ്ങളില്‍ റോഡ് നിര്‍മ്മിക്കേണ്ട രീതി എന്ന് ന്യൂയോര്‍ക്കുകാരെ പഠിപ്പിക്കണം.
വാഴക്കുല ഡോക്ടറേറ്റ് നേടിയ മഹതിയുടെ ഇംഗ്ലീഷ് പ്രഭാഷണം കേട്ട് നിങ്ങള്‍ 'ഉല്‍ബുദ്ധന്മാരാകണം.' നമ്മുടെ ഇംഗ്ലീഷ് എങ്ങനെ സംസാരിക്കണം എന്നു നമ്മുടെ കുട്ടികളെ പഠിപ്പിക്കുവാന്‍ ആ മഹതിയുടെ പ്രസംഗത്തിന്‍റെ ഒരു കോപ്പി അവര്‍ക്കുവേണ്ടി കരുതണം: "Politics is the art of changing impossible things of today to the possible things of tomorrow for difficult youth. Keats the poet died youth'കൂട്ടത്തില്‍ ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ "whereever I go, I carry my house on my head'കൂടി കൊണ്ടുപോരണം.
അമേരിക്കന്‍ മലയാളികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്: നിങ്ങള്‍ പോകുന്നത് തിരുവനന്തപുരത്തേക്കാണ്. അവിടം ഭരിക്കുന്നത് മേയറൂട്ടിയാണ്. 'അഹങ്കാരത്തിന് കൈയും കാലും വെച്ച കൊച്ച്' എന്നൊക്കെ അസൂയാലുക്കള്‍ വെറുതെ പറയുന്നതാണ്. എന്നാലും അറിഞ്ഞോ അറിയാതെയോ മേയറൂട്ടിയെ കാണുമ്പോള്‍ കൈകൊണ്ട് ഒരു 'പ്രത്യേക ആക്ഷന്‍' ഒന്നും കാണിക്കാന്‍ നില്ക്കരുത്. വകുപ്പ് പീഡനമാ. അമേരിക്കന്‍ മലയാളികളെ ഉദ്ധരിക്കുവാന്‍ പോയിട്ട്, പൂജപ്പുര ജയിലില്‍ കിടന്ന് ഉണ്ട തിന്നുവാന്‍ ഇടവരരുത്.
പരസ്പരം കൂടെക്കൂടെ കാണുവാനും ബിസിനസ് ബന്ധങ്ങള്‍ പുതുക്കുവാനും ചക്കാത്തിനു തിന്നു കുടിച്ച് അര്‍മാദിക്കുവാന്‍ കിട്ടുന്ന ഒരവസരമല്ലേ ഇത്. ആനന്ദിപ്പിന്‍- ഇതെല്ലാം കേരളത്തിലെ 'മറിയക്കുട്ടിമാരുടെ' പിച്ചച്ചട്ടിയില്‍ കൈയിട്ടു വാരിയ കാശുകൊണ്ടാകുമ്പോള്‍ അതിന്‍റെ സുഖമൊന്നു വേറെ!
അങ്കം ജയിച്ചു വേഗമിങ്ങു തിരിച്ചു വരണേ! കണ്‍വന്‍ഷനുകള്‍ പടിവാതില്‍ക്കല്‍ കാത്തുനില്‍ക്കുന്നു.
'ലോക കേരളസഭ നീണാള്‍ വാഴട്ടെ!'

രാജു മൈലപ്ര

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.