LITERATURE

അങ്ങനെ ഓർമ്മയിൽ എന്നെന്നും ആ സ്വാതന്ത്ര്യദിനവും . (സ്വാതന്ത്യദിന ഓർമ്മകൾ)

Blog Image
അതിനു ശേഷം എത്രയോ തവണ സ്കൂളിൽ ഇത്തരം പരിപാടികളിൽ ഞാൻ പ്രാസംഗികയായി.  പഠിച്ചിറങ്ങി ഉദ്യോഗത്തിൽ പ്രവേശിച്ച  ശേഷം, അവിടെ ഒരിക്കൽ സ്കൂൾ ആനിവേഴ്സറിക്കു ,സ്കൂളിന്റെ ക്ഷണ പ്രകാരം , അതിഥിയായി ,ഞാൻ പങ്കെടുത്തു അവിടെത്തെ  കുട്ടികളോട്  സംസാരിക്കുകയുണ്ടായി.  മൈക്കിനു മുന്നിൽ നിന്ന് കരഞ്ഞ  'സ്വാതന്ത്ര്യ ദിനഅനുഭവം' ഞാൻ  കുട്ടികളുമായി പങ്കുവച്ചു.

  ഞാനന്ന് ആറാംക്ലാസ്സ് വിദ്യാർത്ഥിനിയാണ്. ഒന്ന് മുതൽ നാല് വരെ മാത്രം ക്‌ളാസ്സുകളുള്ള, പരിമിതമായ സൗകര്യങ്ങൾഉള്ള     ഒരു കൊച്ചു  സർക്കാർ വിദ്യാലയത്തിൽ പ്രൈമറിപാഠങ്ങൾ പഠിക്കുമ്പോൾഉണ്ടായിരുന്ന ഏറ്റവും ആവേശകരമായ ചിന്ത അഞ്ചിലാകുമ്പോൾ തൊട്ടടുത്തുള്ള വലിയ സ്കൂളിലേക്ക് പോകാമല്ലോ എന്നതായിരുന്നു. നാട്ടിലെ, ഒരു പക്ഷെ എറണാകുളം ജില്ലയിലെ തന്നെ ,ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നായിരുന്നു അന്ന് 'മാർ അത്തനേഷ്യസ് ഹൈസ്കൂൾ നെടുമ്പാശ്ശേരി ' . തൊട്ടടുത്തുള്ള പ്രൈമറിയിലെ മുഴുവൻ വിദ്യാർത്ഥികളും അങ്ങോട്ട് പോകും. ശേഷം സീറ്റുകളിൽ പ്രവേശനത്തിന് ആവശ്യക്കാരേറെ. കൃത്യമായ മെറിറ്റിൽ മാത്രം പ്രവേശനം . അവിടെ ഒരു അഡ്മിഷൻ നേടുക എന്നത് ഏറ്റവും അഭിമാനകരമായി, ഭാഗ്യമായി  ഗണിക്കപ്പെട്ട കാലഘട്ടം. പകരംവെക്കാൻ മറ്റൊരാളില്ല എന്ന് നിസ്സംശയം പറയാൻസാധിക്കുന്ന അത്രസവിശേഷമായ ,പ്രൗഢമായ,  വ്യക്തിത്വത്തിന് ഉടമയായ  ഹെഡ് മാസ്റ്റർ 'Father  K V Tharian '  ( ഞങ്ങളുടെയെല്ലാം തരിയൻ അച്ചൻ) , അതിപ്രഗത്ഭരായ അധ്യാപകർ , മികച്ച അടിസ്ഥാനസൗകര്യങ്ങൾ, കുട്ടികളുടെ കലാകായിക കഴിവുകൾ പ്രകടിപ്പിക്കാനും വികസിപ്പിക്കാനുമുള്ള എല്ലാ സൗകര്യങ്ങളും , അങ്ങനെ എല്ലാംകൊണ്ടും തലയുയർത്തി നിന്നു ഞങ്ങളുടെ സ്കൂൾ.   ഞാൻ പഠിച്ച പ്രൈമറി സ്കൂളിലെ അധ്യാപിക ആയിരുന്നു അമ്മ, . അച്ഛൻ ഞാൻ ചേർന്ന  ഹൈസ്കൂളിലെ ഏറ്റവും സീനിയർആയ  കണക്ക്അധ്യാപകനും.  അധ്യാപകരുടെ മക്കൾ എന്ന് പറഞ്ഞാൽ വലിയവിലയാണ് അന്നൊക്കെ.  അമ്മ പഠിപ്പിച്ചിരുന്ന സ്കൂളിൽ നിന്ന് അച്ഛൻപഠിപ്പിക്കുന്ന സ്കൂളിലേക്ക് വന്ന ഞാൻ അതിന്റേതായ ചില്ലറ തലക്കനമൊക്കെ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു .
                 ഏതായാലും കുറച്ചു നാൾ കൊണ്ട് ഞാൻ ക്‌ളാസിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി  . പരീക്ഷകളിലെല്ലാം നല്ല മാർക്കുകൾ,  എല്ലാക്കാര്യത്തിലും മുൻ നിരയിൽ നിൽക്കാനുള്ള ഉത്സാഹം, കലാ സാഹിത്യ മത്സരങ്ങളിലെല്ലാം പങ്കെടുക്കാനുള്ള ആവേശം, ഇങ്ങനെ  അതി സുന്ദരമായി മുന്നോട്ടു പോയി എന്റെ സ്കൂൾ ജീവിതം.  കവിതകളും  പ്രസംഗവുമൊക്കെ  കാണാതെ പഠിക്കാനും അത് ഒരു സദസ്സിനെ അഭിമുഖീകരിച്ചു ഉറക്കെ പറയാനും എനിക്ക്  വലിയ ഇഷ്ട്ടമായിരുന്നു. അതുകൊണ്ടു തന്നെ പ്രൈമറി കാലഘട്ടത്തിൽ  ,സ്വാതന്ത്ര്യ ദിനം, ശിശു ദിനം , ഗാന്ധി ജയന്തി, പോലുള്ള അവസരങ്ങളിൽ ,അസംബ്‌ളിയിൽ വച്ച് കുട്ടികളെ പ്രതിനിധീകരിച്ചു സംസാരിക്കാൻ പലപ്പോഴും എനിക്ക് അവസരം കിട്ടിയിരുന്നു . പ്രസംഗം എഴുതി തന്ന് , എന്നെ അത് പഠിപ്പിക്കുന്ന ടീച്ചറെ ഞാൻ നിരാശപ്പെടുത്താറില്ല. പഠിച്ചെന്നു ഉറപ്പു വരുത്തി അതെന്നെ കൊണ്ട് പല തവണ പറയിച്ചിട്ടേ അമ്മ വിടാറുള്ളൂ എന്നതുതന്നെ കാരണം .

             ഏതായാലും അഞ്ചാം ക്ലാസ്സിൽവച്ച് സ്കൂൾ അസംബ്ലിയിൽ സംസാരിക്കാനൊന്നും എനിക്ക് അവസരം ലഭിച്ചില്ല.  ഹൈസ്കൂൾ ക്ലാസുകളിൽ  സമർത്ഥരായ  ധാരാളം പ്രാസംഗികർ അവിടെ ഉണ്ടായിരുന്നു  . അവരുടെ പ്രസംഗങ്ങൾ , കൊതിയോടെ  അസൂയയോടെ എന്നാൽ  ക്ഷമയോടെ കേട്ട് അഞ്ചാം ക്ലാസ് കാലഘട്ടം ഞാൻ കഴിച്ചുകൂട്ടി.  അപ്പോഴെല്ലാം ഞാൻ ഓർത്തു സമാധാനിച്ചു .....ഒരു ദിവസം  ഞാനും വളർന്നു വലുതാവും.... അന്ന് എനിക്കും അവസരം കിട്ടും .  അങ്ങനെ ഒരു വർഷം  കഴിഞ്ഞു. ആറാം ക്‌ളാസ്സിലെ സ്വാതന്ത്ര്യ ദിനമെത്തി. ഒരു ദിവസം  ക്ലാസ്സ് ടീച്ചർ വന്നപ്പോൾ ചോദിച്ചു , 'ആർക്കൊക്കെ പ്രസംഗിക്കാനറിയാം ?' ഒട്ടും താമസിച്ചില്ല കുട്ടികളെല്ലാം ഒരേ സ്വരത്തിൽ എന്റെ പേര് വിളിച്ചു പറഞ്ഞു. സർ എന്റെ മുഖത്തേക്ക് നോക്കി .അൽപ്പം ഗർവ്വോടെ  തന്നെ ഞാൻ എഴുനേറ്റു നിന്നു . "'ബിന്ദൂ'ന്റെ പേര് കൊടുക്കുകയാണ്. ഈ  സ്വാതന്ത്ര്യ ദിനത്തിനു വേണ്ടിയാണ്.  . പറ്റുമല്ലോ അല്ലെ ?...... "ഞാൻ തലയാട്ടി . മനസ്സ് ആഹ്‌ളാദത്താൽ തുടി കൊട്ടി. ദാ  എന്റെ  സ്വപ്നം സഫലമാകുന്നു. എന്നാലും ഇത്ര വേഗം ചാൻസ് കിട്ടുമെന്ന് കരുതിയില്ല.  അച്ഛൻ എനിക്ക് മലയാളത്തിൽ നല്ലൊരു പ്രസംഗം എഴുതി തരികയും ചെയ്തു. 2  ദിവസമേ ബാക്കിയുണ്ടായിരുന്നുള്ളൂ. ഞാൻ തീവ്ര പരിശീലനം തുടങ്ങി. മുഴുവൻ കാണാതെ പഠിച്ചു ,പലതവണ പറഞ്ഞു. തലേ ദിവസം അച്ഛന്റെ മുന്നിൽ നിന്ന് അവസാനഘട്ട , റിഹേഴ്സൽ നടത്തി. തട്ടും തടവുമില്ലാതെ ഒഴുക്കോടെ എനിക്ക് പറയാൻ സാധിക്കുന്നുണ്ട്  എന്ന്  ഞാൻ സ്വയം വിലയിരുത്തി. 'രാവിലെ ക്‌ളാസിൽ ചെന്നിട്ടു സമയം കിട്ടുമ്പോൾ ഒന്ന് കൂടി വായിച്ചോളൂ  , പ്രസംഗം  എഴുതിയ പേപ്പർ കളയാതെ വെക്കൂ' എന്ന് അമ്മ ഓർമ്മിപ്പിച്ചു .ആത്മവിശ്വാസത്തോടെയും ആവേശത്തോടെയും ( അൽപ്പം അഹങ്കാരത്തോടെയും ) പിറ്റേന്ന്  സ്കൂളിലെത്തി. ക്ലാസ്സിൽ ഗമയോടെ ഇരുന്നു. കുട്ടികളെല്ലാം  എന്നെ ആദരവോടെയും അൽപ്പം അസൂയയോടെയും നോക്കുന്നുണ്ടെന്ന്   ഇടക്കിടക്ക് ചുറ്റും നോക്കി ഞാൻ ഉറപ്പിച്ചു. ഉച്ചക്ക് ഒരു പീരീഡ് ക്ലാസ് കഴിഞ്ഞാണ്  പരിപാടികൾ പ്ലാൻ ചെയ്തിരുന്നത്. ....അങ്ങനെ ബെല്ലടിച്ചു ..എല്ലാവരും നിര നിരയായി, അച്ചടക്കത്തോടെ  സ്റ്റേജിന്റെ മുന്നിലെത്താനുള്ള  അറിയിപ്പ് മുഴങ്ങി   . പരിപാടികൾക്കു പങ്കെടുക്കുന്നവർ  സ്റ്റേജിന്റെ പുറകിലും എത്തി . ഞാൻ എന്റെ ബാഗിൽ പ്രസംഗത്തിന്റെ പേപ്പർ  തപ്പി. ഒരു അവസാന  വായനക്ക്.  എന്നാൽ അത് കാണാനില്ല.  വീണ്ടും വീണ്ടും തപ്പി. പേപ്പർ എവിടെയോ പോയിരിക്കുന്നു. അതോടെ എല്ലാം തീർന്നു...  എന്റെ ആത്മവിശ്വാസമൊക്കെ അപ്രത്യക്ഷമായി . ഞാൻ പഠിച്ചതെല്ലാം മറന്നു . എന്റെ കണ്ണ് നിറഞ്ഞു. തല ചുറ്റും പോലെ തോന്നി. തൊണ്ട വരണ്ടു.  ഇല്ല പേപ്പർ കാണുന്നില്ല .   Father  (ഹെഡ് മാസ്റ്റർ)സ്വാതന്ത്ര്യ ദിനത്തെ കുറിച്ച്  സ്വതസിദ്ധമായ ശൈലിയിൽ സംസാരിക്കുന്നു, ,  പുറകെ അച്ഛനുൾപ്പെടെ  കുറച്ചു അധ്യാപകരും സംസാരിച്ചു. ... കുട്ടികളുടെ പരിപാടികളായി. സ്കൂൾ ലീഡർ ചുറുചുറുക്കോടെ എല്ലാം നിയന്ത്രിക്കുന്നു . ആർക്കും ഒരു പേടിയും  ഇല്ല.  ഞാൻ മാത്രം വിയർത്തു കുളിച്ചു തളർന്നു നിൽക്കുന്നു. ആ പേപ്പറിൽ ആണ്  എന്റെ ശക്തി മുഴുവനും . 

                       എന്റെ പേര് വിളിച്ചു. എന്റെ ക്‌ളാസ്സിലെ കുട്ടികൾ കയ്യടിച്ചു. ക്ലാസ്സ് അദ്ധ്യാപകൻ എന്റെ അടുത്തേക്ക് വന്നു. 'ബിന്ദു നന്നായി പറയണം 'എന്ന് പറഞ്ഞു തോളത്തു തട്ടി. ഒരക്ഷരം പോലും ഓർമ്മയില്ലാതെ ഞാൻ സ്റ്റേജിൽ കയറി. അഞ്ചാം ക്ലാസ്സ് മുതൽ പത്തുവരെ പലപല ഡിവിഷനുകളിലായി രണ്ടായിരത്തോളം കുട്ടികൾ, അതിനു ആനുപാതികമായി അധ്യാപകർ, അനധ്യാപകർ , അതെത്ര വലിയ സദസ്സാണെന്നു സ്റ്റേജിൽ നിന്നപ്പോൾ എനിക്ക് ബോധ്യപ്പെട്ടു. സദസ്സിനെ ഞാൻ വ്യക്തമായി കണ്ടോ എന്ന് എനിക്കോർമ്മയില്ല. കണ്ണ് നിറഞ്ഞു തുളുമ്പിയിരുന്നു  ...................മൈക്കിന്റെ മുന്നിൽ നിന്ന് ആദ്യമായി സംസാരിക്കാൻ പോകുകയാണ് ( പ്രൈമറി സ്കൂളിൽ മൈക്ക് ഉണ്ടായിരുന്നില്ല ). ...............പക്ഷെ അതുവേണ്ടി വന്നില്ല. ഒരു വാക്ക് പോലും എനിക്ക് പറയാൻ കഴിഞ്ഞില്ല. ഞാൻ അവിടെനിന്ന് കരഞ്ഞു. ..............സംഭവിക്കുന്നതെന്താണെന്നു മനസ്സിലാവാതെ സദസ്സ് നിശബ്ദമായി. അധ്യാപികമാർ ആരോ വന്നു എന്നെ പിടിച്ചിറക്കി.... സ്റ്റാഫ് റൂമിൽ കൊണ്ടിരുത്തി.... പരിപാടികൾ തുടർന്നു.….......ആരെങ്കിലും വഴക്കു പറയുമോ അടിക്കുമോ എന്നൊക്കെയുള്ള പേടി എനിക്ക് നന്നായി ഉണ്ടായിരുന്നു. വീട്ടിൽ വന്നാൽ അച്ഛൻ അടിക്കുമോ എന്നും പേടിച്ചു ( ഇന്നത്തെ കുട്ടികൾക്ക് പുതുമയായി തോന്നാം, പക്ഷെ അന്നത്തെ കാലഘട്ടത്തിൽ ഓരോ തെറ്റുകൾ അറിഞ്ഞോ അറിയാതെയോ  ചെയ്യുമ്പോഴും അടി പുറകെ ഉണ്ടാകുമെന്നു ഞങ്ങൾ കുട്ടികൾ പേടിച്ചിരുന്നു. അത് വാസ്തവവുമായിരുന്നു  )
                                        
                                            സ്കൂളിൽ ഞാൻ നടത്തിയ ഗംഭീര പ്രകടനം  , അച്ഛൻ വൈകീട്ട്  വീട്ടിൽ വന്ന ശേഷം  അമ്മയോട് വിവരിക്കുന്നത്  കേട്ടു. എന്നെ ഒന്ന് തുറിച്ചു നോക്കിയതല്ലാതെ കൂടുതൽ വിപത്തുകളൊന്നും ഉണ്ടായില്ല. ....... 

             അതിനു ശേഷം എത്രയോ തവണ സ്കൂളിൽ ഇത്തരം പരിപാടികളിൽ ഞാൻ പ്രാസംഗികയായി.  പഠിച്ചിറങ്ങി ഉദ്യോഗത്തിൽ പ്രവേശിച്ച  ശേഷം, അവിടെ ഒരിക്കൽ സ്കൂൾ ആനിവേഴ്സറിക്കു ,സ്കൂളിന്റെ ക്ഷണ പ്രകാരം , അതിഥിയായി ,ഞാൻ പങ്കെടുത്തു അവിടെത്തെ  കുട്ടികളോട്  സംസാരിക്കുകയുണ്ടായി.  മൈക്കിനു മുന്നിൽ നിന്ന് കരഞ്ഞ  'സ്വാതന്ത്ര്യ ദിനഅനുഭവം' ഞാൻ  കുട്ടികളുമായി പങ്കുവച്ചു.

                തിരിഞ്ഞു നോക്കുമ്പോൾ ഒരു കാര്യം പ്രത്യേകം ഓർക്കുന്നു. എനിക്ക് പറ്റിയ അബദ്ധത്തിൽ എന്നെ കുറ്റപ്പെടുത്താനോ കളിയാക്കാനോ   ശിക്ഷിക്കാനോ ആരും മുതിർന്നില്ല. (മുതിർന്ന വിദ്യാർത്ഥിനികൾ മാത്രം പരോക്ഷമായി ഒന്ന് സൂചിപ്പിച്ചു..... " ഇത് കൊച്ചു സ്കൂൾ അല്ല മോളെ , ഹൈസ്കൂളിൽ  എത്തിയിട്ട് മതി ഇതൊക്കെ ".).. മാത്രമല്ല എനിക്ക് വലിയ മനോവിഷമമുണ്ടായി എന്നോർത്ത് എന്നെ സമാധാനിപ്പിക്കാനും  ആരും വലുതായി ശ്രമിച്ചില്ല  . ഇത്തരം പിഴവുകൾ , അതുണ്ടാക്കുന്ന ആഘാതങ്ങൾ  ഒക്കെ നാം സ്വയം ഉൾക്കൊണ്ടു , പാഠങ്ങൾ സ്വയം മനസ്സിലാക്കി മുന്നോട്ടു പോകണം എന്നായിരിക്കണം അന്നൊക്കെ മുതിർന്നവർ കരുതിയിരിക്കുക എന്ന് തോന്നുന്നു. 

                                  അങ്ങനെ ഓർമ്മയിൽ എന്നെന്നും ആ സ്വാതന്ത്ര്യദിനവും .

ബിന്ദു വാസുദേവൻ 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.