LITERATURE

കുപ്പിവളച്ചന്തം

Blog Image
"പൂവാംകുരു ന്നിലയുടെ നീരിൽ ചെറിയ തുണി നനച്ച്,ഉണക്കി,തിരിയാക്കി,ഒരു ചെറിയ വിളക്കിൽ എണ്ണ ഒഴിച്ച് ഈ തിരി കത്തിക്കുക.അതിൽ നിന്നുള്ള കരി ശേഖരിച്ച് നെയ്യും കർപ്പൂരവും ചേർത്ത് മിശ്രിതമാക്കുക. അതാണ് യഥാർത്ഥ കൺമഷി. കുട്ടികളെ ഈ മഷി എഴുതിച്ചാൽ കണ്ണിനു കുളിർമ്മയും തിളക്കവും ആരോഗ്യവും ഉണ്ടാകും"

"ഇതാരാ വരുന്നതെന്ന് നോക്ക്" ഉമ്മറത്ത് പടിയിന്മേൽ തൂണും ചാരി പടിപ്പുരയിലേക്ക് കണ്ണും നട്ടിരിക്കുന്ന വല്യമ്മ അകത്തേക്ക് വിളിച്ച് പറഞ്ഞത് കേൾക്കേണ്ട താമസം  ഉണ്ണി ഓടി ഉമ്മറത്തെത്തി.കടും നിറത്തിലുള്ള സാരി ചുറ്റി,തലയിൽ ഒരു ചെറിയ വട്ടിയുമായി പടികടന്നെത്തുന്ന ഒരു അമ്മ. മാസത്തിലെ ഒരു ഞായറാഴ്ച അവർ പതിവായി വരും.കുറച്ച് ദൂരെ നിന്ന് നടന്നു വന്നതിനാൽ മുഖത്ത് വിയർപ്പു പൊടിഞ്ഞ് നെറ്റിയിലെ സിന്ദൂരം അല്പം മാഞ്ഞു തുടങ്ങിയിട്ടുണ്ട്. തലയിലെ വട്ടി പതുക്കെ ഇറക്കി വെച്ച്, തോർത്തുകൊണ്ടുള്ള തെരിക അടുത്ത് വെച്ച് കോലായിൽ  അവർ കാല് നീട്ടി ഇരുന്നു. വട്ടിയിൽ നിറയെ കണ്ണ ഞ്ചിപ്പിക്കുന്ന  നിറങ്ങളിലുള്ള  കുപ്പിവളകളാണ്. അവയെല്ലാം കട്ടിയുള്ള പേപ്പർകുഴലുകളിൽവലുപ്പത്തിനനുസരിച്ച് അടുക്കി വെച്ചിരിക്കുന്നു. ഓരോ കുഴലുകളായി കരുതലോടെ  അവർ പുറത്തേക്ക് എടുത്തു."ഉണ്ണീ.. വരൂ... നല്ല ചന്തമുള്ള കുപ്പിവളകളുണ്ട്... കൈ കാണിക്കു... നിറയെ ഇട്ടു തരാം".ഉണ്ണി വല്യമ്മയെ ഒന്ന് നോക്കി.കുഞ്ഞു കുഞ്ഞു മോഹങ്ങളെല്ലാം വല്യമ്മയാണ് സാധിപ്പിച്ചു തരുക.വട്ടിയുടെ അടുത്തേക്ക് കൈ നീട്ടിക്കൊടുത്തു. "ഒരു ഡസൻ രണ്ട്‌ കയ്യിലും കൂടി ഇട്ടു കൊടുത്തോളു"വല്യമ്മ അവരോടായി പറഞ്ഞു. ഉണ്ണിയുടെ സന്തോഷം മുഖത്ത് പ്രതിഫലിച്ചു.രണ്ട്‌ കയ്യിലും നിറയെ കുപ്പിവള. ഊരി എടുക്കാൻ പറ്റാത്ത അള വിലുള്ളതാണ് ഇട്ടു തന്നിരിക്കുന്നത്. ഇനി അത് മുഴുവൻ പൊട്ടിയാലേ അടുത്തത് വാങ്ങി തരുകയുള്ളു. ഉണ്ണിയുടെ കണ്ണ് പിന്നെയും വട്ടിയിൽ തന്നെ."ഇനി എന്ത് വേണം... റിബ്ബൺ, കണ്മഷി, ചാന്ത്, കറുപ്പ് ചരട്"? കൗതുകമുള്ള കറുത്ത കൺമഷി ചെപ്പ് മെല്ലെ കയ്യിലെടുത്തു. "ഏയ്‌... അതൊന്നും വേണ്ട... ഇവിടെ നമ്മൾ ഉണ്ടാക്കിയതുണ്ടല്ലോ".വളക്കാരിയമ്മക്ക് അതൊരു പുതിയ അറിവായിരുന്നു. കൺമഷി ഉണ്ടാക്കുന്ന വിധംഅറിയാൻ അവർക്ക് ആകാംക്ഷയായി. "അതിന് വലിയ പണിയൊന്നും ഇല്ലാ" വല്യമ്മ പറഞ്ഞു തുടങ്ങി, "പൂവാംകുരു ന്നിലയുടെ നീരിൽ ചെറിയ തുണി നനച്ച്,ഉണക്കി,തിരിയാക്കി,ഒരു ചെറിയ വിളക്കിൽ എണ്ണ ഒഴിച്ച് ഈ തിരി കത്തിക്കുക.അതിൽ നിന്നുള്ള കരി ശേഖരിച്ച് നെയ്യും കർപ്പൂരവും ചേർത്ത് മിശ്രിതമാക്കുക. അതാണ് യഥാർത്ഥ കൺമഷി. കുട്ടികളെ ഈ മഷി എഴുതിച്ചാൽ കണ്ണിനു കുളിർമ്മയും തിളക്കവും ആരോഗ്യവും ഉണ്ടാകും".

ഇവിടുത്തെ കച്ചവടം അവസാനിപ്പിച്ച്,പണവും വാങ്ങി അവർ പോകാനൊരുങ്ങി.നീളമുള്ള മുടി ഒന്ന് അഴിച്ച് കെട്ടി,എഴുന്നേറ്റു നിന്ന്, തെരിക തലയിൽ വെച്ച് അതിന് മുകളിൽ വട്ടിയും എടുത്ത് വെച്ചു. ഇടത്കൈകൊണ്ടു സാരി ഒന്ന് ഒതുക്കി പ്പിടിച്ച് "ഉണ്ണീ.. ഇനി അടുത്തമാസം ചന്തമുള്ള പുതിയ വളകളുമായി വരാം"നടക്കാൻ അല്പം പ്രയാസമുള്ള അവർ കല്പടവുകൾ കേറി പോകുന്നതും നോക്കി ഉമ്മറത്ത് ഇരുന്ന ഉണ്ണിയുടെ കയ്യിൽ മാത്രമല്ല മനസ്സിലും കുപ്പിവളകൾ കലപില കൂട്ടുന്നുണ്ടായിരുന്നു.

 അനിത തമ്പാൻ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.