PRAVASI

ഫോമാ കൺവൻഷനിൽ ചരിത്ര നേട്ടവുമായി മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലഡൽഫിയ (മാപ്പ്)

Blog Image
അമേരിക്കൻ മലയാളികളുടെ അഭിമാന പ്രസ്ഥാനമായ ഫോമായുടെ എട്ടാമത് ഫോമ അന്താരാഷ്ട്ര കൺവെൻഷന്റെ കൊടിയിറങ്ങിയപ്പോൾ, ജന പങ്കാളിത്തം കൊണ്ടും പ്രവർത്തന മേന്മകൊണ്ടും മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലഡൽഫിയാ (മാപ്പ്) എന്ന സംഘടനയുടെ ശക്തി തെളിയിച്ചുകൊണ്ട് മാപ്പ് പുതു ചരിത്രം രചിച്ചു.

ഫിലഡൽഫിയ: അമേരിക്കൻ മലയാളികളുടെ അഭിമാന പ്രസ്ഥാനമായ ഫോമായുടെ എട്ടാമത് ഫോമ അന്താരാഷ്ട്ര കൺവെൻഷന്റെ കൊടിയിറങ്ങിയപ്പോൾ, ജന പങ്കാളിത്തം കൊണ്ടും പ്രവർത്തന മേന്മകൊണ്ടും മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലഡൽഫിയാ (മാപ്പ്) എന്ന സംഘടനയുടെ ശക്തി തെളിയിച്ചുകൊണ്ട് മാപ്പ് പുതു ചരിത്രം രചിച്ചു.
2022 കാന്‍കൂണിലെ മൂണ്‍ പാലസില്‍ വച്ച് നടന്ന ഫോമയുടെ ഏഴാമത് കൺവൻഷനിൽ വച്ച് ഫോമയുടെ അംഗ സംഘടനകളിലെ ഏറ്റവും മികച്ച സംഘടനയായി അന്ന് തിരഞ്ഞെടുക്കപ്പെട്ടത് മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലഡൽഫിയാ (മാപ്പ്) എന്ന ഈ സംഘടനയായിരുന്നു. കോവിഡ് എന്ന മഹാമാരി നമ്മുടെ പ്രിയപ്പെട്ടവരുടെ ജീവനുകൾ കൂട്ടത്തോട് അപഹരിച്ചു സംഹാര താണ്ഡമാടികൊണ്ടിരുന്ന ആ കാലയളവിൽ, സ്വജീവൻ പോലും പണയപ്പെടുത്തി, സൗജന്യ കോവിഡ് വാക്‌സിനേഷനും, മാസ്‌ക്കുകൾ , സാനിറ്റൈസർ, ഗ്ലൗസ്, ആഹാര പദാർത്ഥങ്ങൾ, തുടങ്ങിയവ ഭാഷാ വ്യത്യാസമില്ലാതെ ഫിലഡൽഫിയ നിവാസികൾക്കും, ഹോസ്പിറ്റലുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും വിതരണം ചെയ്ത് പൊതുസമൂഹത്തിനു കൈത്താങ്ങായി മികച്ച പ്രവർത്തനം കാഴ്ചവച്ചതിനുള്ള അംഗീകാരമായിരുന്നു അത്.

അക്കാലയളവിൽ മാപ്പിന്റെ അമരത്ത് പ്രസിഡന്റ് പദവിയിൽ ശക്തമായ പ്രവർത്തനം കാഴ്ചവച്ചത് ഫിലഡൽഫിയ മലയാളികളുടെ അഭിമാനവും, യുവത്വത്തിന്റെ പ്രതീകവുമായ ഷാലു പുന്നൂസും, സെക്രട്ടറിയായി ശോഭിച്ചത്, പ്രവർത്തന മേഖലയിൽ തന്റെ പ്രാവീണ്യം നിരവധിത്തവണ തെളിയിച്ചിട്ടുള്ള ഫിലഡൽഫിയയിലെ അനുഗ്രഹീത ഗായകനും, ഐറ്റി പ്രഭഷണലും, ശക്തനുമായ ബിനു ജോസഫും ആയിരുന്നു. ആ മഹത്തായ രണ്ടുവർഷക്കാലം മാപ്പിന്റെ ചരിത്രത്തിലെ പ്രധാന ഏടുകളിൽ സ്ഥാനം പിടിച്ചു.

വീണ്ടും ഇതാ.. ഫോമായുടെ എട്ടാമത് കൺവൻഷൻ പുന്റക്കാനയിൽ അരങ്ങേറിയപ്പോൾ ആരും പ്രതീക്ഷിക്കാതെ നിരവധി സ്ഥാനമാനങ്ങളും, അവസരങ്ങളും, അസുലഭ മുഹൂർത്തങ്ങളും മാപ്പിനെ തേടിയെത്തി. ആർക്കും അവകാശപ്പെടാൻ കഴിയാത്ത ആ അസുലഭ നേട്ടങ്ങളുടെ പട്ടിക ഇതാ..

2024 ഫോമാ ഇലക്ഷനിൽ, ഫോമായുടെ ചരിത്രത്തിൽ ഏറ്റവും പ്രായ കുറഞ്ഞ ഊർജ്‌ജസ്വലനായ വൈസ്പ്രസിഡന്റായി മാപ്പിൽ നിന്നും, അമേരിക്കൻ മലയാളികളുടെ പ്രിയങ്കരനായ ഷാലു പുന്നൂസ് വൻ ഭൂരിപക്ഷത്തിൽ വിജയപഥത്തിലെത്തി. അധികാര കൈമാറ്റ വേളയിൽ ആയിരങ്ങളെ സാക്ഷി നിർത്തി ഷാലുവിന് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തതോ.. ഫോമയുടെ ജുഡീഷ്യൽ കൗൺസിൽ സെക്രട്ടറി.. മാപ്പിന്റെ സ്വന്തം ബിനു ജോസഫ്. ഒരേ സംഘടനയിൽ നേട്ടങ്ങളുടെ ഒരേ കാലയളവിൽ പ്രസിഡന്റായും സെക്രട്ടറിയായും മികച്ച പ്രവർത്തനം കാഴ്ചവച്ച് അംഗീകാരം നേടിയ ഇവർ വീണ്ടും സത്യപ്രതിജ്ഞ ചടങ്ങിൽ, വിജയിച്ച സ്ഥാനാർത്ഥികൾക്ക് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുക്കുവാനായി ഒന്നിച്ചപ്പോൾ അതൊരു ചരിത്ര നിയോഗമായി മാറി. മാപ്പിനെ സംബന്ധിച്ചിടാത്തൊളം ആ സുവർണ്ണ നിമിഷം മാപ്പിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായി മാറി എന്ന് നിസ്സംശയം പറയാം.

മാപ്പിന് ലഭിച്ച നേട്ടങ്ങളുടെയും, വന്നുചേർന്ന സൗഭാഗ്യങ്ങളുടെയും, സ്ഥാനമാനങ്ങളുടെയും ലിസ്റ്റ് ഇനിയുമേറെയുണ്ട്.

അമേരിക്കൻ മലയാളികൾ ഉറ്റുനോക്കിയ ഫോമായുടെ വീറും വാശിയുമേറിയ ഇലക്ഷൻ സുഗമവും, നീതിയുക്തവും, സമാധാനപരവുമായി നടപ്പാക്കിയതിന് പ്രത്യേക അഭിനന്ദനങ്ങൾ അർഹിക്കുന്നത് ഫോമാ ഇലക്ഷൻ കമ്മീഷൻ അംഗങ്ങളാണ്. അതിലും ഉണ്ടായിരുന്നു മാപ്പിൽ നിന്നും ഒരാൾ. മാപ്പിന്റെ മുൻ പ്രസിഡന്റ് പ്രിയങ്കരനായ അനു സ്കറിയ. അനുവിന്റെ പ്രവർത്തനങ്ങൾ വളരെ ശ്രദ്ധേയമായിരുന്നു.

വിവിധ രാജ്യങ്ങളിൽ നിന്നും ദീർഘനേരം യാത്ര ചെയ്തു കൺവൻഷൻ നഗറിലെത്തിയ ആളുകൾക്ക് ഫോമാ രജിസ്‌ട്രേഷൻ നടപടിക്രമങ്ങൾ സുഗമമാക്കുവാനുള്ള ടീമിലും ഉണ്ടായിരുന്നു ഒരു മാപ്പ് അംഗം . മാപ്പ് സ്പോർട്ട്സ് കോർഡിനേറ്ററായ ലിജോ ജോർജ്ജ്.

വർണ്ണത്താളിൽ അതിമനോഹരമായി പ്രിന്റ് ചെയ്തു പുറത്തിറങ്ങിയ ഫോമാ സുവനീർ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആ സുവനീർ കമ്മറ്റിയിലും മാപ്പിൽ നിന്നും ഒരാൾ ഇടംപിടിച്ചിരുന്നു. മാപ്പിന്റെ പി ആർ ഓ ആയ സജു വർഗീസ്. സുവനീയറിൽ ഏറ്റവും കൂടുതൽ പരസ്യം പിടിച്ചതും സജുവാണ് എന്ന് ഫോമാ പ്രസിഡന്റ് ജേക്കബ് തോമസ് പറഞ്ഞത് മികച്ച അംഗീകാരമായി കരുതുന്നു.

കൺവൻഷന്റെ തുടക്കം മുതൽ ഒടുക്കം വരെയും അവിടെയെത്തിയ വി ഐ പി കൾക്കുവേണ്ടതായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കുന്നതിനായി തിരഞ്ഞെടുത്ത വി ഐ പി ടീമിൽ കോർഡിനേറ്ററായി മാപ്പിൽ നിന്നുമുള്ള സജു വർഗീസിനെയും, ടീമിൽ റോയ് വർഗീസിനെയും നിയോഗിച്ചത് മാപ്പിന് ലഭിച്ച മികച്ച നേട്ടങ്ങളായി വിലയിരുത്തുന്നു. പ്രമുഖ വ്യക്തികളെ സ്റ്റേജിലേക്ക് ആനയിക്കുന്നതിലും സജുവും റോയിയും പങ്കാളികൾ ആയിരുന്നു.

ഒട്ടും പ്രതീക്ഷിക്കാതെ ഒന്നൊന്നായി ലഭിച്ച ഈ സൗഭാഗ്യങ്ങളും, നേട്ടങ്ങളും സ്ഥാനമാനങ്ങളും, അസുലഭ മുഹൂർത്തങ്ങളും മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലഡൽഫിയായെ സംബന്ധിച്ചിടത്തോളം ചരിത്ര താളുകളിൽ ഇടംപിടിക്കുന്ന അസുലഭ നിമിഷങ്ങളായിരുന്നു. ഈ ചരിത്ര മുഹൂർത്തങ്ങൾ മാപ്പിന് സമ്മാനിച്ച ഫോമാ നേതാക്കൾക്കും ഭാരവാഹികൾക്കും ഫോമായിലെ എല്ലാ നല്ലവരായ അംഗങ്ങൾക്കും മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലഡൽഫിയയാ (മാപ്പ്) കുടുംബത്തിന്റെ നന്ദിയും സ്നേഹവും കടപ്പാടും ഇത്തരുണത്തിൽ രേഖപ്പെടുത്തുന്നതായി  പ്രസിഡന്റ് ശ്രീജിത്ത് കോമത്ത്, ബെൻസൺ വർഗീസ് പണിക്കർ (ജനറൽ സെക്രട്ടറി), ജോസഫ് കുരുവിള (സാജൻ) (ട്രഷറാർ) എന്നിവരും ഭരണ സമിതി-കമ്മറ്റി അംഗങ്ങളും അറിയിച്ചു.

വാർത്ത: സജു വർഗ്ഗീസ്, മാപ്പ് പി.ആർ ഒ 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.