LITERATURE

ഒരു അമ്മദിന ടോയ്‌ലറ്റ് സാഹിത്യം

Blog Image
ഒരു ടോയ്‌ലറ്റ് മുറിയിലിരുന്ന് അടച്ചിട്ട അതിന്റെ വാതിലിനപ്പുറത്തു നിന്നും നീണ്ടു വരുന്ന വിളിയൊച്ചകളെയും ആ വാതിലിനടിയിലൂടെ നീണ്ടു വരുന്ന കുഞ്ഞു വിരലുകളെയും അവഗണിച്ചെഴുതുന്ന ഈ കുറിപ്പിന് ഞാൻ മറ്റെന്ത് പേര് കൊടുക്കാൻ!!

ഒരു ടോയ്‌ലറ്റ് മുറിയിലിരുന്ന് അടച്ചിട്ട അതിന്റെ വാതിലിനപ്പുറത്തു നിന്നും നീണ്ടു വരുന്ന വിളിയൊച്ചകളെയും ആ വാതിലിനടിയിലൂടെ നീണ്ടു വരുന്ന കുഞ്ഞു വിരലുകളെയും അവഗണിച്ചെഴുതുന്ന ഈ കുറിപ്പിന് ഞാൻ മറ്റെന്ത് പേര് കൊടുക്കാൻ!!
ഞാനൊരു രക്ഷിതാവാകുന്നത് വരെ സ്വന്തം ഇഷ്ടത്തിനുറങ്ങി തോന്നുമ്പോളുണർന്ന് ഇഷ്ടമുള്ളത് ഇഷ്ടമുള്ള നേരത്ത് വച്ചുണ്ടാക്കി ജീവിച്ചിരുന്നയാളാണ്. 
എത്ര കാലം കാത്തിരുന്നു വന്നയാളാണ് മൂത്തവൾ എന്നു പറഞ്ഞിട്ടും കാര്യമില്ല അവൾ വന്നതോടെ മുകളിൽ പറഞ്ഞ എന്റെ തന്നിഷ്ടം നടക്കാതായി. 
രണ്ടാമതൊരാൾ കൂടി വന്നതോടെ Parenting എന്ന ജയിലിൽ ഞാൻ മുഴുവനായും തടവിലായി. ഇതിനിടയിൽ എന്റെ മമ്മിയെന്ന ആകാശത്തേക്ക് തുറക്കുന്ന ഒരു കുഞ്ഞു ജാലകം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടു കൂടി എനിക്കറിയാം പല പല പേരുകളിൽ എന്നെ കെട്ടിയിടുന്ന 'അമ്മ'യുത്തരവാദിത്തങ്ങളുടെ നൂലിഴകൾക്ക് ശക്തിയേറെയാണ് .
ഈ ഭൂമിയിൽ ഏതൊരു മനുഷ്യർക്കും ഏറ്റവും ഉത്തരവാദിത്തം ഉള്ളത് മക്കളോട് മാത്രമാണ് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.
കാരണം മറ്റു ജീവികളെയപേക്ഷിച്ച്
പരിപൂർണ്ണ വളർച്ചയെത്താതെ ഒരമ്മയുടെ ഗർഭപാത്രത്തിൽ നിന്നും ഭൂമിയിലേക്ക് വരുന്ന മനുഷ്യക്കുഞ്ഞിന് മറ്റൊരാളുടെ സഹായമില്ലാതെ ഈ ഭൂമിയിൽ വാസം അസാധ്യമാണ്. ആ കുഞ്ഞിനെ നന്നായി പരിചരിച്ച് സ്വയം പര്യാപ്തത നേടുന്ന കാലം വരെ വളർത്തേണ്ടുന്ന ഉത്തരവാദിത്വം ആ ജീവനെ ഈ ഭൂമിയിലേക്ക് കൊണ്ടു വരാൻ തീരുമാനമെടുത്ത രണ്ടു പേരുടേതാണ്. അതുകൊണ്ട് തന്നെ ആ കുഞ്ഞിന്റെ രക്ഷിതാക്കൾ അവർ തന്നെ ആയിരിക്കണം. ഒരു സാധാരണ കുടുംബസങ്കല്പത്തിൽ ഇത് വളരെ എളുപ്പത്തിൽ നടക്കുന്ന കാര്യവുമാണ്.
കാലങ്ങളായി നമ്മുടെ കുടുംബങ്ങളിൽ അമ്മമാരാണ് Primary Care Givers. എന്നാൽ മാറിയ ജീവിതസാഹചര്യങ്ങളിൽ അമ്മമാർക്ക് മുഴുവൻ നേരവും മക്കളുടെ കൂടെ ചിലവഴിക്കാൻ കഴിഞ്ഞെന്ന് വരില്ല. ഇത്തരമൊരു സാഹചര്യത്തിൽ അമ്മമാർ മക്കളുടെ പരിചരണവും വീടും ജോലിയുമൊക്കെയായി കഷ്ടപ്പെടുന്നതാണ് കാണാറ്. ഇവരിൽ പലരും ഒരു burnout situations ലൂടെ കടന്നു പോകുന്നതായി കാണാറുണ്ട്. മക്കളെ വളർത്തി വളർത്തി നിറം നഷ്ടപ്പെട്ടു പോകുന്ന അമ്മമാർ!!
അമ്മമാരുടെ ആ നിറം നഷ്ടപ്പെടൽ പലപ്പോഴും മക്കളിലേക്ക് നീളും. ചിലതൊക്കെ ജെനറേഷനുകളിലേക്ക് നീളുന്ന ഒരു ട്രോമയായി മാറും. ഇതൊക്കെ ഒരു പരിധിവരെ ഒഴിവാക്കാൻ ചില പൊടിക്കൈകൾ ഉണ്ടെന്നേ..!
നൂറിൽ തൊണ്ണൂറ് ശതമാനവും കുഞ്ഞുങ്ങളുടെ അച്ഛൻ സ്ഥാനത്ത് നില്ക്കുന്നയാൾ ചെയ്യേണ്ടുന്ന പരിചരണ ഉത്തരവാദിത്തങ്ങൾ (സാമ്പത്തികമല്ല) നടത്തപ്പെടാതെ പോകുന്ന ഇടങ്ങളിലാണ് ഇത്തരമൊരവസ്ഥ വരാറുള്ളത്.
മറ്റേ രക്ഷിതാവിനെ വേണ്ടെന്ന് വക്കുന്ന ചില സിംഗിൾ പേരന്റിംഗ് സാഹചര്യങ്ങളിൽ അല്ലാതെ മറ്റെല്ലാ  കുടുബ സാഹചര്യങ്ങളിലും ശാരീരിക അദ്ധ്വാനം വേണ്ട പരിചരണ ഉത്തരവാദിത്തങ്ങൾ പങ്കുവക്കപ്പെടാൻ തടസ്സമേതും ഉണ്ടാവേണ്ട കാര്യമില്ല.
ഈ ഉത്തരവാദിത്തങ്ങളെ പങ്ക് വക്കുന്ന രീതിയിലും ഓരോ ജീവിതങ്ങൾക്ക് അനുസരിച്ച് മാറ്റങ്ങൾ വരാം. ചിലപ്പോൾ രണ്ടു പേരും ഒരേപോലെ ഒരേ സമയത്ത് ഉത്തരവാദിത്തങ്ങൾ പങ്കു വക്കപ്പെടേണ്ടി വന്നേക്കാം. മറ്റു ചിലപ്പോൾ Primary Care Giver സ്ഥാനം സമയാസമയങ്ങളിൽ മാറിമാറി എടുക്കുകയുമാവാം.
ഞങ്ങളെപ്പറ്റി പറയാം. മൂത്തമകളെ ഞാൻ വളരെ കുറച്ചു തവണയേ കുളിപ്പിച്ചിട്ടുള്ളൂ, നാപ്പി മാറ്റിയിട്ടുള്ളൂ, ഭക്ഷണം കൊടുത്തിട്ടുള്ളൂ പല്ലു തേപ്പിച്ചിട്ടുള്ളൂ, കാരണം എന്റെ പങ്കാളിയായിരുന്നു Primary Care Giver. എന്നാൽ അവളുണ്ടായി അഞ്ചുവർഷം കഴിഞ്ഞപ്പോൾ സാഹചര്യങ്ങൾ മാറി. ഇളയവൾ വന്നു Primary Care Giver ഞാനായി മാറി. കഴിഞ്ഞ അഞ്ചു വർഷങ്ങളായി രണ്ടുപേരുടെയും പ്രൈമറി കെയർ ഗിവർ ഞാനാണ്.
ഒരു Parent എന്ന നിലയിൽ പറയട്ടെ ഈ കഴിഞ്ഞ പത്തു വർഷങ്ങളിലും മക്കളെ വളർത്താനായി ഞാനോ പങ്കാളിയോ ഒരാഗ്രഹവും മാറ്റിവെച്ചിട്ടില്ല. എന്തിന് മൂത്തയാളുടെ പത്താമത്തെ പിറന്നാളിന്റെയന്ന് മൈത്രേയനെ കാണാൻ മിഷിഗണിലേക്ക് പോയ അമ്മയാണ് ഞാൻ. എനിക്കതിൽ ഒരു ഖേദവുമില്ല. ആ പിറന്നാളിന്റെ തലേദിവസം വരെ അവളോടൊപ്പം അവളുടെ എല്ലാ കാര്യങ്ങൾക്കും കൂടെ നിന്നയാളാണ്.
അവളുടെ അനുവാദം ചോദിച്ചപ്പോൾ 
'Ofcourse you need to do your things and you need a break Momma' എന്ന് പറയാനുള്ള പക്വത എന്റെ പത്തു വയസ്സുകാരിക്കുണ്ടായി.
അതുപോലെ Yes! I need a break എന്നു പറയാനുള്ള ആർജ്ജവം എനിക്കുമുണ്ട്!
ഇത്തരം കുഞ്ഞു കുഞ്ഞു ബ്രേക്കുകൾ ഞാൻ ഇടക്കൊക്കെ എടുക്കും. കാരണം ഞാൻ ഒരു സൂപ്പർ വുമണല്ല. ഞാൻ ഇത്തരം ബ്രേക്കുകൾ എടുക്കുമ്പോൾ എന്റെ പങ്കാളിയാവും Primary Care Giver സ്ഥാനത്ത് ഉണ്ടാകുന്നത്.
മറ്റു ചിലപ്പോൾ ഞാനും അവനും കൂടി എവിടെയെങ്കിലും പോവാറുണ്ട്. ഇളയ ആൾക്ക് മൂന്ന് നാല് വയസ്സ് കഴിഞ്ഞപ്പോൾ മുതലാണ് ഞങ്ങൾക്ക് അതിനുള്ള ധൈര്യം കിട്ടിയത്. മമ്മി എന്ന അനുഗ്രഹം ഞങ്ങളുടെ കൂടെയുള്ളതുകൊണ്ട് അത് ഞങ്ങൾക്ക് എളുപ്പത്തിൽ സാധിക്കുന്നു. 
അങ്ങനെ ആരും കൂടെ ഇല്ലല്ലോ എന്ന് നിങ്ങൾ സങ്കടപ്പെടേണ്ട ഒരു ദിവസം കുഞ്ഞുങ്ങളെ മുത്തശ്ശിമാരുടെയും മുത്തശ്ശന്മാരുടെയും അടുത്ത് അല്ലെങ്കിൽ നിങ്ങൾക്ക് ഏറ്റവും വിശ്വാസമുള്ള ആരെങ്കിലും ഉണ്ടാവില്ലേ നിങ്ങളുടെ മക്കളെ ഒരു ദിവസത്തേക്ക് വിശ്വസിച്ചേൽപ്പിക്കാൻ കഴിയുന്ന ആരെങ്കിലും!! അവരെ മക്കളെ ഏൽപ്പിച്ചു നിങ്ങൾ മാത്രമായി എവിടെയെങ്കിലും പോയി നോക്കൂ.
അതുപോലെ തന്നെ  മമ്മിയെ വീട്ടിൽ ആക്കി ഞാനും അവനും കുട്ടികളും ദൂരേക്ക് പോകാറുണ്ട്. അന്നാണ് മമ്മിക്ക് ഞങ്ങളിൽ നിന്ന് ഒരു ബ്രേക്ക് കിട്ടുക. കൈകാലുകളിലെ നഖം വെട്ടി വിസ്തരിച്ച് ഒന്ന് കുളിച്ച് ഇഷ്ടമുള്ള സിനിമകൾ കണ്ടു രാത്രി ഏറെ വൈകി ഉറങ്ങി രാവിലെ, അല്ല ഉച്ചയ്ക്ക് എഴുന്നേറ്റ് മമ്മി ആ ബ്രേക്കുകൾ ആനന്ദകരമാക്കും.
ഒരു കുഞ്ഞിൻറെ രക്ഷിതാവ് ആയിരിക്കുക എന്നത് അത്ര എളുപ്പമുള്ള പണിയായി എനിക്ക് തോന്നിയിട്ടില്ല. അപ്പോൾ പിന്നെ പൂർണ്ണ പരിചരണമോ!!! അതുകൊണ്ട് പെണ്ണുങ്ങളേ അമ്മ ദിനം ആയതുകൊണ്ട് ഞാൻ നിങ്ങളോട് പറയുന്നതിത്ര മാത്രം!!
TAKE A BREAK!! Escape to your most cherished places in solitude! Indulge in your deepest desires and passions! Above all love yourself with all your heart!
മക്കളിൽ നിന്ന് ഒരു രാത്രിയോ അതിലധികമോ ദൂരെ പോകുമ്പോൾ സ്വയം കുറ്റപ്പെടുത്താൻ തോന്നാറുണ്ടോ എന്നാണോ നിങ്ങളുടെ ചോദ്യം. തോന്നാറുണ്ട്! അടച്ചിട്ട് കക്കൂസ് മുറിയിലേക്ക് നീണ്ട് വരുന്ന വിളികളെയും വിരലുകളെയും അവഗണിക്കുന്നതുപോലെ അവയെ അവഗണിച്ചങ്ങ് പോകണം എന്നാണുത്തരം. 
കാരണം ഈ മക്കൾക്കും വേണ്ടേ നമ്മളിൽ നിന്നൊരു ബ്രേക്ക്!!

ജീന രാജേഷ് ,കാനഡ  


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.