LITERATURE

നിന്റെ മൗനം പോലും മധുരം

Blog Image
ന്യൂയോർക്കിൽ  നിന്നും ട്രെന്റൻ ലേക്ക് പോകുന്ന ട്രെയിൻ ഇടയിൽ മെട്ടുച്ചെൻ ലെ റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോൾ സമയം വൈകുന്നേരം 6.10 pm.സാധാരണ ഗതിയിൽ  എല്ലാവരെയും പോലെ ട്രെയിൻ ഇറങ്ങിയ ഉടനെ ധൃതിയിൽ park & go യിലേക്ക് നടന്ന് , രാവിലെ പാർക്ക്‌ ചെയ്തിട്ട് പോയ കാറിൽ കയറി വീട്ടിലേക്കു പോകുക എന്നതാണ്.

ന്യൂയോർക്കിൽ  നിന്നും ട്രെന്റൻ ലേക്ക് പോകുന്ന ട്രെയിൻ ഇടയിൽ മെട്ടുച്ചെൻ ലെ റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോൾ സമയം വൈകുന്നേരം 6.10 pm.
സാധാരണ ഗതിയിൽ  എല്ലാവരെയും പോലെ ട്രെയിൻ ഇറങ്ങിയ ഉടനെ ധൃതിയിൽ park & go യിലേക്ക് നടന്ന് , രാവിലെ പാർക്ക്‌ ചെയ്തിട്ട് പോയ കാറിൽ കയറി വീട്ടിലേക്കു പോകുക എന്നതാണ്.
പക്ഷെ ഇന്നെന്തോ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയതും കാലുകൾ മുന്നോട്ട് പോകാൻ കൂട്ടാക്കാത്തത് പോലെ.
ഒരു മഴ പെയ്ത് ഒഴിഞ്ഞിട്ടുണ്ട്. പിന്നെയും മൂടി തുടങ്ങുന്ന കാർമേഘക്കെട്ടിന്റെ അരികുകളിൽ നിന്നും വെള്ളിവെളിച്ചം പാളങ്ങളിൽ വീണു തിളങ്ങുന്നു.
നേരത്തെ പെയ്ത മഴയിലും കാറ്റിലും പെട്ട് മരങ്ങളിൽ നിന്നും ഊർന്നുവീണ ഇലകൾ ആ പ്ലാറ്റ്ഫോമിൽ ആകെ ചിതറിക്കിടക്കുന്നു. 6.15 ന്റെ  ട്രെയിൻ ൽ നിന്നും ഇറങ്ങിയ യാത്രികരെല്ലാം ഒഴിഞ്ഞു കഴിഞ്ഞു. ഇനി 6.45 ന്റെ Trenton Express ട്രെയിൻ വരുന്നത് വരെ സ്റ്റേഷൻ ശൂന്യമായിരിക്കും. പ്ലാറ്റ്ഫോമിലെ ഒഴിഞ്ഞ ചാരുബെഞ്ചിൽ വെറുതെ ഇരുന്നു.  അവിടെമാകെ പുതുമഴയിൽ നനഞ്ഞ മണ്ണിന്റെ ഗന്ധം . നനുത്തൊരു കാറ്റ് എവിടെ നിന്നോ ഒഴുകി വരുന്നത് പോലെ. പാറിപ്പറന്ന ചുരുണ്ട മുടി വാരി മുകളിലോട്ടു പിരിച്ചു ഹെയർക്ലിപ്പ് ഇട്ട് ബഞ്ചിലേക്ക് ചാഞ്ഞിരുന്നു. അവനെ ആദ്യം കണ്ടു മുട്ടിയത് ഇതേ റെയിൽവേ സ്റ്റേഷനിൽ വച്ചാണ്.
അന്നും മഴ പെയ്തിരുന്നു.
രാവിലെ വൈകി ഇറങ്ങിയതിന്റെ പിടപ്പിൽ വഴി തെറ്റി ഓടിച്ചു park & go ൽ എത്തി, അവിടെ നിന്നും ഓടിക്കിതച്ചു പ്ലാറ്റ്ഫോമിൽ എത്തിയപ്പോൾ 7.45 am ന്റെ ന്യൂയോർക് സിറ്റി എക്സ്പ്രസ്സ്‌  സ്റ്റേഷൻ വിട്ടു തുടങ്ങിയിരുന്നു. ഇനി 8. 15 ന്റെ  ലോക്കൽ പിടിക്കാമെന്നും കരുതി പ്ലാറ്റ്ഫോം ന്റെ അറ്റത്തെ ബെഞ്ചിൽ വന്നിരുന്നു. 
എന്നെപോലെ തന്നെ വഴി തെറ്റി വന്നവനാകും അവനും. കിതപ്പോടെ ചാരുബെഞ്ചിൽ അടുത്തായി വന്നിരുന്നപ്പോൾ വേഗം തോന്നിയത് കയ്യിലിരുന്ന ഹാൻഡ്‌ബാഗ് എടുത്തു ഇടയിലേക്ക് വയ്ക്കാനാണ്.. തിരിച്ച് അവൻ നൽകിയ പുഞ്ചിരിയിൽ ചൂളി മുഖം ഒന്നുയർത്താൻ പോലും കഴിയാതെ ഇരുന്നതും ഇതേ ചാരുബെഞ്ചിലാണ്.
അപരിചിതത്വം സൗഹൃദമായി.
7.45 am ന്റെ ന്യൂയോർക് സിറ്റി എക്സ്പ്രസ്സ്‌ മിസ്സ്‌ ആവുന്നതും 8.15 am ന്റെ ലോക്കൽ നു കാത്തിരിക്കുന്നതും പതിവായി.
സൗഹൃദം മറ്റെന്തിനോ വഴി മാറി.
അകലം പാലിക്കാനായി ഇടയിൽ വച്ചിരുന്ന ഹാൻഡ്‌ബാഗ് പോകെ പോകെ മൂന്നാമതൊരാൾ വന്നിരിക്കാതിരിക്കാനായി ബെഞ്ചിന്റെ ഒഴിഞ്ഞ സീറ്റ്‌ ലേക്ക് ഇടം മാറി..
8.15 ന്റെ ലോക്കൽ ൽ കയറി അടുത്തടുത്തിരുന്ന് നിർത്താതെ വർത്തമാനം പറഞ്ഞു, കേട്ടു.
പോർട്ട്‌ അതോറിറ്റി ടെർമിനസ് ൽ ട്രെയിൻ അവസാനിക്കുമ്പോൾ ഇത്ര വേഗം സിറ്റി എത്തിയോ എന്നും ഇന്ന് ട്രെയിനിനു വേഗത കൂടുതൽ ആയിരുന്നു എന്നും നെടുവീർപ്പിട്ട് താൻതാങ്ങളുടെ ലോകത്തിലേക്ക് പിരിയും. 
വീട്ടിൽ നിന്നും സമയത്തിന് ഇറങ്ങിയിട്ടും 7.45 am ന്റെ ന്യൂയോർക് സിറ്റി എക്സ്പ്രസ്സ്‌ എന്തേ സ്ഥിരം മിസ്സ്‌ ആകുന്നു എന്ന ഭർത്താവിന്റെ ചോദ്യം കേട്ടില്ലെന്നു നടിച്ചു.ലോക്കലിൽ പുസ്തകവായനയ്ക്കു കൂടുതൽ സമയം കിട്ടുമെന്ന് പറഞ്ഞ് ലൈബ്രറിയിൽ നിന്നും അദ്ദേഹത്തെ കൊണ്ടെടുപ്പിച്ച ബുക്കുകൾ ഒരു പേജ് പോലും വായിക്കാതെ മടക്കി നൽകികൊണ്ടിരുന്നു. 
7.45 am ന്റെ എക്സ്പ്രസ്സ്‌ സ്ഥിരം മിസ്സ്‌ ആവുന്നതിനെ പറ്റി അവൻ എന്ത് കള്ളമാണ് ഭാര്യയോട് പറഞ്ഞിട്ടുണ്ടാവുക!? 
മിണ്ടാനൊരിഷ്ടം, കേൾക്കാനൊരിഷ്ടം, കാണാനൊരിഷ്ടം, കൂട്ടുകൂടാനൊരിഷ്ടം, 
ഇഷ്ടക്കേടുകൾ വരുമ്പോൾ കെറുവിക്കാനൊരിഷ്ടം,
എന്നാലും ഇഷ്ടമാണെന്നു പറയാത്ത , പരസ്പരം സമ്മതിക്കാൻ ആവാത്ത ഒരിഷ്ടം.
അലസമായി മുകളിലോട്ടു തെറുത്തുകയറ്റി കെട്ടിയ മുടി അനാവൃതമാക്കിയ പിൻകഴുത്തിൽ മൃദുവായി അവൻ വിരലോടിച്ചതും ഇതേ ബെഞ്ചിൽ സൊറ പറഞ്ഞിരിക്കുമ്പോളാണ്. കണ്ണുകളിൽ ഉരുണ്ടു കൂടിയ ലജ്ജ മറയ്ക്കാനായി പെട്ടന്ന് തല തിരിച്ച് എതിർദിശയിലേക്ക് നോക്കി 'ട്രെയിൻ വരുന്നുണ്ടെന്നു തോന്നുന്നു ' എന്ന് കള്ളം പറയേണ്ടിയിരുന്നില്ല. കാരണം ലജ്ജ കൊണ്ട് വിരിഞ്ഞ എന്റെ കണ്ണിണകളെ നോക്കുന്ന നിന്റെ കണ്ണുകളെ എനിക്കു കാണാൻ കഴിഞ്ഞില്ലല്ലോ..
മധുരമായ ഒരു മൗനം മാത്രം  അവിടെ തളം കെട്ടി നിന്നു.
"നീണ്ടു നീണ്ടു പോകുമീ 
മൂകതയൊരു കവിത പോൽ 
വാചാലമറിവു ഞാൻ..
നിന്റെ മൗനം പോലും മധുരം..
ഈ മധുവിലാവിൻ മഴയിൽ.."

രാധിക വേദ,കാനഡ 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.