LITERATURE

നിറഭേദങ്ങൾ ( കഥ )

Blog Image
"ടീച്ചർ കരയുകയാണോ.?" "അല്ല. ഇത് സന്തോഷത്തിന്റെ കണ്ണീരാ …. കണ്ണുകൾ തുടച്ച് ടീച്ചർ ദേവുവിനെ ചേർത്ത് പിടിച്ചു. അമ്പലപ്പറമ്പിൽ നിന്ന് തിരികെ വീട്ടിലേക്ക് നടക്കുമ്പോൾ പുറകിലായി ആകാശത്ത് വെടിക്കെട്ടിന്റെ വർണ്ണക്കാഴ്ചകൾ വിസ്മയം തീർക്കുകയായിരുന്നു..  മനസ്സ് ഒരപ്പൂപ്പൻ താടി പോലെ പറന്നുയരുന്നു ജീവിതത്തിന്റെ നിറഭേദങ്ങൾ മുന്നോട്ടുള്ള യാത്രയ്ക്ക് ആവേശം പകരുന്നത് ഞാനറിഞ്ഞു .

" ബെല്ലടിക്കാറായില്ലേ.  എല്ലാവരും വേഗം ക്ലാസ്സിൽ കയറ്"

അന്നമ്മ ടീച്ചറാണ്. ഫസ്റ്റ് ബെല്ലടിച്ചു കഴിയുമ്പോൾ ടീച്ചറുടെ ഒരു റോന്തുചുറ്റൽ പതിവാണ്.

"ദിവ്യ ലക്ഷ്മി എന്താ ഇവിടെ? ഡാൻസ് ക്ലാസ്സിനുണ്ടോ?'

"ഇല്ല ടീച്ചർ.വെറുതെ ഇതു വഴി പോയപ്പോൾ നോക്കി നിന്നു പോയതാ."

"ഉം. വേഗം പോയി ക്ലാസ്സിൽ കയറ്. "

രാവിലെ 8.30 മുതൽ 9.30 വരെ ബിന്ദുജ ടീച്ചറുടെ ഡാൻസ് ക്ലാസ്സുണ്ട്. ഞാനും കൂടി പൊയ്ക്കോട്ടേ എന്ന് കെഞ്ചി ചോദിച്ചതാണ്.

കോൺവെന്റ് സ്കൂളിൽ ചേർത്ത് പഠിപ്പിക്കുന്നത് ഡാൻസ് കളിച്ചു നടക്കാനാണോ എന്നായിരുന്നു അച്ഛന്റെ ചോദ്യം.

ഒന്നാം ക്ലാസ്സുകാരിയുടെ  ദു:ശ്ശാഠ്യമെന്ന് അമ്മ .

വീട്ടുജോലിയും കുട്ടികളെ നോക്കലും കഴിഞ്ഞ് ഇതേപ്പറ്റിയൊന്നും ചിന്തിക്കാൻ പോലും അമ്മയ്ക്ക് നേരമില്ല.

അടച്ചിട്ട മുറിയ്ക്കുള്ളിൽ  പാഠഭാഗങ്ങൾ പേർത്തും പേർത്തും വായിക്കുന്നതിനിടയിൽ ചിത്ര ഗീതവും ചിത്രഹാറുമൊക്കെ ടി.വി.യിൽ അരങ്ങു തകർക്കുകയായിരിക്കും. ശ്രദ്ധയെങ്ങാനും ഒന്ന് പാളിയാൽ ഉടൻ ചൂരൽ കഷായത്തിന്റെ കയ്പ്പറിയും

അങ്ങനെ ബാല്യവും കൗമാരവുമൊക്കെ കലയോട് അയിത്തം കല്പിച്ച് കടന്നു പോയി .

പേപ്പർ കച്ചവടക്കാരനിൽ നിന്ന് കിലോയ്ക്ക് 2 രൂപ ചെലവിൽ തൂക്കി വാങ്ങുന്ന പഴയ പൂമ്പാറ്റയും ബാലരമയും ഒക്കെ വെക്കേഷനുകളിൽ വായനയുടെ വസന്തം തീർത്തു.ഡിങ്കനും കപീഷും ലുട്ടാപ്പിയും ശിക്കാരി ശംഭുവുമൊക്ക മനസ്സിന്റെ വള്ളിക്കുടിലിലെ താമസക്കാരായിരുന്നു.

പ്രൊഫഷണൽ കോളേജിലെത്തിയപ്പോഴേക്കും  പാട്ടും നൃത്തവുമൊക്കെ മനസ്സിന്റെ പടിയ്ക്ക് പുറത്തായിരുന്നു.
കോളേജിലേയ്ക്കുള്ള യാത്രയ്ക്കിടയിൽ അച്ഛന്റെ വക ഉപദേശപ്പെരുമഴ.

"മോളേ.പ്രൊഫഷണൽ കോളേജാണ് .അല്‍പസ്വല്‍പം റാഗിങ്ങൊക്കെ കാണും. സീനിയർ കുട്ടികൾ വല്ല പാട്ടു പാടാനോ ഡാൻസ് ചെയ്യാനോ പറഞ്ഞാൽ നീയങ്ങ് ചെയ്തേക്കണം. ആരോടും എതിർക്കാനൊന്നും നിൽക്കരുത്."

നടന്നത് തന്നെ…...പാട്ടും ഡാൻസും……
അതും ഈ ഞാൻ .ഉള്ളിൽ ചിരിയാണ് വന്നത്.

പക്ഷേ ചെന്നു കയറി രണ്ടാം ദിവസം തന്നെ പണി കിട്ടിയെന്ന് പറഞ്ഞാൽ മതിയല്ലോ. പൂച്ചയെപ്പോലെ പമ്മി പമ്മി നിഷ്കളങ്കതയും ദൈന്യതയുമൊക്കെ  മുഖത്ത് എടുത്തണിഞ്ഞ്  മെസ്സിലേക്ക് കയറി.ഭക്ഷണം എടുത്ത് തിരിഞ്ഞതും വിളി വന്നു.  

സീനിയേഴ്സാണ്.
.അവരുടെ കൂടെ ഇരിയ്ക്കാനാണ് വിളിയ്ക്കുന്നത്.

പേടിച്ചരണ്ട മാൻപേടയെപ്പോലെ മടിച്ച് മടിച്ച് ഒരു കസേരയിൽ ഇരുന്നു

"പോരട്ടെ, പോരട്ടെ പാട്ടോ അതോ മോണോ ആക്ടോ?"

'അയ്യോ ? എനിക്കതൊന്നും അറിയില്ല "

"അങ്ങനൊന്നും പറഞ്ഞാൽ പറ്റില്ല. എന്തെങ്കിലും ചെയ്തേ പറ്റൂ'

"iഇപ്പോൾ പറ്റില്ലെങ്കിൽ നാളെ പഠിച്ചു കൊണ്ടു വന്നാൽ മതി."

ഹൊ. തൽക്കാലം രക്ഷപ്പെട്ടു. ഇനി നാളെ എന്തു ചെയ്യുമോ ആവോ?

രാത്രി മുഴുവൻ ഒരു നാലു വരി പ്പാട്ടെങ്കിലും ഓർത്തെടുക്കാനുള്ള ഭഗീരഥപ്രയത്നത്തിലായിരുന്നു. രാവിലെ മെസ്സിലേക്ക് കയറിയപ്പോൾ തന്നെ കണ്ണുകൾ നാലുപാടും പരതി.

ഇന്നലത്തെ  ടീമുകൾ ആരെങ്കിലും ഉണ്ടോ?

"നോക്കണ്ട, നോക്കണ്ട ഞങ്ങൾ ഇവിടെ ത്തന്നെ ഉണ്ട്. വാ തുടങ്ങിക്കോ."

ഒരു പാട്ടിന്റെ വരികൾ തൊണ്ടയിൽ ഉടക്കി നിൽക്കുന്നു. ശബ്ദം പുറത്തേക്ക് വരുന്നില്ല.

"എന്താ ഇത്ര താമസം .വേഗമാകട്ടെ "
പതിയെ തുടങ്ങി….
" പത്തു വെളുപ്പിന്
മുറ്റത്ത് നിൽക്കണ കസ്തൂരീമുല്ലക്ക് താലികെട്ട് "

"അയ്യേ ഇതെന്താ പാട്ടു പറയുന്നോ. തന്നോട് പാട്ട് പാടാനാണ് പറഞ്ഞത് ''

വീണ്ടും ശ്രമം തുടങ്ങി.ഒരു രക്ഷയുമില്ല

രാഗവും താളവും സംഗതികളുമൊന്നും പരിസരത്തു കൂടെപ്പോലും പോകുന്നില്ല

അത്രയുമായ പ്പോൾ അവർക്ക് എന്റെ അവസ്ഥ ഏതാണ്ട് പിടി കിട്ടിയെന്ന് തോന്നുന്നു .എന്തായാലും വെറുതെ വിട്ടു.

പിന്നീടും സമാന സന്ദർഭങ്ങൾ അരങ്ങേറി.
പക്ഷെ വലിയ പുരോഗമനമൊന്നും എന്റെ കലാജീവിതത്തിൽ ഉണ്ടായില്ല.
അഞ്ച് വർഷത്തെ പഠനത്തിന് ശേഷം പുറത്തിറങ്ങിയപ്പോഴും അതേ അവസ്ഥ തന്നെ.

വിവാഹ ശേഷം മോനുണ്ടായി കഴിഞ്ഞപ്പോഴാണ് കഥ മാറിയത്.പ്രസവം കഴിഞ്ഞ് ആദ്യ രണ്ട് മാസങ്ങളിൽ വീട്ടിലായിരുന്നപ്പോൾ ഈണത്തിൽ താരാട്ട് പാടി അമ്മ അവനെ ഉറക്കുമായിരുന്നു.

മുരളിയേട്ടന്റെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ താരാട്ട്  കേൾക്കാതെ അവനുറങ്ങാതെയായി. 
നിർത്താതെ കരയുന്ന കുഞ്ഞ് എന്നിലെ അമ്മയുടെ കഴിവുകേടിലേക്ക് വിരൽ ചൂണ്ടിയപ്പോൾ അറിയാതെ ചുണ്ടുകളിൽ ഈണം പടർന്നു.
ഓമനത്തിങ്കൾക്കിടാവോ… ….
നല്ല കോമളത്താമരപ്പൂവോ …….

"കാഴ്ചകൾ കണ്ട് നിൽക്കുകയാണോ. വരൂ ...അവിടെ ദേവുവിന് മേക്കപ്പിടാറായി "

മഞ്ജു ടീച്ചറാണ്. മോളുടെ ഡാൻസ് ടീച്ചർ

"ഞാനോരോന്നോർത്ത് നിന്നു പോയി. സമയമായോ?"

ജനാല വാതിൽ ചേർത്തടച്ച് ടീച്ചറിനോടൊപ്പം ഗ്രീൻ റൂമിലേക്ക് നടന്നു.

അവിടെ ദേവു  മേക്കപ്പ് ഇടാൻ തയ്യാറായി ഇരിക്കുകയാകും.

ഓരോ തവണയും മേക്കപ്പ്മാന്റെ കരവിരുതിൽ അവൾ നർത്തകിയായി പരകായപ്രവേശം നടത്തുമ്പോൾ  കൗതുകത്തോടെ നോക്കിയിരിക്കും.ആദ്യമായ് കാണുന്ന പോലെ .

മുദ്രകളിലൂടെയും ഭാവപ്പകർച്ചകളിലൂടെയും  അവളിലെ നർത്തകി എപ്പോഴും തന്നെ വിസ്മയിപ്പിക്കുന്നു .അവളുടെ ഓരോ നൃത്തച്ചുവടുകളും എന്റെ കണ്ണുകളെ  ഈറനണിയിയ്ക്കുന്നു.

" ദിവ്യ മാഡം വന്നോ. എന്ത് തിരക്കുണ്ടെങ്കിലും അമ്മ ഇങ്ങെത്തുമെന്ന് ദേവു ഇപ്പോ പറഞ്ഞതേയുള്ളൂ."

"അതെ. എനിക്ക് ഇന്നിത് കഴിഞ്ഞിട്ടേയുള്ളൂ മറ്റെന്തും "

അമ്പലത്തിലെ ഈ പ്രോഗ്രാമിന് ശേഷം തൽക്കാലം നൃത്ത പഠനത്തിന് വിരാമമിടണമെന്ന ചിന്ത പലപ്പോഴായി അവളിലേക്ക് സന്നിവേശിപ്പിച്ചിട്ടുണ്ട്. 

എന്നിട്ടും ആ വിഷയം സംസാരിക്കാൻ വലിയ താൽപ്പര്യം അവൾ കാണിക്കാറില്ല.
പത്താം ക്ലാസ്സിലാണ്  അടുത്ത വർഷം. നൃത്തത്തിനോടുള്ള അഭിനിവേശം പഠനത്തിന് തടസ്സമായാൽ അവിടെയും കുറ്റം അമ്മയ്ക്ക് തന്നെയാവും. ആ ഒരു പരീക്ഷണം വേണോ. മനസ്സിൽ ഇപ്പോഴും കൂട്ടലും കിഴിക്കലും നടക്കുകയാണ്. 

ടീച്ചറോട് ഇന്ന് പരിപാടി കഴിയുമ്പോൾ തന്നെ പറയണം. 

കാർക്കശ്യത്തിന്റെ മൂടുപടം എടുത്തണിഞ്ഞ് ഗ്രീൻ റൂമിൽ നിന്ന് സദസ്യരുടെ ഇടയിലേക്ക് ലയിച്ചു ചേർന്നു.

" ജഗൻ മോഹന നടന
രാജസഭാ പതിയേ "

ദേവു വേദിയിൽ നടന കലയുടെ ഗിരിശൃംഗങ്ങൾ ഓരോന്നായി കീഴടക്കുകയാണ്.

 കണ്ണിമവെട്ടാതെ ആൾക്കൂട്ടത്തിനിടയിലിരുന്ന് ഈ നടനവൈഭവം സാകൂതം വീക്ഷിക്കുമ്പോൾ സന്തോഷവും ഒപ്പം അഭിമാനവും മനസ്സിൽ തുടികൊട്ടുന്നു. മനസ്സിന്റെ  ഉള്ളറകളിലെവിടെയോ ഒരൊന്നാം ക്ലാസ്സുകാരി  ആനന്ദനൃത്തമാടുന്നു.

        മഞ്ജു ടീച്ചറുടെ കുട്ടികളുടെ പരിപാടിയില്ലാത്ത ഉത്സവം  ഉത്സവമാകുന്നതെങ്ങനെ. അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി ചിരിച്ചു കൊണ്ട് നിൽക്കുന്ന ടീച്ചറുടെ അടുക്കലേക്ക് മടിച്ച് മടിച്ചാണ് ചെന്നത്.

വാക്കുകൾ വാചകങ്ങളായി രൂപപ്പെടുന്നില്ല. നിർന്നിമേഷയായി  ടീച്ചറിനെയും ദേവുവിനെയും  നോക്കി.

ദേവു സൂചിപ്പിച്ചിരുന്നു…...നിർത്തുകയാണല്ലേ……….കണ്ടിരുന്നോ അവളുടെ ഡാൻസ്?

ദേവുവിന്റെ കണ്ണുകളിലുരുണ്ടു കൂടുന്ന നീർത്തുള്ളികൾ പെയ്തിറങ്ങാൻ വെമ്പുന്നു.
ടീച്ചറിന്റെ  മനസ്സിന്റെ ഉദ്വേഗം മുഖത്ത് പ്രകടമാണ്.

ഇനി ഒളിച്ചോടാനാവില്ല. തീരുമാനം എടുത്തേ പറ്റൂ.

"ഇല്ല ടീച്ചർ. തൽക്കാലം നിർത്തുന്നില്ല. അവൾ തുടർന്നും നൃത്തം പഠിക്കട്ടെ. അവൾക്ക് മാനേജ് ചെയ്യാൻ കഴിയും ടീച്ചർ. എനിക്കുറപ്പുണ്ട്'' .......അല്ലേ. ദേവൂ'' …

വിടർന്ന കണ്ണുകളാലുള്ള ആ നോട്ടത്തിൽ അവളുടെ ആനന്ദാതിരേകം വ്യക്തമായിരുന്നു.
 ഒന്നല്ല ,ഒരായിരം ഉറപ്പ് എന്ന് ആ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു.

"ടീച്ചർ കരയുകയാണോ.?"

"അല്ല. ഇത് സന്തോഷത്തിന്റെ കണ്ണീരാ ….

കണ്ണുകൾ തുടച്ച് ടീച്ചർ ദേവുവിനെ ചേർത്ത് പിടിച്ചു.

അമ്പലപ്പറമ്പിൽ നിന്ന് തിരികെ വീട്ടിലേക്ക് നടക്കുമ്പോൾ പുറകിലായി ആകാശത്ത് വെടിക്കെട്ടിന്റെ വർണ്ണക്കാഴ്ചകൾ വിസ്മയം തീർക്കുകയായിരുന്നു..

 മനസ്സ് ഒരപ്പൂപ്പൻ താടി പോലെ പറന്നുയരുന്നു ജീവിതത്തിന്റെ നിറഭേദങ്ങൾ മുന്നോട്ടുള്ള യാത്രയ്ക്ക് ആവേശം പകരുന്നത് ഞാനറിഞ്ഞു .

ഡോ.എസ് ജയശ്രീ   

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.