LITERATURE

ജ്ഞാനോദയത്തിൻ്റെ നാട്ടിലൂടെ

Blog Image
ജ്ഞാനോദയത്തിൻ്റെ നാട് എന്നാണ് ബീഹാറിനെ വിശേഷിപ്പിച്ചിരുന്നത് ഇന്ത്യൻ നാഗരികതയുടെ കളിത്തൊട്ടിലായ സവിശേഷമായ ഭൂതകാലത്തിൻ്റെ പ്രതിധ്വനികൾ അലയടിക്കുന്ന ബിഹാറിലൂടെ വിശദമായ ഒരു യാത്ര ഏറെക്കാലമായി ആഗ്രഹിച്ചിരുന്നതാണ്. എന്നാലത് കഴിഞ്ഞ ജൂണിലാണ് സാദ്ധ്യമായത് പറ്റ്നയിൽ തുടങ്ങി ബിഹാർ ഷെരിഫ് നളന്ദ രാജ്ഗീർ ബോധ്ഗയ വൈശാലി ബേഗുസരായ് ഭഗൽപൂർ പൂർണിയ  നക്സൽബാരി സിലിഗുരി വഴി ഡാർജിലിംഗിലാണ് ആ യാത്ര അവസാനിച്ചത്.

ഇന്ന് ബീഹാറെന്ന് കേൾക്കുമ്പോൾ ആദ്യം മനസിലക്ക് വരിക ഇന്ത്യയുടെ ഏറ്റവും ദരിദ്രമായ ജാതിയും ഉപജാതിയും കൊടികുത്തിവാഴുന്ന സംസ്ഥാനം എന്നായിരിക്കും. അതൊക്കെ ശരിയുമാണ്.
എന്നാലൊരു കാലത്ത് ജ്ഞാനോദയത്തിൻ്റെ നാട് എന്നാണ് ബീഹാറിനെ വിശേഷിപ്പിച്ചിരുന്നത് ഇന്ത്യൻ നാഗരികതയുടെ കളിത്തൊട്ടിലായ സവിശേഷമായ ഭൂതകാലത്തിൻ്റെ പ്രതിധ്വനികൾ അലയടിക്കുന്ന ബിഹാറിലൂടെ വിശദമായ ഒരു യാത്ര ഏറെക്കാലമായി ആഗ്രഹിച്ചിരുന്നതാണ്. എന്നാലത് കഴിഞ്ഞ ജൂണിലാണ് സാദ്ധ്യമായത് പറ്റ്നയിൽ തുടങ്ങി ബിഹാർ ഷെരിഫ് നളന്ദ രാജ്ഗീർ ബോധ്ഗയ വൈശാലി ബേഗുസരായ് ഭഗൽപൂർ പൂർണിയ  നക്സൽബാരി സിലിഗുരി വഴി ഡാർജിലിംഗിലാണ് ആ യാത്ര അവസാനിച്ചത്.
ഉച്ചക്ക് 12 ന് ചെന്നെയിൽ നിന്ന് പറന്ന ഇൻഡിഗോയുടെ നോൺസ്റ്റോപ്പ് ഫ്ലൈറ്റ് 2.10ന് തന്നെ പാറ്റ്നാ ജയപ്രകാശ് നാരായൺ ഇൻ്റർനാഷണൽ എയർപ്പോർട്ടിൽ ലാൻ്റ് ചെയ്തു   ഭാഗിയൊന്നുമില്ലാത്ത ചെറിയൊരു എയർപോർട്ടാണിത് പുതിയ എയർപോർട്ടിൻ്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. ടെർമിനസിൻ്റെ ഉള്ളിലേക്ക് കയറിച്ചെന്നപ്പോൾ ആദ്യം  ശ്രദ്ധയാകർഷിച്ചത് വെൽക്കം ടൂ പാടലിപുത്ര എന്ന ബോർഡാണ് ഇന്നത്തെ പാറ്റ്നയുടെ പൗരാണിക നാമമാണത്. BCE 490 ൽ ഭരിച്ചിരുന്ന അജാതശത്രുവാണ് മഗധയുടെ തലസ്ഥാനം പാടലിപുത്രമാക്കിയത്. പിന്നീട് വന്ന മൗര്യ, ശുംഗ,ഗുപ്ത, സാമ്രാജ്യങ്ങളുടെ തലസ്ഥാനവും ഇത് തന്നെയായിരുന്നു. പിന്നീട് പതിനാറാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ‍ ഉത്തരേന്ത്യ ഭരിച്ചിരുന്ന ഷേർഷയുടെ കാലത്താണ് പാടലിപുത്രം എന്ന പേര് പാറ്റ്നയായി മാറിയത്. 2022 ൽ ബിഹാർ ഗവൺമെൻറ് പാറ്റ്നയിൽ പുതിയതായി നിർമ്മിച്ച ഇൻ്റർസ്റ്റേറ്റ് ബസ് ടെർമിനസിനും ഈ പേരാണ് നൽകിയിരിക്കുന്നത്. ഭാവിയിൽ പാറ്റ്ന വിണ്ടും പാടലിപുത്രമായേക്കാമെന്ന് മനസിൽ വിചാരിച്ച് ഞാൻ പുറത്തേക്കിറങ്ങി
എയർപോർട്ടിന് മുമ്പിൽ കുറച്ച് ടാക്സി കാറുകളും ധാരാളം സൈക്കിൾ റിക്ഷകളും ടുക്ക് ടുക്കുകളും (വിചിത്ര രൂപിയായ ബാറ്ററി ഓട്ടോ) കിടപ്പുണ്ട്. എയർപോർട്ടിൽ സൈക്കിൾ റിക്ഷകൾ കണ്ടത് ഇവിടെ മാത്രമാണ്. പാറ്റ്നാ ടൗൺ ബസ്സ്റ്റാൻഡിലേക്ക് ഇവിടെ നിന്നിനി എട്ട് കിലോമീറ്റർ ദൂരമാണുള്ളത് അങ്ങോട്ടേക്ക് ബസ് ലഭിക്കുമോയെന്നറിയാൻ എയർപോർട്ടിന് പുറത്തക്ക് നടക്കുമ്പോൾ ഒരു ഷെയർ
ടുക്ക് ടുക്ക്  അരികിൽ കൊണ്ട് നിർത്തി ടൗണിലേക്ക് 50 രൂപ ചാർജജ് പറഞ്ഞു. ഒരു ചെറുപ്പക്കാരൻ മാത്രമാണ് അതിലുള്ളത് ഞാൻ അതിലേക്ക് കയറി. ചെന്നെയിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിയായിരുന്നു അതിൽ ഉണ്ടായിരുന്നത് പാറ്റ്നാ നഗരത്തിലെ ബങ്കിപൂർ സ്റ്റാൻഡിന് സമീപം എന്നെ ഇറക്കി വിട്ട് ടുക്ക്ടുക് പോയി. 
ഗാന്ധി മൈതാനത്തിനരികിലായി
മൂന്ന് റോഡുകൾ കൂടിച്ചേരുന്ന കാർഗിൽ ചൗക്ക് എന്ന ട്രാഫിക് സർക്കിളിൻ്റെ എതിർവശത്തെ BSRTC യുടെ ബങ്കിപൂർ   സ്റ്റാൻഡിലേക്ക് ചെന്നു. ഗവൺമെൻ്റ് ബസ് ആകെ ഒന്ന് രണ്ടെണ്ണമൊഴികെ സ്റ്റാൻഡിൽ മുഴുവൻ സ്വകാര്യ ബസുകളാണ്. പതിമൂന്ന് കോടിയിലധികം ജനസംഖ്യയുള്ള ബിഹാറിൽ സർക്കാരിന് ആകെ 1500 ബസുകളേയുള്ളു.സ്വകാര്യ മേഖലയിൽ 43000 ബസുകളുമുണ്ട്.സ്റ്റാൻഡിനുള്ളിൽ ധാരാളം സ്വകാര്യ ഓപ്പറേറ്റർമാർ വരിയായി ഇരിക്കുന്നുണ്ട് മുമ്പിലെ മേശയിൽ വിവിധ സ്ഥലങ്ങളിലേക്ക് പോകുന്ന ബസുകളുടെ വിവരങ്ങൾഹിന്ദിയിൽ എഴുതിയ ഫ്ലക്സ് ഒട്ടിച്ചിരിക്കുന്നു  ഒറ്റയെണ്ണത്തിലും ഒരു വരി പോലും ഇംഗ്ലിഷില്ല. 
2023 ൽഎട്ട് കോടിയിലധികം ആഭ്യന്തര ടൂറിസ്റ്റുകളും അഞ്ചര ലക്ഷം വിദേശ സഞ്ചാരികളും സന്ദർശിച്ച ബിഹാറിൻ്റെ തലസ്ഥാന നഗരിയായ പാറ്റ്നയിൽ പോലും ഇംഗ്ലീഷില്ല. ഇന്ന് രാജ്ഗീറിൽ താമസിച്ച് നാളെ രാവിലെ നളന്ദ സന്ദർശനത്തോടെ ബിഹാർ പര്യടനം തുടങ്ങാമെന്നാണ് ഞാൻ തീരുമാനിച്ചിരിക്കുന്നത്. ബിഹാറിലെ പ്രശസ്തമായ ടൂറിസ്റ്റ് ഡെസ്റ്റിനേഷനായ നളന്ദയിലേക്ക് ബസ് ഉണ്ടോയെന്ന് ചോദിച്ചപ്പോൾ സ്റ്റേഷനിലെ ഒരു ജീവനക്കാരന് പോലും ഇംഗ്ലീഷറിയില്ല എനിക്ക് ഹിന്ദിയും. ഒടുവിൽ ഗൂഗിൾ ട്രാൻസ്ലേറ്റർ തന്നെ സഹായിയായി.
നളന്ദക്ക് ഇവിടെ നിന്ന് ബസില്ല പന്ത്രണ്ട് കിലോമീറ്റർ അകലെയുള്ള ബേരിയയിലെ പാടലിപുത്ര ബസ് സ്റ്റേഷനിൽ നിന്നേ ബസുള്ളു.
വീണ്ടുമൊരു ഷെയർ 
ടുക്ക്ടുക്കിൽ കയറി  ഭംഗിയേതുമില്ലാത്ത പഴഞ്ചൻ കെട്ടിടങ്ങൾ നിറഞ്ഞ പഴയ പാറ്റ്നാ നഗര ഭാഗങ്ങളിലൂടെ സഞ്ചരിച്ച് നഗരത്തിലെ ഒരു ഫ്ലൈഓവറിന് അടിയിലെത്തി വണ്ടി നിന്നു.
ഇത് ഇവിടെ വരെയെ ഉള്ളു.  സ്റ്റാൻഡിലേക്ക് ഇനിയും പോകണം
ടുക്ക് ടുക്ക് ഡ്രൈവർ 10 രൂപ വാങ്ങിയിട്ട് ഒരു റോഡ് ചൂണ്ടികാണിച്ച് അതിലെ പോയാൽ സ്റ്റാൻഡിലേക്കുള്ള ബസ് കിട്ടുമെന്ന് പറഞ്ഞ് പോയി. 
മേൽപ്പാലത്തിനടയിൽ രണ്ട് റോഡുകൾക്കിടയിൽ വരുന്ന ഭാഗത്തെല്ലാം ചെറിയ കുടിലുകൾ കെട്ടി ആളുകൾ താമസിക്കുകയും അടുപ്പുകൂട്ടി പാചകം ചെയ്യുകയും ചെയ്യുന്നു. മുരിങ്ങക്കാ വണ്ണമുള്ള നീളത്തിലുള്ള എന്തോ ഒരു കിഴങ്ങാണ് സ്ത്രി അടുപ്പിൽ പുഴുങ്ങുന്നത്
അതിനടുത്ത് പൂർണ്ണ നഗ്നരായ കുട്ടികൾ കളിക്കുന്നു. മെലിഞ്ഞ പൊടിപിടിച്ച് ശരീരവും കട്ടപിടിച്ച തലമുടിയും തിളക്കമില്ലാത്ത കണ്ണുമുള്ള പേക്കോലങ്ങളായ കുഞ്ഞുങ്ങളുടെ നൊമ്പരക്കാഴ്ച പോറിച്ച മനസുമായി 
നടന്നെത്തിയത് ഫ്ലൈ ഒരു ഓവറിന് മുകളിലാണ് 
അവിടെയൊരു ബസ്സ് സ്റ്റോപ്പിൽ നിർത്തിയിട്ടിരിക്കുന്ന ബസിൻ്റെയടുത്ത് ആളുകൾ കൂട്ടം കൂടി നിൽക്കുന്നു. അടുത്ത് ചെന്നപ്പോൾ ബസിനകത്ത്  പോലിസ് പരിശോധന നടക്കുകയാണ് മദ്യമുണ്ടോയെന്നാണ് നോക്കുന്നത്. 2016 മുതൽ ബിഹാറിൽ സമ്പൂർണ്ണ 
മദ്യ നിരോധനമാണ്. അഞ്ച് വർഷം കഴിഞ്ഞ് നടത്തിയ സർവ്വേയിൽ മദ്യനിരോധനം ജനങ്ങൾക്ക് വലിയ തോതിൽ ഗുണം ചെയ്തിട്ടുണ്ടന്നും  വീട്ടിലെത്തുന്ന പണത്തിൻ്റെയളവ് കൂടിയെന്നും സ്കൂളിൽ പോകുന്ന കുട്ടികളുടെ എണ്ണം വർദ്ധിച്ചെന്നുമൊക്കെ കണ്ടതിനാൽ മദ്യനിരോധനം തുടരുകയാണ്. 
മദ്യം കൈവശം വക്കുന്നത് 10 വർഷം വരെ തടവ് ലഭിക്കുന്ന കുറ്റമാണ് 2023 വരെ 97 ലക്ഷം ലിറ്റർ നാടൻ വാറ്റും 
ഒന്നര ലക്ഷംകോടി ലിറ്റർ വിദേശ മദ്യവും പിടിച്ചെടുക്കുകയും ഏഴര ലക്ഷം പേർ അറസ്റ്റിലാവുകയും ചെയ്തു.  പതിനായിരക്കണക്കിന് ആളുകൾ ജയിലിലുമുണ്ട്.
ബസിനകത്തെ യാത്രക്കാർ മദ്യപിച്ചിട്ടുണ്ടോയെന്നറിയാൻ പോലിസ് ഊതിച്ച് നോക്കുകയാണ്. മദ്യപിച്ച ഒരാൾക്കിട്ട് പോലിസ് അടിക്കുകയും കഴുത്തിന് കുത്തിപ്പിടിച്ച് പുറത്തേക്കിറക്കുകയും ചെയ്തു പുറത്തിറക്കിയതും വെളിയിൽ നിന്ന യൂണിഫോമൊന്നുമില്ലാത്ത രണ്ട് പേർ വടികൊണ്ടയാളെ അടിക്കാൻ തുടങ്ങി അയാൾ തല പൊത്തിപ്പിടിച്ച് അടികൊള്ളുന്നു. ആളുകൾ ഭീതിയോടെ നോക്കി നിൽക്കുന്നതല്ലാതെ മിണ്ടുന്നില്ല 
തനി കാട്ടു നീതിയാണ് നടപ്പിലാക്കുന്നത്
രാത്രിയിൽ രണ്ട് പെഗ്ഗ് കിട്ടുമോയെന്ന്      താമസിക്കുന്ന ലോഡ്ജിൽ അന്വോഷിക്കണമെന്ന എൻ്റെ മുൻ തീരുമാനം ഞാനിതു കണ്ടതോടെ ഉപേക്ഷിച്ചു. ബിഹാർ യാത്ര അവസാനിപ്പിക്കുന്നത് വരെ മദ്യനിരോധനത്തിന് ഞാനും പൂർണ്ണ പിന്തുണ നൽകി. എങ്ങനെ പിന്തുണക്കാതിരിക്കും അമ്മാതിരി തല്ലല്ലേ, മദ്യം കൈയിലല്ല
വയറ്റിലുണ്ടെങ്കിലും അടി കിട്ടുന്നത് ആദ്യം കാണുകയാണ്. 
പരിശോധന കഴിഞ്ഞ് ബസ് ഉടനെയൊന്നം പോകുന്ന ലക്ഷണമില്ലാത്തതിനാൽ നടത്തം തുടരവേ വീണ്ടുമൊരു ഷെയർ 
ടുക്ക്ടുക്ക് വന്നു അതിൽ കയറി ബേരിയയിലെ പട്ലിപുത്ര ഇൻറർസ്റ്റേറ്റ് ബസ് ടെർമിനസിലെത്തി
339 കോടി രൂപ ചിലവഴിച്ച് 25 ഏക്കറിൽ  5 വർഷമെടുത്ത് നിർമ്മിച്ചതാണ്  ഈ ISBT. 2021 സെപ്തംബറിൽ ഉത്ഘാടനം ചെയ്തെങ്കിലും ഇപ്പോഴും പണികൾ പൂർത്തികരിച്ചിട്ടില്ല. പാറ്റ്നാ മെട്രോ പൂർത്തിയാവുമ്പോൾ ഒരു സ്റ്റേഷനും ഇവിടെ പ്ലാൻ ചെയ്തിട്ടുണ്ട്.
അഞ്ച് നിലയുള്ള പ്രധാന കെട്ടിടത്തിൻ്റെ പണി മാത്രമാണ് പൂർത്തികരിച്ചിട്ടുള്ളത്.
ബസ് സ്റ്റാൻഡിലുള്ളിലേക്ക് ചെന്നപ്പോൾ സ്റ്റാൻഡിനുള്ളിൽ തറ ടാറ് ചെയ്യുകയോ ഇൻ്റർലോക്കിട്ടുകയോ ചെയ്യാതെ ചെളിയും കുഴിയുമൊക്കെയായി കിടക്കുന്നു. ധാരാളം ബസുകൾ തലങ്ങും വിലങ്ങുമായി പാർക്ക് ചെയ്തിരിക്കുന്നു ഏതാനും പ്ലാറ്റ്ഫോമുകൾ പൂർത്തിയാക്കിയിട്ടുണ്ട്. അവിടെയെല്ലാം സ്വകാര്യ ദിർഘദൂര ബസുകളുടെ താൽക്കാലിക ആഫിസുകളുടെ പ്രവർത്തനം നടക്കുന്നുണ്ട്. ബിഹാറിൻ്റെ അയൽ സംസ്ഥാനങ്ങളിലേക്കെല്ലാം ഇവിടെ നിന്ന് ബസ് സർവ്വിസുണ്ട്. 
നളന്ദയിലേക്കുള്ള ബസ് തേടി കുറച്ചു നടന്നപ്പേളൊരു കാര്യം മനസിലായി  നേരിട്ട് നളന്ദക്ക് ബസില്ല.നമ്മൾ കൊടുക്കുന്ന പ്രാധാന്യമൊന്നും നളന്ദക്ക് ഇവിടെയില്ല.ബിഹാർ ഷെരീഫ് എന്ന സ്ഥലത്ത് ചെന്ന് രാജ്ഗീർ ബസ് പിടിച്ചാൽ നളന്ദയിൽ ഇറങ്ങാം. ഞാൻ ബിഹാർ ഷെരിഫിനുള്ള ഒരു മിനി ബസിൽ കയറി സൈഡ് സീറ്റ് പിടിച്ചു. സമയം നാലരമണിയായിരിക്കുന്നു.
അരമണികൂർ കൂടി കഴിഞ്ഞപ്പോൾ ബസിൽ ആളെ കുത്തി നിറച്ച് യാത്രയാരംഭിച്ചു കുറച്ച് കഴിഞ്ഞപ്പോൾ പാൻ മസാലയും ചവച്ച് കഴുത്തിലൊരു തോർത്തും ചുറ്റി മുഴിഞ്ഞ  വസ്ത്രം ധരിച്ചൊരാൾ വന്ന് കൈ നീട്ടി. ആദ്യം യാചകനാണന്നാണ് കരുതിയത് എന്നാൽ കണ്ടക്ടറാണ്. യൂണിഫോമോ ക്യാഷ് ബാഗോ ഒന്നുമില്ല കാശ് വാങ്ങി പാൻ്റിൻ്റെ കീശയിലിട്ടു. ഒരു ടിക്കറ്റിൽ എന്തോ വരച്ച് തന്നു. പല സ്ഥലത്തും പൊട്ടിപ്പൊളിഞ്ഞ റോഡാണ് ചില സ്ഥലത്തെല്ലാം റോഡ് പണിയും നടക്കുന്നുണ്ട്. വണ്ടി ചാടിത്തുള്ളി 70 കിലോമീറ്റർ സഞ്ചരിച്ച് ബിഹാർ ഷെരിഫിലെത്താൻ രണ്ട് മണിക്കൂറെടുത്തു. സമയം ഏഴ് മണി കഴിഞ്ഞിരിക്കുന്നു 
നളന്ദ ജില്ലയുടെ ആസ്ഥാനമായ ബിഹാർ ഷെരീഫ് ഏറെ ചരിത്രമുള്ള നഗരമാണ്
ഗുപ്ത സാമ്രാജ്യ കാലത്തെ ചരിത്ര അവശേഷിപ്പുകൾ പേറുന്ന നഗരം പത്താം നൂറ്റാണ്ട് വരെ പ്രബലമായിരുന്ന പാല സാമ്രാജ്യത്തിൻ്റെ തലസ്ഥാനമായിരുന്നു. ഇവിടെനിന്ന് 
രാജ് ഗീറിലേക്ക് 25 കിലോമീറ്റർ കൂടി സഞ്ചരിക്കണം. ബിഹാറി ഷെരിഫ്
രാജ്ഗീർ ഹൈവേയിൽ ഏതാണ്ട് മദ്ധ്യത്തിലാണ് നളന്ദയുടെ സ്ഥാനം 
ഇന്ന് രാത്രി രാജ്ഗീറിൽ താമസിക്കാനാണ് എൻ്റെ പരിപാടി
അരമണിക്കൂർ കാത്തു നിന്നപ്പോൾ ബസ് വന്നു അതിൽ കയറി രാജ്ഗീറിൽ ഇറങ്ങി. 
ചരിത്രത്തിൻ്റെ അമൂല്യമായ തിരുശേഷിപ്പുകളുടെ അക്ഷയഖനിയാണീ നഗരം. 
പുരാതന ഇന്ത്യയിലെ പതിനാറ് മഹാജനപധങ്ങളിലൊന്നായിരുന്ന മഗധയുടെ തലസ്ഥാനം രാജഗ്രഹ എന്ന ഈ രാജ്ഗീർ തന്നെ ആയിരുന്നു.
ജൈന ബുദ്ധ മതങ്ങളുടെ ഏറ്റവും  ശ്രദ്ധേയമായ സംഭവങ്ങൾക്ക് സാക്ഷിയായ സ്ഥലം. മഹാവീരനും ഗൗതമ ബുദ്ധനും തങ്ങളുടെ വിശ്വാസങ്ങൾ ജനങ്ങളെ നേരിട്ട് പഠിപ്പിച്ചയിടം, ബിംബിസാര രാജാവ് ബുദ്ധന് ഒരു വനവിഹാരം വാഗ്ദാനം ചെയ്തതും ഇവിടെ തന്നെ.  
അജാതശത്രു തൻ്റെ പിതാവായ ബിംബിസാരനെ തടവിലാക്കിയതും ഇവിടെയാണ്. മഹാഭാരതത്തിൽ  ജരാസന്ധനെ ഭീമൻ മല്ലയുദ്ധത്തിനൊടുവിൽ  കീറിയെറിഞ്ഞതും ഇവിടെ വച്ചാണന്ന് വിശ്വസം
പൗരാണിക കാലത്ത് അതി പ്രശസ്തമായിരുന്ന രാജ്ഗീർ ഇന്ന്  42000 ജനങ്ങൾ വസിക്കുന്ന 61 ചതുരശ്ര കിലോമിറ്റർ മാത്രം വിസ്തൃതിയുള്ള ചെറിയൊരു പട്ടണമാണ്
ചരിത്രവും വിശ്വാസവും ഇടകലർന്ന  സ്ഥലങ്ങളുടെ നിര തന്നെ രാജ്ഗീറിൻ്റെ സമിപ പ്രദേശളിലുണ്ട്  അതുകൊണ്ട് തന്നെ നിരവധി ലോഡ്ജുകളുമുണ്ട്. ഇവിടെ മുറിയെടുത്താൽ കാഴ്ചകളിലേക്ക് പോകുമ്പോൾ ബാഗ് ചുമന്ന് നടക്കണ്ടന്ന ഗുണമുണ്ട്.കാണാനുള്ള സ്ഥലങ്ങൾ കണ്ട് വന്ന് ഒന്നുകൂടി ഫ്രഷായിട്ട് ബാഗെടുത്ത്  മുറി വെക്കേറ്റ് ചെയ്താൽ മതി. അതുകൊണ്ട് തന്നെയാണ് ബിഹാർ ഷെരിഫിൽ തങ്ങാതെ ഞാനിവിടേക്ക് തന്നെ വന്നത്. 
ഏതാനും ബസുകൾ കിടക്കുന്ന  ചെറിയൊരു ഗ്രൗണ്ടിലാണ് ഞാൻ ബസിറങ്ങിയത് ഇതാണ് ബസ് സ്റ്റാൻഡ്. പുറപ്പെടാറായ ഒരു ബസിൻ്റെ ഉള്ളിൽ സ്ഥലമില്ലാത്തതിനാൽ മുകളിൽ നിറയെ യാത്രക്കാർ കയറി ഇരിക്കുന്നു. ബസ്സൊന്ന് സഡൻ ബ്രേക്ക് ചെയ്താൽ മുഴുവൻ പേരും റോഡിൽ പതിക്കും വളരെ അപകടകരമായ ഈ യാത്ര രാപ്പകൽ വ്യത്യാസമില്ലാതെ പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കണ്ടിട്ടുണ്ട്.ബസ് സ്റ്റാൻഡില രണ്ട്മൂന്ന് മുറിയുള്ള ചെറിയൊരു കെടിട്ടമുള്ളത് അടച്ചിട്ടിരിക്കുന്നു. കാത്തിരിപ്പ് സ്ഥലമോ ടോയ്ലറ്റോ ഇല്ല. വിനോദ സഞ്ചാര കേന്ദ്രത്തിൻ്റെയൊരു പൊലിമയും ഇല്ലങ്കിലും ബീഹാറിലെ മറ്റ് ടൗണുകളെക്കാൾ മെച്ചമാണ്.കുറച്ച് വൃത്തിയും വെടിപ്പുമൊക്കെയുണ്ട്. അടുത്ത് കണ്ട കടയിൽ നിന്നൊരു 
ചായ കുടിച്ചിട്ട് സമീപത്ത്  നാല് നിലയിലും സീരിയൽ ലൈറ്റൊക്കെയിട്ടലങ്കരിച്ച നിർത്തിയ
ആനന്ദ് ലോക് എന്ന ഹോട്ടലിലേക്ക് ചെന്നു. ഓഫ് സീസണായതിനാൽ 
AC റൂമിന് 800 രൂപ മാത്രമാണ് ചാർജ് പറഞ്ഞ്. ഒക്ടോബർ മുതലുള്ള സീസണിൽ ചാർജ് 2000 വരെയാകും ഇവിടെ തന്നെ റസ്റ്റോറൻ്റുമുണ്ട്. ഞാനവിടെത്തന്നെ മുറിയെടുത്തു.
റൂമിലത്തി കുളികഴിഞ്ഞ് റസ്റ്റോറൻ്റിലെത്തി.ഇന്നാകെ കഴിച്ചത് രാവിലെ ചെന്നെയിൽ നിന്ന് കഴിച്ച മസാല ദോശ മാത്രമാണ്. യാത്രയിൽ രണ്ട് നേരം മാത്രമാണ് ഞാൻ കാര്യമായി ഭക്ഷണം കഴിക്കാറുള്ളത്.വൃത്തിയുള്ള യൂണിഫോം ധരിച്ചൊരു യുവതിയാണ് വെയ്റ്റർ. മെനുവിൽ വെജും നോൺ വെജുമായി ധാരാളം വിഭവങളുണ്ട്  നോൺവെജ് വിഭവങ്ങൾക്ക് കേരളത്തിലേതിൻ്റെ ഇരട്ടി വിലയാണ്. ഭക്ഷണം ഓർഡറനുസരിച്  തയ്യാറാക്കി തരുന്നതാണ്. ഞാൻ റൊട്ടിയും ദാൽ ഫ്രൈയുമാണ് പറഞ്ഞതെങ്കിലും വന്നത് രണ്ടായി മുറിച്ച ഒരു പൊറോട്ടയും വലിയൊരു ജഗ്ഗ് നിറയെ ദാലുമാണ് പൊറോട്ട തന്തൂരി അടുപ്പിൽ ചുട്ടതാണ്
എണ്ണ ഒട്ടുമില്ല കഴിച്ചപ്പോൾ നല്ല രുചിയുള്ള ഭക്ഷണം. ദാൽ ഫ്രൈയുടെ നാലിലൊന്നെ ആവശ്യമായി വന്നുള്ളു. പോർഷൻ ഇത്രയധികമുണ്ടന്ന് അറിഞ്ഞിരുന്നെങ്കിൽ അതിൻ്റെ 
പകുതി ഓർഡർ ചെയ്തേനെ 
ബില്ലും ന്യായമായിരുന്നു ദാൽ ഫ്രൈക്ക്  80 രൂപയും റൊട്ടിക്ക്  50 രൂപയും.
ബിൽ പേ ചെയ്ത് ഞാൻ റൂമിലേക്ക് നടന്നു.നാളെ നളന്ദയിലേക്കാണ്
തുടരും...

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.