LITERATURE

"യൂ ആര്‍ എ സക്കര്‍"

Blog Image
അങ്ങിനെ ലോകമെമ്പാടുമുള്ള അമേരിക്കന്‍ ജനത ആകാംക്ഷാപൂര്‍വ്വം കാത്തിരുന്ന പ്രഥമ ബൈഡന്‍-ട്രംപ് പ്രസിഡന്‍ഷ്യന്‍ ഡിബേറ്റ് കഴിഞ്ഞു - തികച്ചും പരിഹാസ്യവും പരിതാപകരവുമായിരുന്ന ഒരു സംവാദമായിരുന്നു ഇത് എന്നാണ് പൊതുവേയുള്ള അഭിപ്രായം. നിരാശാജനകവും എന്നുകൂടി വേണമെങ്കില്‍ കൂട്ടിച്ചേര്‍ക്കാം.

അങ്ങിനെ ലോകമെമ്പാടുമുള്ള അമേരിക്കന്‍ ജനത ആകാംക്ഷാപൂര്‍വ്വം കാത്തിരുന്ന പ്രഥമ ബൈഡന്‍-ട്രംപ് പ്രസിഡന്‍ഷ്യന്‍ ഡിബേറ്റ് കഴിഞ്ഞു - തികച്ചും പരിഹാസ്യവും പരിതാപകരവുമായിരുന്ന ഒരു സംവാദമായിരുന്നു ഇത് എന്നാണ് പൊതുവേയുള്ള അഭിപ്രായം. നിരാശാജനകവും എന്നുകൂടി വേണമെങ്കില്‍ കൂട്ടിച്ചേര്‍ക്കാം.
    പിഞ്ചുകുഞ്ഞുങ്ങളേപ്പോലെ പിച്ചവെച്ചു മന്ദം മന്ദം സ്റ്റേജിലേക്കു നടന്നുവന്ന ബൈഡന്‍ അങ്കിളും, ഒരു പുച്ഛഭാവത്തോടെ കടന്നുവന്ന ട്രംപ് മച്ചമ്പിയും തുടക്കത്തിലേ അപശ്ശകുനങ്ങളായിരുന്നു എന്നു പറയാതിരിക്കുവാന്‍ നിര്‍വ്വാഹമില്ല. സാമാന്യ മര്യാദയനുസരിച്ച് പരസ്പരം അഭിവാദ്യം ചെയ്യുവാനോ, 'ഷെയ്ക്ക് ഹാന്‍ഡ്' നല്‍കുവാനോ രണ്ടുപേരും തയ്യാറായില്ല (ഒരു ഗവര്‍ണ്ണര്‍ മുഖ്യമന്ത്രി ലൈന്‍) ഇതിലൊരു മഹാനെയാണ് അടുത്ത അമേരിക്കന്‍ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെടേണ്ടതെന്ന് ഓര്‍ത്തപ്പോള്‍, അമേരിക്കന്‍ ജനതയോട് സഹതാപം തോന്നി.
    നിലാവത്ത് അഴിച്ചുവിട്ട കോഴിയെപ്പോലെയായിരുന്നു ബൈഡന്‍റെ അവസ്ഥ. എവിടെയാണ് താന്‍ നില്‍ക്കുന്നതെന്ന് യാതൊരു പരിസരബോധവുമില്ലാത്ത അവസ്ഥ. കണ്ണുകള്‍ക്ക് ഒരു ചലനവുമില്ല. എന്നാല്‍ ട്രംപാകട്ടെ, പച്ചാളം ഭാസിയേപ്പോലും കടത്തിവെട്ടുന്ന തരത്തില്‍, നവരസങ്ങളും കടന്ന് പല ഗോഷ്ഠികളും, ചേഷ്ടകളും കാണിച്ചുകൊണ്ടായിരുന്നു ആദ്യവസാനം പെരുമാറിയത്.
    1960-ലാണ് ആദ്യമായി ഒരു പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ് പ്രക്ഷേപണം ചെയ്യുന്നത്. റിച്ചാര്‍ഡ് നിക്സനും, ജോണ്‍ എഫ്. കെന്നഡിയും തമ്മില്‍. ആ തിരഞ്ഞെടുപ്പില്‍ കെന്നഡി പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു.
    അന്നു മുതല്‍, ഇന്നുവരെ നടന്നിട്ടുള്ള ഡിബേറ്റുകളില്‍, ഏറ്റവും താഴ്ന്ന നിലവാരം പുലര്‍ത്തിയ ഒന്നായിരുന്നു ഈ കഴിഞ്ഞുപോയത്. 
    ആരോഗ്യ, അന്താരാഷ്ട്ര, അതിര്‍ത്തിപ്രശ്നങ്ങള്‍ തുടങ്ങിയവയൊക്കെയും ചര്‍ച്ചചെയ്യപ്പെട്ടു.
    "ഈ കിഴങ്ങന്‍ പറയുന്നതൊന്നും എനിക്കു മനസ്സിലാകുന്നില്ല" എന്ന് ഒരവസരത്തില്‍ ട്രംപ് തുറന്നടിച്ചു. "ഇങ്ങേരുടെ ഭരണകാലത്ത് അന്താരാഷ്ട്ര ലെവലില്‍ നമ്മുടെ നിലയും വിലയുമെല്ലാം കളഞ്ഞുകുളിച്ചു. ഇന്ന് ഒരുത്തനും നമ്മളെ പേടിയില്ല. ഞാന്‍ പ്രസിഡന്‍റായിരുന്നെങ്കില്‍ റഷ്യ, യുക്രൈനെ ആക്രമിക്കില്ലായിരുന്നു. ഹമാസ് ഇസ്രയേലിനെതിരെ തല പൊക്കുകയില്ലായിരുന്നു. ലോകത്തെമ്പാടുമുള്ള ക്രിമിനലുകള്‍, നിയമവിരുദ്ധമായി അമേരിക്കയിലേക്കു കുടിയേറുകയില്ലായിരുന്നു. അമേരിക്കന്‍ പട്ടാളത്തിന് ഈ മരങ്ങോടനോട് ഒരു ബഹുമാനവുമില്ല."
    ഒരു അമേരിക്കന്‍ 'പൗരപ്രമുഖന്‍' കേള്‍ക്കാനാഗ്രഹിക്കുന്ന വാക്കുകളാണ് ട്രംപ് തൊടുത്തുവിട്ടത്.
    പലതിനും മറുപടി പറയണമെന്ന് ബൈഡന് ആഗ്രഹമുണ്ടായിരുന്നെങ്കിലും, മനസ്സില്‍ രൂപപ്പെടുന്ന ആശയങ്ങള്‍ വാക്കുകളായി പുറത്തുവരാന്‍ സമയമെടുത്തു. ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുമെന്നു പറഞ്ഞതുപോലെയായി പിന്നീട് ബൈഡന്‍റെ വാക്കുകള്‍.
    "ഇയാളൊരു ഗജപോക്രിയാണ്. പെണ്ണുപിടിയനാണ്. പൊതുസ്ഥലങ്ങളില്‍ വെച്ചുപോലും സ്ത്രീകളെ കയറിപ്പിടിക്കും. കൊടുംകുറ്റവാളിയാണ് കണ്ടില്ലേ തെക്കുവടക്ക് കോടതി വരാന്ത നിരങ്ങിനടക്കുന്നത്".
    "നിന്‍റെ മോനാടാ കുറ്റവാളി. കഞ്ചാവടിച്ചു കറങ്ങിനടക്കുന്ന അവനാ വെടിവെപ്പുകാരന്‍. അതുകൊണ്ടല്ലേ, അനധികൃതമായി തോക്കു വാങ്ങിയതിന് അവനെ കോടതി ശിക്ഷിച്ചത്" ട്രംപ് തിരിച്ചടിച്ചു.
    മോനെ പറഞ്ഞപ്പോള്‍ ബൈഡനും ശരിക്കും നൊന്തു. അതുവരെ ഒരു എലിയായിരുന്ന ബൈഡന്‍ പെട്ടെന്നു ചീറ്റപ്പുലിയായി.
    "വീട്ടിലിരിക്കുന്നവരെ കുറ്റം പറയരുതെടാ പോക്രി. കുറ്റവാളിയായ നീ വെറും ഒരു 'സക്കറാടാ'. You are a sucker, sucker, sucker”.
    അതുവരെ അണ്ണാന്‍ കുഞ്ഞിന്‍റെ കണ്ണുപോലെ പാതിയടഞ്ഞിരുന്ന ബൈഡന്‍റെ ഇടത്തേ കണ്ണു വികസിച്ചു.
    "ഞാനല്ലടാ, നീയും നിന്‍റെ മോനുമാ സക്കേഴ്സ്" ട്രംപ് പ്രതികരിച്ചു.
    പിന്നെ,
    പടകാളി ചണ്ടി ചങ്കരി പോര്‍ക്കലി മാര്‍ഗ്ഗിനി ഭഗവതി
    .................... തലങ്ങും വിലങ്ങും കുരുങ്ങി പരുങ്ങി
    അയ്യേ ഈ മരമടിയനു ഞാനെതിരല്ലട പോ..."
    എന്ന മട്ടിലായി കാര്യങ്ങളുടെ ഒരു പോക്ക്.
    കര്‍ട്ടനു തിരശ്ശീല വീണപ്പോള്‍, ഇഞ്ചി തിന്ന കുരങ്ങിനേപ്പോലെയായി അമേരിക്കന്‍ സമ്മതിദായകരുടെ അവസ്ഥ. ഇവരില്‍ ഒരാളാണല്ലോ ഇനി അടുത്ത നാലു കൊല്ലത്തേക്ക് നമ്മളെ നയിക്കേണ്ടത് എന്നോര്‍ത്തപ്പോള്‍ പലര്‍ക്കും തലകറക്കമുണ്ടായി.
    ഒരു പ്രായം കഴിഞ്ഞാല്‍ ശാരീരികമായും, മാനസികമായും മനുഷ്യന്‍ ബലഹീനനാകും. അതു സ്വയം മനസ്സിലാക്കി, മറ്റൊരാള്‍ പറയുന്നതിനു മുന്‍പു തന്നെ നമ്മള്‍ മാറിക്കൊടുക്കുന്നതാണ് അഭികാമ്യം. അടുത്ത നാലു കൊല്ലം കൂടി, ലോകത്തിലെ ഏറ്റവും അധികാരമുള്ള അമേരിക്കന്‍ പ്രസിഡന്‍റു പദവി അലങ്കരിക്കുവാന്‍ ബൈഡനു പ്രാപ്തിയില്ലെന്നാണ് ബലഹീനനും പാപിയുമായ അടിയന്‍റെ അഭിപ്രായം.
    (കുറിപ്പ്: ബൈഡനും, ട്രംപും തമ്മില്‍ നടന്ന സംവാദം, എനിക്കറിയാവുന്ന രീതിയില്‍ മലയാളത്തില്‍ പരിഭാഷപ്പെടുത്തിയതാണ് മുകളില്‍ ചേര്‍ത്തിരിക്കുന്നത്. "sucker " എന്ന വാക്കിന്‍റെ മലയാള അര്‍ത്ഥത്തിനു വേണ്ടി “google search” നടത്തിയപ്പോള്‍ കിട്ടിയ പദങ്ങള്‍ പ്രിന്‍റബിള്‍ അല്ലാത്തതുകൊണ്ട് അതു ചേര്‍ത്തില്ല. താല്പര്യമുള്ളവര്‍ സേര്‍ച്ചു ചെയ്യുക).

രാജു മൈലപ്രാ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.