LITERATURE

ഇര ( കഥ )

Blog Image
"എപ്പോഴും കിട്ടില്ല കേട്ടോ. സീസണിൽ വരണം" കറിയാച്ചൻ  പകുതി സീരിയസ് ആയി പറഞ്ഞു, രഹസ്യത്തിൽ മാറിയക്കുട്ടിയെ കണ്ണിറുക്കി കാണിച്ചു. ഈ നേരമത്രയും, തലയിലും മുതുകത്തും മയിൽനിറമുള്ളവൾ, തടാകത്തിന്റെ ഒഴിഞ്ഞൊരു കോണിലുള്ള കൽപ്പടവിൽ ഉറങ്ങാതെ ഇരുകാലിൽ വിറങ്ങലിച്ചു നിൽപ്പുണ്ടായിരുന്നു; സംഭവിച്ചതെന്തെന്നു തിരിയാതെ. അവളുടെ പിങ്ക് നിറമുള്ള കാലുകൾ, ആ നിൽപ്പിൽ  തളർന്നു മരവിച്ചു നിറം മാറാൻ  തുടങ്ങി. നിൽപ്പെത്ര നേരമെന്നറിയാത്ത  കാലുകൾക്കു കനം വച്ചുകൊണ്ടേയിരുന്നു.

ലേയാഴ്ച കണ്ട നായാഗ്രാ വെള്ളച്ചാട്ടത്തിന്റെ വിശേഷങ്ങളുമായി  നടക്കാനിറങ്ങിയതായിരുന്നു തോട്ടത്തിൽ കറിയാച്ചനും ഭാര്യ മറിയാമ്മയും.  മോനും മരുമോളും താമസിക്കുന്ന വീടിനു തൊട്ടടുത്ത് ഇങ്ങനെയൊരു പാർക്കും വിശാലമായ തടാകവും അതേ ചുറ്റിയ നടപ്പാതയും ഉള്ള കാര്യം ഈ വരവിലാണ് അറിയുന്നതു തന്നെ. “ഇവിടെക്കൂടെ നടക്കുമ്പം നാടുപോലൊണ്ട്, ഇല്ല്യോടീ”, എന്നു തുടങ്ങിയ വർത്തമാനമാണ് നയാഗ്രയിലെത്തിയത്. നടന്നു നടന്നു താറാവുകൾക്കു  തീറ്റയെറിഞ്ഞു കൊടുക്കുന്ന കരിങ്കൽ പടവുകളുടെ സമീപമെത്തിയപ്പോൾ കറിയാച്ചൻ ഒന്നു നിന്നു. ഭാര്യയെ അവിടെ നിറുത്തി പടവുകളിറങ്ങി.

അധികം വലിപ്പമില്ലാത്ത ഏതാനും താറാവുകൾ. പടവുകളിൽ പിള്ളാരെയും കൂട്ടി അപ്പനമ്മമാർ. തന്റെ അപ്പൻ അന്തോണി പുറകെ നീളൻ വടിയുമായി നടന്നു തെളിച്ചോണ്ടുവരുന്ന താറാക്കൂട്ടങ്ങളുടെ കാഴ്ചയും ഒച്ചയും അന്നേരം പെട്ടെന്നൊരു ഫ്ലാഷ് ബാക്കായി ആ കുട്ടനാട്ടുകാരന്റെ ഉള്ളു നിറച്ചു. കുറച്ചുനേരം അതും നോക്കി നിന്നു. പരന്ന നോട്ടത്തിന്റെ അവസാനം കണ്ണുടക്കിയത്  കൂട്ടത്തിൽ നിന്ന് അല്പമകലെ മാറി നിന്ന ഇണത്താറാവുകളിലായിരുന്നു.  എന്തോ, കറിയാച്ചൻറെ  മനസ്സിൽ പെട്ടെന്നൊരു ലഡ്ഡുപൊട്ടി. അവറ്റകളെ ഒന്നൂടെ ഒന്നിരുത്തിനോക്കിയശേഷം തിരിച്ചു കേറി ഭാര്യയോടൊപ്പം നടത്ത തുടർന്നു. 

 രണ്ടുപേർക്കും  ഏകദേശം അറുപത്തഞ്ചുവയസ്സിനുമേൽ തോന്നിക്കും. കറിയാച്ചൻ വെള്ളയിൽ ചുവന്ന  നൈക്കി ഡിസൈൻ ഉള്ള ഷൂസ് ഇട്ടിരിക്കുന്നു; മോന്റെയാണ്. കുറച്ചു ടൈറ്റ് ആയതുകൊണ്ട് നടക്കാൻ ഇത്തിരി ബുദ്ധിമുട്ടുണ്ട്. ഷർട്ടും പാന്റുമാണു വേഷം. തല മുക്കാലും  കഷണ്ടിയാണ്. ആളിത്തിരി കറുത്തു മെലിഞ്ഞിട്ടും. പൊതുവെ നരച്ച മീശയുള്ള കറിയാച്ചൻ അമേരിക്കൻ  ട്രിപ്പ് കാരണം ക്ലീൻ ഷേവ്  ആയതാണ്. മറിയക്കുട്ടിയാവട്ടെ വിദേശയാത്ര പ്രമാണിച്ചു തടി  കുറക്കാൻ കൊണ്ടുപിടിച്ച ശ്രമം നടത്തിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. കറിയാച്ചനൊപ്പമെത്താൻ ആഞ്ഞു നടക്കുന്ന കാരണമാവാം, പുറകിൽ നിന്ന് കാണുന്നയാളിന്, ആണി  രോഗമുള്ളയാളാണോ മുന്നിൽ നടക്കുന്നത് എന്ന് തോന്നിക്കും വിധം കുറച്ചു ആട്ടമുണ്ട്.

കഴിഞ്ഞ വർഷം നയാഗ്രക്കു കൊണ്ടുപോകാമെന്ന് പറഞ്ഞിരുന്നതാണ്. അവസാനം എന്തോ നിസ്സാര കാരണത്താൽ അമേരിക്കൻ യാത്ര തന്നെ മുടങ്ങിപ്പോയി. അതിന്റെ ചൊരുക്ക് മനസിലുണ്ടായ കാരണം ഇത്തവണ വിളിച്ചപ്പോൾ കട്ടായം പറഞ്ഞു. വരുന്നതിന്റെ അടുത്താഴ്ച തന്നെ പോണം. മടക്കംവരെ വച്ച് താമസിപ്പിക്കണ്ട. മോൻ കുര്യാക്കോസ് അതെല്ലാം സമ്മതിച്ചുകൊടുക്കുകയായിരുന്നു. 

രണ്ടുപേരും നാട്ടിൽ നിന്നും തിരിക്കുന്നതിനൊരു ദിവസ്സം മുമ്പ്, കിടക്കാന്നേരം  കറിയാച്ചൻറെ  മോൻ കുര്യാക്കോസ് ഭാര്യ ഷാനിയോടു  ശബ്ദംതാഴ്ത്തി പറഞ്ഞു:

“എടി ആറുമാസം കഴിഞ്ഞു തിരികെയുള്ള ടിക്കറ്റ് എടുത്താമതി. എങ്ങനെ നോക്കിയാലും ഇവിടെ ഡേ കെയറിലെണ്ണിക്കൊടുക്കുന്നതു (ബേബി സിറ്റിംഗ്) വച്ച്നോക്കുമ്പം ലാഭം തന്നെയാന്നേ. അവരാവുമ്പോ പിള്ളേരെ നന്നായി നോക്കുവേം ചെയ്യും,” ഷാനി  ഒന്ന് മൂളുകമാത്രം ചെയ്തു.

എന്തായാലും, നയാഗ്ര  കാണാമെന്ന ഒറ്റഉറപ്പിന്മേലാണ് ഇത്തവണ രണ്ടുപേരും പ്ലെയിൻ  കേറിയത്. അതുസാധിക്കേം ചെയ്തു.

അങ്ങനെ രണ്ടുപേർ നടക്കാനിറങ്ങും മുമ്പുവരെ, ഒന്നരമൈൽ ചുറ്റളവിൽ തീർത്ത കരിങ്കൽ ഭിത്തിക്കുള്ളിൽ  ജലജീവിതം ഏറെക്കുറെ സുരക്ഷിതമായിരുന്നു-ശൈത്യവും വേനലും അതിന്റേതായ വെല്ലിവിളികളുമൊഴിച്ചാൽ. താറാവുകളെ  കൂടാതെ അവിടെ ഉണ്ടായിരുന്നത് ഗൂസ് ഇനത്തിൽ പെട്ട വലിയ പക്ഷികളാണ്. എണ്ണത്തിൽ അവർ വളരെ കൂടുതലായിരുന്നു. അതുകൊണ്ടു തന്നെ അവർക്കിടയിൽ ഗ്രൂപ്പിസവും നിലനിന്നു. ഗ്രൂപ്പുകൾ ഒന്നിച്ചു നീന്തുകയും ഒരുമിച്ചു പറന്നു കരയ്ക്കുകേറി തടാകത്തിനു ചുറ്റുമുള്ള നടപ്പാതയെ നിയന്തണമില്ലാതെ  വിസർജിച്ചു  നാശമാക്കുകയും ചെയ്തു. അവർ സന്ധ്യക്ക് തടാകത്തിനു ചുറ്റുമുള്ള ചെറിയ കൽത്തിട്ടകളിൽ ഉറങ്ങി പ്രഭാതത്തിൽ ഉണർന്നു കൂട്ടങ്ങളായി വെള്ളത്തിലിറങ്ങി ദൈനംദിന ജീവിതം നടത്തിപ്പോന്നു.

സ്വന്തം ജാതി കൂട്ടാക്കാത്തതു കാരണമാവും, ഇണത്താറാവുകൾ എല്ലാ ഗ്രൂപ്പുകളുമായും രഞ്ജിപ്പിലായിരുന്നു.  ശൈത്യം മരവിപ്പിക്കുന്ന തടാകത്തിൽ നിന്നും ഗൂസ് പക്ഷികൾ കൂട്ടങ്ങളായി അയൽനാടുകളിലേക്കു പറക്കുമ്പോൾ ഇണതാറാവുകൾ ഒറ്റപ്പെട്ടു. അങ്ങിനെ അത്രദൂരമൊന്നും പറക്കുക അവർക്കു ചില്ലറ കാര്യമല്ല. ആഹാരത്തിനു ചെറിയ പ്രശ്നങ്ങളുണ്ടാവുമെങ്കിലും തണുപ്പ് കാര്യമായി അവരെ ബാധിച്ചിരുന്നില്ല. ശൈത്യം മാറി, പോയവർ കൂട്ടങ്ങളായി തിരികെയെത്തുമ്പോൾ, തടാകത്തിന് ആഘോഷമാണ്. വീണ്ടും ഒത്തുകൂടിയ സന്തോഷത്തിൽ ഇണത്താറാവുകളും അവക്കൊപ്പം ചേർന്നു.
തടാകത്തിനും ചുറ്റുമുള്ള നടപ്പാതക്കുമിടയിലായി സിറ്റിയുടെ അച്ചടക്കത്തിൽ വളരുന്ന പച്ചപ്പുല്ലിൽ അവിടവിടെ മരങ്ങളും തടികൊണ്ടുള്ള ബഞ്ചുകളും മേൽനോട്ടത്തിനെന്നപോലെ ഉയരമുള്ള കാലുകളിൽ ഉറപ്പിച്ച വൈദ്യതി വിളക്കുകളും. എല്ലാം കൂടിച്ചേരുന്ന പാർക്കിൽ, മറ്റു സമയങ്ങളിലും  ആളുകളെത്തിയിരുന്നെങ്കിലും ശരിക്കും വേനലാണ് തിരക്കുകാലം.

എന്നാൽ വേനൽക്കാലമാണ്  അവയുടെ സ്വൈര്യജീവിതത്തിനു ഏറ്റവും വലിയ ഭീഷണി ഉയർത്തിയിരുന്നത്. അങ്ങനെയൊരു സാഹചര്യത്തിനു ലൈസൻസു കൊടുത്തത്  സിറ്റി തന്നെ, ഫിഷിംഗ് ലൈസൻസ്. ചിലർ നിയമപ്രകാരമുള്ള  ദിവസകോട്ടയിൽ കവിഞ്ഞും മീൻ പിടിച്ചു കൊണ്ടുപോയി. ഈ തടാകത്തിലെ മീനുകളുടെ വർഗശത്രുവായ ഒരാളുണ്ട്. അയാൾ എല്ലാ വേനലിലും അവിടെയെത്തിയിരുന്നു . നിക്കറും  ടി -ഷർട്ടും വേഷമിട്ട അയാൾ  തലയെ ഒളിപ്പിക്കാനെന്നോണം  വലിയൊരു തൊപ്പിയും വച്ചിരുന്നു. കത്തിച്ച ചുരുട്ട് ചുണ്ടത്തു വച്ചു കൃത്യമായ ലക്ഷ്യത്തിൽ ചൂണ്ടയെറിയുകയാണു പതിവുരീതി. എന്നും ഒരേ സ്ഥലത്തുനിന്നായിരുന്നു ഈ ആക്രമണം. ഇതു കാരണം ദിവസ്സങ്ങൾ കഴിഞ്ഞപ്പോൾ തദ്ദേശവാസികളായ മീനുകൾ സ്ഥലം വിട്ടു. കാര്യം മനസ്സിലാക്കിയ അയാൾ പിന്നുള്ള ദിവസ്സങ്ങളിൽ തടാകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും വിജയകരമായി ആക്രമണം നടത്തി, നിയമം മറികടന്നു മീനുകളെ ദിവസ്സവും കൊന്നൊടുക്കി.

ബാക്കിവരുന്ന ചൂണ്ടക്കാർ വിനോദത്തിനായി മാത്രം മീൻ പിടിക്കുന്നവരായിരുന്നു.  പിന്നൊന്ന് എവിടൊന്നോ വല്ലപ്പോഴും ചിതറി പറന്നെത്തുന്ന നീണ്ട കൊക്കുകളുള്ള വെള്ളപ്പക്ഷികളുടെ മിന്നലാക്രമണമായിരുന്നു. അവ വെള്ളത്തിനുമീതെ പറന്നിറങ്ങി, കുറെ ദൂരം സ്വയം നിർമിത റൺവെയിലുടെ ഓടി, ഒടുവിൽ പെട്ടെന്നു വെള്ളത്തിനടിയിൽ മുങ്ങി അൽപ്പ നേരത്തിൽ പൊങ്ങി എങ്ങോട്ടോ പറന്നുപോയിരുന്നു. തിരിച്ചു പറക്കുമ്പോൾ ഭാഗ്യംകെട്ട ഒരു മീനെങ്കിലും കൊക്കിൽ ഇരയായിരിക്കും.

വൈകുന്നേരങ്ങളിലെ ഇളം മഞ്ഞവെയിലത്തു തടാക മദ്ധ്യത്തെ  ഏകാന്തതയിൽ മുങ്ങിയും പൊങ്ങിയും കുണുങ്ങി നീന്തുന്ന താറാവുകൾ സന്ദർശകർക്ക് കൗതുകമാണ്. ചാരനിറമുള്ള അവനും തലയിലും മുതുകിലും മയിൽനിറമുള്ള അവളും മിക്കപ്പോഴും  ഒരുമിച്ചായിരുന്നു. ഇടയ്ക്കു ജലോപരിതലത്തെ ഉലച്ചിരുന്ന കൊടുങ്കാറ്റിൽപ്പെട്ട് കുറച്ചൊന്നകന്നു പോയാലും അടുത്തതക്കം നോക്കി വീണ്ടും ഒന്നിക്കാൻ അവർ ശ്രദ്ധിച്ചിരുന്നു. കരയിലാണെങ്കിലും കാര്യം പറഞ്ഞു തൊട്ടുരുമ്മി  നടന്നു. മറ്റു താറാവുകൾ കൂട്ടത്തിൽനിന്നും അവരെ ഒറ്റപ്പെടുത്തിയതും കുറെയൊക്കെ അസൂയ കാരണമായിരുന്നു.

ചില ദിവസങ്ങളിൽ നട്ടുച്ച നേരത്ത് തലകൾ മാത്രം പുറത്തു കാട്ടി, ശരീരം വെള്ളത്തിലാഴ്ത്തി കിടക്കും.  ഇടക്കൊന്നു മുങ്ങി നിവരൽ, ചിറകിലെ വെള്ളം കുടഞ്ഞുതെറിപ്പിച്ചു കളി, ഇതൊ ക്കെയായി വേനൽ അവക്ക് സന്തോഷത്തിന്റെ നാളുകളായിരുന്നു. നടക്കാനും വെറുതെ ബഞ്ചുകളിൽ വിശ്രമിക്കാനും സൈക്കിൾ സവാരിക്കുമായി  ഇഷ്ട്ടംപോലെ ആളുകൾ എത്തിയിരുന്നു. കുടുംബങ്ങളായി വന്നവർ കുട്ടികളുടെ  രസത്തിനായി താറാവുകൾക്കു  റൊട്ടി പൊടിയോ  അതുപോലെ മറ്റെന്തെങ്കിലുമൊക്കെയൊ എറിഞ്ഞു കൊടുത്തു. ചിലർ വെള്ളത്തിലേക്കിറങ്ങാനുള്ള പടികളിൽ കുട്ടികളെയിറക്കി അടുത്ത് വരുന്ന താറാവുകളെ തൊടാൻ വിഫലശ്രമം നടത്തി. എന്നാൽ മറ്റുചിലർ  താറാവുകളെ പറ്റിക്കുകയും ചെയ്തിരുന്നു. നിർദോഷമായ പറ്റിക്കലുകളായിരുന്നെങ്കിലും അവക്കതു  പിടിച്ചിരുന്നില്ല. കരയ്ക്കു  നിന്നും ചിലർ റൊട്ടിപ്പൊടി എറിയുന്നപോലെ കാണിക്കും. ചിലർ ചെറിയകല്ലുകൾ ഏറിയും. വെള്ളത്തിൽ അകലെ നിൽക്കുന്ന താറാവിണകൾ പ്രതീക്ഷയേയുടെ ഓടിയടുക്കും. നിരാശരായി തിരിച്ചുപോകുമ്പോൾ അവൾ അവനോട്  ഒരിക്കൽ പറഞ്ഞു: “ചതിയന്മാർ".
ഇരുണ്ടു തടിച്ചദേഹമുള്ള ഗൂസ്സുകളെയും  അവൾക്കു ശരിക്കും പേടിയായിരുന്നു. ‘ഈ തടിയന്മാരെ എനിക്കു പേടിയാ,’ പലപ്പോഴും അവൾ പറഞ്ഞിരുന്നതാണ്. അപ്പോഴെല്ലാം ഇത്തിരിപ്പോന്ന ജലജീവിതത്തിൽ നിറവും ജാതിയും നോക്കി ജീവിക്കരുതെന്നും സമത്വവും സഹോദര്യവുമാണ് അവർക്കിടയിൽ വേണ്ടതെന്നും അവൻ ഉപദേശിക്കും. സമ്മതിക്കുമ്പോലെ കാറി ശബ്ദമുണ്ടാക്കി അവൾ അവന്റെ കൊക്കുരുമ്മും.

 അടുത്ത ദിവസം വൈകുന്നേരം നടക്കാനിറങ്ങുമ്പോൾ മറിയക്കുട്ടിയുടെ കൈയ്യിൽ 'വാൾ മാർട്ട്' എന്നെഴുതിയ ഒരു പ്ലാസ്റ്റിക് കൂടുമുണ്ടായിരുന്നു. അതിനുള്ളിൽ താറാവിനു  കൊടുക്കാനായി റൊട്ടി പൊടി കൂടാതെ നാട്ടിൽ താറാവിനുകൊടുക്കുന്ന ചില ധാന്യങ്ങളുമുണ്ടായിരുന്നു. ഒന്ന് രണ്ടു ദിവസങ്ങൾക്കകം, കറിയാച്ചനെ  കാണുമ്പോൾ ഇണതാറാവുകൾക്കു ലഡ്ഡുപൊട്ടാൻ തുടങ്ങി. റൊട്ടിപ്പൊടി മാത്രം തിന്നുശീലിച്ചവക്ക്  ഇപ്പോൾ ഓണമാണ്. കൊതിയൂറുന്ന പലപല സാധനങ്ങളും കിട്ടിത്തുടങ്ങിയിരിക്കുന്നു. കറിയാച്ചൻ വെള്ളത്തിൽ കാലുകളിട്ടിരിക്കുമ്പോൾ അവ കാലിൽ വന്നുരസി സ്നേഹം അറിയിച്ചു. മെല്ലെ കുറുകി. അയാൾ  അവയെ മെല്ലെ തലോടി. ഇതൊക്കെയാണെങ്കിലും മറ്റു താറാവുകളെ കറിയാച്ചൻ അടുപ്പിച്ചിരുന്നില്ല.

രണ്ടുനാലു ദിവസ്സങ്ങൾ കഴിഞ്ഞു. ഇത്തിരി വൈകിയ ഒരു സന്ധ്യ. ആൾക്കാരധികമില്ല. താറാവിന് തീറ്റ കൊടുക്കുന്ന ഭാഗം ഒഴിഞ്ഞു കിടക്കുന്നു. പതിവില്ലാതെ അന്ന് തീറ്റപ്പൊടി നിറച്ച ബാഗിനൊപ്പം  സാമാന്യം വലിപ്പമുള്ള ഒരു ഹാൻഡ് ബാഗും കാണാനുണ്ടായിരുന്നു. മറിയക്കുട്ടിയുടെ കൈയ്യിൽ ഹാൻഡ്ബാഗുണ്ടായിരുന്ന കാരണം  പ്ലാസ്റ്റിക് ബാഗ് കൊണ്ടുനടന്നതു കറിയാച്ചനാണ്.

തീറ്റ കൊടുക്കുന്ന സ്ഥലത്തെത്തിയപ്പോൾ, മറിയക്കുട്ടി ഹാൻഡ്ബാഗ് കറിയാച്ചന്റെ കൈയ്യിൽ കൊടുത്തശേഷം, വെള്ളത്തിലേക്കുള്ള പടിയിറങ്ങാതെ അവിടെത്തന്നെ നിന്നു, കാവലിനെന്നോണം. കറിയാച്ചൻ  കൽപ്പടവുകളിറങ്ങിയതും  ഇണത്താറാവുകൾ ഓടിയടുത്തേക്കുവന്നു. ഇത്തവണ കറിയാച്ചൻ വെള്ളത്തിൽ കാലുകളിട്ടല്ല ഇരുന്നത്. കല്പടവിൽ കുത്തിയിരുന്നാണ് തീറ്റ കൊടുത്തത് . അരികിൽ ഹാൻഡ് ബാഗ് തുറന്നു വച്ചിരുന്നു. ഒന്ന് തിരിഞ്ഞു മാറിയക്കുട്ടിയെ നോക്കി സുരക്ഷ ഉറപ്പു വരുത്തി. കുത്തിയിരിപ്പിൽ ബലമായി ഒന്ന്  മുന്നോട്ടാഞ്ഞ് താറാവുകളിലൊന്നിനെ കയ്യിലാക്കി ഹാൻഡ് ബാഗിലിട്ട ശേഷം സിപ്പിട്ടു. ബലമായ മുന്നോട്ടു ആയലിൽ, രാഗത്തിൽ ഒരധോവായു പറന്നു. ഒച്ച മുകളിൽ നിന്നു  കേട്ട മറിയക്കുട്ടി മറ്റൊരു പരിസരശബ്ദമായി അതിനെ  അവഗണിച്ചു. ഈ ബഹളത്തിൽ പേടിച്ച്, ഇണകളിൽ മറ്റേതു മുന്നോട്ടു നീന്തിപ്പോയിരുന്നു.

രാത്രി അത്താഴത്തിനു മാത്തുക്കുട്ടിയും ഭാര്യയുമുണ്ടായിരുന്നു. പത്തു നാൽപ്പതുവർഷമായി കാണാതിരുന്ന, പഴയ സ്കൂൾ കൂട്ടുകാരനെ   കാണാനെത്തിയതായിരുന്നു അവർ. ഊറിയ തണുപ്പുണ്ടായിരുന്ന കാരണം ‘പൊറത്തോട്ടിരിക്കാം’ എന്നു നിർദേശം വച്ചത്  കറിയാച്ചനായിരുന്നു.  വീടിനു  പിന്നിലെ  പാറ്റിയോയിൽ ഇരുന്നാൽ തടാകം തൊട്ടടുത്താണ്. പഴയ കാര്യങ്ങൾ വേഗത്തിൽ ഓർമിച്ചെടുക്കാൻ റെമി മാർട്ടിൻ വിസ്കി നല്ല ഗുണം ചെയ്തു; കുറെയേറെ  കഥകൾ പറഞ്ഞു ചിരിച്ചു. കഴിക്കാൻ ചപ്പാത്തിക്കൊപ്പം ചിക്കൻകറിയും താറാവിറച്ചി സ്പെഷ്യലും ഉണ്ടായിരുന്നു . മാത്തുക്കുട്ടി താറാവു മാത്രമേ കഴിച്ചുള്ളൂ. ചിക്കൻ തൊട്ടില്ല. എല്ലാം കഴിഞ്ഞെണീക്കുമ്പോൾ, താറാവിറച്ചി  വച്ചിരുന്ന പാത്രത്തിൽ കൈയ്യിട്ടു ചാർ  വടിച്ചെടുത്തു  നുണഞ്ഞുകൊണ്ടു പറഞ്ഞു.

 "അല്ലേ ഇവിടെ വന്നിട്ട് പത്തു നാൽപ്പതു വർഷമായി. താറാവിറച്ചി ഇത്രേം രുചിക്ക് കൂട്ടുന്നത് ആദ്യമായാണ്! നല്ല താറാവിറച്ചി കഴിക്കണോന്നു തോന്നുമ്പം ഇനി ഇങ്ങോട്ടു പോരാം!,” അതിനുശേഷം ഭാര്യയെ ഒന്നു നോക്കി, ‘എങ്ങനൊണ്ടെൻറെ ഐഡിയ’ എന്ന മട്ടിൽ.

മറിയക്കുട്ടി കറിയാച്ചനെ നോക്കി ഒന്നു  പുഞ്ചിരിച്ചു..

"എപ്പോഴും കിട്ടില്ല കേട്ടോ. സീസണിൽ വരണം" കറിയാച്ചൻ  പകുതി സീരിയസ് ആയി പറഞ്ഞു, രഹസ്യത്തിൽ മാറിയക്കുട്ടിയെ കണ്ണിറുക്കി കാണിച്ചു.
 ഈ നേരമത്രയും, തലയിലും മുതുകത്തും മയിൽനിറമുള്ളവൾ, തടാകത്തിന്റെ ഒഴിഞ്ഞൊരു കോണിലുള്ള കൽപ്പടവിൽ ഉറങ്ങാതെ ഇരുകാലിൽ വിറങ്ങലിച്ചു നിൽപ്പുണ്ടായിരുന്നു; സംഭവിച്ചതെന്തെന്നു തിരിയാതെ. അവളുടെ പിങ്ക് നിറമുള്ള കാലുകൾ, ആ നിൽപ്പിൽ  തളർന്നു മരവിച്ചു നിറം മാറാൻ  തുടങ്ങി. നിൽപ്പെത്ര നേരമെന്നറിയാത്ത  കാലുകൾക്കു കനം വച്ചുകൊണ്ടേയിരുന്നു.


എസ്. അനിലാൽ, ചിക്കാഗോ 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.