"യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഹസ്‌റത് നിസാമുദ്ദിനിൽ നിന്നും എറണാകുളത്തേക്ക് പോകുന്ന 12618 മംഗളാ ലക്ഷദ്വീപ് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ് ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിൽക്കുന്നു." കാർ പാർക്ക് ചെയ്യുമ്പോഴേ സ്റ്റേഷനിൽ നിന്നും ഉച്ചത്തിലുള്ള അന്നൗൺസ്‌മെന്റ് കേട്ടു. പിന്നെ ഓട്ടമായിരുന്നു, പ്ലാറ്റ്ഫോമിൽ എത്തുമ്പോഴേക്കും വണ്ടി മെല്ലെ നീങ്ങിത്തുടങ്ങിയിരുന്നു.
"യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഹസ്‌റത് നിസാമുദ്ദിനിൽ നിന്നും എറണാകുളത്തേക്ക് പോകുന്ന 12618 മംഗളാ ലക്ഷദ്വീപ് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ് ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിൽക്കുന്നു." കാർ പാർക്ക് ചെയ്യുമ്പോഴേ സ്റ്റേഷനിൽ നിന്നും ഉച്ചത്തിലുള്ള അന്നൗൺസ്‌മെന്റ് കേട്ടു. പിന്നെ ഓട്ടമായിരുന്നു, പ്ലാറ്റ്ഫോമിൽ എത്തുമ്പോഴേക്കും വണ്ടി മെല്ലെ നീങ്ങിത്തുടങ്ങിയിരുന്നു.
പെങ്ങളും അളിയനും ആറുമാസം പ്രായമുള്ള മകനെയും കൊണ്ടുള്ള വരവാണ്. ഗുരുവായൂർ അമ്പലത്തിൽ വച്ച് ചോറൂണ് നടത്തണം. പിന്നെ, എനിക്കൊരു പെണ്ണുകാണലും. സൗദിയിൽ നിന്നും വെളുപ്പിന് കൊച്ചിയിൽ വന്നിറങ്ങി, ഒരു കാർ റെന്റൽ ചെയ്തത് അവരുടെ യാർഡിൽ പോയി പേപ്പറുകളൊക്കെ ശരിയാക്കി എടുത്ത് തൃശ്ശൂർ എത്തിയതാണ്. കാലത്ത് ഏഴേ ഇരുപതിന് ആണ് സമയം, വണ്ടി നേരത്തെ വന്നുപോയെന്ന് തോന്നുന്നു.
B6 കംപാർട്മെന്റ്റ് ആണെന്ന് വെള്ളിയാഴ്ച വിളിച്ചപ്പോൾ അളിയൻ പറഞ്ഞിരുന്നു, ഇന്നിപ്പോൾ രണ്ടുപേരുടെയും മൊബൈൽ സ്വിച്ച് ഓഫ് ആണ്. സ്റ്റേഷന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ അരിച്ചുപെറുക്കി, പക്ഷേ കണ്ടില്ല. അവർ ടാക്സി വിളിച്ചുപോയിക്കാണുമോ. വീട്ടിൽ വിളിച്ച് ചോദിക്കാനും പറ്റില്ല. എന്തുചെയ്യണമെന്ന് ചിന്തിച്ചുകൊണ്ട് തൂണിന് ചുറ്റും ഗ്രാനൈറ്റ് വിരിച്ച തിണ്ണയിൽ ഇരുന്നു.
"ആരെങ്കിലും ഈ വണ്ടിയിൽ വരാൻ ഉണ്ടായിരുന്നോ?" തിണ്ണയിൽ ഇരുന്നിരുന്ന ഒരു പ്രായം ചെന്നയാൾ ചോദിച്ചു.
"മോന്റെ, തിരച്ചിൽ കുറച്ചുനേരമായി കാണുന്നു, അതുകൊണ്ട് ചോദിച്ചതാണ്.."
"എന്റെ ചേച്ചിയും അളിയനും ഈ വണ്ടിയിൽ വരേണ്ടിയിരുന്നു, കാണുന്നില്ല. വെള്ളിയാഴ്ച ഡൽഹിയിൽ നിന്നും കയറിയപ്പോൾ വിളിച്ചിരുന്നു. സൗദിയിൽ നിന്നും യാത്രക്കുള്ള ഒരുക്കത്തിന്റെ തിരക്കിൽ ഇന്നലെ വിളിക്കാനും പറ്റിയില്ല."
"മോനെ, ഈ പോയത് വ്യാഴാഴ്ച പുറപ്പെട്ട വണ്ടിയാണ്, ഇരുപത്തിനാല് മണിക്കൂർ വൈകി വന്നതാണ്. വെള്ളിയാഴ്ച പുറപ്പെട്ട വണ്ടി ഇപ്പോൾ ഉഡുപ്പി കഴിഞ്ഞിട്ടേ ഉള്ളു, ഏതാണ്ട് പത്ത് മണിക്കൂർ ഇനിയും കഴിയണം ഇവിടെ എത്താൻ "
"അയ്യോ, അതെന്തുപറ്റി.."
"ഈ വണ്ടിയുടെ തൊട്ട് മുമ്പിൽ പോയിരുന്ന ഒരു ഗുഡ്‌സ് വണ്ടി പാളം തെറ്റി. പിന്നെ പാളം ക്ലിയർ ആക്കി യാത്ര തുടരാൻ സമയമെടുത്തു. ഞാനും ആ വണ്ടി തന്നെയാണ് കാത്തിരിക്കുന്നത്."
"എന്താണാവോ ഫോൺ കിട്ടാത്തത്. ചേച്ചിയുടെ ഫോണും സ്വിച്ച് ഓഫ് ആണ്. ഞാൻ എന്തായാലും കൗണ്ടറിൽ പോയി ഒന്ന് അന്വേഷിച്ചുവരാം."
"ദാ ഇപ്പൊ അന്വേഷിച്ച് വന്നതേ ഉള്ളു. കാത്തിരിക്ക്യന്നെ, വേറെ വഴിയൊന്നും ഇല്ല്യ"
"അങ്കിളിന്റെ ആരാണ് ആ വണ്ടിയിൽ വരുന്നത്."
"എന്റെ മരുമകളും കൊച്ചുമോളും, ഡൽഹിയിൽ എല്ലാം മതിയാക്കിയുള്ള വരവാണ്"
"അല്ല, അങ്കിൾ ഇവിടെ എത്ര നേരമെന്ന് വച്ചാണ് ഇരിക്കുക, ഇനിയും പത്തുമണിക്കൂർ ഇല്ലേ, ഇനീം ലേറ്റ് ആയിക്കൂടാന്നും ഇല്ല്യ."
"ഞങ്ങൾ പാലക്കാട്ടുകാരാണ്, അവിടെവരെ പോയി വരാൻ പറ്റില്യാ. ഇന്നലെ വൈകുന്നേരം ഗുരുവായൂർ പോയി താമസിച്ചു. ഈ വണ്ടി ഇത്രേം വൈകുമെന്ന് നിരീച്ചില്ല്യ. കാലത്ത് വാകച്ചാർത്ത് തൊഴുത് ആദ്യത്തെ ബസ്സിന് ഇങ്ങോട്ട് പോന്നു. ഇതറിഞ്ഞിരുന്നുവെങ്കിൽ കണ്ണനെ കൺനിറയെ കണ്ട് ഉച്ചയ്ക്കുള്ള പ്രസാദഊട്ടും കഴിഞ്ഞ് പോന്നാൽ മത്യാർന്നു."
"അപ്പോൾ ആന്റി എവിടെയാണ്?" ചുറ്റും നോക്കിക്കൊണ്ട് ചോദിച്ചു.
"അവിടെ വിശ്രമമുറിയിൽ കിടക്കുന്നുണ്ട്, മനസ്സ് പറഞ്ഞാലും ശരീരം സമ്മതിക്കണ്ടേ. വരണ്ടാന്ന് പറഞ്ഞതാണ്."
"അങ്കിൾ, ഞാനിപ്പോൾ വീട്ടിലേക്ക് പോകും, ഇവിടെ അടുത്താണ്, നാലഞ്ച് കിലോമീറ്റർ, നിങ്ങൾ എന്റെ കൂടെ വരൂ. വണ്ടി വരുന്ന സമയത്തിന് ഒരുമിച്ചിങ്ങ് പോന്നാൽ മതീലോ."
"അത് വേണ്ട മോനെ, ഞങ്ങൾ ഇവിടെ ഇരുന്നോളാം. സാരല്യ."
"മകനാണെന്നോ, മകന്റെ മകനാണെന്നോ എന്തുവേണമെങ്കിലും കരുതിക്കോളൂ. എന്റെ കൂടെ വരൂ, നമുക്ക് വിളിച്ചന്വേഷിച്ച് വൈകീട്ട് വരാം."
വളരെ നിർബന്ധിച്ചിട്ടാണ് അവർ കൂടെ വരാൻ തയ്യാറായത്.
"മോന്റെ വീട്ടിൽ ആരൊക്കെയുണ്ട്?" കാറിലിരിക്കുമ്പോൾ അദ്ദേഹം ചോദിച്ചു.
"അമ്മയും അച്ഛനും. ചേച്ചിയും അളിയനും ഡൽഹിയിലാണ്. എനിക്ക് ഗൾഫിലാണ് ജോലി. ഞാൻ വരുന്ന വഴിയാണ്. എയർപോർട്ടിൽ നിന്നും നേരിട്ട് ചേച്ചിയെയും കൂട്ടികൊണ്ടുപോകാമെന്ന് കരുതി വന്നതാണ്. അതിലും രസം, ഞാൻ വരുന്ന കാര്യം അമ്മയ്ക്കും അച്ഛനും അറിയില്ല. അത് ഒരു സർപ്രൈസ് ആക്കാമെന്നാണ് കരുതിയത്, ആ പദ്ധതി റെയിൽവേ തന്നെ പൊളിച്ചു."
"കുട്ടീ, ഒരിക്കലും അങ്ങനെ ചെയ്യരുത്. ഞങ്ങൾ അനുഭവിച്ചതാണ്. ഞങ്ങൾക്ക് സർപ്രൈസ് തരാൻ വേണ്ടി ഞങ്ങളോട് പറയാതെ വന്നതാണ് എന്റെ മകൻ. ട്രെയിൻ ഇറങ്ങി വരുന്ന വഴി ഒരു ബസ്സപകടം. കാലത്ത് ടി വിയിൽ വാർത്ത വന്നപ്പോൾ ഞാൻ ഒട്ടും കരുതിയില്ല അതിൽ മരിച്ച ഏക വ്യക്തി എന്റെ മകൻ പുരുഷു ആവുമെന്ന്. പുരുഷു നഷ്ടപ്പെട്ട അന്നുമുതൽ ഇവൾക്ക് ഭയമാണ്, എന്നെ ഒറ്റയ്ക്ക് എങ്ങും വിടില്ല. ചില സമയത്തൊക്കെ ചിത്തഭ്രമം പോലെ പെരുമാറും."
"മകന്റെ ഭാര്യ?"
"മകൻ ഡെൽഹീന്ന് പോരുന്നേനുമുമ്പ് അവർ ഒന്നും രണ്ടും പറഞ്ഞ് പിണങ്ങിയിരുന്നു. രണ്ടുപേരും പരസ്പരം എന്തൊക്കെയോ പറഞ്ഞു. ആ യാത്രയിൽ അവന് അപകടം പറ്റിയെന്നറിഞ്ഞതോടെ സരസ്വതിയുടെ അവസ്ഥയും കഷ്ടമായി. ഒരാളോടും ഒന്നും മിണ്ടില്ല. ജോലിക്ക് പോവില്ല, പിന്നെ സർക്കാർ ഉദ്ദ്യോഗമായതിനാൽ അവർ കുറെയൊക്കെ കണ്ടില്ലെന്ന് നടിച്ചു. പിന്നീട് അവർ തന്നെ പറഞ്ഞ ഉപായമാണ് വളണ്ടറി റിട്ടയർമെന്റ്. എന്റെ കൊച്ചുമോള്, ഈ ചെറ്യേ പ്രായത്തിൽ കുറെ അനുഭവിച്ചു. പരീക്ഷ കഴിഞ്ഞപ്പോൾ രണ്ടുപേരോടും ഇങ്ങോട്ട് വന്നോളാൻ പറഞ്ഞു. അവളുടെ അസുഖമെല്ലാം മാറ്റിയെടുക്കാമെന്ന് ഞങ്ങൾക്ക് നല്ല വിശ്വാസമുണ്ട്. പിന്നെ കൊച്ചുമോളെ ഒരാളുടെ കയ്യിൽ ഏൽപ്പിക്കണം" കണ്ണുതുടച്ചുകൊണ്ട് അങ്കിൾ പറഞ്ഞു.
വീട്ടിലെത്തിയപ്പോൾ ഇവർ കൂടെയുണ്ടായിരുന്നതിനാൽ അമ്മയുടെ ചീത്ത കേൾക്കേണ്ടി വന്നില്ല. അമ്മയോട് കാര്യങ്ങളൊക്കെ പറഞ്ഞു.
അപ്പോഴേക്കും അളിയന്റെ ഫോൺ വന്നു. ട്രെയിനിൽ വച്ച് അളിയന്റെ യാത്രകളിൽ മാത്രം ഉപയോഗിക്കുന്ന ഹാൻഡ് ബാഗ് ആരോ അടിച്ചുമാറ്റിയത്രേ. അതിൽ രണ്ടുപേരുടെയും ഫോൺ ഉണ്ടായിരുന്നു, പിന്നെ കുറച്ച് പണവും. കൂടെ യാത്ര ചെയ്യുന്ന ആരുടെയോ ഫോൺ ഉപയോഗിച്ചാണ് വിളിച്ചത്.
കുളി കഴിഞ്ഞു വന്നപ്പോഴേക്കും അമ്മ ഉപ്പുമാവ് ഉണ്ടാക്കിയിട്ടുണ്ടായിരുന്നു. ഞങ്ങൾ എല്ലാവരും പ്രാതൽ കഴിച്ചു. ഞങ്ങളുടെ പറമ്പും പിറകിലൂടൊഴുകുന്ന പുഴയും എല്ലാം അച്ഛന്റെ കൂടെ നടന്ന് അവർ കണ്ടു.
ഉച്ചയ്ക്ക് ഊണുകഴിഞ്ഞാൽ ഒന്ന് കിടക്കുന്ന സ്വഭാവം അച്ഛനുണ്ട്, അതുകൊണ്ട് തന്നെ അങ്കിളിനെയും കിടക്കാൻ നിർബന്ധിച്ചു.
വർഷങ്ങൾക്ക് മുമ്പ് കോളേജ് യൂണിയൻ ചെയർമാനായിരുന്ന അച്ഛന്റെ കൂടെ ഇറങ്ങിവന്ന അമ്മ എപ്പോഴോ പാലക്കാടിനെ മറന്ന്, തൃശ്ശൂരിനെ ഹൃദയത്തോട് ചേർത്തിരുന്നു. ആന്റിയുടെ സാന്നിദ്ധ്യം പഴയകാലസ്മരണകളിലേക്ക് ചേക്കേറാൻ അമ്മയ്ക്ക് അവസരം ഒരുക്കിക്കൊടുത്തു. അമ്മയുടെ കുട്ടിക്കാലം ചിലവഴിച്ച ആ ഗ്രാമത്തിനടുത്ത് തന്നെയായിരുന്നു അങ്കിളും ആന്റിയും താമസിച്ചിരുന്നത്.
ട്രെയിൻ ഷൊർണ്ണൂർ വിട്ടു എന്ന് അളിയൻ വിളിച്ചുപറഞ്ഞപ്പോൾ ഞങ്ങൾ സ്റ്റേഷനിലേക്ക് ഇറങ്ങാൻ തയ്യാറെടുത്തു. അവരുടെ വിലാസവുമെല്ലാം വാങ്ങി, കൂടെ അനന്തിരവന്റെ ചോറൂണിന് അവരേയും ഗുരുവായൂരിലേക്ക് ക്ഷണിച്ചു.
ഞങ്ങൾ സ്റ്റേഷനിൽ എത്തിയപ്പോൾ തന്നെ മൈക്കിലൂടെ വലിയ ശബ്ദത്തിൽ അന്നൗൺസ്‌മെന്റ് കേൾക്കുന്നുണ്ടായിരുന്നു "യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഹസ്‌റത് നിസാമുദ്ദിനിൽ നിന്നും എറണാകുളത്തേക്ക് പോകുന്ന 12618 മംഗളാ ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് അൽപസമയത്തിനുള്ളിൽ വന്നുചേരുന്നതാണ്."
പറഞ്ഞതുപോലെ, പത്തുമണിക്കൂർ വൈകിയെങ്കിലും കൃത്യ സമയത്തുതന്നെ വണ്ടി പ്ലേറ്റ്ഫോമിലേക്ക് ഇരമ്പിക്കയറി. B6 കംപാർട്ട്‌മെന്റിൽ നിന്നും ചേച്ചിയും അളിയനും മകനെയും കൊണ്ട് പുറത്തുവന്നു. B5 ൽ നിന്ന് അങ്കിളിന്റെ കൊച്ചുമകളും അമ്മയും. ആന്റിയെക്കണ്ടപ്പോൾ ആ സ്ത്രീ കെട്ടിപ്പിടിച്ചുകരഞ്ഞു. ആ പെൺകുട്ടിക്ക് എവിടെയോ കണ്ടുമറന്ന മുഖഛായ ഉണ്ടായിരുന്നു.
അങ്കിൾ മരുമകളെയും കൊച്ചുമകളെയും ഞങ്ങൾക്ക് പരിചയപ്പെടുത്തി, ഞാൻ ചേച്ചിയെയും അളിയനെയും അങ്കിളിന് പരിചയപ്പെടുത്തി. ഒരു ടാക്സി വിളിച്ച് അവരെ യാത്രയാക്കി ഞങ്ങൾ പാർക്കിങ്ങിൽ ചെന്ന് കാറിൽ കയറി.
"നീ എങ്ങനെ ആ പാലക്കാട്ടുകാരെ പരിചയപ്പെട്ടു.."
"ന്റെ ചേച്ചീ, അവർ കാലത്തുമുതൽ നമ്മുടെ വീട്ടിൽ ആയിരുന്നു, അമ്മയുമായി നല്ല കമ്പനിയായി. അമ്മയുടെ നാട്ടുകാരിയാണ് ആ ആന്റി." ഞാൻ ഉണ്ടായ സംഭവങ്ങൾ ഒക്കെ വിവരിച്ചു.
"അല്ല ചേച്ചി, ആ കുട്ടിയെ എവിടെയോ കണ്ടപോലെ, നല്ല മുഖപരിചയം."
"എടാ, ഇനി പെണ്ണുകാണാനൊന്നും പോവ്വേണ്ട കാര്യല്ല്യ. ആ കുട്ടിയാണ് ലക്ഷ്മി. ലക്ഷ്മിയുടെ ഫോട്ടോ അല്ലെ നിനക്ക് ഞാൻ അയച്ചുതന്നത്. അവരുടെ അമ്മയുടെ ഇപ്പോഴത്തെ അവസ്ഥ നമ്മുടെ അമ്മയും അച്ഛനും അറിഞ്ഞാൽ സമ്മതിക്കില്ല, അതുകൊണ്ടാണ് ഞാൻ നേരിട്ട് വന്നിട്ട് പറയാം എന്നുകരുതിയത്. ആ കുട്ടിയുടെ അമ്മയും അച്ഛനും ഒരിക്കൽ നാട്ടിലേക്ക് വരുന്നതിനെച്ചൊല്ലി വഴക്കിട്ടു. വഴക്കുകൂടുമ്പോൾ നമ്മളൊക്കെ പറയണപോലെ, ആ സ്ത്രീ പറഞ്ഞു "നിങ്ങൾ എവിടെയെങ്കിലും പോയി ചാത്തോളൂ, ഞാൻ വരുന്നില്ല എന്ന്". ആ യാത്രയിലാണ് അപകടം പറ്റി ആ കുട്ടിയുടെ അച്ഛൻ മരിച്ചത്. അതിനുശേഷം അവർ ഇങ്ങനെയാണ്, ഒന്നും മിണ്ടില്ല, ചിരിക്കില്ല. അവർ കരയാറും ഇല്ലെന്നാണ് ഞാൻ കേട്ടിട്ടുള്ളത്. ഇന്ന് അവർ കരയുന്നത് കണ്ടപ്പോൾ, സത്യത്തിൽ എനിക്ക് സന്തോഷമാണ് തോന്നിയത്. നല്ല ഉത്തരവാദിത്വമുള്ള കുട്ടിയാണ്. കുട്ടിക്കളി വിട്ടുമാറാത്ത നിനക്ക് നന്നായി ചേരും. അവര് ഈ ട്രെയിനിൽ ഉണ്ടെന്ന് രണ്ടുദിവസം യാത്ര ചെയ്തിട്ടും ഞാൻ അറിഞ്ഞില്ല. നമ്മുടെ അച്ഛമ്മ പറയാറില്ല്യേ, എല്ലാത്തിനും ഒരു നിമിത്തണ്ടാവുംന്ന് "
അപ്പോഴും, സ്റ്റേഷനിൽ നിന്നും മറ്റേതോ ട്രെയിൻ വരുന്നതിന്റെ അന്നൗൺസ്‌മെന്റ് അവ്യക്തമായി കേൾക്കാമായിരുന്നു..
"യാത്രക്കാരുടെ ശ്രദ്ധയ്ക്ക്..."
ഗിരി ബി വാരിയർ